'എല്ലാര്‍ക്കും കുമ്മുട്,നാന്‍ ബിന്ദു,മുകിയമാന സേതിക'-ഇത് അട്ടപ്പാടി TV, വാര്‍ത്തവായിക്കുന്നത് ബിന്ദു


സജ്‌ന ആലുങ്ങല്‍

തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടയിലാണ് എടിവിയിലേക്ക് അവതാരകരെ വേണമെന്ന പരസ്യം ഒരു വാട്‌സ്ആപ് ഗ്രൂപ്പില്‍ ബിന്ദു കാണുന്നത്.

അടപ്പാടി ടിവിയിലെ ന്യൂസ് പ്രൊഡക്ഷൻ | Photo: Special Arrangement

'എല്ലാര്‍ക്കും കുമ്മുട്, നമ്ത്തൂര്‌ സേതിക്കെ വായി, നാന്‍ ബിന്ദു, മുകിയമാന സേതിക...' ഇതു എന്തു ഭാഷ എന്ന് അദ്ഭുതപ്പെടേണ്ട. ആദിവാസി വിഭാഗമായ ഇരുളര്‍ സംസാരിക്കുന്ന ഇരുള ഭാഷയില്‍ ഒരു വാര്‍ത്താ അവതരണം ഇങ്ങനെയാണ് തുടങ്ങുന്നത്. ഈ വാര്‍ത്ത വായിക്കുന്നത് അട്ടപ്പാടി ഷോളയൂര്‍ കുലുക്കൂര്‍ ആദിവാസി ഊരിലെ ബിന്ദു സന്തോഷാണ്. എടിവി എന്ന ചാനലിലൂടെ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ അട്ടപ്പാടിയിലെ എല്ലാ വീടുകളിലെത്തുമ്പോള്‍ അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പ്രവാസിയായ ബേസില്‍ പി. ദാസാണ്.

തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടയിലാണ് എ.ടിവിയിലേക്ക് അവതാരകരെ വേണമെന്ന പരസ്യം ഒരു വാട്‌സ്ആപ് ഗ്രൂപ്പില്‍ ബിന്ദു കാണുന്നത്. അപേക്ഷ നല്‍കി. പിന്നാലെ ജോലിയും കിട്ടി. 'ടിക് ടോകില്‍ ചില വീഡിയോ ചെയ്ത പരിചയം മാത്രമാണുണ്ടായിരുന്നത്. ആദ്യ ദിവസം ഓഫീസില്‍ ചെന്നപ്പോള്‍ ആകെ പേടിച്ചുപോയി. മൊബൈല്‍ ഫോണ്‍ മാത്രം കണ്ട ഞാന്‍ ആദ്യമായാണ് വലിയ ക്യാമറയും മറ്റു സംവിധാനങ്ങളും കാണുന്നത്. ആകെ വിറച്ചുപോയി. ചാനല്‍ എം.ഡി. ആയ ബേസില്‍ പി. ദാസ് വലിയ പിന്തുണ നല്‍കി. ഇതോടെ ആത്മവിശ്വാസം വന്നു. അങ്ങനെയാണ് വാര്‍ത്ത വായിക്കാന്‍ തുടങ്ങിയത്.'- ബിന്ദു മാതൃഭൂമി ഡോട്ട് കോമിനോട് പറയുന്നു.

വാര്‍ത്ത വായിക്കാന്‍ തുടങ്ങിയ ശേഷം ആദിവാസി സമൂഹത്തിന്റെ പിന്തുണ ലഭിച്ചു. എല്ലാവരും തിരിച്ചറിയാന്‍ തുടങ്ങി. ഭര്‍ത്താവും മക്കളും പിന്തുണ നല്‍കുന്നുണ്ട്. അവതരണം എങ്ങനെയെല്ലാം മെച്ചപ്പെടുത്താമെന്ന് അവര്‍ പറഞ്ഞുതരാറുണ്ട്. ബിന്ദു പറയുന്നു. എറണാംകുളം സ്വദേശിയും കോണ്‍ഗ്രസിന്റെ ഷോളയൂര്‍ മണ്ഡലം പ്രസിഡന്റുമായ പി.വി. സന്തോഷ് കുമാറാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. രണ്ടു ആണ്‍മക്കളാണ്. ഇവരെല്ലാം വീട്ടില്‍ ഇരുള ഭാഷയാണ് സംസാരിക്കാറുള്ളത്.

bindu
വാര്‍ത്ത വായിക്കുന്ന ബിന്ദു | Photo: screengrab/atv

ഇരുള ഭാഷയില്ലാതെ ഞങ്ങളില്ല

ബിന്ദുവിനെ കൂടാതെ ഒരു വാര്‍ത്താ അവതാരകന്‍ കൂടിയുണ്ട് എ.ടി.വിക്ക്. കാരയൂര്‍ സ്വദേശിയായ വെള്ളിങ്കിരിയുടേയും മാതൃഭാഷ ഇരുളയാണ്. ഇരുള ഭാഷ നിലനിന്നാല്‍ മാത്രമേ സമുദായം നിലനില്‍ക്കൂവെന്നും അതിനാലാണ് ഈ ചാനലില്‍ വാര്‍ത്ത വായിക്കുന്നതെന്നും വെള്ളിങ്കിരി പറയുന്നു. അട്ടപ്പാടിയില്‍ പത്തുവര്‍ഷം മുമ്പുണ്ടായിരുന്ന ചാനല്‍ പ്ലസില്‍ വാര്‍ത്ത വായിച്ച പരിചയവും വെള്ളിങ്കിരിക്കുണ്ട്. അഗളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തമിഴ് മീഡിയത്തിലാണ് വെള്ളിങ്കിരി പഠിച്ചത്.

ഇരുള ഭാഷയിലെ വാര്‍ത്താ അവതരണം സമുദായത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. പുതിയ തലമുറയ്ക്ക് ഭാഷയോട് താത്പര്യം കൂടി. യു ട്യൂബില്‍ ഈ വാര്‍ത്ത കണ്ട് ആളുകള്‍ ഫോണ്‍ വിളിച്ച് അഭിനന്ദിക്കാറുണ്ടെന്നും വെള്ളിങ്കിരി പറയുന്നു.

vellingiri
വാര്‍ത്ത വായിക്കുന്ന വെള്ളിങ്കിരി | Photo: screengrab/atv

തുടക്കം ഓണ്‍ലൈന്‍ ക്ലാസ്

ഇസ്രായേലില്‍ ജോലി ചെയ്തിരുന്ന ബേസില്‍ ഇരുള ഭാഷ കൂടുതല്‍ ആളുകളിലേക്കെത്തിക്കാനാണ് എ.ടി.വി. തുടങ്ങിയത്. കോവിഡിന്റെ സമയത്ത് സ്‌കൂള്‍ പൂട്ടിയപ്പോള്‍ അട്ടപ്പാടിയിലെ 196 ഊരുകളിലെ കുട്ടികള്‍ വിദ്യാഭ്യാസ പ്രതിസന്ധി നേരിട്ടിരുന്നു. മൊബൈല്‍ ഫോണ്‍ ഇല്ലാത്തതും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പ്രശ്‌നങ്ങളും കാരണം കുട്ടികള്‍ക്ക് ക്ലാസ് മുടങ്ങി. എല്ലാ ക്ലാസുകളും മലയാളത്തിലായതും കുട്ടികള്‍ക്ക് ബുദ്ധിമുട്ടായി. ഇതോടെ അട്ടപ്പാടിയിലെ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ് സാധ്യമാകണം എന്ന ഉദ്ദേശവും ഈ ചാനലിന് പിന്നിലുണ്ടായിരുന്നു. ഓണ്‍ലൈന്‍ ക്ലാസ് പ്രൊഡക്ഷന്‍ എന്നതില്‍ നിന്ന് ന്യൂസ് പ്രൊഡക്ഷനിലേക്ക് ചാനല്‍ വളര്‍ന്നു.

കേരള സര്‍ക്കാരിന്റെ 'വനിതാരത്‌നം' പുരസ്‌കാര ജേതാവായ ഉമാ പ്രേമന്റെ ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററാണ് ആവശ്യമായ സഹായങ്ങള്‍ ചെയ്തത്. തമിഴ്, ഇരുള ഭാഷകളില്‍ ക്ലാസുകള്‍ ചാനലിലൂടെ കുട്ടികളിലെത്തി. കോവിഡ് പ്രതിസന്ധിക്ക് ശേഷം സ്‌കൂളുകള്‍ തുറന്നതോടെ ക്ലാസുകള്‍ മാറ്റി പകരം ചാനലില്‍ വാര്‍ത്താ പ്രൊഡക്ഷന്‍ തുടങ്ങി.

'അട്ടപ്പാടിയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലെ വാര്‍ത്തകള്‍ ചാനല്‍ കവര്‍ ചെയ്യുന്നുണ്ട്. ഒരു ദിവസം ഒരു ബുള്ളറ്റിനാണുണ്ടാകുക. ഉച്ചയ്ക്ക് ഷൂട്ടു ചെയ്യും. രാത്രി ഒമ്പതു മണിക്ക് സംപ്രേക്ഷണം ചെയ്യും. പ്രാദേശിക വാര്‍ത്തകളും മറ്റു വാര്‍ത്തകളും ഇതിലുണ്ടാകും. സാധാരണയായി അട്ടപ്പാടിയിലുള്ളവര്‍ തമിഴ് സിനിമകളും പാട്ടുകളുമൊക്കെയാണ് കാണാറുള്ളത്. ഇപ്പോള്‍ അവര്‍ എ.ടി.വിയും കാണാന്‍ തുടങ്ങി. അവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ചെല്ലാം കൂടുതല്‍ അറിയാന്‍ തുടങ്ങി. ലോകത്ത് സംഭവിക്കുന്ന കാര്യങ്ങളും മനസ്സിലാക്കാന്‍ തുടങ്ങി. കുറച്ചു പരിപാടികള്‍ കൂടി തുടങ്ങണമെന്ന് വിചാരിക്കുന്നുണ്ട്. അതിനുള്ള സാമ്പത്തിക സ്രോതസ് കണ്ടെത്തണം.

basil p das
ബേസില്‍ പി ദാസ്‌ | Photo: Special Arrangement

സ്വന്തം ഭാഷ മോശമാണെന്ന തോന്നല്‍ ആദിവാസികളിലെ യുവതലമുറക്കിടയിലുണ്ട്. പലരും വീടുകളില്‍ മലയാളമോ തമിഴോ ആണ് സംസാരിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ അത് മാറി. അവര്‍ ഇരുള ഭാഷ കൂടുതലായി സംസാരിക്കാന്‍ തുടങ്ങി. അവരുടെ ആത്മവിശ്വാസം കൂടി.' ബേസില്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറയുന്നു.

അട്ടപ്പാടിയിലെ ജനസംഖ്യ 71,000 ആണ്. ഇതില്‍ 35000-ത്തിന് അടുത്ത് ആദിവാസികളുണ്ട്. ഇരുള വിഭാഗത്തില്‍ ഉള്‍പ്പെട്ട 30000ത്തോളം ആളുകളുണ്ട്. കിഴക്കന്‍ അട്ടപ്പാടിയിലെ ഇരുള ഭാഷയില്‍ തമിഴിനും പടിഞ്ഞാറന്‍ അട്ടപ്പാടിയില്‍ മലയാളത്തിനും സ്വാധീനമുണ്ട്.

Content Highlights: attappady television news channel in irula language


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented