മേയ്ക്കാടുള്ള വീട്ടിൽ സാരംഗ് മേനോനും - അദിതിയും നിർവാണിനൊപ്പം
ചെങ്ങമനാട്: ആ അജ്ഞാതന് ഇവരുടെ ഹൃദയത്തിലാണിപ്പോൾ ഇടം. പൊന്നുമോന്റെ ചികിത്സയ്ക്ക് 11 കോടി രൂപ നൽകി മറഞ്ഞുനിൽക്കുന്ന മനുഷ്യസ്നേഹി. സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) രോഗബാധിതനായ മകന്റെ ചികിത്സയ്ക്ക് 11 കോടി രൂപ നൽകിയ ആളെക്കുറിച്ച് അതേ അറിയൂ സാരംഗ് മേനോനും ഭാര്യ അദിതിക്കും.
സാരംഗിന്റെയും അദിതിയുടെയും മകൻ 15 മാസം പ്രായമുള്ള നിർവാണിന് ജനുവരിയിലാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽനിന്ന് മരുന്നെത്തിച്ച് ചികിത്സ നടത്താൻ വേണ്ടത് 17.4 കോടി രൂപ. പണം കണ്ടെത്താൻ സാമൂഹിക മാധ്യമങ്ങളടക്കം സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും ശ്രമം നടത്തി വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി തിങ്കളാഴ്ച രാവിലെ 10.30 ഓടെ 11 കോടി രൂപ അക്കൗണ്ടിലെത്തിയത്. അജ്ഞാതനായ ഒരു മനുഷ്യസ്നേഹിയാണ് ഈ തുക നൽകിയത്. തന്നെക്കുറിച്ചുള്ള ഒരു വിവരവും പുറത്തുവിടരുതെന്ന് നിർബന്ധമുള്ള ഒരാൾ. 17.5 കോടിയുടെ മരുന്നിന് ഇനി വേണ്ടത് ഒരുകോടിയിൽ താഴെ രൂപ.
മിലാപ് എന്ന ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്ഫോം വഴിയാണ് ചികിത്സയ്ക്കുള്ള തുക സ്വരൂപിക്കുന്നത്. തുക നൽകിയ വ്യക്തി അവരെയാണ് ബന്ധപ്പെട്ടിട്ടുള്ളത്. “തുക കൈമാറിയയാളെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും ആ വ്യക്തിയെ ഞങ്ങൾ ഹൃദയത്തോടു ചേർത്തു പിടിക്കുന്നു. കടലോളമുണ്ട് നന്ദി. കുഞ്ഞിന്റെ ചികിത്സക്കായി സഹായിച്ച എല്ലാവരോടും പറഞ്ഞാൽ തീരാത്തത്ര നന്ദിയുണ്ട്.”-സാരംഗും അദിതിയും പറയുന്നു. നെടുമ്പാശ്ശേരി മേയ്ക്കാടുള്ള അദിതിയുടെ അച്ഛന്റെ വീട്ടിലാണ് ഇപ്പോളിവർ.
ഇനി എത്രയുംവേഗം കുഞ്ഞിനുള്ള മരുന്ന് വാങ്ങണം. ബാക്കിവേണ്ട തുക കൂടി കണ്ടെത്തണം. അമേരിക്കയിൽ നിന്നു മരുന്ന് ലഭിക്കാൻ ഇരുപത് ദിവസമെടുക്കും. മുംബൈ ഹിന്ദുജ ആശുപത്രിയിലാണ് ചികിത്സ. കുഞ്ഞിന് രണ്ടുവയസ്സാകാൻ എട്ടുമാസം കൂടിയുണ്ട്. അതിനുള്ളിൽ മരുന്ന് എത്തിച്ച് ചികിത്സ നടത്തണം. 72000 പേരോളം ഇതിനകം വലുതും ചെറുതുമായ തുക ചികിത്സക്കായി നൽകിയിട്ടുണ്ട്. പാലക്കാട് കൂറ്റനാട് മാലേലത്ത് വീട്ടിൽ സാരംഗിന് മുംബൈയിൽ മർച്ചന്റ് നേവിയിലാണ് ജോലി. അദിതി സോഫ്റ്റ്‌വേർ എൻജിനീയറും.
Content Highlights: Anonymous donor pays ₹11.6 cr for child’s treatment for rare genetic disorder
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..