ആലപ്പുഴ: അറുപതുകാരന്‍ റോബര്‍ട്ടിന് പാടിയിട്ടും പാടിയിട്ടും കൊതിതീര്‍ന്നില്ല. പാട്ടുകേട്ടപ്പോള്‍ മുരുകേശ് സ്വയംമറന്ന് ഒച്ചവയ്ക്കുകയായിരുന്നു. നാല് ചുവരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ട ജീവിതങ്ങള്‍ക്ക് കടപ്പുറത്തെ സായാഹ്നം നല്‍കിയ ഉന്മേഷവും ആനന്ദവും ചെറുതായിരുന്നില്ല.

ആലപ്പുഴ ഗവ. ടി.ഡി.മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെ സാന്ത്വനക്കൂട്ടായ്മയായ 'കാരുണ്യ'മാണ് അരയ്ക്കുതാഴെ തളര്‍ന്നവരുടെ സംഗമം ഒരുക്കിയത്. ആലപ്പുഴ കടപ്പുറത്തെ കാഴ്ചകളിലേക്ക് അവരെ കൂട്ടിക്കൊണ്ടുവന്നതുതന്നെ വേദനകള്‍ക്ക് തെല്ലൊരു ആശ്വാസം പകരാനായിരുന്നു. കിടയ്ക്കയിലും ചക്രക്കസേരയിലും ജീവിതം തള്ളിനീക്കുന്ന 17 പേരും കുടുംബാംഗങ്ങളുമാണ് സഹൃദയം എന്ന് പേരിട്ട സംഗമത്തില്‍ പങ്കെടുത്തത്. വിദ്യാര്‍ഥികള്‍തന്നെയാണ് ഇവരെ വീടുകളില്‍നിന്ന് കൂട്ടിക്കൊണ്ടുവന്നത്.

ഉല്ലാസയാത്രപോലെ കടപ്പുറത്തേക്കെത്തിയ അവര്‍ക്ക് മുന്നില്‍ കാരുണ്യം പ്രവര്‍ത്തകര്‍ പാട്ടുകള്‍ പാടിത്തുടങ്ങിയതോടെ, വേദന നിഴലിച്ച മുഖങ്ങളില്‍ ചിരിവിടര്‍ന്നു. തളര്‍ച്ച ബാധിച്ചവരും കുടുംബാംഗങ്ങളും പാട്ടുകള്‍ പാടി, ഒരുമിച്ച് ആഹാരം കഴിച്ചശേഷമാണ് അവര്‍ വീടുകളിലേക്ക് മടങ്ങിയത്.

മെഡിക്കല്‍ കോളേജില്‍ 2009-ല്‍ ആരംഭിച്ച കാരുണ്യം കൂട്ടായ്മ എല്ലാ വര്‍ഷവും രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ ഏറ്റെടുത്ത് നടത്തുകയാണ്. അന്‍പതോളം കിടപ്പുരോഗികളെയാണ് ഇവര്‍ വീടുകളിലെത്തി പരിചരിക്കുന്നത്. ഇവരുടെ സംഗമവും എല്ലാ വര്‍ഷവും മെഡിക്കല്‍ കോളേജില്‍ നടത്താറുണ്ട്. ഇവര്‍ക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കാനാണ് കടപ്പുറത്ത് സംഗമം ഒരുക്കിയത്.

കാരുണ്യം നോഡല്‍ ഓഫീസറും മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പലുമായ ഡോ. സൈറു ഫിലിപ്പ്, കാരുണ്യം സെക്രട്ടറിമാരായ അലിഹസന്‍, എസ്.ഷിഫ, സാന്ത്വനപരിചരണ പ്രവര്‍ത്തകരായ എം.ഷെഫീക്, ജോണ്‍ ജോസഫ്, റഷീദ്, ശുഭ, മോളി എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.