പത്തനംതിട്ട: ചൂടിന്റെ പൊള്ളലില്‍ കാടിന്റെ തണുപ്പേകാന്‍ പുസ്തകങ്ങള്‍ക്ക് കഴിയുമോ. കഴിയുമെന്നാണ് പത്തനംതിട്ടയിലെ പുസ്തകമേള തെളിയിക്കുന്നത്. ജില്ലാ ലൈബ്രറി വികസന സമിതിയുടെ പുസ്തകമേള വേനലിലെ പുസ്തകവസന്തമാണ്.

എഴുത്തിലൂടെ കാടിന്റെ തണുവേല്‍ക്കാന്‍ എന്‍.എ. നസീറിന്റെ കാടിനെ ചെന്ന് തൊടുമ്പോള്‍ ഈ അനുഭവം തരുന്നതാണ്. കാടും ക്യാമറയും ഇതേ മാനങ്ങളുള്ള പുസ്തകമാണ്. കേരളത്തിലെ നിത്യഹരിത വനങ്ങളിലൂടെയുള്ള ഫോട്ടോഗ്രാഫറുടെ യാത്രയും നിരീക്ഷണവുമാണ് ഈ പുസ്തകങ്ങളുടെ ഉള്ളടക്കം.

വായനക്കാര്‍ കാത്തിരുന്ന സി.വി.ബാലകൃഷ്ണന്റെ 'വരൂ ദൈവമേ വരൂ' എന്നതാണ് നോവല്‍ വിഭാഗത്തിലെ മുഖ്യ ആകര്‍ഷണം. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്റെ 'നിങ്ങള്‍ക്കും ഐ.എ.എസ്. നേടാം' എന്നതിനും ആവശ്യക്കാര്‍ ഏറെ.

'മൊയ്തീന്‍','കാഞ്ചനമാല ജീവിതം പറയുന്ന പുസ്തകം', 'പി-യുടെ പ്രണയപാപങ്ങള്‍', സുഭാഷ് ചന്ദ്രന്റെ 'കഥയാക്കാനാവാതെ' തുടങ്ങിയ പുസ്തകങ്ങളും ഇവിടെ ഉണ്ട്. മാതൃഭൂമി സ്‌റാളില്‍ ഇവ ലഭിക്കും. വായനാ മത്സരത്തിനുള്ള 'ഇന്നലത്തെ മഴ', 'ബി.ആര്‍. അംബദ്കര്‍', 'എം.ടി.വാക്കുകളുടെ വിസ്മയം' എന്നിവയും ഇവിടെനിന്നു വാങ്ങാം.

കേരളത്തിലെ എല്ലാ പ്രസാധകരും മേളയില്‍ എത്തിയിട്ടുണ്ട്. ഗ്രാമീണ ഗ്രന്ഥശാലകള്‍ക്കും, സ്‌കൂള്‍, കോളേജ്‌ ൈലബ്രറികള്‍ക്കും ഇളവുകള്‍ ലഭിക്കും. പത്തനംതിട്ട കോ-ഓപ്പറേറ്റിവ് കോളേജില്‍
മേളയ്ക്ക് തുടക്കം കുറിച്ച് കളക്ടര്‍ എസ്.ഹരികിഷോര്‍ അക്ഷരദീപം തെളിച്ചു. കെ.ആര്‍.സുശീല അധ്യക്ഷത വഹിച്ചു. പി.ടി.രാജപ്പന്‍, വി.കെ.ഗോപാലകൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

പുസ്തകോത്സവത്തില്‍ ഇന്ന്

ഒ.എന്‍.വി.അനുസ്മരണം, കാവ്യാര്‍ച്ചന ഉദ്ഘാടനം:
കുരീപ്പുഴ ശ്രീകുമാര്‍ 4.00,
പത്തനംതിട്ട കോ-ഓപ്പറേറ്റിവ് കോളേജില്‍