ശങ്കരനും മണിച്ചിയും രാമൻകുളങ്ങരയിലെ കടത്തിണ്ണയിൽ | ഫോട്ടോ: സുധീർമോഹൻ
കൊല്ലം: നേരം ഇരുളുമ്പോൾ ശങ്കരനും മണിച്ചിയും രാമൻകുളങ്ങരയിലെ കടത്തിണ്ണയിലെത്തും. ഭക്ഷണപ്പൊതിയിൽനിന്ന് മണിച്ചിക്കുള്ളതു കൊടുത്ത് ബാക്കി ശങ്കരൻ കഴിക്കും. പിന്നെ ആ തിണ്ണയിൽ തുണിവിരിച്ച് കിടക്കും. തൊട്ടടുത്ത് മണിച്ചിയുമുണ്ടാകും. എട്ടുവർഷമായി ഈ വഴി കടന്നുപോകുന്നവരെല്ലാം കാണുന്നതാണീ സ്നേഹക്കൂട്ട്.
രാമൻകുളങ്ങര സ്വദേശിയാണ് ശങ്കരൻ എന്ന ശശി. സ്വന്തമായി സ്ഥലമൊക്കെയുണ്ടെങ്കിലും ആ കഥയൊന്നും ചോദിക്കരുതെന്നാണ് പറയുക. ആരോടും പരാതിയില്ലാതെ, പരിഭവങ്ങളില്ലാതെ ഞാനിവിടെ കഴിഞ്ഞോളാം എന്നമട്ടിൽ ശങ്കരൻ സ്വയം തിരഞ്ഞെടുത്തതാണീ തെരുവുജീവിതം. ജടയെല്ലാം വളർന്ന് കഴുത്തോളം നീണ്ട മുടിയുമായായിരുന്നു മുമ്പ് നടന്നിരുന്നത്. അതെല്ലാം വൃത്തിയാക്കി സുന്ദരനായിപ്പോൾ.
പകൽ ചുറ്റുവട്ടത്തുള്ള വീടുകളിൽ പണിക്കുപോകും. നല്ല വൃത്തിയായി പണിയെടുക്കുമെന്നാണ് അറിയാവുന്നവരെല്ലാം സാക്ഷ്യപ്പെടുത്തുന്നത്. എട്ടുവർഷംമുമ്പ് ശങ്കരനൊപ്പം കൂടിയതാണീ തെരുവുനായ. പണിക്കുപോകുമ്പോഴും കൂടെ മണിച്ചിയുണ്ടാകും. രാവിലെ ആറുമണിക്ക് എഴുന്നേൽക്കും. കടപ്പുറത്തേക്ക് നടക്കും. പക്ഷേ, അവിടെ കടിച്ചുകീറാൻവരുന്ന കൂറ്റൻ പട്ടികളുള്ളതുകൊണ്ട് ബീച്ചിനിപ്പുറം ഒരു കടയ്ക്കടുത്ത് എത്തിയാൽ മണിച്ചി നിൽക്കും. തിരിച്ചുവരുമ്പോൾ ഒപ്പം പോരും.
‘എട്ടുവർഷം ഗൾഫിലായിരുന്നു ഞാൻ. അതിനുമുമ്പ് കുണ്ടറയിൽ ഒരു കമ്പനിയിൽ അപ്രന്റീസ് ആയിരുന്നു. ഗൾഫിൽനിന്നു വിസ കാലാവധി കഴിഞ്ഞ് കയറ്റിവിട്ടതിൽപ്പിന്നെ ഇവിടെയെത്തി ഇങ്ങനെയൊക്കെ ജീവിതം കൊണ്ടുപോകുകയാണ്. അങ്ങനെയിരിക്കെ ഇവൾ ഒപ്പംകൂടി. ആരെയും ഉപദ്രവിക്കാറില്ല. കുരയ്ക്കാറില്ല. വളരെ ശാന്തയായി ഇങ്ങനെ കിടക്കും. ഇവിടെക്കിടന്നപ്പോൾ മറ്റു പട്ടികൾ വന്ന് എന്നെ കടിച്ചിട്ടുണ്ട്ശ, ശങ്കരൻ പറഞ്ഞു.
കടത്തിണ്ണയിൽ കൊതുകുകടിക്കില്ലേ എന്നുചോദിച്ചാൽ ഈ വഴി വണ്ടികളൊക്കെ വേഗത്തിൽ പോകുന്നതല്ലേ. അതിന്റെ കാറ്റുകൊണ്ട് കൊതുക് വലിയ പ്രശ്നമായി തോന്നിയിട്ടില്ലെന്നാണ് മറുപടി. മഴ പെയ്യുമ്പോഴും വലിയ പ്രശ്നമൊന്നുമില്ല. കനത്ത മഴയാണെങ്കിൽ അല്പംമാറി കൂനിക്കൂടിയിരിക്കും. മണിച്ചിയും ചേർന്നിരിക്കും. ഈ ജീവിതത്തിലും ശങ്കരൻ സംതൃപ്തനാണ്. മനുഷ്യനായാലും മൃഗമായാലും ഒരു കൂട്ടുണ്ടെങ്കിൽ ഏത് പ്രതിസന്ധിയിലും സംതൃപ്തനാകുമെന്ന് ഈ ജീവിതം പറയുന്നു.
Content Highlights: beautiful friendship of shankar and Manichi dog
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..