മൂവാറ്റുപുഴ: ബാബു ചെറിയാന്റെ കുടുംബം തലമുറകളായി കാത്തുസൂക്ഷിച്ച വിലപ്പെട്ട പുസ്തക ശേഖരം ഇനി നിര്‍മല കോളേജിലെ പഠിതാക്കള്‍ക്ക്. കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടന ഒരുക്കിയിരിക്കുന്ന 'ഒരു പുസ്തകം, ഒരു ജീവിതം' പദ്ധതിയിലേക്കാണ് തോട്ടക്കര കൊച്ചുപറമ്പില്‍ ബാബു ചെറിയാന്‍ തന്റെ പുസ്തകശേഖരം ദാനമായി നല്കിയത്.

ശാസ്ത്രം, സാഹിത്യം, കല, കൊമേഴ്‌സ് എന്നീ മേഖലകളിലെ അറുനൂറില്‍പ്പരം പുസ്തകങ്ങളുണ്ടിതില്‍. പ്രിന്റിങ് നിലച്ചതും ഇന്ന് വിപണിയിലില്ലാത്തതുമായ അപൂര്‍വം പുസ്തകങ്ങള്‍ ഇതിലുള്‍പ്പെടും. അക്ഷരപ്രേമിയായിരുന്ന മുത്തച്ഛന്‍ ചെറിയാന്‍ പൂതമ്പാറയുടെ പുസ്തകങ്ങളും ഇതിലുണ്ട്. സി.എം.ഐ. സഭയിലെ പ്രമുഖ വൈദികന്‍ ഉള്‍പ്പടെയുള്ള മക്കള്‍ ഈ പുസ്തകങ്ങള്‍ വായിച്ച് വളര്‍ന്നവരാണ്.

കൊച്ചുമക്കളും ഈ പുസ്തകങ്ങള്‍ക്കൊപ്പമാണ് ജീവിച്ചത്. ഇവയാണ് നിര്‍മല കോളേജിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഇനി വഴികാട്ടിയാകുന്നത്. 'ഒരു പുസ്തകം, ഒരു ജീവിതം' പദ്ധതിയെക്കുറിച്ചറിഞ്ഞ ബാബു തന്റെ പുസ്തക ശേഖരം ദാനം ചെയ്യുന്നതിനുള്ള സന്നദ്ധത സംഘടനയുടെ വൈസ് പ്രസിഡന്റ് ടോമി കളമ്പാട്ടു പറമ്പിലിനെ അറിയിക്കുകയായിരുന്നു. നിര്‍മല കോളേജിലെ 1979-1982 ബാച്ചിലെ ബി.എസ്സി. ഫിസിക്‌സ് വിദ്യാര്‍ഥിയാണ് ബാബു. ടോമിയുടെയും സെക്രട്ടറി ഡോ. ജോര്‍ജി നീറനാലിന്റെയും സാന്നിദ്ധ്യത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോസഫ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ഇതിനോടകം രണ്ടായിരത്തോളം പുസ്തകങ്ങള്‍ ലഭിച്ചതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.