ന്യൂഡല്‍ഹി: കനത്തമഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ട് മൊബൈലില്‍ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ഡല്‍ഹിയിലെ പുല്‍ പ്രഹ്ലാദ്പുറിലെ അടിപ്പാതയിലാണ് സംഭവം.  ഗൗതംപുരി സ്വദേശി രവി ചൗട്ടാല(27)യാണ് മരിച്ചത്. 

കനത്തമഴയെ തുടര്‍ന്ന് പുല്‍ പ്രഹ്ലാദ്പുറിലെ അടിപ്പാതയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഉച്ചയോടെ ഒരാള്‍ വെള്ളക്കെട്ടില്‍ മുങ്ങിയതായി പുല്‍ പ്രഹ്ലാദ്പുര്‍ പോലീസ് സ്റ്റേഷനില്‍ വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രവിയുടെ മൃതദേഹം ലഭിച്ചത്.

വെള്ളക്കെട്ട് മൊബൈലില്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് നാട്ടുകാരില്‍നിന്ന് പോലീസിന് ലഭിച്ച വിവരം. സെല്‍ഫിയെടുക്കാനോ വീഡിയോ ഷൂട്ട് ചെയ്യാനോ ആയി രവി വെള്ളക്കെട്ടിലേക്ക് ഇറങ്ങുകയായിരുന്നു. 

അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. മഴക്കാലത്ത് സ്ഥിരമായി കനത്ത വെള്ളക്കെട്ടുണ്ടാവുന്ന സ്ഥലമാണ് പുല്‍ പ്ലഹ്ലാദ്പുരിലെ അടിപ്പാത. 

content highlights: delhi man drowns in flooded underpass