ഗരത്തിലെ പതിവുനടത്തത്തിനിടെയാണ് അവർ എരവത്തുകുന്ന് കയറിയത്, അതിലേറെയും പ്രായമുള്ളവരായിരുന്നു. അങ്ങനെ പ്രഭാതസവാരിക്കിടെ കൈമാറിയ ചിരിയിൽനിന്ന് മൊട്ടിട്ട സൗഹൃദത്തിനൊപ്പം അവർ ദൂരങ്ങൾ നടന്നുതീർക്കുക മാത്രമായിരുന്നില്ല. മാവുകൾ പടർന്നുപന്തലിച്ച് നിൽക്കുന്ന മാംഗോ പാർക്കിൽ  പരിസ്ഥിതിസംരക്ഷണവുംകൂടി ഏറ്റെടുക്കുകയായിരുന്നു.

പരിസ്ഥിതി സ്നേഹികളുടെ കൂട്ടായ്മയായ ഈഗിൾനെസ്റ്റ് സൊസൈറ്റിയാണ് ഗോവിന്ദപുരം എരവത്തുകുന്നിന്റെ മുകളിൽ  മാംഗോ പാർക്കെന്ന ആശയത്തിന് പിന്നിൽ. മൊട്ടക്കുന്നായിരുന്ന ഇവിടെ  200 ലധികം മാവുകളാണ്  പടർന്നുപന്തലിച്ചു നിൽക്കുന്നത്.  പുലർച്ചേ അഞ്ച് മുതൽ പ്രഭാതസവാരിക്കും വ്യായാമത്തിനുമായി നിരവധിപേർ കുന്നുകയറുന്നുണ്ട്.  വ്യായാമങ്ങളും യോഗയുമായി ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ  പാർക്കിൽ മണിക്കൂറോളം  ചെലവഴിക്കും.  എരവത്തുകുന്നിൽ കോർപ്പറേഷൻ നൽകിയ അഞ്ചേക്കർ സ്ഥലത്ത് 2007 ലാണ് മാംഗോ പാർക്ക് ഒരുങ്ങിയത്. മാവിൻതൈകൾ എത്തിക്കുന്നതും പരിപാലിക്കുന്നതുംമറ്റും കടുത്ത വെല്ലുവിളിയായിരുന്നുവെന്ന് കൂട്ടായ്മയിലെ അംഗങ്ങൾ പറഞ്ഞു. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട മാവുകളാണ് ഇവിടെ നട്ടുവളർത്തിയിരിക്കുന്നത്. അൽഫോൺസ, ചക്കരക്കുട്ടി, ബെങ്കനപ്പള്ളി, നാടൻമാവ്, ഓളോർ തുടങ്ങി പത്തോളം വ്യത്യസ്തയിനത്തിൽപ്പെട്ട മാവുകൾ ഇവിടെയുണ്ട്.  

വരൂ ഈ തണലിൽ ഇരിക്കാം

മാവിൻതണലിൽ  ഇരിക്കാനും വിശ്രമിക്കാനും ചെറിയ ഇരിപ്പിടങ്ങളുമുണ്ട്. അവിടെ വൈകുന്നേരങ്ങളിൽ വന്ന് കാറ്റുകൊള്ളാം. ഏറ്റവും ഉയർന്ന പ്രദേശത്തിരുന്ന് നഗരത്തെ കാണുകയും ചെയ്യാം. ഇരുവശവും പടർന്നു പന്തലിച്ചു നിൽക്കുന്ന മാവുകൾക്കിടയിലൂടെ ഇന്റർലോക്ക് ചെയ്ത് മനോഹരമാക്കിയ നടപ്പാതയും ഒരുക്കിയിട്ടുണ്ട്. ഇതുവഴിയാണ് പ്രഭാതസവാരി. മാംഗോ പാർക്കിൽ  പ്രവേശനഫീസില്ല. ആർക്കും ഏതു സമയവും വരാം.

പാർക്കിലെ  മാങ്ങകൾ വിൽപ്പനയ്ക്കുള്ളതല്ല. കുട്ടികൾക്കും  പക്ഷികൾക്കും അണ്ണാറക്കണ്ണനുമുള്ളതാണ്. 
ഈഗിൾ നെസ്റ്റ് സൊസൈറ്റിയിൽ അംഗങ്ങളായ 120 കുടുംബങ്ങളാണ്  മാവുകളെ പരിപാലിക്കുന്നത്. മാവിൻതൈകൾ നനയ്ക്കുന്നതായിരുന്നു ആദ്യകാലങ്ങളിൽ പ്രധാന പ്രശ്നം.  ടാങ്കറിൽവെള്ളമെത്തിച്ചും മഴവെള്ളം ശേഖരിച്ചുമാണ് ഇപ്പോൾ മാവുകൾ നനയ്ക്കുന്നത്.  കുപ്പികളിലും നൂറോളം കന്നാസുകളിലും വെള്ളം കൊണ്ടുവരുന്നുണ്ട്.
‍മാവുകൾക്ക്  മുഴുവൻസമയം വെള്ളം ലഭ്യമാക്കുന്നതിനുവേണ്ട സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

മാംഗോ പാർക്കിലെ ഓരോ മാവിനും പേരുണ്ട്. എ.പി.ജെ. അബ്ദുൽ കലാം, ഒ.എൻ.വി. കുറുപ്പ് തുടങ്ങിയവ അതിൽ ചിലതാണ്. ബ്രഹ്മപുത്ര, കാവേരി, യമുന, തുടങ്ങിയ നദികളുടെ പേരിലും മാവുകളുണ്ട്. ബ്രഹ്മപുത്ര എല്ലാ ഋതുക്കളിലും പൂക്കുകയും കായ്ക്കുകയും ചെയ്യും.  മോഹൻലാലിന് ദേശീയ അവാർഡ് കിട്ടിയപ്പോഴും റസൂൽപൂക്കുട്ടി ഓസ്കാർ നേടിയപ്പോഴും കലാഭവൻമണിക്ക്‌ ആദരസൂചകമായും പാർക്കിൽ മാവിൻതൈകൾ നട്ടു.കൂട്ടായ്മയുടെ അമരത്ത് പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കുന്നത് മാവിൻതൈകൾ നട്ടാണെന്നതും കൗതുകമാണ്. ഓണമോ വിഷുവോ മറ്റെന്ത് വിശേഷമോ ആയിക്കോട്ടെ മാവിൻതൈ നട്ടാണ് കൂട്ടായ്മയുടെ ആഘോഷം.

പാർക്കിൽ മാവുകൾ കൂടാതെ വാഴത്തോട്ടവും നിർമിക്കാൻ ആലോചനയുണ്ട്. കൃഷിക്കുവേണ്ട പ്രാരംഭപ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.  
മാനസികോല്ലാസത്തിന് പറ്റിയ ഇടമാണ് മാംഗോ പാർക്ക്. നഗരത്തിരക്കുകളിൽനിന്ന് ഒഴിഞ്ഞ് സമാധാനത്തോടെ ഇവിടെ വന്നിരിക്കാം, പുസ്തകം വായിക്കാം... വേണമെങ്കിൽ ചെറുതായൊന്നു മയങ്ങുകയും ചെയ്യാം.