
ദിവ്യ പാസുമായി(ഇടത്), തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നു.
കാളികാവ്(മലപ്പുറം): എന്തെല്ലാം തരികിട പറഞ്ഞാണ് ലോക്ക്ഡൗണിനിടെ പുറത്തിറങ്ങാന്‍ ഓരോരുത്തര് പാസ് സംഘടിപ്പിക്കുന്നത്. മലപ്പുറം കാളികാവിലെ ഒരു അധ്യാപികയും പാസിനായി പോലീസിനെ സമീപിച്ചു. ആവശ്യമെന്താണെന്നു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെ: ''തെരുവുനായ്ക്കള്‍ക്ക് തീറ്റകൊടുക്കാന്‍''.
കരുവാരക്കുണ്ട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയായ പുല്ലങ്കോട് ദിവാകരപ്രഭയിലെ ദിവ്യയാണ് വ്യത്യസ്തമായ അപേക്ഷയുമായി സ്റ്റേഷനിലെത്തിയത്. അടച്ചിടലിനെത്തുടര്‍ന്ന് പട്ടിണിയിലായ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി പുറത്തിറങ്ങാനുള്ള അനുമതിയാണ് ടീച്ചര്‍ തേടിയത്. മറ്റൊന്നും ആലോചിക്കാതെ പോലീസ് അനുമതി നല്കുകയുംചെയ്തു.
പരിസ്ഥിതി- മൃഗസ്നേഹിയായ ദിവ്യ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഓരോ പ്രദേശത്തുമെത്തുന്നത്. വരവറിയിച്ച് കാറില്‍നിന്നിറങ്ങി കുറച്ചുദൂരം നടക്കും. അന്നദാതാവിന്റെ വരവ് മണത്തറിഞ്ഞ് നായ്ക്കള്‍ കൂട്ടമായെത്തും. ഓരോരുത്തര്‍ക്കുമുള്ള ഭക്ഷണം പ്രത്യേകം പ്രത്യേകം നല്കി അടുത്ത സ്ഥലത്തേക്ക് തിരിക്കും. മെഡിക്കല്‍സ്റ്റോറുകളില്‍നിന്ന് വാങ്ങിക്കുന്ന പെഡിഗ്രിയില്‍ പച്ചരി വേവിച്ച് കലര്‍ത്തിയാണ് നല്‍കുക.
പ്രകൃതിഭക്ഷണത്തില് താത്പര്യമുള്ള ടീച്ചര്‍ അടുക്കളയില്‍ കയറുന്നത് കുറവാണ്. എന്നാലിപ്പോള്‍ തെരുവുനായ്ക്കള്‍ക്കുള്ള ഭക്ഷണം പാകംചെയ്യാനായി അടുക്കളയിലും കുറേസമയം ചെലവഴിക്കുന്നു. കാളികാവ്, പൂക്കോട്ടുംപാടം സ്റ്റേഷന് പരിധിയിലെ തെരുവുനായ്ക്കള്‍ക്കാണ് ഭക്ഷണം കൊടുക്കുന്നത്. കാളികാവ് മങ്കുണ്ട് കള്ളുഷാപ്പിന് സമീപമുള്ള പട്ടിക്കും പട്ടിക്കുട്ടികള്ക്കുമുള്ള പെഡിഗ്രിയും പച്ചരിയും ടീച്ചര്‍ കള്ളുഷാപ്പ് നടത്തിപ്പുകാരനെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇദ്ദേഹം ഭക്ഷണമുണ്ടാക്കി നല്‍കും. എത്തിപ്പെടാന്‍ കഴിയാത്ത പല ഭാഗങ്ങളിലും ഭക്ഷണത്തിനുള്ള സാമഗ്രികള്‍ പലരെയും ഏല്‍പ്പിച്ചിട്ടുണ്ട്. ആനിമല്‍ ലീഗല്‍ ഫോഴ്സ് അംഗം കൂടിയാണ് ദിവ്യ.
content highlights: animal lover from kalikavu feeds stray dogs during lock down
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..