അമ്പലപ്പുഴ: കടം തീര്‍ക്കാന്‍വേണ്ടി താമസിക്കുന്ന വീട് വില്‍ക്കാന്‍ അഡ്വാന്‍സ് വാങ്ങി കാത്തിരിക്കുന്‌പോഴാണ് ഓട്ടോഡ്രൈവറായ ബിജു വാസുദേവന് മുന്നില്‍ ഭാഗ്യം ലോട്ടറിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. കേരള സംസ്ഥാന ഭാഗ്യനിധിയുടെ വെള്ളിയാഴ്ച നറുക്കെടുത്ത ലോട്ടറിയിലാണ് ബിജു എടുത്ത മൂന്ന് ടിക്കറ്റില്‍ ഒരെണ്ണം 65 ലക്ഷത്തിന്റെ ഒന്നാംസമ്മാനത്തിന് അര്‍ഹത നേടിയത്. വീട്ടില്‍നിന്ന് പടിയിറങ്ങാന്‍ ആഴ്ചകള്‍മാത്രം ശേഷിക്കെയാണ് ഈ ഭാഗ്യകടാക്ഷം.
 
വീട്ടില്‍നിന്ന് ഇറങ്ങേണ്ടെന്നു മാത്രമല്ല, മെനഞ്ചൈറ്റിസ് രോഗം പിടിപെട്ട് തളര്‍ന്നുകിടക്കുന്ന മകന് വിദഗ്ധ ചികിത്സ നല്‍കാനും ബിജുവിന് ഇനി ബുദ്ധിമുട്ടേണ്ടിവരില്ല. 'ദൈവം എന്നെ കൈവിട്ടില്ല'- ബിജു പ്രതികരിച്ചത് ഇങ്ങനെയാണ്.
പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പറവൂര്‍ വടക്കേയറ്റത്ത് ബിജു വാസുദേവന്‍ (41) ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്.

ഭാര്യ ഷീബയും രണ്ട് ആണ്‍മക്കളുമടങ്ങുന്നതാണ് കുടുംബം. മൂത്തമകന്‍ ശ്രീകാന്ത് പുന്നപ്ര പറവൂര്‍ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. രണ്ടാമത്തെ മകന്‍ ശ്രീശാന്തിന് ഇപ്പോള്‍ ഒന്‍പത് വയസ്സായി. നാലുമാസം പ്രായമായപ്പോള്‍ മെനഞ്ചൈറ്റിസ് ബാധിച്ച് ശരീരം തളര്‍ന്നുപോയതാണ്. രണ്ട് സ്വകാര്യ ആസ്​പത്രികളിലും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലുമായി ശ്രീശാന്തിന് ചികിത്സ തുടരുകയാണ്.

ഹൃദയവാല്‍വിന് തകരാറുണ്ടായ ബിജുവിനെ നാലുമാസം മുന്‍പ് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അഞ്ചുവര്‍ഷമായി മരുന്നുകളുടെ ബലത്തിലാണ് ജീവിതം. ചികിത്സയും വിശ്രമവുമെല്ലാമായപ്പോള്‍ കടംകയറി. സ്വന്തമായി ഉണ്ടായിരുന്ന ഓട്ടോറിക്ഷ വിറ്റു. പിന്നീട് ഓട്ടോ വാടകയ്‌ക്കെടുത്താണ് ഓടിക്കുന്നത്.

കടം ആറുലക്ഷം കവിഞ്ഞപ്പോള്‍ ആകെയുള്ള സമ്പാദ്യമായ നാലുസെന്റ് സ്ഥലവും വീടും വില്‍ക്കാന്‍ തീരുമാനിച്ചു. കച്ചവടം ഉറപ്പിച്ച് അഡ്വാന്‍സും വാങ്ങി. വീടുവിട്ടിറങ്ങുമ്പോള്‍ എവിടേക്കുപോകുമെന്ന് ആശങ്കയിലായിരുന്നു ബിജു.
വെള്ളിയാഴ്ച രാവിലെ മരുന്നുവാങ്ങാന്‍ പോയപ്പോള്‍ പുന്നപ്ര ജങ്ഷനില്‍നിന്നാണ് ടിക്കറ്റെടുത്തത്. അടുത്തടുത്തുള്ള മൂന്ന് ലോട്ടറിത്തട്ടുകളില്‍നിന്നായി മൂന്ന് ടിക്കറ്റെടുത്തു.

ശനിയാഴ്ച രാവിലെ ബിജു നടക്കാനിറങ്ങിയപ്പോള്‍ ഭാഗ്യക്കുറിയില്‍ സമ്മാനം അടിച്ചത് ആലപ്പുഴയ്ക്കാണെന്ന് കേട്ടു. തിരിച്ച് വീട്ടിലെത്തി പത്രമെടുത്ത് നോക്കിയപ്പോഴാണ് ആ ഭാഗ്യവാന്‍ താനാണെന്ന് അറിയുന്നത്. വീട് വാങ്ങാന്‍ വന്നവര്‍ അഡ്വാന്‍സ് തുക തിരികെനല്‍കാമെന്ന് ബിജുവിനെ അറിയിച്ചിട്ടുമുണ്ട്.