അടൂര്‍: സ്വന്തമായി ജാവലിന്‍ പോലുമില്ലാതെ വീടിന് ചുറ്റും കമ്പെറിഞ്ഞ് അനില നേടിയത് സംസ്ഥാന കായികമേളയില്‍ സുവര്‍ണനേട്ടം. അടൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ അനില സ്വന്തമായുള്ള പരിശീലനത്താലാണ് സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിനില്‍ സ്വര്‍ണം നേടി അഭിമാനതാരമായത്.

മേസ്തിരിപ്പണിക്കാരനായ അച്ഛന്‍ റെജിയുടെ വല്ലപ്പോഴുമുള്ള വരുമാനത്തിലാണ് അനില ഉള്‍പ്പെടെ ഏഴുപേര്‍ രണ്ടുമുറിയുള്ള വീട്ടില്‍ കഴിയുന്നത്. അമ്മ ലാലി കഴിഞ്ഞമാസം ഓപ്പറേഷന്‍ കഴിഞ്ഞ് വിശ്രമത്തിലാണ്.

കഴിഞ്ഞ സംസ്ഥാന കായികമേളയില്‍ വെള്ളിമെഡല്‍ കിട്ടിയ അനിലയ്ക്ക് പിന്നീട് പരിശീലനത്തിന് ആരും ഒരു സഹായവും നല്‍കിയില്ലെന്നതും ഈ വിജയത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു. വിവിധ ചാനലുകളില്‍ മിമിക്രി കലാകാരികൂടിയാണ് അനില.

മത്സര തയ്യാറെടുപ്പ്

ഇത് ചോദിച്ചപ്പോള്‍ അനിലയും കുടുംബാംഗങ്ങളും ചിരിച്ചു. പിന്നീട് വീടിന്റെ ഓട് പൊട്ടിക്കിടക്കുന്നതും മരത്തില്‍ കമ്പു തറച്ച പാടുകളും കാട്ടിത്തന്നു. സ്വന്തമായി ജാവലിന്‍ ഇല്ലാത്ത അനില വീടിന്റെ ചുറ്റുപാടുകളിലായിട്ടാണ് പരിശീലനം നടത്തിയിരുന്നത്. അതും കൈയില്‍കിട്ടുന്ന എന്തും എടുത്ത്. കമ്പു കിട്ടിയാല്‍ മത്സരം നടക്കുന്നതായി സങ്കല്‍പ്പിച്ച് അതേ ആവേശത്തോടെ എറിയും. കാണികളായി വീട്ടുകാര്‍ എപ്പോഴും ഉണ്ടാകും.

ആകെ സ്ഥിരമായി ചെയ്യുന്ന പരിശീലനം രാവിലെയുള്ള ഓട്ടവും വ്യായാമവും ആണ്. രാവിലെ 4.30-ന് രണ്ടര കിലോമീറ്റര്‍ ഓടുന്ന അനില തിരിച്ചെത്തി വീട്ടുമുറ്റത്ത് വ്യായാമവും ചെയ്യും. കഴിഞ്ഞ തവണ സംസ്ഥാന കായികമേളയില്‍ വെള്ളി ലഭിച്ചപ്പോള്‍ത്തന്നെ ഇത്തവണ സ്വര്‍ണം നേടണമെന്ന വാശി മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഇത്തവണ ഉപജില്ലാ കായികമേളയുടെ തലേന്നാണ് മത്സരത്തിനായി എന്‍ട്രി നല്‍കുന്നത്.

പെരിങ്ങനാട് ഗ്രാമത്തില്‍നിന്ന് ജാവലിനിലേക്ക്

ജാവലിന്‍ എന്തെന്ന് അറിയാത്ത കാലത്ത് ഏഴാംക്ലാസില്‍വെച്ച് പെരിങ്ങനാട് തൃച്ചേന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ വിജയന്‍സാറാണ് ആദ്യമായി ജാവലിന്‍ കൈയില്‍ വെച്ചുതന്നതെന്ന് അനില പറഞ്ഞു. അത് ഒരു നിയോഗമായിരുന്നു. തുടര്‍ന്ന് പത്താം ക്ലാസില്‍ പരീക്ഷ കഴിഞ്ഞ് അവധിക്കാലത്ത് തിരുവനന്തപുരം സായിയിലെത്തി ഒരു വര്‍ഷം പരിശീലനം നേടി. അവിടെ വെച്ചാണ് സാങ്കേതികമായിട്ടുള്ള അറിവുകള്‍ ജാവലിനില്‍ കിട്ടിയത്. പക്ഷേ ഒരു വര്‍ഷം ആയപ്പോഴേക്കും നടുവിന് വേദനയുമായി തിരിച്ചുപോന്നു. പിന്നീട് അടൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടുവിന് ചേര്‍ന്നു. പരിശീലനം നടത്താന്‍ ജാവലിനോ മറ്റ് യാതൊരു സംവിധാനമോ സ്‌കൂളിലും ഇല്ലായിരുന്നു.

നേട്ടങ്ങള്‍

റാഞ്ചിയില്‍ നടന്ന ജൂനിയര്‍ നാഷണല്‍ മീറ്റില്‍ വെള്ളി. ദക്ഷിണമേഖല ദേശീയ മീറ്റില്‍ സ്വര്‍ണം. കഴിഞ്ഞ സംസ്ഥാന കായികമേളയില്‍ വെള്ളി. ദേശീയ മീറ്റില്‍ നാലാം സ്ഥാനം. ഹെപ്റ്റാത്തലണില്‍ മുന്‍പ് ദക്ഷിണമേഖല ദേശീയ മീറ്റില്‍ സ്വര്‍ണം. ഇപ്പോള്‍ സംസ്ഥാന കായികമേളയില്‍ സ്വര്‍ണം.

വീട്...

സ്വന്തമായി ഒരു സെന്റ് വസ്തു പോലുമില്ലാത്ത അനിലയും കുടുംബവും കുടുംബ വീട്ടിലാണ് കഴിയുന്നത്. രണ്ടുമുറിയിലുള്ള വീടിന്റെ അവസ്ഥയും വളരെ മോശമാണ്. മേല്‍ക്കൂര തകര്‍ന്ന് കിടക്കുന്ന വീടിന്റെ ഒരുഭാഗം ടിന്‍ ഷീറ്റിട്ടിരിക്കുന്നു. രോഗബാധിതരായ അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും രണ്ട് സഹോദരങ്ങളും ഉള്‍പ്പടെ ഏഴ് പേരാണിവിടെ കഴിയുന്നത്.

സഹോദരി അഖില ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് കഴിഞ്ഞുവെങ്കിലും വീട്ടില്‍ രോഗബാധിതരായ അമ്മയെയും മറ്റുള്ളവരെയും നോക്കാനുള്ളതിനാല്‍ ജോലിക്ക് പോകുന്നതിനു കഴിയുന്നില്ല. സഹോദരന്‍ അഖില്‍ ഐ.ടി.ഐ. കഴിഞ്ഞു നില്‍ക്കുകയാണ്.

സ്വപ്‌നം...

സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമാണ് ഇതുവരെയും തന്നെ വിജയത്തിലെത്തിച്ചതെന്ന് അനില. ദേശീയ കായികമേളയില്‍ സ്വര്‍ണം വലിയ സ്വപ്‌നം തന്നെയാണ്. ഒപ്പംതന്നെ ഇല്ലായ്മകളിലും അത് അറിയാതെ പഠിപ്പിച്ച് പ്രോത്സാഹിപ്പിച്ച വീട്ടുകാരുടെ സംരക്ഷണം. അതിന് ഒരു ജോലി. കായികരംഗത്ത് മികച്ച പരിശീലനം. അതിലെല്ലാമുപരി സ്വന്തമായി ഒരു ജാവലിന്‍.

അനിലയ്ക്ക് എല്ലാ സഹായവും ചെയ്യും-എം.എ. റഹീം(ആര്‍.ഡി.ഒ. അടൂര്‍)

സംസ്ഥാന കായികമേളയില്‍ സുവര്‍ണ നേട്ടം കരസ്ഥമാക്കിയ അനിലയ്ക്ക് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് അടൂര്‍ ആര്‍.ഡി.ഒ. എം.എ.റഹീം പറഞ്ഞു. പരിശീലത്തിനായി എന്തു ചെയ്യാന്‍ സാധിക്കുമെന്ന് ഉടന്‍ നോക്കാമെന്നും ദേശീയ തലത്തിലും സുവര്‍ണനേട്ടം കരസ്ഥമാക്കാന്‍ പരിശ്രമിക്കണമെന്നും അനിലയോട് പറഞ്ഞു. അനിലയുടെ സുവര്‍ണനേട്ടം അറിഞ്ഞ് അദ്ദേഹം വീട്ടിലെത്തി അഭിനന്ദനവും അറിയിച്ചു.

അനിലയുടെ വിലാസം: കടപ്‌ളാവിളയില്‍, പുത്തന്‍ചന്ത, പെരിങ്ങനാട് പി.ഒ., അടൂര്‍.ഫോണ്‍: 9946723686.