തീവണ്ടിയുടെ ട്രാക്കും സമയവുമെല്ലാം കൃത്യമായറിയാം; കഞ്ചിക്കോട് സ്റ്റേഷന് കാവലായി ബ്ലാക്കി


പി. പ്രജിന

കഞ്ചിക്കോട് റെയിൽവേസ്റ്റേഷനിലെ ജീവനക്കാരി വിജിത തീവണ്ടിക്ക് സിഗ്നൽ നൽകാനെത്തിയപ്പോൾ കാവലായി ബ്ലാക്കിയും | Print Edition

പാലക്കാട്: രാത്രി ഏഴുമണി. കഞ്ചിക്കോട്ട് സിഗ്‌നല്‍ മാറ്റത്തിനായി റെയില്‍പ്പാളത്തിലേക്കുപോകാന്‍ സമയമായി. ഓപ്പറേറ്റിങ് വിഭാഗത്തിലെ ജീവനക്കാരെയും കാത്തൊരാള്‍ പ്ലാറ്റ്‌ഫോമില്‍ ഇരിപ്പുണ്ട് -റെയില്‍വേ ജീവനക്കാരുടെ സ്വന്തം ബ്ലാക്കി.

സ്റ്റേഷനില്‍ എവിടെനിന്നോ വന്നെത്തിയ പട്ടിയാണ് ബ്ലാക്കി. ഇപ്പോള്‍ സ്റ്റേഷന്റെ കാവല്‍ക്കാരി. ഓപ്പറേറ്റിങ് വിഭാഗത്തില്‍ നാല് ജീവനക്കാരുണ്ട്. രണ്ട് വനിതകളും രണ്ട് പുരുഷന്മാരും. ഇവരില്‍ ആരെങ്കിലും പ്ലാറ്റ്‌ഫോമിലേക്കിറങ്ങിയാല്‍ ബ്ലാക്കിയും ഉഷാറാകും. ഇപ്പോഴത്തെ വയ്യായ്കയൊന്നും പ്രശ്‌നമേയല്ല. പരിശോധനയ്ക്കായി ഒരു കിലോമീറ്ററോളം ടോര്‍ച്ചുവെളിച്ചത്തില്‍ മുന്നില്‍ നടക്കും. ബ്ലാക്കി ഒപ്പമുണ്ടെങ്കില്‍ ജീവനക്കാര്‍ക്കും പേടിയില്ല.



വനിതകളാണ് ഒപ്പമെങ്കില്‍ ബ്ലാക്കിയുടെ ശ്രദ്ധ കുറച്ച് കൂടും. പൊതുവേ ആള്‍പ്പെരുമാറ്റം കുറഞ്ഞ കഞ്ചിക്കോട് റെയില്‍വേസ്റ്റേഷനില്‍ രാത്രി ജോലിചെയ്യാന്‍ ഇവര്‍ക്കാര്‍ക്കും ധൈര്യക്കുറവില്ല.

ബ്ലാക്കിയുടെ കഥ

കഞ്ചിക്കോട് റെയില്‍വേസ്റ്റേഷനില്‍ 14 വര്‍ഷംമുമ്പാണ് ഒരു പട്ടിക്കുട്ടിയെത്തിയത്. കറുത്തരോമങ്ങള്‍ നിറഞ്ഞ അവളെ അന്നത്തെ ജീവനക്കാര്‍ 'ബ്ലാക്കി'യെന്ന് വിളിച്ചു. ഇന്ന് റെയില്‍വേസ്റ്റേഷനിലെ ജീവനക്കാര്‍ക്ക് ബ്ലാക്കി എല്ലാമാണ്. ആര് പുതുതായി സ്റ്റേഷനില്‍ ജോലിക്കുകയറിയാലും പെട്ടെന്ന് പരിചയമുണ്ടാക്കും. പിന്നെ അവരുടെയും കാവലാണിവള്‍.

ജാഗ്രതയോടെ

കുറച്ചുവര്‍ഷംമുന്‍പ്, രാത്രി ബ്ലാക്കിയുടെ നിര്‍ത്താതെയുള്ള കുരകേട്ടാണ് ജീവനക്കാര്‍ ശ്രദ്ധിച്ചത്. പ്ലാറ്റ്ഫോമിന്റെ ഒരുവശത്തേക്ക് ഓടിയ ബ്ലാക്കി തിരിച്ച് സ്റ്റേഷന്‍മാസ്റ്ററുടെ ഓഫീസിനടുത്തേക്ക് വരുന്നു. ഇത് ആവര്‍ത്തിക്കുന്നു. പരിശോധിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. ഒരു വിഷപ്പാമ്പ് കടന്നുകൂടിയതാണ്. ഇത്തരത്തില്‍ പലതവണ പാമ്പിനെ പാളത്തില്‍ കണ്ടപ്പോഴും ബ്ലാക്കി വിവരമറിയിച്ച് ജീവനക്കാരെ ജാഗരൂകരാക്കിയിട്ടുണ്ട്. രാത്രി അപരിചിതര്‍ സ്റ്റേഷന്‍ പരിസരത്തെത്തിയാലും ബ്ലാക്കി വിവരമറിയിക്കും.

തീവണ്ടി അറിയാം, പാളവും

റെയില്‍വേസ്റ്റേഷനിലെ എല്ലാ കാര്യങ്ങളും ബ്ലാക്കിക്ക് അറിയാമെന്ന് ജീവനക്കാര്‍ പറയുന്നു. ഓരോ തീവണ്ടിയുടെയും സമയവും ഏതുപാളത്തില്‍ വരുമെന്നും കൃത്യമായി അറിയാം. സിഗ്‌നല്‍ മാറ്റാനും കൊടിവീശിക്കാണിക്കാനും പാളം പരിശോധിക്കാനും പാളംകടന്ന് ജീവനക്കാര്‍ പോകുമ്പോള്‍ ആദ്യമിറങ്ങുന്നത് ബ്ലാക്കിയായിരിക്കും. ലക്ഷ്യസ്ഥാനത്തെത്തിയാല്‍ ആരാണോ ഒപ്പമുള്ളത് അവരുടെ ജോലി കഴിയുംവരെ അടുത്തുകിടന്ന് പരിസരം നിരീക്ഷിക്കും.

രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ ആറുവരെയാണ് ബ്ലാക്കിക്കും തിരക്ക്. കാരണം കോയമ്പത്തൂര്‍ ഭാഗത്തേക്കും പാലക്കാട് ഭാഗത്തേക്കുമായി 40 തീവണ്ടികളാണ് ഈ സമയം കഞ്ചിക്കോടുവഴി കടന്നുപോകുന്നത്. ചരക്കുതീവണ്ടികള്‍ അടക്കമാണിത്.

പ്രിയം ബിസ്‌കറ്റ്

ബിസ്‌കറ്റാണ് ഇഷ്ടഭക്ഷണം. സ്റ്റേഷന്‍മാസ്റ്ററുടെ ഓഫീസിനുമുന്നിലെ ചുമരില്‍ ഒരു പെട്ടിക്കുതാഴെ ബ്ലാക്കിക്കുള്ള ബിസ്‌കറ്റ് എന്നും തയ്യാറാണ്. മാംസാഹരവും കൊടുക്കും.

ശല്യമാവാതെ

യാത്രക്കാര്‍ക്ക് യാതൊരുശല്യവും ബ്ലാക്കിയെക്കൊണ്ടില്ല. ആര് അടുത്തുചെന്നാലും ഉപദ്രവിക്കില്ല. സ്ഥിരം യാത്രക്കാരില്‍ ചിലര്‍ ബ്ലാക്കിയുടെ 'ഫാന്‍സ്' ആണെന്ന് ജീവനക്കാരും പറയുന്നു. സ്റ്റേഷനിലെത്തുന്ന തീവണ്ടിയില്‍നിന്ന് ബ്ലാക്കിയെ അന്വേഷിച്ച് സ്ഥിരം യാത്രക്കാരുടെ വിളിയെത്തും. ആരെയും നിരാശരാക്കാതെ ഓരോരുത്തര്‍ക്കും ബ്ലാക്കി നോട്ടംകൊടുക്കും. പ്രാഥമികകാര്യങ്ങള്‍ക്ക് സ്റ്റേഷന്‍കവാടം കടന്ന് പുറത്തുപോകും. ഇതൊന്നും ആരും പഠിപ്പിച്ചതല്ലെന്നും ജീവനക്കാര്‍ പറയുന്നു.

Content Highlights: blacky dog, security dog, kanchikkode railway station, railway operating employees,


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented