ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിലും ആസ്തി വില്‍പ്പനയിലും കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കപ്പെടുത്തുന്നതാണ്. മൂന്നാം തരംഗം നേരിടാന്‍ വാക്‌സിനേഷന്‍ കൂട്ടേണ്ട സമയമാണിത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിപ്പോള്‍ ആസ്തി വില്‍പ്പനയുടെ തിരക്കിലാണ്. അതികൊണ്ട് നിങ്ങള്‍ തന്നെ ജാഗ്രത പാലിക്കൂ എന്ന് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 

വാക്‌സിന്‍ ക്ഷാമം ഉള്‍പ്പടെ കോവിഡ് പ്രതിരോധത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി നേരത്തേയും രാഹുല്‍ഗാന്ധി കേന്ദ്രത്തെ വിമര്‍ശിച്ചിരുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതും രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. 

ആറ് ലക്ഷം കോടിയുടെ ആസ്തികള്‍ വില്‍ക്കാനുള്ള തീരുമാനത്തിനെതിരേയും രാഹുല്‍ഗാന്ധി വിമര്‍ശനം ഉന്നയിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന് താത്പര്യമുള്ള വ്യക്തികള്‍ക്ക് മാത്രം ഗുണം ലഭിക്കുന്നതാണ് തീരുമാനം എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

content highlights: covid cases rising government busy with sales take care your self says rahul gandhi