ആബിദ
ചില വാശികളുണ്ട്. അതങ്ങനെ അണയാതെ കിടക്കും. ആളിപ്പടരും. എന്നിട്ട് കഠിനാധ്വാനത്തിന്റെ കൂട്ടുപിടിച്ച് അന്നുവരെ കണ്ട ഏറ്റവും വലിയ സ്വപ്നത്തിന്റെ വാതില്‍ നിങ്ങള്‍ക്കു മുന്നില്‍ തുറന്നിട്ടുതരും. അത്തരത്തിലൊരു സ്വപ്നസാഫല്യത്തിന്റെ തിളക്കത്തിലാണ് ആബിദ എന്ന കോഴിക്കോട്ടുകാരി.
പത്തൊന്‍പതാം വയസ്സില്‍ വിവാഹിതയായ, മൂന്നുപെണ്‍കുട്ടികളുടെ അമ്മയായ ആബിദ, 25-ാം വയസ്സില്‍ കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ ബി.ഡി.എസ്. പഠനത്തിന് പ്രവേശനം നേടിയിരിക്കുകയാണ്.
മുന്നോട്ടു പഠിക്കുന്നുണ്ടെങ്കില്‍, അത്...
പ്ലസ് ടുവിനു ശേഷം എന്തെങ്കിലും പഠിക്കുന്നുണ്ടെങ്കില്‍ അത് മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും എന്നൊരു വാശിയുണ്ടായിരുന്നു ആബിദയ്ക്ക്. ആ വാശിയെ കഠിനാധ്വാനം കൊണ്ട് കയ്യെത്തിപ്പിടിച്ച കഥയാണ് കോഴിക്കോട് ജില്ലയിലെ ഈ ചക്കുംകടവ് സ്വദേശിനിയുടേത്. ജി.വി.എച്ച്.എസ്.എസ്. പയ്യാനക്കലായിരുന്നു പത്താംക്ലാസുവരെയുള്ള പഠനം. പത്താം ക്ലാസില്‍, സ്കൂളിലെ ടോപ്പറായാണ് പാസായത്. പിന്നീട് 2014-ല്‍ രാമകൃഷ്ണാ മിഷന് സ്കൂളില്‍നിന്ന് പ്ലസ് ടു പൂര്‍ത്തിയാക്കി. പ്ലസ് വണ്‍- പ്ലസ് ടു സമയത്താണ് എന്‍ട്രന്‍സ് എഴുതി പാസാകണം, എം.ബി.ബി.എസിന് ചേരണം എന്ന സ്വപ്നം ആബിദയില്‍ ഉടലെടുക്കുന്നത്.
പഠനം വിവാഹം കുഞ്ഞുങ്ങള്‍...
പ്ലസ് ടുവിനു ശേഷം ആബിദ കേരള എന്‍ട്രന്‍സ് എഴുതി നോക്കിയിരുന്നു. അതോടെ ഒന്നുകൂടി ശ്രമിച്ചാല്‍ റാങ്ക് മെച്ചപ്പെടുത്താനാകും എം.ബി.ബി.എസ്.എസ്. സീറ്റ് ലഭിച്ചേക്കും എന്ന ആത്മവിശ്വാസം വന്നു. അതോടെ തൊട്ടടുത്ത കൊല്ലം, ഒരുവര്‍ഷത്തെ എന്‍ട്രന്‍സ് പരിശീലനത്തിനു പോയി. അതിനിടെ 2016 ജനുവരിയില്‍ ആബിദ വിവാഹിതയായി. കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ് റാസിയായിരുന്നു ആബിദയുടെ വരന്. അന്ന് കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ പച്ചക്കറിക്കടയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം 2016-ലെ എന്‍ട്രന്‍സ് പരീക്ഷയില്‍ ആബിദ 6054-ാം റാങ്ക് നേടി. സ്വപ്നത്തിന് അരികിലെത്തിയെങ്കിലും അത് പക്ഷേ അന്നത് യാഥാര്‍ഥ്യമായില്ല . 2017-ല്‍ ആബിദയ്ക്കും റാസിക്കും ആദ്യത്തെ കുഞ്ഞ് പിറന്നു. മകള്‍ക്ക് ഒരുവയസ്സൊക്കെ ആയപ്പോള്‍ വീണ്ടും പഠിക്കാനുള്ള ആഗ്രഹം ആബിദയുടെ മനസ്സിലേക്കു വന്നു. എന്നാല്‍ അതിനിടെ ആബിദ വീണ്ടും ഗര്‍ഭിണിയായി. 2018-ല്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി.

പഠനത്തോട് 'ബൈ ബൈ', ട്രാക്കിലെത്താനുള്ള പെടാപ്പാട്
മക്കളുടെ ജനനത്തോടെ പഠനത്തോട് ബൈ ബൈ പറഞ്ഞിരുന്ന ആബിദയെ, മനസ്സിലാണ്ടു കിടന്ന ആ ആഗ്രഹം വീണ്ടും തട്ടിവിളിക്കുകയായിരുന്നു. അതോടെ വീണ്ടും പഠിക്കാന്‍ ആബിദ തീരുമാനിച്ചു. ആബിദയുടെ വാക്കുകളില്‍ പറഞ്ഞാല്‍- മനസ്സ് ഡോക്ടറാക് ഡോക്ടറാക് എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ വീണ്ടും എന്‍ട്രന്‍സ് പഠനത്തിലേക്ക്. 2016-ല്‍ കല്യാണത്തിനു ശേഷം നിര്‍ത്തിയ പഠനം അഞ്ചുകൊല്ലത്തിനു ശേഷം 2021-ല്‍ ആബിദ പുനഃരാരംഭിച്ചു. പരിശീലനക്ലാസില്‍ പോകുന്നതിന് മുന്നോടിയായി തനിച്ചൊന്നു പഠിച്ചു നോക്കാന്‍ ശ്രമിച്ചു. പക്ഷേ ഒരുവാക്യം പോലും വായിച്ച് അതിന്റെ അര്‍ഥം മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടി. എന്നാല്‍ അങ്ങനെ തോറ്റുപിന്മാറാന് ആബിദ തയ്യാറായിരുന്നില്ല. വീണ്ടും വീണ്ടും വായിച്ചു. ചോദ്യപ്പേപ്പര്‍ എടുത്ത് ഉത്തരം എഴുതി നോക്കി. പക്ഷേ ഒരൊറ്റ ഉത്തരം പോലും എഴുതാനായില്ല. വലിയ സങ്കടം തോന്നി. വീണ്ടും വീണ്ടും വായിച്ചും പഠിച്ചും ഉത്തരമെഴുതി നോക്കിയും ഒടുവില്‍ ആബിദ പഠനത്തിന്റെ ട്രാക്കില്‍ കയറിപ്പറ്റി. തുടര്‍ന്ന് കോഴിക്കോട് മീഞ്ചന്തയിലെ പരിശീലനകേന്ദ്രത്തില്‍ പോകാന്‍ തുടങ്ങി.
പഠനം രാത്രി രണ്ടുമണി വരെ
കുട്ടികള്‍ ഉച്ചയ്ക്ക് ഉറങ്ങുന്ന സമയത്ത് വീട്ടുജോലികള്‍ പൂര്‍ത്തിയാക്കിയും രാത്രി വൈകിയിരുന്നുമൊക്കെ ആയിരുന്നു ആബിദയുടെ പഠനം. എന്തായാലും രാത്രി രണ്ടുമണിവരെയൊക്കെ ഇരുന്നുള്ള പഠനം വെറുതെയായില്ല. 2021-ല്‍ ആബിദയ്ക്ക് കേരളയില്‍ 7078 റാങ്ക് നേടാനായി. ആദ്യ അലോട്മെന്റില്‍ എറണാകുളത്ത് ബി.എച്ച്.എം.എസിന് കിട്ടി. പക്ഷേ സ്വപ്നം കണ്ടത് എം.ബി.ബി.എസ്. സീറ്റ് ആയിരുന്നതിനാല്‍ ചേരണോ വേണ്ടയോ എന്ന് ചിന്തിച്ചു. അപ്പോഴാണ് ഒന്നുകൂടി ശ്രമിച്ചാല്‍ എം.ബി.ബി.എസ്. കിട്ടും, വീണ്ടും എഴുതി നോക്കാന്‍ കോച്ചിങ് സെന്ററിലെ അധ്യാപകന് ആബിദയോടു പറയുന്നത്. അങ്ങനെ അടുത്തകൊല്ലത്തെ പരീക്ഷ ലക്ഷ്യമാക്കി ആബിദ വീണ്ടും പഠനം തുടര്‍ന്നു. കുട്ടികളുടെ കാര്യവും കുടുംബത്തിലെ മറ്റു കാര്യങ്ങളുമൊക്കെ നേക്കേണ്ടതുകൊണ്ട് പരിശീലനകേന്ദ്രത്തില്‍ എന്നുംപോയുള്ള പഠനമൊന്നും നടന്നിരുന്നില്ലെന്നും ആബിദ കൂട്ടിച്ചേര്‍ക്കുന്നു.
ഒടുവില്‍ സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്
ആബിദയുടെ പഠനം എന്തായാലും വെറുതെയായില്ല. 2022-ലെ എന്‍ട്രന്‍സ് പരീക്ഷയില്‍ ആബിദ 3860-ാം റാങ്ക് നേടി. ലഭിച്ച റാങ്ക് അനുസരിച്ച് ബി.ഡി.എസിന് സര്‍ക്കാര്‍ സീറ്റു തന്നെ കിട്ടുമെന്ന് ഉറപ്പായി. സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വേണമെങ്കില്‍ എം.ബി.ബി.എസിനും സീറ്റു കിട്ടാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ അത്രമാത്രമുള്ള സാമ്പത്തികസ്ഥിതി ആബിദയ്ക്കുണ്ടായിരുന്നില്ല. അതോടെ ബി.ഡി.എസിന് തന്നെ ചേരാന്‍ തീരുമാനിച്ചു. അങ്ങനെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ബി.ഡി.എസിന് ആബിദ സര്‍ക്കാര്‍ സീറ്റില്‍ പഠനം ആരംഭിച്ചു.
എന്‍ട്രന്‍സ് പരിശീലന സമയത്തും ബി.ഡി.എസിന് ചേരുന്ന സമയത്തും ഭര്‍ത്താവ് റാസിയില്നിന്ന് ഒരുപാട് പിന്തുണ ലഭിച്ചിരുന്നെന്ന് ആബിദ പറഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കിയും ഉറക്കിയും അവരുടെ കാര്യങ്ങള്‍ ചെയ്തുകൊടുത്തും ആബിദയ്ക്ക് പഠനത്തിനുള്ള സമയം കണ്ടെത്താന്‍ റാസി സഹായിച്ചു. റാസി, അദ്ദേഹത്തിന് പറ്റാവുന്ന പോലെ പിന്തുണ നല്കി- ആബിദ കൂട്ടിച്ചേര്‍ക്കുന്നു.
ഡിസംബര്‍ 12-നാണ് ആബിദയ്ക്ക് ക്ലാസ് തുടങ്ങിയത്. കോഴിക്കോട്ടെ ജോലി ഉപേക്ഷിച്ച് റാസിയും ആബിദയ്ക്കും കുഞ്ഞുങ്ങള്‍ക്കുമൊപ്പം കണ്ണൂരിലേക്ക് പോയി. പരിയാരത്തിന് സമീപത്ത് വാടകവീട് എടുത്ത് അവിടെയാണ് ഇവര്‍ താമസിക്കുന്നത്. മൂത്തമകള്‍ ഫാത്തിമ റിദ്വയെ സമീപത്തെ സ്കൂളില്‍ ചേര്‍ത്തു. ഇളയ രണ്ടുപേര്‍- ആമിന സിദയെയും കദീജ സഹയെയും അംഗന്‍വാടിയിലും ചേര്‍ത്തു. റാസി മറ്റൊരു ജോലിക്കു വേണ്ടിയുള്ള ശ്രമത്തിലുമാണ്.
Content Highlights: abida overcomes all odds and fullfil her dream to crack entrance and joins for bds
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..