ഗുലാം നബി ആസാദിന്റെ മോദി പ്രശംസ ഒരു ലക്ഷണമാണ്. കോണ്‍ഗ്രസ് അതീവ കരുതലെടുക്കേണ്ട ലക്ഷണം. ഇക്കഴിഞ്ഞ ഫെബ്രുവരി 28-ന് ഗുര്‍ജാര്‍ ദേശ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ഗുലാം നബി പറഞ്ഞത് ഇതാണ്. ''പല നേതാക്കളുടെ പല കാര്യങ്ങളും എനിക്കിഷ്ടമാണ്. ഗ്രാമത്തില്‍നിന്നു വരുന്നയാളാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. അദ്ദേഹം ചായ വിറ്റിട്ടുണ്ട്. രാഷ്ട്രീയമായി ഞങ്ങള്‍ എതിരാളികളായിരിക്കാം. പക്ഷേ, അദ്ദേഹം തന്റെ യഥാര്‍ത്ഥരൂപം മറച്ചുവെയ്ക്കുന്നില്ലെന്നതിനെ ഞാന്‍ അഭിനന്ദിക്കുന്നു.''  

ഒറ്റനോട്ടത്തില്‍ നിരുപദ്രവമായ ഒരു അഭിപ്രായ പ്രകടനമാണിതെന്ന് തോന്നിയേക്കാം. പക്ഷേ,  ഇതൊരു നിഷ്‌കളങ്കമായ വര്‍ത്തമാനമല്ലെന്ന് മനസ്സിലാക്കാന്‍ ഒരു കണിയാരും കവടി നിരത്തേണ്ട കാര്യമില്ല. ഒരു യോഗത്തില്‍ പൊടുന്നനെ മുന്‍പിന്‍ ആലോചനയില്ലാതെ എഴുന്നള്ളിക്കുന്ന ഡയലോഗായിരുന്നില്ല ഗുലാം നബിയുടേത്. അതുകൊണ്ടാണ് സംഗതി  ഒരു ലക്ഷണമാണെന്ന് പറഞ്ഞത്. ലക്ഷണത്തിനല്ല, രോഗത്തിനാണ് ചികിത്സ വേണ്ടത്. ചികിത്സയെക്കുറിച്ച് പറയുംമുമ്പ് സമാനമായ സാഹചര്യങ്ങളില്‍ ബി.ജെ.പി. ചെയ്തിട്ടുള്ളതെന്താണെന്ന് നോക്കാം. ചരിത്രം നമുക്ക് മുന്നില്‍ ഇങ്ങനെ നീണ്ടുനിവര്‍ന്നു കിടക്കുമ്പോള്‍ കണ്ണടയ്ക്കുന്നതും അവഗണിക്കുന്നതും നമ്മളോട് തന്നെ ചെയ്യുന്ന അനീതിയാവും.

ബി.ജെ.പി. ഇന്നത്തെ ബി.ജെ.പിയാവുന്നതിനുള്ള അടിത്തറ ഒരുക്കിയതാരാണെന്ന് ചോദിച്ചാല്‍ ഒരാളുടെ പേരേ ചൂണ്ടിക്കാണിക്കാനാവൂ- ലാല്‍ കൃഷ്ണ അദ്വാനി എന്ന എല്‍.കെ. അദ്വാനി. ബി.ജെ.പിയുടെ ആദിരൂപമായിരുന്ന ജനസംഘിന്റെ നേതാക്കളായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിക്കോ നാനാജി ദേശ്മുഖിനോ സ്വപ്നം കാണാനാവാത്ത നിലയിലേക്ക് ബി.ജെ.പി. വളര്‍ന്നതിനു പിന്നില്‍ അദ്വാനിയുടെ പങ്ക് എന്താണെന്ന് കടുത്ത ബി.ജെ.പി. വിരോധികള്‍ക്കു പോലും സംശയമുണ്ടാവില്ല. 

ഈ അദ്വാനി 2005-ല്‍ പാകിസ്താനിലെ കറാച്ചിയിലേക്ക് ഒരു യാത്ര നടത്തി. അദ്വാനിയുടെ ജന്മനാടാണ് കറാച്ചി. 1947-ല്‍ വിഭജനം തീര്‍ത്ത പ്രതിസന്ധിയിലാണ് അദ്വാനിക്കും കുടുംബത്തിനും കറാച്ചി വിടേണ്ടി വന്നത്. 20 വയസ്സായിരുന്നു അന്ന് അദ്വാനിയുടെ പ്രായം. ജീവിതത്തിന്റെ ആദ്യ രണ്ട് പതിറ്റാണ്ടുകള്‍ ചെലവഴിച്ച ഇടം ഒരാള്‍ക്കും മറക്കാനാവില്ല. അയാളുടെ ഓര്‍മ്മകളില്‍ ആ ദേശം പോലെ മറ്റൊന്നുണ്ടാവില്ല. 

സ്വാഭാവികമായും 2005-ലെ കറാച്ചി യാത്ര അദ്വാനിക്ക് അഗാധമായൊരു വൈകാരിക അനുഭവമായിരുന്നു. കറാച്ചിയിലെത്തുന്ന ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ ജിന്നയുടെ ശവകൂടീരം സന്ദര്‍ശിക്കുന്നത് ഒരു ഔപചാരികതയാണ്. പക്ഷേ, സ്വാതന്ത്ര്യ സമരദിനങ്ങളിലൂടെയും വിഭജനത്തിലൂടെയും കടന്നു വന്നിട്ടുള്ള അദ്വാനിയെപ്പോലൊരാള്‍ക്ക് അതൊരു ഔപചാരികത മാത്രമല്ല, ജീവിതത്തിന്റെ ചില അവിസ്മരണീയമായ ഏടുകളിലൂടെയുള്ള പുനര്‍സഞ്ചാരം കൂടിയാണ്.

ജിന്നയുടെ ശവകൂടീരത്തില്‍വെച്ച് അദ്വാനി പറഞ്ഞ വാക്കുകള്‍ പക്ഷേ, ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ഞെട്ടിച്ചു. നുമക്ക് അദ്വാനിയുടെ വാക്കുകള്‍ പരിശോധിക്കാം: ''അപൂര്‍വ്വമായ വ്യക്തിത്വമായിരുന്നു ജിന്നയുടേത്. ആദ്യകാലത്ത് ജിന്നയെ സരോജിനി നായിഡു വിശേഷിപ്പിച്ചത് ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ അംബാസഡര്‍ എന്നായിരുന്നു. ചരിത്രത്തില്‍ മായ്ക്കാനാവാത്ത മുദ്ര പതിപ്പിക്കുന്ന നിരവധി പേരുണ്ട്. പക്ഷേ, ചരിത്രം ശരിക്കും സൃഷ്ടിക്കുന്നവര്‍ കുറച്ചു പേരേയുള്ളു. മുഹമ്മദലി ജിന്ന അത്തരത്തിലൊരാളായിരുന്നു. 1947 ഓഗസ്റ്റ് 11-ന് അദ്ദേഹം പാകിസ്താന്റെ ഭരണഘടനാ അസംബ്ലിയില്‍ നടത്തിയ പ്രസംഗം മതേതര രാഷ്ട്രത്തിനുള്ള ഗംഭീരമായ ആഹ്വാനമായിരുന്നു. ഓരോരുത്തര്‍ക്കും സ്വന്തം മതം അനുശീലിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കുമ്പോള്‍ തന്നെ ഭരണകൂടം ഒരു പൗരനോടും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാട്ടില്ലെന്ന നിലപാടായിരുന്നു അത്.''  

ജിന്നയെക്കുറിച്ച് മുസ്ലിം ലീഗുകാര്‍  പോലും ഇപ്പോള്‍ ഇങ്ങനെ പറയില്ല. ഈ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍ ബി.ജെ.പി. പ്രസിഡന്റായിരുന്നു അദ്വാനി. ജിന്നയെ പ്രശംസിക്കുന്ന ബി.ജെ.പി. പ്രസിഡന്റ് ആര്‍.എസ്.എസിന്റെ ചിന്തകള്‍ക്കപ്പുറത്തായിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്വാനിക്ക് പിന്നീട് ബി.ജെ.പിയില്‍ പഴയ ആ പ്രാമുഖ്യം ഒരിക്കലും തിരിച്ചുകിട്ടിയില്ല. ആ വര്‍ഷം തന്നെ അദ്വാനിക്ക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജ്നാഥ് സിങ്ങിന് കൈമാറേണ്ടി വന്നു. ബി.ജെ.പിക്കും ആര്‍.എസ്.എസിനും വേണ്ടി ചിന്തിയ വിയര്‍പ്പിന്റെ ബലം ഒന്നുകൊണ്ടു മാത്രമാവണം അദ്വാനി പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെടാതിരുന്നത്. അദ്വാനിയല്ല ഇനിയങ്ങോട്ട് ബി.ജെ.പിയെ നയിക്കുകയെന്ന് ആര്‍.എസ്.എസ്. അന്നേ കുറിച്ചിട്ടിരിക്കണം.

നാലു കൊല്ലങ്ങള്‍ക്കപ്പുറത്ത് സമാനമായ സാഹചര്യത്തില്‍ ജസ്വന്ത് സിങ്ങിനോട് ബി.ജെ.പി. ഈ കരുണ പോലും കാട്ടിയില്ല. ജിന്ന: ഇന്ത്യ, വിഭജനം, സ്വാതന്ത്ര്യം എന്ന പുസ്തകത്തില്‍ സര്‍ദാര്‍ പട്ടേലിനെ വിമര്‍ശിച്ചതും ജിന്നയ്ക്കുനുകൂലമായ നിലപാടെടുത്തതുമാണ് ജസ്വന്ത് ചെയ്ത അപരാധം. ഇന്ത്യയുടെ വിഭജനത്തിന് ജിന്നയേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തം സര്‍ദാര്‍ പട്ടേലിനും നെഹ്‌റുവിനുമാണെന്നാണ് ജസ്വന്ത് പറഞ്ഞത്. 

ഇത് ബി.ജെ.പിക്ക് പൊറുക്കാനാവുമായിരുന്നില്ല. ജസ്വന്തിന്റെ പുസ്തകം ഗുജറാത്ത് സര്‍ക്കാര്‍ നിരോധിച്ചു. നരേന്ദ്ര മോദിയായിരുന്നു അന്ന് ഗുജറാത്ത് മുഖ്യമന്ത്രി. അടുത്ത ദിവസങ്ങളില്‍ സിംലയില്‍ ചേര്‍ന്ന ബി.ജെ.പി. സമ്മേളനത്തില്‍ ജസ്വന്ത് പുറത്താക്കപ്പെട്ടു. സമ്മേളനത്തിന് എത്തേണ്ടെന്ന് ജസ്വന്തിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് ബി.ജെ.പി. പ്രസിഡന്റായിരുന്ന രാജ്നാഥ്സിങ് പറഞ്ഞു. വാജ്പേയി മന്ത്രിസഭയില്‍ വിദേശം, പ്രതിരോധം, ധനകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന, 1980-ല്‍ ബി.ജെ.പിയുടെ പിറവി മുതലേ പാര്‍ട്ടിയിലുണ്ടായിരുന്ന ഒരു നേതാവിനെയാണ് ഒരു ദാക്ഷിണ്യവുമില്ലാതെ പുറത്താക്കിയത്.

ജിന്നയെ പ്രശംസിക്കുന്നതും പട്ടേലിനെ വിമര്‍ശിക്കുന്നതും ബി.ജെ.പിക്ക് ചതുര്‍ത്ഥിയാണെങ്കില്‍ സമാനമായ മനോഭാവം തന്നെയാണ് മോദി പ്രശംസയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനും ഉണ്ടാവേണ്ടത്. മോദിയുടെ ജന്മദിനത്തിലോ അദ്ദേഹം തിരഞ്ഞെടുപ്പ് ജയിക്കുമ്പോഴൊ ചില പ്രശംസകള്‍ എല്ലാ രാഷ്ട്രീയ നേതാക്കളും നടത്തിയെന്നിരിക്കും. രാഷ്ട്രീയമായി എതിര്‍പാളയത്തിലുള്ളവര്‍ ഈ ലോകത്തുനിന്ന് വിടപറയുമ്പോഴും പ്രശംസകള്‍ക്ക് പഞ്ഞമുണ്ടാവില്ല. ഒരു മാതിരിപ്പെട്ടവരെരല്ലാം തന്നെ മരണശേഷം വിശുദ്ധരാവുന്ന നാടാണ് നമ്മുടേത്. പി. പരമേശ്വരന്‍ ഋഷിതുല്ല്യനാണെന്ന് അദ്ദേഹത്തിന്റെ മരണവേളയില്‍ പിണറായി വിജയന്‍ എഴുതുന്നതില്‍ അനൗചിത്യമില്ലെന്ന് സി.പി.എമ്മിന് ന്യായീകരിക്കാനാവുന്നത് ഈ സാഹചര്യത്തിലാണ്.

ഗുലാം നബിയുടെ മോദി പ്രശംസ ഇതുപോലെയല്ല. കാശ്മീരിലെയും ഇന്ത്യയിലെയും സമകാലിക കാലാവസ്ഥയില്‍ ഗുലാം നബിയുടേത് കൃത്യമായ രാഷ്ട്രീയ പ്രഖ്യാപനമാണ്. മോദി ചെറുപ്പത്തില്‍ ചായ വിറ്റിട്ടുണ്ടോ എന്നതല്ല ഇവിടത്തെ പ്രശ്നം. മോദി ചായ വിറ്റ റെയില്‍വെ സ്റ്റേഷന്‍ എവിടെയാണെന്ന ചോദ്യവും വേണമെങ്കില്‍ കോണ്‍ഗ്രസിന് കണ്ടില്ലെന്ന് നടിക്കാം. പക്ഷേ, മോദിയെ പ്രശംസിക്കുന്നതിലൂടെ ഗുലാംനബി ഉയര്‍ത്തുന്ന രാഷ്ട്രീയം കണ്ടില്ലെന്ന് നടിക്കാന്‍ കോണ്‍ഗ്രസിനാവില്ല. 

സമകാലിക ഇന്ത്യയില്‍ ബി.ജെ.പി. എന്നു പറഞ്ഞാല്‍ അത് നരേന്ദ്ര ദാമോദര്‍ദാസ് മോദിയാണ്. അതുകൊണ്ടുതന്നെ മോദിയെ പ്രശംസിക്കുക എന്നു പറഞ്ഞാല്‍ അത് ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര പദ്ധതിയുടെ ഏറ്റെടുക്കലും സ്വാംശീകരണവുമാവുന്നു. പാര്‍ട്ടിക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നേതാവ് വേണമെന്നും സംഘടന തിരഞ്ഞെടുപ്പ് നടത്തുകതന്നെ വേണമെന്നും പറഞ്ഞ് കത്തെഴുതുന്നതു പോലെയല്ല പാര്‍ട്ടിയുടെ മുഖ്യ എതിരാളിക്ക് മേല്‍ പ്രശംസ കോരിച്ചൊരിയുന്നത്. ജമ്മു കാശ്മീരിനെ രണ്ടാക്കിയും സംസ്ഥാന പദവി എടുത്തുകളഞ്ഞും മോദി സര്‍ക്കാര്‍ കളിച്ച കളിയെയാണ് എല്ലാ അര്‍ത്ഥത്തിലും ഈ പ്രശംസയിലൂടെ ഗുലാം നബി തുണച്ചത്.

സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പ്രശംസിക്കുന്ന ഒരു നേതാവിന് ബി.ജെ.പിയില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാനാവുമോ? ഇതേ ലൈന്‍ തോമസ് ഐസക്ക് എടുത്താല്‍ സി.പി.എമ്മിന്റെ സമീപനമെന്തായിരിക്കും? എന്തിന് പി.ജെ. ജോസഫ് മഹാനാണെന്നു പറഞ്ഞാല്‍ സ്വന്തം മകനാണെങ്കിലും ഗണേഷ് കുമാറിനെ പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കാന്‍ ബാലകൃഷ്ണപിള്ള തയ്യാറാവുമോ? പക്ഷേ, കോണ്‍ഗ്രസില്‍ ഇപ്പോഴും ഗുലാം നബി തുടരുന്നു. രാജ്യസഭയില്‍നിന്നു മാത്രമേ അദ്ദേഹം പുറത്തായിട്ടുള്ളു. 

വാസ്തവത്തില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഗുലാം നബിയുടെ നേതൃത്വത്തില്‍ 23 പേര്‍ ചേര്‍ന്നെഴുതിയ കത്ത് കോണ്‍ഗ്രസിനെ സമുദ്ധരിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നോ എന്ന് കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കേണ്ടതുണ്ട്. ഗുലാം നബി രാജ്യസഭയില്‍നിന്നു പിരിയുമ്പോള്‍ പ്രധാനമന്ത്രി മോദി നടത്തിയ വൈകാരിക പ്രസംഗം ഒരു പദ്ധതിയുടെ ഭാഗമായിരുന്നോ എന്ന ചോദ്യവും കോണ്‍ഗ്രസ് നേതൃത്വത്തിന് അവഗണിക്കാനാവില്ല. 

ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും കളികള്‍ നിസ്സാരവത്കരിക്കുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും. താരതമ്യേന അപ്രസക്തമായ പുതുച്ചേരിയില്‍ പോലും കോണ്‍ഗ്രസ് ഭരണത്തിലുണ്ടാവരുത് എന്ന ബി.ജെ.പിയുടെ നിലപാട് വെറുമൊരു ശാഠ്യമല്ല, അതൊരു പദ്ധതിയും ലക്ഷ്യവുമാണ്. 

കടലില്‍ ചാടുന്നതും കണവ പിടിക്കുന്നതും തേയിലത്തോട്ടങ്ങളില്‍ കിളുന്ത് നുള്ളുന്നതും രാഷ്ട്രീയ പ്രവര്‍ത്തനമാണ്. പക്ഷേ, ഗുലാം നബിമാരിലൂടെ ബി.ജെ.പിയും ആര്‍.എസ്.എസും കളിക്കുന്ന കളികള്‍ക്കു മുന്നില്‍ ഇതിനൊന്നും വലിയ ആയുസ്സുണ്ടാവില്ല. ചില ലക്ഷണങ്ങള്‍ പുറത്തുവരുമ്പോഴേക്കും രോഗം മൂര്‍ച്ഛിച്ചിരിക്കും. അപ്പോള്‍ പിന്നെ ശസ്ത്രക്രിയയല്ലാതെ മറ്റൊരു വഴിയുണ്ടാവില്ല. ഗുലാം നബിയുടെ കാര്യത്തില്‍ അങ്ങിനെയാരു നടപടിക്ക് വൈകുന്ന ഓരോ നിമിഷത്തിനും കോണ്‍ഗ്രസ് നേതൃത്വം കനത്ത വില നല്‍കേണ്ടി വരും.

വഴിയില്‍ കേട്ടത്:   പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് എ.ഐ.എ.ഡി.എം.കെ. മുന്‍ നേതാവ് ശശികല. പുതുച്ചേരിയിലെ അട്ടിമറി എന്ന തട്ടുപൊളിപ്പന്‍ നാടകത്തിനു ശേഷം ബി.ജെ.പി. അരങ്ങിലെത്തിക്കുന്ന പുതിയ സംരംഭം: ചിന്നമ്മ(ശശികല)യുടെ വാനപ്രസ്ഥം.

Content Highlights: When Naredra Modi Praising Ghulam Nabi Azad | Vazhipokkan