അമ്പലപ്പുഴ: മുച്ചക്രസൈക്കിളില്‍ തെരുവുകളിലെ ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന മാരിയപ്പനെയും കുടുംബത്തെയും കാണാത്തവര്‍ ഉണ്ടാകില്ല. കഴിഞ്ഞ പതിനെട്ടുവര്‍ഷമായി തെരുവില്‍ത്തന്നെയാണ് ഇവരുടെ ജീവിതം. സുമനസ്സുകളുടെ കൈത്താങ്ങില്‍ മാരിയപ്പനും കുടുംബവും ബുധനാഴ്ച വാടകവീട്ടിലേക്ക് താമസം മാറുകയാണ്. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിയായ മാരിയപ്പനും ഭാര്യ തിലകയും മൂത്തമകള്‍ മാസാനിക്കൊപ്പം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിതേടി കേരളത്തിലെത്തിയതാണ്. അന്ന് മാസാനിക്ക് ഒരു വയസ്സായിരുന്നു പ്രായം. ഇന്ന് പത്തൊമ്പത് കഴിഞ്ഞു.

പലയിടങ്ങളിലായി മാറിമാറി തെരുവോരങ്ങളില്‍ താമസിച്ചു. ഇതിനിടെ മൂന്ന് മക്കള്‍ കൂടിയുണ്ടായി. അനുവും അനിതയും മാധവനും. അനു ഏഴാം ക്ലാസിലും അനിത ആറാം ക്ലാസിലും മാധവന്‍ അഞ്ചാം ക്ലാസിലുമാണ്. ആലുവ ജനസേവ ശിശുഭവനിലാണ് മൂവരും. മാസാനിക്ക് സ്‌കൂളിന്റെ പടി കയറാന്‍ ആയിട്ടില്ല. തെരുവോരത്തെ കടത്തിണ്ണകള്‍, കാത്തിരിപ്പുപുരകള്‍, ആളൊഴിഞ്ഞ കെട്ടിടങ്ങള്‍ എന്നിവയെല്ലാമാണ് ഇവര്‍ക്ക് വീട്. മേല്‍വിലാസമില്ലാത്ത ഇവര്‍ക്ക് റേഷന്‍കാര്‍ഡോ ബാങ്ക് അക്കൗണ്ടോ ഇല്ല.

കഴിഞ്ഞ സ്‌കൂള്‍ വര്‍ഷമാദ്യം മക്കള്‍ക്ക് ആലുവയിലെത്താന്‍ വണ്ടിക്കൂലിയില്ലാതെ വലഞ്ഞ ഇവര്‍ക്ക് സുമനസ്സുകളാണ് സഹായം നല്‍കിയത്. പ്രമേഹബാധിതനായ മാരിയപ്പന് രോഗം വഷളായതോടെ അടുത്തിടെ വലതുകാല്‍പ്പത്തി മുറിക്കേണ്ടിവന്നു. വിവാഹപ്രായമായ മകളുമായി തെരുവില്‍ കഴിയുന്നതിന്റെ ഭീതിയിലായിരുന്നു ഇവര്‍. അതിനിടെയാണ് സഹായവുമായി സുമനസ്സുകള്‍ എത്തിയത്. പുന്നപ്ര തെക്ക് ഈരേപ്പറമ്പ് വീട്ടിലേക്കാണ് ഇവര്‍ ബുധനാഴ്ച രാവിലെ താമസം തുടങ്ങുന്നത്.