
വീട് കിട്ടിയ നാഗൂരമ്മയ്ക്കും ജമീലാബീവിക്കുമൊപ്പം ബിജുജോൺ|ഫോട്ടോ: കെ.അബൂബക്കർ
പത്തനംതിട്ട: മനുഷ്യത്വത്തിന്റെ മാതൃകയായി ഏഴംകുളം തൊടുവക്കാട് കോയിക്കലേത്ത് വലിയവിളയില്‍ ബിജു ജോണ്‍. സ്വന്തമായി കിടപ്പാടമില്ലാത്ത ഏഴ് കുടുംബങ്ങള്‍ക്കാണ് ബിജു വീടുണ്ടാക്കി നല്‍കിയത്.
പത്തനംതിട്ട കെ.എസ്.ഇ.ബി.യില്‍ സീനിയര്‍ അസിസ്റ്റന്റായ ഇദ്ദേഹം സ്വന്തം സമ്പാദ്യത്തില്‍നിന്നാണ് ഇതെല്ലാം ചെയ്തത്. 33 ലക്ഷം രൂപ ചെലവായി. സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് ചെലവിട്ടെങ്കിലും സാധ്യമാകുന്ന കാലംവരെ സേവനങ്ങള്‍ തുടരുമെന്നും ബിജു പറഞ്ഞു. പഞ്ചായത്തുകളുടെ ഭവനപദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നാലുലക്ഷം രൂപയോളം നല്‍കിയതിന് പുറമേയാണിത്.
സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളനികള്‍ സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നു. 2017 ജൂണില്‍ ഇത്തരമൊരു സന്ദര്‍ശനത്തിന്, ഏഴംകുളം പ്ലാന്റേഷന്‍മുക്ക് വിളയില്‍ വീട്ടില്‍ എ.അന്‍സാര്‍ എന്ന യുവാവും ഒപ്പമുണ്ടായിരുന്നു.
വഴിക്ക് ഷീറ്റുകള്‍കൊണ്ട് നിര്‍മിച്ച ഒറ്റമുറി ഷെഡ് കണ്ടു. രണ്ട് കുട്ടികളും അച്ഛനും അമ്മയും ഉള്‍പ്പെടെ നാലുപേരാണ് അതില്‍ കഷ്ടിച്ച് കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് വാസയോഗ്യമായ വീട് നിര്‍മിക്കാനാകുമോയെന്ന അന്‍സാറിന്റെ ചോദ്യമാണ് പ്രേരണയായത്.
സമീപം സമാനമായ അവസ്ഥയില്‍ മറ്റൊരു ഷെഡ്ഡും ഉണ്ടായിരുന്നു. ഇവര്‍ക്ക് വീട് നിര്മിച്ചുനല്കിയായിരുന്നു തുടക്കം. സ്വന്തംപേരില്‍ വസ്തുപോലും ഇല്ലാത്തവര്‍ക്ക് വീട് നിര്‍മിക്കുക വെല്ലുവിളിയായിരുന്നു.
2018 ജനുവരിയില്‍ രണ്ടുവീടുകളും പൂര്‍ത്തീകരിച്ചു. പിന്നീടും കയറിക്കിടക്കാന്‍ ഇടമില്ലാത്തവരുടെ പ്രശ്നങ്ങള്‍ ബിജുവിന്റെ ശ്രദ്ധയിലേക്ക് വന്നുകൊണ്ടിരുന്നു.
90 പിന്നീട്ട നാഗൂരമ്മ എന്ന വൃദ്ധമാതാവും മകളും താമസിച്ചിരുന്ന ഷെഡ് ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലായിരുന്നു. ഇവര്‍ക്കും ബിജു വീട് നിര്‍മിച്ചുനല്‍കി. ബിജുവിന്റെ സഹായത്തേക്കുറിച്ച് പറയുമ്പോള്‍ നാഗൂരമ്മയുടെ മകള്‍ പ്ലാന്റേഷന്‍മുക്ക് കക്കുഴി വടക്കേതില്‍ ജമീലാബീവിയുടെ കണ്ണ് നിറഞ്ഞു.
ഗണിതശാസ്ത്രത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും പൊതുഭരണത്തിലും മാസ്റ്റര്‍ ബിരുദധാരിയായ ബിജു ബി.എഡും നിയമബിരുദവും നേടിയിട്ടുണ്ട്. കെ.എസ്.ഇ.ബി. വര്‍ക്കേഴ്സ് അസോസിയേഷന് (സി.ഐ.റ്റി.യു.) സംസ്ഥാന കമ്മിറ്റിയംഗമാണ്. ചെറുപ്പംമുതലുള്ള ഇടതുപക്ഷവീക്ഷണം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണയായെന്നും അദ്ദേഹം പറഞ്ഞു.
ബിജുവിന്റെ ഭാര്യ ബീന സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥയാണ്. മകന് സിറിള്‍ 10-ാം ക്ലാസ് വിദ്യാര്‍ഥി.
content highlights: biju john builts houses for seven families
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..