വേങ്ങര മഞ്ഞേങ്ങരയിൽ സൗജന്യമായി ഭൂമി വിട്ടുനൽകിയ കോട്ടുക്കാരൻ അബ്ദുസമദിന്റെ പിതാവ് അബ്ദുറഹിമാൻ ഹാജി ഗുണഭോക്താക്കൾക്ക് ഭൂമിനൽകാനുള്ള നറുക്കെടുക്കുന്നു.
വേങ്ങര: ചേറൂര്‍ മുതുവില്‍കുണ്ടിലെ കോട്ടുക്കാരന്‍ അബ്ദുസമദ് എന്ന അബ്ദുപ്പ സൗജന്യമായി വിട്ടുനല്‍കിയ ഭൂമിയില്‍ 20 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങും. വീടുവെക്കാന്‍ മൂന്നുസെന്റ്വീതം ഭൂമിയാണ് വീടില്ലാത്തവര്‍ക്ക് വിട്ടുനല്‍കിയത്. ഊരകംമലയുടെ അടിവാരത്തായി മഞ്ഞേങ്ങരയിലുള്ള 63 സെന്റ് ഭൂമിയാണ് ഇദ്ദേഹം വീതിച്ചുനല്‍കിയത്. വീടിനുള്ള സ്ഥലം നല്‍കിയതിനുപുറമെ അവിടേക്ക് അഞ്ചടി വീതിയില്‍ വഴിയും നല്‍കും.
പലയിടത്തായി വാടക ക്വാര്‍ട്ടേഴ്സുകളില്‍ അന്തിയുറങ്ങുന്നവര്‍, ഭിന്നശേഷിക്കാര്‍, അവശര്‍, നിലാരംബര്‍ എന്നിവരില്‍നിന്ന് അപേക്ഷ സ്വീകരിച്ച് അതില്‍നിന്ന് യോഗ്യരായി കണ്ടെത്തിയവര്‍ക്കാണ് ഭൂമി കൈമാറുന്നത്. കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തില്‍നിന്നുള്ളവര്‍ക്ക് പുറമെ പരിസര പഞ്ചായത്തില്‍നിന്നുള്ളവര്‍ക്കടക്കം ഭൂമി അനുവദിച്ചുണ്ട്. എങ്കിലും പരിസരപ്രദേശത്തുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയതായും അബ്ദുപ്പ പറഞ്ഞു.
വേങ്ങര ജനമൈത്രി പോലീസ് പ്രത്യേക താത്പര്യമെടുത്താണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള എല്ലാവിധ പരിശോധനകള്‍ക്കും പോലീസ് നേതൃത്വംനല്‍കി.
നേരത്തേ കവളപ്പാറയില്‍ മണ്ണിടിഞ്ഞ് ദുരന്തമുണ്ടായ സമയത്താണ് അബ്ദുസമദിന് ഇത്തരമൊരാശയം മനസ്സിലുദിക്കുന്നത്. അന്ന് വീട് നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും അവിടെയുള്ളവര്‍ കവളപ്പാറ വിട്ടുപോരാന്‍ തയ്യാറാകാത്തതിനാല്‍ ശ്രമം ഉപേക്ഷിച്ചു.
20 ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലോ അനുവദിച്ച പ്ലോട്ടിന്റെ സ്ഥാനം കണ്ടെത്തുന്നതിലോ പുറമെനിന്ന് യാതൊരു ഇടപെടലുകളുമുണ്ടായിട്ടില്ല. ഗുണഭോക്താക്കള്‍ ഓരോരുത്തരും നറുക്കെടുത്താണ് അവരവരുടെ ഭൂമി തിരഞ്ഞെടുത്തത്.
ഭൂമിനിര്‍ണയ നറുക്കെടുപ്പ് അബ്ദുറഹിമാന്‍ ഹാജിയുടെ സാന്നിധ്യത്തില്‍ പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ഭൂമി ലഭിച്ച 20 കുടുംബങ്ങള്‍ക്കും അത് യാഥാര്‍ഥ്യമാക്കാന്‍ ചടങ്ങില്‍ പങ്കെടുത്ത വിവിധ വ്യക്തികള്‍ സഹായം വാഗ്ദാനംചെയ്തു.
മുഴുവന്‍ വീടുകളുടെയും മെയിന്‍ വാര്‍പ്പിനാവശ്യമായ സിമന്റ് സൗജന്യമായി നല്‍കുമെന്ന് കുണ്ടുപുഴക്കല്‍ സിമന്റ്സ് ഉടമ കെ.പി. സബാഹും 20 ലോഡ് മെറ്റല്‍ നല്‍കുമെന്ന് സഫാ ക്രഷര്‍ ഉടമയും 20 ലോഡ് ചെങ്കല്ല് നല്‍കുമെന്ന് ചുക്കന്‍ കുഞ്ഞുവും അറിയിച്ചു.
കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തംഗം പൂക്കുത്ത് മുജീബ് അധ്യക്ഷതവഹിച്ചു. മഹല്ല് പ്രസിഡന്റ് മമ്മുക്കുട്ടി മൗലവി, വേങ്ങര എസ്.ഐമാരായ എന്‍. മുഹമദ് റഫീഖ്, എം.പി. അബൂബക്കര്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ. നയീം, യു. സക്കീന, പോലീസ് വൊളന്റിയര്‍മാരായ എ.ഡി. ശ്രീകുമാര്‍, കെ. ശരീഫ്, സക്കീര്‍ വേങ്ങര, ഷാജി വാഴയില്‍, ടി. ഷിംജിത് കുഴിപ്പുറം, ടി.കെ. സഹദ് എന്നിവര്‍ പ്രസംഗിച്ചു.
coontent highlights: abdu samad donates land to 20 families to build homes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..