.jpg?$p=8384990&f=16x10&w=856&q=0.8)
തണൽ ബിരിയാണി ചലഞ്ചിൽ വടകര എം.യു.എം. വി.എച്ച്.എസ്.എസ്. കുട്ടികൾ പങ്കെടുത്തപ്പോൾ
വടകര: തണലിന്റെ അടുപ്പിൽ വേവുന്ന ബിരിയാണിക്ക് വിശേഷിച്ചൊരു സുഗന്ധമുണ്ട്. അത് തെരുവിൽ താമസിക്കുന്നവരുടെ വയറെരിയാതിരിക്കാനുള്ള കരുതലിന്റെ ഗന്ധമാണ്. സ്നേഹവും കരുണയും നിറച്ച് ദമ്മിട്ട ഓരോ ബിരിയാണിച്ചെമ്പും തുറക്കുമ്പോൾ ആ ഗന്ധം നാട് ഹൃദയത്തിലേറ്റുവാങ്ങുന്നു. എട്ടുദിവസംകൊണ്ട് ജനം വാങ്ങിയത് രണ്ടുലക്ഷത്തോളം ബിരിയാണിപ്പൊതികൾ. ഏപ്രിൽ രണ്ടിന് ഇത് മൂന്നുലക്ഷം കവിയുമെന്നാണ് പ്രതീക്ഷ.
തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണംനൽകുന്ന പദ്ധതിക്ക് ഫണ്ട് സമാഹരിക്കാനാണ് വടകര തണൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. മാർച്ച് 20-ന് തുടങ്ങിയതാണ് പദ്ധതി. സംസ്ഥാനത്തുടനീളം പ്രാദേശികകമ്മിറ്റികൾ രൂപവത്കരിച്ച് രംഗത്തിറങ്ങിയപ്പോൾ അഭൂതപൂർവമായ വരവേൽപ്പാണ് ലഭിച്ചത്. ഏതാണ്ട് നൂറോളം പാചകപ്പുരകൾ വിവിധസ്ഥലങ്ങളിലായി ഒരുങ്ങി. നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ ബിരിയാണിപ്പൊതികളുമായി വീടുകൾ കയറിയിറങ്ങി. ഒട്ടേറെ വീടുകൾ ഒരുദിവസം അടുക്കളയ്ക്ക് അവധി നൽകി തണലിന്റെ ബിരിയാണി തിന്നു. ഏപ്രിൽ രണ്ടുവരെ ബിരിയാണി ചലഞ്ച് തുടരും.
കോഴിക്കോട്, വയനാട്, കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, കാസർകോട് തുടങ്ങിയ ജില്ലകളിലെല്ലാം മികച്ച പ്രതികരണമാണ് പദ്ധതിക്ക് കിട്ടിയത്. ഒരു പൊതി ബിരിയാണിക്ക് 100 രൂപയാണ് നിശ്ചയിച്ചതെങ്കിലും ‘ഒരു ബിരിയാണി, ഒരു മോഹവില’ സന്ദേശം പ്രചരിപ്പിച്ചതോടെ ബിരിയാണിക്ക് ആയിരംമുതൽ പതിനായിരം രൂപവരെ പലരും നൽകി. ചുരുങ്ങിയത് മൂന്നുകോടി രൂപയെങ്കിലും ചലഞ്ചിലൂടെ സമാഹരിക്കാമെന്ന പ്രതീക്ഷയിലാണ് തണൽ.
ലക്ഷ്യം 30,000 പേർക്ക് ഭക്ഷണവിതരണം
കോവിഡ്കാലത്ത് ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ തെരുവിൽ കഴിയുന്നവർക്ക് ദിവസവും ഭക്ഷണം എത്തിച്ചുനൽകുന്ന പദ്ധതിക്ക് തണൽ തുടക്കമിട്ടിരുന്നു. ഇപ്പോൾ നാലായിരംപേർക്ക് ഭക്ഷണം നൽകുന്നുണ്ട്. ഹൈദരാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലും ഈ പദ്ധതി വ്യാപിപ്പിച്ച് ദിവസം 30,000 പേർക്ക് ഭക്ഷണം നൽകുന്നതിന്റെ ഭാഗമായാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാനും വീടുള്ളവരെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതിയെന്ന് തണൽ ചെയർമാൻ ഡോ. ഇദ്രിസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..