എ.ജി. നൂറാനിയില്‍നിന്ന് തുടങ്ങാം. ആര്‍.എസ്.എസിനെക്കുറിച്ചുള്ള പുസ്തകത്തില്‍ ഭരണഘടനാ വിദഗ്ധനും അഭിഭാഷകനുമായ നൂറാനി ഇങ്ങനെ എഴുതി: ''അശോകനും അക്ബറിനും ശേഷം ഇന്ത്യ എന്ന ദേശത്തിന്റെ മഹാനായ നിര്‍മ്മാതാവ് നെഹ്‌റുവായിരുന്നു. ദേശത്തിന്റെ സ്നേഹവും ആത്മവിശ്വാസവും ലോകത്തിന്റെ ആദരവും അദ്ദേഹം നേടി. ബഹുസ്വരതയിലും സഹിഷ്ണുതയിലും അടിയുറച്ച മതേതര, ജനാധിപത്യ രാഷ്ട്രമായിരുന്നു നെഹ്‌റുവിന്റെ സങ്കല്‍പം. ആര്‍.എസ്.എസിന്റെയും അതിന്റെ രാഷ്ട്രീയശിശുവിന്റെയും പ്രത്യയശാസ്ത്രത്തിന് കടകവിരുദ്ധമായ സങ്കല്‍പമായിരുന്നു ഇത്. പല്ലും നഖവുമുപയോഗിച്ച് നെഹ്‌റു അവരെ എതിര്‍ത്തു. ആര്‍.എസ്.എസ്. ഏറ്റവും കൂടുതല്‍ വെറുത്ത ഒരു കോണ്‍ഗ്രസ്സുകാരന്‍ നെഹ്‌റുവായിരുന്നു. വിഭജനകാലത്ത് ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്നതായിരുന്നു അവരുടെ താല്‍പര്യം. ഗാന്ധിയും നെഹ്‌റുവും പട്ടേലും അതിനെ എതിര്‍ത്തു. വാക്കിലും കര്‍മ്മത്തിലും ഇത് സാക്ഷാത്കരിക്കേണ്ട ചുമതല നെഹ്‌റുവിനായിരുന്നു. മതേതര കാഴ്ചപ്പാടുള്ള സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി കൊണ്ടാണ് നെഹ്‌റു ഈ ലക്ഷ്യത്തിലേക്ക് മുന്നേറിയത്.''

മതേതരവും ബഹുസ്വരവുമായ ഇന്ത്യ, വിയോജിക്കാനുള്ള സ്വാതന്ത്ര്യം അടിത്തറയാവുന്ന ജനാധിപത്യ ഇന്ത്യ. നെഹ്‌റുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഈ ഇന്ത്യയുടെ ഓര്‍മ്മകളാണ്. നെഹ്‌റുവിനെ ഓര്‍ക്കുമ്പോള്‍ നമ്മള്‍ ഗാന്ധിജിയെ ഓര്‍ക്കുന്നു, പട്ടേലിനെയും അംബദ്കറെയും ഓര്‍ക്കുന്നു. ഈ ഓര്‍മ്മകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഈടുവെയ്പുകളാണ്. 

1948 ജനുവരി മുപ്പതിന് ഡല്‍ഹിയില്‍ രാ്ഷട്രപിതാവ് കൊല്ലപ്പെടുമ്പോള്‍ ഇന്ത്യ അനാഥമാവാതിരുന്നത് രാഷ്ട്രത്തിന്റെ അമരത്ത് രാജേന്ദ്രപ്രസാദും നെഹ്‌റുവും പട്ടേലും അംബദ്കറും രാജാജിയുമൊക്കെ ഉണ്ടായിരുന്നു എന്നതുകൊണ്ടാണ്.  മതേതരവും ബഹുസ്വരവുമായ ഇന്ത്യയ്ക്ക് വേണ്ടിയാണ് ഗാന്ധിജി രക്തം ചിന്തിയത്. ഇന്ത്യ മറ്റൊരു പാക്കിസ്താനാവരുത് എന്ന തിരുമാനത്തിലേക്ക് ഇന്ത്യന്‍ ജനതയെ എത്തിച്ചത് ഗാന്ധിവധമായിരുന്നു. മതേതര ഇന്ത്യയുടെ നാശമായിരുന്നു ഗാന്ധിയെ ഇല്ലാതാക്കിയവരുടെ ലക്ഷ്യം.

ആര്‍.എസ്.എസും ബി.ജെ.പിയും നെഹ്‌റുവിനെതിരെ തിരിയുന്നതില്‍ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ ഒരിക്കലും അത്ഭുതപ്പെടില്ല. കാരണം രണ്ട് പാളയങ്ങളില്‍ നില്‍ക്കുന്നവരാണവര്‍. ഒരിക്കലും പരസ്പരം കൂട്ടിമുട്ടാത്ത സമാന്തര രേഖകള്‍. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന് (ഐ.സി.എച്.ആര്‍.) ഉള്‍വിളിയുണ്ടാവുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം എന്ന പേരില്‍ ഒരു പോസ്റ്റര്‍ ഇറക്കണം. ഇന്ത്യന്‍ ചരിത്രബോധം നാലയല്‍പക്കത്ത് കൂടി പോയിട്ടുള്ളവര്‍ക്കുപോലും നെഹ്‌റു ഇല്ലാതെ ഇത്തരമൊരു പോസ്റ്റര്‍ വിഭാവനം ചെയ്യാനാവില്ല. പക്ഷേ, ഐ.സി.എച്.ആറിലെ മന്ദബുദ്ധികളുടേത് വളരെ ചെറിയ ലോകമാണ്. ആ ലോകത്തില്‍ അവര്‍ നെഹ്‌റുവിനെ കാണുന്നില്ല.

1977-ലാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യത്തെ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. അന്ന് വിദേശകാര്യ മന്ത്രിയായി സൗത്ത്ബ്ലോക്കിലെ തന്റെ ഓഫീസിലേക്ക് വരുമ്പോള്‍ വാജ്പേയിക്ക് എന്തോ ഒരു അഭാവം മണത്തു. ആരോ, എവിടെയോ ഇല്ലാത്തതുപോലെ. വളരെ പെട്ടെന്നുതന്നെ ആ അഭാവം വാജ്പേയി തിരിച്ചറിഞ്ഞു. 

നീണ്ട 17 വര്‍ഷം ഇന്ത്യയുടെ വിദേശ മന്ത്രിയായിരുന്ന നെഹ്‌റുവിന്റെ ഛായാചിത്രം കാണാനില്ല. ''എവിടെ പണ്ഡിറ്റ്ജി?'' വാജ്പേയി ചോദിച്ചു. അടുത്ത ദിവസം വാജ്പേയി വീണ്ടും അതിലൂടെ വന്നപ്പോള്‍ പണ്ഡിറ്റ് നെഹ്‌റുവിന്റെ ചിത്രം അവിടെയുണ്ടായിരുന്നു. നെഹ്‌റുവിനെ നിശിതമായി വിമര്‍ശിച്ചിട്ടുള്ള പാര്‍ലമെന്റേറിയനായിരുന്നു വാജ്പേയി. 

താങ്കളില്‍ ഒരേസമയം വിന്‍സ്റ്റന്‍ ചര്‍ച്ചിലും നെവില്‍ ചേംബര്‍ലെയ്നുമുണ്ടെന്ന് നെഹ്രുവിന്റെ മുഖത്തുനോക്കി പറഞ്ഞ ചരിത്രമുണ്ട് വാജ്പേയിക്ക്. പക്ഷേ, വിമര്‍ശനവും വിയോജിപ്പം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ഒരു ഛായാചിത്രം മാറ്റുന്നതുകൊണ്ട് ഇല്ലാക്കാനാവുന്ന വ്യക്തിത്വമല്ല നെഹ്‌റുവിന്റേതെന്നും തിരിച്ചറിയാന്‍ വാജ്പേയിക്ക് കഴിയുമായിരുന്നു.

വാജ്പേയിയില്‍നിന്നു നരേന്ദ്ര മോദിയിലേക്ക് ഒരു പാട് ദൂരമുണ്ട്. 2004-ലാണ് വാജ്പേയി പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്. അതിനും രണ്ടു കൊല്ലം മുമ്പ് ഗുജറാത്ത് കൂട്ടക്കൊലയുടെ പേരില്‍ മോദിയോട് മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് വാജ്പേയി ആവശ്യപ്പെട്ടിരുന്നുവെന്ന് അന്ന് വാജ്പേയിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്ന യശ്വന്ത് സിന്‍ഹ പറഞ്ഞിട്ടുണ്ട്. 

മോദി രാജി വെയ്ക്കുന്നില്ലെങ്കില്‍ മോദി സര്‍ക്കാരിനെ പിരിച്ചുവിടണം എന്ന തീരുമാനമാണ്  അന്ന് ഗോവയില്‍ ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ പോവും മുമ്പ് വാജ്പേയി എടുത്തിരുന്നതെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. പക്ഷേ, ആ തീരുമാനം എല്‍.കെ. അദ്വാനി എതിര്‍ത്തു. മോദിയെ പറഞ്ഞുവിട്ടാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനം താന്‍ രാജി വെയ്ക്കുമെന്ന അദ്വാനിയുടെ ഭീഷണിയിലാണ് വാജ്പേയി തന്റെ തീരുമാനത്തില്‍ നിന്നും പിന്മാറിയതെന്നാണ് യശ്വന്ത് ചൂണ്ടിക്കാട്ടിയത്. 

മോദിയെപ്പോലെ വാജ്പേയിയും ആര്‍.എസ്.എസ്. പ്രചാരകനായിരുന്നു. ജനസംഘം സ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഒരാളെന്ന നിലയിലും പാര്‍ലമെന്റേറിയനെന്ന നിലയിലും നെഹ്‌റുവിനെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുള്ള വാജ്പേയിക്ക് സംഘപരിവാറിന്റെ നെഹ്‌റുവിരുദ്ധത ചിലപ്പോള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരിക്കണമെന്നില്ല.

ഫാസിസ്റ്റ് - ഏകാധിപത്യ ശക്തികളുമായി ഒരു വിട്ടുവീഴ്ചയ്ക്കും നെഹ്‌റു തയ്യാറയിരുന്നില്ല. ഇന്ത്യ കണ്ട ഏറ്റവും സര്‍ഗ്ഗാത്മക വ്യക്തിത്വങ്ങളിലൊരാളായ സുഭാഷ് ചന്ദ്ര ബോസില്‍നിന്നു നെഹ്‌റു വിഭിന്നനാവുന്നതും ഇവിടെയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനാണെങ്കില്‍ പോലും ഹിറ്റ്ലറുമായോ മുസ്സോളിനിയുമായോ ജപ്പാന്‍ ഭരണകൂടവുമായോ സന്ധിയ്ക്കില്ലെന്ന് നെഹ്‌റു കൃത്യമായ നിലപാടെടുത്തു.

1942 ഏപ്രില്‍ 12-ന് നെഹ്‌റു ഇങ്ങനെ എഴുതി: ''ഹിറ്റ്ലറും ജപ്പാനും നരകത്തില്‍ പോകട്ടെ. എന്റെ അവസാനംവരെ ഞാന്‍ അവരുമായി യുദ്ധം ചെയ്യും. ജപ്പാനോട് ചേര്‍ന്നാണ് സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യയിലേക്ക് വരുന്നതെങ്കില്‍ സുഭാഷിനെതിരെയും ഞാന്‍ പോരാടും. ഹിറ്റ്ലറും ജപ്പാനും പ്രതിനിധീകരിക്കുന്നത് പ്രതിലോമ ശക്തികളെയാണ്. അവരുടെ വിജയവും പ്രതിലോമ ശക്തികളുടെ വിജയമായിരിക്കും.'' ഇതിനെയാണ് ഉള്‍ക്കാഴ്ച എന്ന് പറയുന്നത്. ഫാസിസം എന്താണെന്നറിയാന്‍ നെഹ്‌റുവിന് കഴിഞ്ഞിരുന്നു. സുഭാഷ് ചന്ദ്ര ബോസിന്റെ രൂപത്തില്‍ വന്നാലും അതിന് നെഹ്‌റുവിനെ വഴി തെറ്റിക്കാന്‍ ആവുമായിരുന്നില്ല.

ഇന്നിപ്പോള്‍ പട്ടേലിനെയും സുഭാഷ് ചന്ദ്ര ബോസിനെയും ഏറ്റെടുക്കാന്‍ ബി.ജെ.പിക്ക് സന്തോഷമയേുള്ളു. പക്ഷേ, നെഹ്‌റുവിനെ ഏറ്റെടുക്കാന്‍ അവര്‍ക്കാവില്ല. കാരണം അവര്‍ പ്രതിനിധാനം ചെയ്യുന്ന ആശയസംഹിതയുമായി ഒരു തലത്തിലും നെഹ്‌റുവിന് യോജിപ്പില്‍ എത്താനാവുമായിരുന്നില്ല. നെഹ്‌റു ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും നിതാന്തമായി അലോസരപ്പെടുത്തുന്നു. നെഹ്രു ഇല്ലാത്ത ഇന്ത്യയാണ് ബി.ജെ.പിയുടെ സ്വപ്‌നം. 

ഇന്ത്യയുടെ ശിരസ്സ് ഇന്നിപ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്നത് നെഹ്‌റു പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളുടെ ചുമലിലാണ്. നെഹ്‌റുവിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സ്റ്റീല്‍ പ്ലാന്റുകളിലാണ് ആധുനിക ഇന്ത്യയുടെ അസ്ഥിവാരം രൂപം കൊണ്ടത്. ഭക്രാനംഗല്‍ പോലുള്ള അണക്കെട്ടുകളെ സ്വതന്ത്ര ഇന്ത്യയുടെ ക്ഷേത്രങ്ങള്‍ എന്ന് നെഹ്‌റു വിളിച്ചത് വെറുതെയല്ല. ഐ.ഐ.ടികള്‍ മുതല്‍ ചേരിചേരാനയം വരെ നീണ്ടുകിടക്കുന്ന സാന്നിദ്ധ്യമാണ് നെഹ്‌റുവിന്റേത്. 

നെഹ്‌റുവിന്റെ 'ഇന്ത്യയെ കണ്ടെത്തല്‍'  പോലൊരു ഗ്രന്ഥമെഴുതാന്‍ നമ്മുടെ ഇന്നത്തെ നേതാക്കള്‍ക്ക് ഇനിയും പല ജന്മമെടുത്തിലും കഴിയില്ല. ഹോമി ഭാഭയും വിക്രം സാരാബായിയും സി.വി. രാമനും മുതല്‍ അമൃത പ്രീതവും എം.എസ്. സുബ്ബലക്ഷ്മിയും വരെ നീണ്ട സൗഹൃദങ്ങള്‍ നെഹ്‌റുവിന് ഉണ്ടായിരുന്നു. എല്ലാ അര്‍ത്ഥത്തിലും സ്റ്റേറ്റ്സ്മാന്‍ എന്നു വിളിക്കാവുന്ന നേതാവ്. അങ്ങനെയൊരു നേതാവിനെ ഒരു പോസ്റ്ററില്‍നിന്ന് ഒഴിവാക്കുന്നതിലൂടെ ഇല്ലാതാക്കാനാവുമെന്ന് കരുതുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്.

വഴിയില്‍ കേട്ടത്:   പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റ് ആറ് ലക്ഷം കോടി രൂപ  സമ്പാദിക്കാന്‍ മോദി സര്‍ക്കാര്‍. നെഹ്‌റുവിനെ ഇങ്ങനെയും ഇല്ലാതാക്കാം എന്നായിരിക്കും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കരുതുന്നത്.

Content Highlights: Why BJP afraid of Jawahar Lal Nehru | Vazhipokkan