കൊച്ചി: മൂന്നാംറാങ്ക് കിട്ടിയതറിഞ്ഞപ്പോൾ അനൈഡ പപ്പയെയും മമ്മിയെയും ചേർത്തുപിടിച്ചു. എല്ലുനുറുങ്ങുന്ന വേദനയുമായി ആശുപത്രിയിൽ ലോക്ഡൗണായ ബാല്യത്തെ ഓർത്ത് പുഞ്ചിരിച്ചു, അതിജീവനത്തിന്റെ മന്ദസ്മിതം. എം.ജി. സർവകലാശാലയുടെ അനിമേഷൻ ബിരുദത്തിനുള്ള മൂന്നാംറാങ്ക് എറണാകുളം രാജഗിരി കോളേജിൽ പഠിക്കുന്ന അനൈഡയെ തേടിയെത്തുമ്പോൾ അതിൽ എല്ലാവർക്കുമുള്ള ജീവിതപാഠങ്ങളുണ്ട്.

ജന്മനാ അനൈഡയ്ക്ക് ബ്രിട്ടിൽ ബോൺ (ഒാസ്റ്റിയോ ജനസിസ് ഇംപെർഫെക്ട) രോഗമായിരുന്നു. എല്ലുകൾ ഒടിയുന്ന അസുഖം. വല്ലാതെ ദേഹമൊന്നിളകിയാൽ അത് സംഭവിക്കും. 40 തവണയോളം അതുണ്ടായി. നാല് ശസ്ത്രക്രിയകൾ. അതിലൊന്ന് നട്ടെല്ലിനായിരുന്നു. എറണാകുളം സുധീന്ദ്ര മെഡിക്കൽ മിഷനിലും മെഡിക്കൽ സെന്ററിലും ആശുപത്രിവാസം പലതവണ. ‘‘ഓരോ പ്രാവശ്യവും വേദനകൊണ്ട് നിലവിളിക്കും. എനിക്കറിയില്ല, എങ്ങനെ അതൊക്കെ സഹിച്ചെന്ന്. മറ്റു കുട്ടികളെപ്പോലെ ഓടിക്കളിക്കാൻ വയ്യ. കാണാൻ വരുന്നവർ തരുന്ന ക്രയോൺസാണ് വരയിലേക്ക് എത്തിച്ചത്.’’

anaid

ജനിച്ചപ്പോൾ ഡോക്ടർമാർ കണ്ടിട്ട്‌ പറഞ്ഞത് കുട്ടിയെ സ്കൂളിൽ വിട്ട് പഠിപ്പിക്കാനാവില്ല എന്നായിരുന്നു. പക്ഷേ, അച്ഛനമ്മമാർ കുട്ടിയെ സ്കൂളിൽ മറ്റു കുട്ടികളെപ്പോലെത്തന്നെ വിട്ടുപഠിപ്പിച്ചു. എവിടെയെങ്കിലും തട്ടിയാൽ ഉടയുന്ന ഒരു പളുങ്കുപാത്രംപോലെ ഏകമകളെ സ്റ്റാൻലി ലൂയീസും റാണിയും വളർത്തി. ഐസ്‌ക്രീം ഡിസ്ട്രിബ്യൂഷൻ ബിസിനസാണ് സ്റ്റാൻലിക്ക്.

anaidaകണ്ണമാലി ചിന്മയ സ്കൂളിൽനിന്ന് അനൈഡ പ്ലസ്ടു പാസായത് 93 ശതമാനം മാർക്കോടെയായിരുന്നു. അനിമേഷൻ പഠിക്കാൻ താത്‌പര്യവുമായി പോയപ്പോൾ തിരുവനന്തപുരം ടൂൺസ് അനിമേഷൻ സൗകര്യമൊരുക്കി. രോഗപീഡകൾ രാജഗിരിയിലെ ക്ലാസ്ദിനങ്ങൾ കവർന്നപ്പോൾ പ്രിൻസിപ്പൽ ഫാ. ഓ.ജെ. സാവിയൻസും അധ്യാപകരും അനൈ‍ഡയ്ക്ക് വലിയ പിന്തുണ നൽകി. സാൻഡ് ആർട്ടും കാർട്ടൂണും ചെയ്യാനിഷ്ടമുള്ള അനൈഡ ഇപ്പോൾ പല സ്കൂളുകളിലും മോട്ടിവേഷൻ ക്ലാസുകൾ എടുക്കാറുണ്ട്.

ഇൗ ലോക്‌ഡൗൺകാലത്തും തൃക്കാക്കരയിൽ ഭാരതമാതാ കോളേജിനടുത്തുള്ള വാളാംകോട്ടിലെ വാടകവീട്ടിൽ തന്റെ ചിത്രരചനയിലിരിക്കുകയാണ് അനൈഡ. ‘‘ഞങ്ങളെപ്പോലെ രോഗമുള്ളവർക്കായി പ്രവർത്തിക്കുന്ന ‘അമൃതവർഷിണി’ എന്ന സംഘടന ഒരു കൂട്ടായ്‌മ ഒരുക്കാറുണ്ട്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു. ഇത്തവണ, എന്തായാലും കുറച്ചുകഴിഞ്ഞായാലും ഉണ്ടാവും. ഇൗ കൊറോണക്കാലവും കടന്നുപോകുമല്ലോ. വേദനകളുടെ യാത്രയിൽ ദൈവം നമുക്ക് ചിലത് കരുതിവെയ്ക്കും’’ -അനൈഡ പുഞ്ചിരിക്കുന്നു.