പ്രതീകാത്മകചിത്രം | Photo: AP
പതിവിന് വിപരീതമായി, 24 മണിക്കൂര്‍ തികച്ചെടുക്കാതെ ഭ്രമണം പൂര്‍ത്തിയാക്കി ഭൂമി. ജൂണ്‍ 29-നാണ് ഇത്തരത്തില്‍ ഭൂമി, 'അതിവേഗം ബഹുദൂരം' കറക്കം പൂര്‍ത്തിയാക്കിയത്. സാധാരണയായി ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ ഭൂമി എടുക്കുന്നത് 24 മണിക്കൂറാണ്. അതില്‍നിന്ന് 1.59 മില്ലി സെക്കന്‍ഡ് കുറച്ചു സമയം മാത്രമേ അന്ന് കറക്കം പൂര്‍ത്തിയാക്കാന്‍ ഭൂമിക്ക് വേണ്ടിവന്നുള്ളൂ. അതോടെ ഇതുവരെയുള്ളതിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞദിവസമായി ജൂണ്‍ 29 മാറുകയും ചെയ്തു.
ഭൂമിയുടെ ഭ്രമണവേഗവുമായി ബന്ധപ്പെട്ട, ഏറ്റവും സൂക്ഷ്മമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന അറ്റോമിക് ക്ലോക്കാണ് ഭൂമിയുടെ സഞ്ചാരവേഗത്തിലുണ്ടായ ഈ വ്യത്യാസം കണ്ടെത്തിയത്. 1960-ന് ശേഷം 2020 ജൂലൈ 19-നാണ് ഇതിനു മുന്‍പ് ഭൂമി കുറഞ്ഞ സമയംകൊണ്ട് കറങ്ങിവന്നതെന്ന് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അന്ന് 24 മണിക്കൂര്‍ പൂര്‍ത്തിയാകാന്‍ 1.47 മില്ലി സെക്കന്‍ഡ് കൂടിയുള്ളപ്പോഴേക്കും ഭൂമി ഭ്രമണം പൂര്‍ത്തിയാക്കിയിരുന്നു.
2021-ല്‍ പക്ഷേ ഭൂമി ഭ്രമണവേഗതയില്‍ അസ്വാഭാവികതകളൊന്നും കാണിച്ചിരുന്നില്ല. ഒരുപക്ഷേ, ദൈര്‍ഘ്യം കുറഞ്ഞ ദിവസങ്ങള്‍ ഉള്‍പ്പെടുന്ന അന്പതുകൊല്ലഘട്ടത്തിന്റെ ആരംഭമാകാം ജൂണ്‍ 29-ലെ മാറ്റമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഭൂമിയുടെ ഭ്രമണ വേഗത വ്യത്യാസപ്പെടുന്നതിന് പിന്നിലെ കാരണം എന്തെന്നത് ഇപ്പോഴും അജ്ഞാതമാണ്. എന്നിരുന്നാലും ഭൂമിയുടെ ഇന്നര്‍ കോറിലെയും ഔട്ടര്‍ കോറിലെയും പ്രവര്‍ത്തനങ്ങള്‍, സമുദ്രങ്ങള്‍, തിരകള്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടങ്ങിയവയും ഇതിനെ ബാധിച്ചേക്കാമെന്നാണ് കരുതപ്പെടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..