അജ്മൽ ഹസന്റെ സ്മരണയ്ക്കായി നിർമിച്ച സ്മാർട്ട് ക്ലാസ്‌മുറികളുടെ താക്കോൽ അജ്‌മലിന്റെ മാതാവ് സൈനബ ഹസൻ പ്രധാനാധ്യാപകൻ കെ.ജി. ജോൺസന് കൈമാറുന്നു, ഇൻസൈറ്റിൽ അജ്‌മൽ ഹസൻ
മാനന്തവാടി : മരണത്തിനും തോൽപ്പിക്കാനാവാതെ അജ്മൽ ഹസന്റെ സൗഹൃദത്തിന്റെ ഓർമകൾ ഇനി മാനന്തവാടി ഗവ. യു.പി. സ്കൂളിലെ ക്ലാസ്‌മുറികളിലുണ്ടാകും. മേപ്പാടി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിലെ അസോ. പ്രൊഫസറായിരുന്ന അജ്‌മൽ ഹസന്റെ സ്മരണാർഥം അദ്ദേഹം മുമ്പ് പഠിപ്പിച്ചിരുന്ന പാലക്കാട് തിരുമിറ്റക്കോടിലെ കരുണ കോളേജ് ഓഫ് ഫാർമസിയിലെ പൂർവ വിദ്യാർഥികൾ മാനന്തവാടി ഗവ. യു.പി. സ്കൂളിൽ സ്മാർട്ട് ക്ലാസ് മുറികളൊരുക്കി.
2022 ഡിസംബർ ആറിനാണ് പാൻക്രിയാസ് സംബന്ധമായ അസുഖത്താൽ ഈ ലോകത്തോട് വിട പറഞ്ഞത്. മരിക്കുന്ന സമയത്ത് ഡി.വൈ.എഫ്.ഐ. മാനന്തവാടി മേഖലാ സെക്രട്ടറി കൂടിയായിരുന്നു. അടുപ്പമുള്ളവർ സ്നേഹത്തോടെ അജിയെന്നായിരുന്നു വിളിച്ചിരുന്നത്. അജ്‌മലിന്റെ ഓർമകൾ നിലനിർത്താൻ മാനന്തവാടി ജി.യു.പി.യിലെ അഞ്ച് ക്ലാസ്‌മുറികളാണ് സ്മാർട്ടാക്കിയത്.
മുറികൾ നവീകരിച്ച് പെയിന്റിങ് വർക്കുകളും ചിത്രപ്പണികളും നടത്തി. ചുമരുകളിൽ അക്ഷരങ്ങളും അക്കങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. ഫാൻ, പ്രൊജക്ടറുകൾ, മേശ, കീബോർഡ് തുടങ്ങിയവയും സജ്ജീകരിച്ചു. ഏഴു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ക്ലാസ് മുറികൾ സ്മാർട്ടാക്കിയത്. അജ്‌മൽ ഹസന്റെ പ്രവർത്തനങ്ങൾ വിദ്യാർഥികൾക്ക് പ്രചോദനമാകണമെന്ന ഉദ്ദേശ്യത്തിലാണ് ഉദ്യമത്തിന് മുൻകൈയെടുത്തതെന്ന് പൂർവ വിദ്യാർഥി അസോസിയേഷൻ കോ-ഓർഡിനേറ്റർ പി. മൻസൂർ പറഞ്ഞു.
സ്മാർട്ട് ക്ലാസ് മുറികൾ മാനന്തവാടി നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതിയധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എ.കെ. റൈഷാദ് അധ്യക്ഷനായി. സ്മാർട്ട് ക്ലാസ്‌മുറികളുടെ താക്കോൽ അജ്‌മലിന്റെ മാതാവ് സൈനബ ഹസൻ പ്രധാനാധ്യാപകൻ കെ.ജി. ജോൺസന് കൈമാറി. സ്പോർട്‌സ് കിറ്റുകൾ അജ്‌മലിന്റെ സഹോദരൻ സൂരജ് ഹസൻ എൽ.പി. വിഭാഗം എസ്.ആർ.ജി. കൺവീനർ എൻ. പ്രശാലിനിക്കും കൈമാറി.
മൗലാന കോളേജ് ഓഫ് ഫാർമസി വിഭാഗം തലവൻ ഷൈൻ സുദേവ്, ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി മേധാവി ഡോ. ജിജി ജോസ്, ഉമർ ആഷിദ്, സ്കൂളധ്യാപകൻ എ. അജയകുമാർ, സി.പി.എം. മാനന്തവാടി ഏരിയാ സെക്രട്ടറി എം. റജീഷ്, പി.ആർ. കവിത, സിൽവിയ ജോസഫ്, കെ.കെ. ബിന്ദു എന്നിവർ സംസാരിച്ചു.
Content Highlights: ajmal hasan friends built smart classroom in mananthavady
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..