1959-ല്‍ കേരള സര്‍ക്കാരിനെ പിരിച്ചുവിടുന്നതിനു മുമ്പ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്ര്റു മുഖ്യമന്ത്രി ഇ.എം.എസിനെ ചര്‍ച്ചയ്ക്ക് വിളിച്ചു. ഇ.എം.എസ്. മന്ത്രിസഭ കൊണ്ടുവന്ന ഭൂപരിഷ്‌കരണ, വിദ്യാഭ്യാസ ബില്ലുകള്‍ വിവാദമായ പശ്ചാത്തലത്തില്‍ നിയമസഭ പിരിച്ചുവിട്ട് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പുതിയ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന നിര്‍ദ്ദേശമാണ് നെഹ്റു മുന്നോട്ടുവെച്ചത്.
ബില്ലുകള്‍ ജനങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ അവര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വീണ്ടും അധികാരത്തിലേറ്റുമെന്നായിരുന്നു നെഹ്റുവിന്റെ നിലപാട്. പക്ഷേ, ഈ നയം തങ്ങള്‍ പുതുതായി മുന്നോട്ടുവെച്ചതല്ലെന്നും ഇവ നടപ്പാക്കാനാണ് കേരള ജനത രണ്ടു കൊല്ലം മുമ്പ് തങ്ങളെ തിരഞ്ഞെടുത്തതെന്നുമായിരുന്നു ഇ.എം.എസിന്റെ കാഴ്ചപ്പാട്. സിംലയില്‍ പ്രധാനമന്ത്രിയുടെ അവധിക്കാല വസതിയില്‍വെച്ചായിരുന്നു ചര്‍ച്ച. രണ്ടുപേരും സ്വന്തം നിലപാടുകളില്‍ ഉറച്ചു നിന്നതിനാല്‍ ചര്‍ച്ച വിജയിച്ചില്ല.
സിംലയില്‍നിന്ന് മടങ്ങുന്ന വഴി ഡല്‍ഹിയില്‍വെച്ച് ഇ.എം.എസ്. പത്രക്കാരെ കണ്ടതായി പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഇന്ദര്‍ മല്‍ഹോത്ര എഴുതുന്നുണ്ട്. സിംലയില്‍ ഉച്ചഭക്ഷണത്തിന് നെഹ്റു എന്താണ് വിളമ്പിയതെന്നാണ് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചത്. ഇ.എം.എസിന്റെ മറുപടി രസകരമായിരുന്നു: ''ഒരു കാശ്മീരി ബ്രാഹ്‌മണന്‍ ഒരു നല്ല നമ്പൂതിരി ബ്രാഹ്‌മണന് എന്താണോ കൊടുക്കേണ്ടത് അതാണ് നെഹ്റു തന്നത്. മീന്‍, ഇറച്ചി, കോഴി.''
അധികം വൈകാതെ നെഹ്രു സര്‍ക്കാര്‍ ഇ.എം.എസ്. സര്‍ക്കാരിനെ പിരിച്ചുവിട്ടു. നെഹ്രുവിന്റെ നടപടിക്കെതിരെ രാജ്യമെമ്പാടും അതിശക്തമായ പ്രതിഷേധമുണ്ടായി. പാര്‍ലമെന്റില്‍ നെഹ്രുവിനെ മുന്നിലിരുത്തി കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാംഗെ രോഷത്തോടെ പറഞ്ഞു: ''മഹാഭാരത യുദ്ധത്തില്‍ ദ്രോണാചാര്യരെ വീഴ്ത്താന്‍ നുണ പറഞ്ഞതോടെയാണ് യുധിഷ്ഠിരന്റെ രഥം ഭൂമിയെ തൊട്ടത്. അതുവരെ ധര്‍മ്മത്തിന്റെയും സത്യസന്ധതയുടെയും പര്യായമായിരുന്ന യുധിഷ്ഠിരന്റെ രഥം ഭൂമിയെ തൊടാതെയാണ് സഞ്ചരിച്ചിരുന്നത്. ഇതാ ഇപ്പോള്‍ അധാര്‍മ്മികമായി കേരള സര്‍ക്കാരിനെ പിരിച്ചുവിട്ടതോടെ താങ്കളുടെ കീര്‍ത്തിയും യശസ്സും തകര്‍ന്നു മണ്ണോട് ചേര്‍ന്നിരിക്കുന്നു.''
ഡാംഗെയുടെ വിമര്‍ശം ആത്മവേദനയോടെയായിരിക്കണം നെഹ്രു കേട്ടിട്ടുണ്ടാവുക. നെഹ്രുവിന്റെ ജീവിതത്തില്‍നിന്നു ആ കളങ്കം ഒരിക്കലും ഒഴിഞ്ഞുപോയില്ല. പക്ഷേ, വിമര്‍ശങ്ങള്‍ക്കിടമുള്ള ജനാധിപത്യമായിരുന്നു അന്ന് ഇന്ത്യയിലുണ്ടായിരുന്നത്. വിമര്‍ശമുണ്ടാവുമെന്ന് ഭയപ്പെട്ട് പാര്‍ലമെന്റ് സമ്മേളനം വിളിക്കാതിരിക്കുന്ന പതിവ് ഇന്ത്യന്‍ ജനാധിപത്യത്തിന് അന്ന് അന്യമായിരുന്നു.
നരേന്ദ്രമോദിയുടെ ഇന്ത്യയില്‍ ജനാധിപത്യത്തിന് പുതിയ നിര്‍വ്വചനങ്ങളുണ്ടാവുകയാണ്. ജനാധിപത്യ നിഷേധത്തിനുള്ള മറയായി ഒരു മഹാമാരിയെ എങ്ങിനെ ഉപയോഗിക്കാം എന്നതില്‍ ഗവേഷണം നടത്തുന്ന ഭരണകൂടമാണ് ഇപ്പോള്‍ നമുക്ക് മുന്നിലുള്ളത്.
ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ അവകാശ സംരക്ഷണത്തിനായി പോരാടുന്നത്. വേറൊരു വഴിയുമില്ലാത്തതുകൊണ്ടാണ് അവര്‍ ഈ കൊടുംതണുപ്പില്‍ തെരുവിലിറങ്ങിയിരിക്കുന്നത്. കാര്‍ഷികനിയമങ്ങള്‍ നടപ്പാക്കുന്നത് തത്ക്കാലം നിര്‍ത്തിവെച്ച് കര്‍ഷകരോട് സംസാരിക്കുവെന്നാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം കേന്ദ്ര സര്‍ക്കാരിനോട് പറയുന്നത്. പക്ഷേ, സര്‍ക്കാര്‍ അതിനൊരുക്കമല്ല.
ഔദ്ധത്യത്തിന്റെ മൂര്‍ത്തിമദ്ഭാവമായി ഈ സര്‍ക്കാര്‍ മാറിയിരിക്കുന്നു. ഷഹിന്‍ബാഗ് സമരത്തിനെതിരെയുള്ള കേസില്‍ സുപ്രീം കോടതി പറഞ്ഞത് പ്രതിഷേധിക്കാനുള്ള അവകാശം അംഗീകരിക്കുമ്പോള്‍ തന്നെ അത് പബ്ളിക് ഓര്‍ഡറിന് ഭംഗമുണ്ടാക്കരുതെന്നാണ്. സഞ്ചരിക്കാനുള്ള പൗരസമൂഹത്തിന്റെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടരുതെന്നും ഇക്കഴിഞ്ഞ ഒക്ടോബറില്‍ ജസ്റ്റിസ് എസ്.കെ. കൗളിന്റെ നേതൃത്വത്തിലുള്ള ബഞ്ച് പറഞ്ഞു.
ഈ നിരീക്ഷണത്തിന് മേലുള്ള ഒരു ഭേദഗതി പോലെയാണ് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ചിന്റെ അഭിപ്രായപ്രകടനം വന്നത്. കര്‍ഷകരുടെ സമരത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. സമരം സമാധാനപരമാണെന്നും സമാധാനപരമായി സമരം നടത്താനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഭരണകൂടത്തിന്റെ തുടര്‍ച്ചപോലെയാവുകയാണ് ജുഡീഷ്യറി എന്ന ആരോപണം ശക്തമായിരിക്കെ ചീഫ് ജസ്റ്റിസിന്റെ ഈ അഭിപ്രായം ജനാധിപത്യ വിശ്വാസികള്‍ക്ക് വലിയൊരു ആശ്വാസവും സാന്ത്വനവുമായി.
കര്‍ഷകര്‍ക്കെതിരെ ഒന്നും ചെയ്യില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത്. വാക്കിനും ചെയ്തിക്കുമിടയില്‍ ഈ സര്‍ക്കാര്‍ കൊണ്ടുവരുന്ന അകലം കാണാതിരിക്കാനാവില്ല. സമരക്കാരെ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി കോടതിയിലെത്തിയ സര്‍ക്കാര്‍ പറയുന്നത് തങ്ങള്‍ കര്‍ഷകര്‍ക്കെതിരെ ഒന്നും ചെയ്യില്ലെന്നാണ്. കോവിഡിന്റെ മറവില്‍ പാര്‍ലമെന്റ് സമ്മേളനം വിളിക്കാത്തവര്‍ ആയിരക്കണക്കിന് കര്‍ഷകരെ മഹാമാരിക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുക്കുന്നു.
കര്‍ഷകര്‍ക്ക് വേണ്ടെങ്കില്‍ പിന്നെ ഈ നിയമം ആര്‍ക്ക് വേണ്ടിയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്? പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത് കര്‍ഷകരുടെ പ്രശ്നം ചര്‍ച്ച ചെയ്യണമെന്നാണ് സമരമുഖത്തുള്ള കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. താങ്ങുവില പിന്‍വലിക്കില്ല എന്ന് വെറുതെ പറഞ്ഞാല്‍പോരെന്നും അതിന് നിയമത്തിന്റെ പരിരക്ഷയുണ്ടാവണമെന്നും കര്‍ഷകര്‍ പറയുന്നു.
ഇപ്പോഴത്തെ നിയമങ്ങള്‍ പിന്‍വലിച്ച് കര്‍ഷകര്‍ മുന്നോട്ടുവെയ്ക്കുന്ന ഭേദഗതികളോടെ പുതിയ നിയമങ്ങള്‍ കൊണ്ടുവരണമെന്നും വേണമെങ്കില്‍ ഈ നിയമങ്ങള്‍ക്ക് രൂപം നല്‍കാന്‍ താന്‍ സഹായിക്കാമെന്നുമാണ് കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ പി. ചിദംബരം കഴിഞ്ഞ ദിവസം പറഞ്ഞത്.
അനിതരസാധാരണമായ പ്രതിസന്ധികളാണ് ഇന്ത്യ ഇന്നിപ്പോള്‍ സാമ്പത്തിക മേഖലയില്‍ നേരിടുന്നത്. പക്ഷേ, ഇതിനിടയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരവും കൊട്ടാരവും നിര്‍മ്മിക്കുന്നതിനുള്ള നടപടികളുമായിട്ടാണ് പ്രധാനമന്ത്രി മോദി മുന്നോട്ടു പോകുന്നത്. എന്തിനാണ് ഇത്ര ധൃതി പിടിച്ച് സെന്‍ട്രല്‍ വിസ്ത പൊളിച്ചു പണിയുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല. പാര്‍ലമെന്റ് പാര്‍ലമെന്റാവുന്നത് ജനപ്രിതിനിധികള്‍ സമ്മേളിക്കുമ്പോഴാണ്.
തിയേറ്ററുകള്‍ തുറക്കാം. ബീച്ചുകളും ആരാധനാലയങ്ങളും തുറക്കാം. കോളേജുകളും സ്‌കൂളുകളും തുറക്കാം. പക്ഷേ, പാര്‍ലമെന്റ് തുറക്കാനാവില്ല എന്നു പറയുന്നത് ഏത് നീതിശാസ്ത്ര പ്രകാരമാണെന്നതാണ് ചോദ്യം. ആദ്യമായി പാര്‍ലമെന്റിലേക്ക് എത്തിയപ്പോള്‍ ആ പടികളില്‍ സാഷ്ടാംഗം നമസ്‌കരിച്ച മോദിയെ മറക്കാനാവില്ല. ആറു കൊല്ലങ്ങള്‍ക്കിപ്പുറത്ത് അതേ പാര്‍ലമെന്റിന്റെ വാതിലുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് നേര്‍ക്ക് അതേ കൈകളാല്‍ കൊട്ടിയടയ്ക്കപ്പെടുന്നു. ഈ പ്രധാനമന്ത്രിയുടെ അനുയായികള്‍ ഒരു മുനിസിപ്പല്‍ ഭരണസ്ഥാപനത്തിന് മീതെ ജയ്ശ്രീറാം ബാനര്‍ വിരിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതുണ്ടോ?
അധികാരം തലയ്ക്ക് പിടിക്കുന്ന ഭരണാധികാരികളുടെ വിചാരം അവര്‍ ചിരഞ്ജീവികള്‍ ആയിരിക്കുമെന്നാണെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ കരണ്‍ താപ്പറുമായുള്ള അഭിമുഖത്തില്‍ പറയുന്നുണ്ട്. മൂന്നു പൊതു തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിച്ച മാരഗരറ്റ് താച്ചറുടെ പതനം ഗുഹ ഓര്‍മ്മിപ്പിക്കുന്നു. അധികാരത്തിലിരുന്ന അവസാനനാളുകളില്‍ താച്ചര്‍ ഏകവചനം ഉപേക്ഷിച്ച് ബഹുവചനം ഉപയോഗിക്കാന്‍ തുടങ്ങിയതിനെക്കുറിച്ച് ആ ദിനങ്ങളില്‍ ലണ്ടനില്‍ റോയിട്ടേഴ്സിന്റെ ലേഖകനായിരുന്ന ഡേവിഡ് സ്റ്റോറി ഒരു ലേഖനത്തില്‍ എഴുതുന്നുണ്ട്.
1989-ല്‍ മകള്‍ കരോള്‍ അമ്മയായപ്പോള്‍ താച്ചര്‍ പറഞ്ഞത് ഇങ്ങനെയാണ്: ''നമ്മള്‍ അമ്മൂമ്മയായിരിക്കുന്നു (We have become a grandmother താന്‍ ഒരാളല്ലെന്നും താന്‍ തന്നെയാണ് രാഷ്ട്രമെന്നുമുള്ള ചിന്തയുടെ പ്രസരമണമാണത്. ഈ ചിന്തയാണ് താച്ചറുടെ പതനത്തിന് വഴിയൊരുക്കിയതെന്ന് താച്ചറുടെ അടുത്ത അനുയായികളിലൊരാളായിരുന്ന ജ്യോഫ്റി ഹൊവ്വ് പിന്നീട് പറയുകയുണ്ടായി.
താച്ചറുടെ പാര്‍ട്ടിയല്ല മോദിയുടെ പാര്‍ട്ടി. താച്ചര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശം ഇന്നിപ്പോള്‍ മോദിക്കെതിരെ ഉയരുമെന്ന് കരുതാനാവില്ല. ഭരണത്തിലും പാര്‍ട്ടിയിലും മോദിയുടെ പിടി സമ്പൂര്‍ണ്ണമാണ്. വാജ്പേയിയോട് നേര്‍ക്കു നേര്‍നിന്ന് കാര്യങ്ങള്‍ പറയാന്‍ അദ്വാനിയുണ്ടായിരുന്നു, ജോര്‍ജ് ഫെര്‍ണാണ്ടസുണ്ടായിരുന്നു. എന്തിന് വാജ്പേയിയോട് വിയോജിക്കാന്‍ തനിക്ക് പോലും പ്രശ്നമുണ്ടായിരുന്നില്ലെന്ന് താരതമ്യേന ഒരു ജൂനിയര്‍ മന്ത്രിയായിരുന്ന അരുണ്‍ ഷൂറി പിന്നീട് പറയുകയുണ്ടായി.
വിയോജിപ്പിന്റെയും വിമര്‍ശത്തിന്റെയും ഉള്‍വെളിച്ചങ്ങള്‍ ഒഴിഞ്ഞുപോകുന്ന ഒരു ഭരണകൂടത്തിന് സുപ്രീം കോടതി മുന്നോട്ടുവെയ്ക്കുന്ന നിരീക്ഷണങ്ങള്‍ അസ്വീകാര്യമാവുന്നു. അപ്പുറത്താണെങ്കില്‍ കോണ്‍ഗ്രസ് എന്ന മുഖ്യപ്രതിപക്ഷം ചരിത്രത്തിനും കാലത്തിനും മുന്നില്‍ നോക്കുകുത്തിയായി മാറുന്നു.
ഒരു പക്ഷേ, പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരാവാം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പുതിയ വഴികാട്ടികള്‍. നിശ്ചയദാര്‍ഢ്യമുള്ള ഒരു ജനതയുടെ ചെറുത്തുനില്‍പ് ഒരു ഭരണകൂടത്തിനും അവഗണിക്കാനാവില്ല. സമരം പൊളിക്കാന്‍ ഭരണകൂടം നടത്തുന്ന വൃത്തികെട്ട കളികള്‍ക്ക് മുന്നില്‍ തളരാതെ അവര്‍ സമരമുഖത്ത് ഉറച്ചു നില്‍ക്കുകയാണ്. ഈ സമരം തകരാതെ, തളരാതെ പോവേണ്ടത് ഇന്തന്‍ ജനാധിപത്യത്തിന്റെ ആവശ്യമാവുന്നു. സമരം തുടരട്ടെയെന്ന് ഇന്ത്യയുടെ പരമോന്നത കോടതി പറയുന്നത് ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുതന്നെയാണ്. കേള്‍ക്കാന്‍ കാതുള്ളവര്‍ കേള്‍ക്കട്ടെ! കാണാന്‍ കണ്ണുള്ളവര്‍ കാണട്ടെ !
വഴിയില്‍ കേട്ടത്: ആന്ധ്രപ്രദേശില്‍ ഭരണഘടനാ തകര്‍ച്ചയുണ്ടോയെന്ന് അന്വേഷിക്കാനുള്ള ആന്ധ്ര ഹൈക്കോടതിയുടെ നീക്കം സുപ്രീം കോടതി തടഞ്ഞു. അങ്ങിനെയങ്ങ് തീര്‍ത്തുകളയാന്‍ പറ്റുന്നതല്ല ഇന്ത്യന്‍ ജനാധിപത്യമെന്ന് സുപ്രീം കോടതി പറയുമ്പോള്‍ കൈയ്യടിക്കാതിരിക്കുന്നത് എങ്ങിനെയാണ്.
Content Highlights: Won’t interfere with farmers’ protest, Supreme Court's direction to Modi government | Vazhipokkan