അദ്വൈത് അച്ഛനോടൊപ്പം കൃഷിത്തോട്ടത്തിൽ
പെരിഞ്ഞനം : വീട്ടുമുറ്റത്തെ റോഡിന് സമീപം സാമൂഹിക വിരുദ്ധർ മാലിന്യം വലിച്ചെറിയുന്നത് പതിവായതോടെ അഞ്ചാം ക്ലാസ്സുകാരൻ അവിടം കൃഷിയിടമാക്കി. ഇക്കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയ കൃഷി പത്ത് മാസം പിന്നിട്ടപ്പോഴേക്കും മാലിന്യശല്യം ഒഴിയുകയും കൃഷിയിടം പച്ചക്കറികൾ കൊണ്ട് സമൃദ്ധമാവുകയും ചെയ്തു.
പെരിഞ്ഞനം ഗവ.യു.പി സ്കൂൾ വിദ്യാർഥിയും വലിയപറമ്പിൽ സുവീഷിന്റെ മകനുമായ അദ്വൈത് വാസാണ് അച്ചംകണ്ടം കോളനിയിലെ ചെമത്തിക്കാവ് ക്ഷേത്രത്തിന് മുന്നിലുള്ള റോഡരിക് പച്ചക്കറി തോട്ടമാക്കി മാറ്റിയത്.
ഓൺലൈൻ പഠന കാലമായതിനാൽ കൃഷി പരിപാലനത്തിന് വേണ്ടത്ര സമയവും ലഭിച്ചു. സ്കൂളിൽ നിന്ന് ലഭിച്ച വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത്. തക്കാളി, വെണ്ട, വഴുതന, മുളക്, ചീര, കാപ്സിക്കം, പാവൽ, വിവിധയിനം വാഴകൾ, കൊള്ളി തുടങ്ങി റോഡരികിലെ നൂറ്റമ്പത് മീറ്ററോളം ദൂരത്താണ് പച്ചക്കറി കൃഷി. പലയിനങ്ങളുടേയും വിളവെടുപ്പും ഇതിനോടകം നടത്തി ഈ കുട്ടി കർഷകൻ.
കൃഷി സജീവമായതോടെ പ്രദേശത്തെ മാലിന്യ പ്രശ്നത്തിനും പരിഹാരമായി.
സ്കൂളിൽ കൃഷിത്തോട്ടമൊരുക്കിയ മുൻ പരിചയം മാത്രമാണ് അദ്വൈതിന് വഴിയോര കൃഷിയിലെ പിൻബലം. വീടിന് സമീപമുള്ള വളപ്പിൽ എള്ള് ഉൾപ്പെടെയുള്ള മറ്റ് കൃഷികൾക്കും അദ്വൈത് തുടക്കമിട്ടിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..