മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ കനത്തമഴയെ തുടര്‍ന്ന് കുന്നിടിഞ്ഞുവീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. നിരവധി വീടുകള്‍ തകരുകയും ചെയ്തു. മുബൈയിലെ കല്‍വയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. 

കനത്തമഴയെ തുടര്‍ന്ന് ഖോലൈങ്കാര്‍ കുന്നില്‍നിന്ന് വീടുകള്‍ക്ക് മുകളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീഴുകയായിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ മൂന്നുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. 

പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിലാണ് അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സുദം പി. യാദവ്, ഭാര്യ വിധാവതി ദേവി, മക്കളായ രവികിഷന്‍, സിമ്രാന്‍, സന്ധ്യ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേര്‍ കല്‍വയിലെ ഛത്രപതി ശിവജി ആശുപത്രിയില്‍ ചികിത്സയിലാണ്. 

അപകടസാധ്യത നിലനില്‍ക്കുന്നതിനാല്‍ 150 കുടുംബങ്ങളെ പ്രദേശത്ത് നിന്നും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

content highlights: five member family dies after hillock caved in thane