ഴിഞ്ഞ ദിവസം കേരളത്തില്‍ ഇറങ്ങിയ ട്രോളുകളിലൊന്ന് രസകരമായിരുന്നു. ഒരു സംഘം ബി.ജെ.പി. പ്രവര്‍ത്തകര്‍ സമയരഥത്തില്‍ പിന്നിലോട്ട് യാത്ര ചെയ്ത് ഗണിതശാസ്ത്രജ്ഞനായ ആര്യഭടന്റെ അടുത്തെത്തുന്നു. സംഘത്തിന്റെ ആവശ്യം ലളിതമാണ്. ആര്യഭടന്‍ കണ്ടുപിടിച്ചതായി പറയപ്പെടുന്ന പൂജ്യം ഇല്ലാതാക്കണം. ബി.ജെ.പി. ഇപ്പോള്‍ കേരളത്തില്‍ എത്തിനില്‍ക്കുന്ന ഗതികേടിന്റെ നേര്‍ക്കാഴ്ച ഈ ട്രോളിലുണ്ട്. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 20-ന് ആര്‍.എസ്.എസ്. ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍ പറഞ്ഞത് ഇന്ത്യയില്‍ സംഘത്തിന് ഏറ്റവും കൂടുതല്‍ ശാഖകളുള്ളത് കേരളത്തിലാണെന്നാണ്. നിത്യേന 4,500 ശാഖകള്‍ കേരളത്തില്‍ സമ്മേളിക്കുന്നുണ്ടെന്നാണ് കൃഷ്ണ ചൂണ്ടിക്കാട്ടിയത്.

ആര്‍.എസ്.എസിന്റെ സംഘടന സംവിധാനമോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വമോ ബി.ജെ.പിക്ക് കേരളത്തില്‍ തുണയാവുന്നില്ലെന്നാണ് മെയ് രണ്ടിന് പുറത്തുവന്ന നിയമസഭ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ആളിനും അര്‍ത്ഥത്തിനും ഇക്കുറി ബി.ജെ.പിക്ക് ഒരു ക്ഷാമവും ഉണ്ടായിരുന്നില്ല. വാസ്തവത്തില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലേക്കെത്തിയ പണത്തിന് കൈയ്യും കണക്കും ഇല്ലായിരുന്നുവെന്നാണ് കേള്‍ക്കുന്നത്. 

കൊടകരയില്‍ നടന്ന പണം തട്ടല്‍ മഞ്ഞുമലയുടെ ചെറിയെരറ്റം മാത്രമായിരുന്നെന്നും കിംവദന്തികളുണ്ട്. സംഘടനയ്ക്ക് സംഘടന, എന്തിനും ഏതിനും പോന്ന അഖിലേന്ത്യ നേതൃത്വം, അനന്തവും അപാരവുമായ ഫണ്ട്- എന്നിട്ടുമെന്നിട്ടും ബി.ജെ.പിയുടെ വഞ്ചി ഇപ്പോഴും ശൂന്യതയുടെ വെളിമ്പറമ്പില്‍ തന്നെയാവുന്നത് എന്തുകൊണ്ടാണെന്ന അന്വേഷണത്തിന് തീര്‍ച്ചയായും പ്രസക്തിയുണ്ട്.

2016-ല്‍ വെറും മൂന്നു സീറ്റും 10.16 ശതമാനം വോട്ടുമാണ് ബി.ജെ.പിക്ക് ബംഗാളില്‍ ഉണ്ടായിരുന്നത്. പക്ഷേ, ഇന്നിപ്പോള്‍ അവിടെ ബി.ജെ.പിയാണ് മുഖ്യ പ്രതിപക്ഷം. 77 സീറ്റും 38.15 ശതമാനം വോട്ടുമായി ബംഗാളില്‍ നടത്തിയ കുതിപ്പിന് മുന്നിലാണ് കേരളത്തിലെ ശൂന്യത ബി.ജെ.പിയുടെ ഉറക്കം കെടുത്തുന്നത്. അഞ്ച് വര്‍ഷം മുമ്പ് നടന്ന നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്ക് വോട്ടുകള്‍ കൂടിയിട്ടുണ്ട്. പക്ഷേ, അത് വെറും 0.77 ശതമാനമാണ്. 

2016-ല്‍ 21,29,726 വോട്ടു കിട്ടിയിടത്ത് ഇക്കുറി 23,54,468 വോട്ടുകള്‍ കിട്ടി. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 26,35,810 വോട്ടുകള്‍ കിട്ടിയിരുന്നു. 13 ശതമാനത്തോളം വോട്ടുകളാണ് അന്ന് ബി.ജെ.പി. പിടിച്ചത്. മോദി വേഴ്സസ് രാഹുല്‍ എന്ന സമവാക്യത്തിന് മേലുള്ള തിരഞ്ഞെടുപ്പായിരുന്നു അത്. അതില്‍ നിന്നും ബി.ജെ.പി. താഴോട്ട് പോരുകയും ഏക സിറ്റിങ് സീറ്റായ നേമം പോലും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.

ഒമ്പത് നിയമസഭ മണ്ഡലങ്ങളില്‍ ബി.ജെ.പി. ഇക്കുറി രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളിലായിരുന്നു ബി.ജെ.പി. രണ്ടാമതെത്തിയത്. പക്ഷേ, അന്ന് ഒരു സീറ്റില്‍ ജയിച്ചു കയറാന്‍ ബി.ജെ.പിക്കായി. ചരിത്രത്തിലാദ്യമായി കേരള നിയമസഭയില്‍ ബി.ജെ.പി. തുറന്ന അക്കൗണ്ട്. ആ അക്കൗണ്ടാണ് ഇപ്പോള്‍ അടച്ചുപൂട്ടേണ്ടി വന്നത്. 

നേമത്ത് ബിജെപിയുടെ അക്കൗണ്ട് തുറന്ന ഒ. രാജഗോപാലിന്റെ രസകരമായ ഒരു നിരീക്ഷണമുണ്ടായിരുന്നു. കേരളത്തില്‍ ബി.ജെ.പി. ക്ലച്ചു പിടിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ രാജഗോപാല്‍ ചൂണ്ടിക്കാട്ടിയ ഒരു കാര്യം മലയാളികളുടെ സാക്ഷരതയാണ്. ''മലയാളികള്‍ ചിന്തിക്കുന്നവരാണ്, തര്‍ക്കിക്കുന്നവരാണ്.'' ഇതായിരുന്നു രാജഗോപാലിന്റെ വാക്കുകള്‍.

ബി.ജെ.പിയുടെ ദയനീയ പ്രകടനത്തിലേക്കുള്ള ഒരു താക്കോലാണ് രാജഗോപാലിന്റെ വാക്കുകള്‍ എന്നതില്‍ സംശയമില്ല. ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് കേരളത്തില്‍ നേട്ടമുണ്ടാക്കാനാവാതെ പോയത് മലയാളികളുടെ തിരിച്ചറിവ് കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞത് ഇതോട് ചേര്‍ത്തു വായിക്കണം. ശബരിമല സുവര്‍ണ്ണാവസരമാണെന്ന് പറഞ്ഞവരോട് വിശ്വാസികള്‍ ചോദിച്ചത് എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നിയമനിര്‍മ്മാണത്തിന് ശ്രമിക്കുന്നില്ലെന്നാണ്. ഇരട്ടത്താപ്പുകള്‍ കൈയ്യോടെ പിടിക്കാന്‍ മലയാളിക്കറിയാം എന്നതാണ് ബി.ജെ.പി. നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്ന്.

കേരളത്തിലെ ജനസംഖ്യയുടെ സവിശേഷമായ ഘടനയാണ് ബി.ജെ.പി. നേരിടുന്ന മറ്റൊരു കാതലായ പ്രശ്നം. 55 ശതമാനം ഹിന്ദുക്കളും 45 ശതമാനം ന്യൂനപക്ഷങ്ങളും അടങ്ങിയ കേരളത്തിലെ ജനസമൂഹം ബി.ജെ.പിയുടെ  ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അളവുകോലുകള്‍ക്ക് എളുപ്പത്തില്‍ വഴങ്ങുന്ന ഒന്നല്ല. ചെറിയൊരു ഉദാഹരണം കൊണ്ട് ഇത് വ്യക്തമാക്കാം. 

ഇക്കുറി മലപ്പുറം നിയമസഭ മണ്ഡലത്തില്‍ മത്സരിച്ച ബി.ജെ.പിയുടെ എ. സേതുമാധവന് 5,883 വോട്ടാണ് കിട്ടിയത്. മൊത്തം പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ 3.64 ശതമാനം. ബി.ജെ.പിയോട് ചേര്‍ന്നു നില്‍ക്കുന്ന സ്വരാജ്യ  മാസികയില്‍ 2016-ല്‍ എഴുതിയ ലേഖനത്തില്‍ ഡോക്ടര്‍ ജെ.കെ. ബജാജ് ചൂണ്ടിക്കാട്ടിയത് മലപ്പുറം ജില്ലയില്‍ 70 ശതമാനം മുസ്ലിങ്ങളും രണ്ട് ശതമാനത്തിനടുത്ത് ക്രിസ്ത്യാനികളുമുണ്ടെന്നാണ്. ബാക്കി വരുന്ന ഹിന്ദുക്കളില്‍ എത്ര പേരുടെ വോട്ട് സേതുമാധവന് കിട്ടി എന്ന ചോദ്യം ബി.ജെ.പി. ഇപ്പോള്‍ തീര്‍ച്ചയായും സ്വയം ചോദിക്കുന്നുണ്ടാവണം.  

ബി.ജെ.പിയുടെ സിറ്റിങ് സീറ്റായിരുന്ന നേമം നോക്കുക. 2016-ല്‍ ഒ. രാജഗോപാല്‍ 67,813 വോട്ട് പിടിച്ചപ്പോള്‍ ഇത്തവണ കുമ്മനം രാജശേഖരന് 51,888 വോട്ടേ കിട്ടിയുള്ളു. 15,925 വോട്ടിന്റെ കുറവ്. ഹിന്ദുത്വയുടെ തുണയിലല്ല മറിച്ച് എല്ലാ വിഭാഗങ്ങളിലുമുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാവെന്ന നിലയിലാണ് രാജഗോപാല്‍ ജയിച്ചു കയറിയതെന്ന് ചുരുക്കം. 

കോണ്‍ഗ്രസ് കെ. മുരളീധരനെ കളത്തിലിറക്കിയതോടെ നേമത്ത് ഇക്കുറി അതിശക്തമായ ത്രികോണ മത്സരമാണുണ്ടായത്. രാജഗോപാലിന്റെ പ്രതിച്ഛായയല്ല കുമ്മനത്തിനുള്ളത്.  ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും അടിയുറച്ച പ്രവര്‍ത്തകനെന്ന ഇമേജാണ് കുമ്മനത്തിന്റേത്. അതായത് ഹിന്ദുത്വ പ്രത്യയശാസ്ത്രം ശക്തമായി ഉയര്‍ത്തിപ്പിടിക്കുന്ന നേതാവ്. സ്വാഭാവികമായും ഈ ഐഡിയോളജിക്ക് ലഭിക്കാവുന്ന പരമാവധി വോട്ടുകള്‍ കുമ്മനത്തിന് കിട്ടും. പക്ഷേ, നേമമെന്നല്ല കേരളത്തില്‍ ഏതെങ്കിലും ഒരു മണ്ഡലം പിടിക്കാന്‍ ഈ വോട്ടു മതിയാവില്ല. പാലക്കാട്ടും മഞ്ചേശ്വരത്തും  കഴക്കൂട്ടത്തും ആറ്റിങ്ങിലിലും തൃശ്ശൂരിലുമൊക്കെ ബി.ജെ.പി. നേരിടുന്നത് ഈ പ്രതിസന്ധിയാണ്.

നേതൃത്വദാരിദ്ര്യമാണ് കേരളത്തില്‍ ബി.ജെ.പിയെ അലട്ടുന്ന വലിയൊരു ഘടകം. കേരളത്തിന്റെ മനസ്സും ഭാവനയും പിടിച്ചെടുക്കാന്‍ കഴിവുള്ള നേതൃനിര ബി.ജെ.പിക്കില്ല. 35 സീറ്റുകള്‍ കിട്ടിയാല്‍ കേരളം ഞങ്ങള്‍ പിടിക്കും എന്നൊക്കെ വീമ്പിളക്കുന്നവര്‍ക്ക് അവരര്‍ഹിക്കുന്ന ബഹുമാനമേ മലയാളികള്‍ നല്‍കൂ. ഇ. ശ്രീധരനാണ് ബി.ജെ.പിക്ക് അടുത്തിടെ കേരളത്തില്‍ കിട്ടിയ ഒരു വ്യത്യസ്ത മുഖം. പക്ഷേ, കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് വായിക്കുന്നതില്‍ സുരേഷ് ഗോപിയുടെ നിലവാരമേ തനിക്കുള്ളുവെന്ന് ശ്രീധരന്‍ വേഗം തെളിയിച്ചു. 

താനായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നും താന്‍ വന്നതോടെ ബി.ജെ.പിക്ക് 70-ലേറെ സീറ്റുകള്‍ കിട്ടുമെന്നുമൊക്കെ തട്ടിവിടുന്ന ഒരാളോട് കേരളീയര്‍ക്കുള്ള മതിപ്പാണ് പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്. തൃശ്ശൂര്‍ താനിങ്ങ് എടുക്കുകയാണെന്ന് 2019-ല്‍ സുരേഷ് ഗോപി പറഞ്ഞതിന് തുല്യമായ വായ്ത്താരിയാണ് ശ്രീധരന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. മലയാളികള്‍ തീരെ ഇഷ്ടപ്പെടാത്ത ഒരു സംഗതി വങ്കത്തരമാണ്. സുരേന്ദ്രനായാലും മുരളീധരനായാലും ശ്രീധരനായാലും ഈ വിഷയത്തില്‍ ഒട്ടും പിന്നാക്കമായിരുന്നില്ല എന്നതാണ് ഇക്കുറി ബി.ജെ.പിയെ അടയാളപ്പെടുത്തിയ മുഖ്യഘടകങ്ങളില്‍ ഒന്ന്.

സി. രാജഗോപാലാചാരിയെ പോലൊരു നേതാവില്ലെന്നതാണ്  കേരളത്തില്‍ ബി.ജെ.പി. നേരിടുന്ന വലിയൊരു വെല്ലുവിളി. ഇന്ത്യയില്‍ വലതുപക്ഷത്തിന് കൃത്യമായൊരു ദിശാബോധം നല്‍കിയ നേതാവാണ് രാജാജി. നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് നയങ്ങള്‍ക്കെതിരെയാണ് 1959-ല്‍ രാജാജി സ്വതന്ത പാര്‍ട്ടിക്ക് രൂപം നല്‍കിയത്. 81 വയസ്സുള്ളപ്പോഴായിരുന്നു രാജാജിയുടെ ഈ സാഹസമെന്നോര്‍ക്കുക. പക്ഷേ, എട്ട് കൊല്ലങ്ങള്‍ക്കപ്പുറത്ത്  44 സീറ്റു നേടി ലോക്സഭയില്‍ മുഖ്യപ്രതിപക്ഷമാവാന്‍ സ്വതന്ത്രയ്ക്ക് കഴിഞ്ഞു. 

ഭാരതീയ ജനസംഘം 35, സി.പി.ഐ. 23, സി.പി.എം. 19 എന്നിങ്ങനെയായിരുന്നു അന്നത്തെ സീറ്റു നില. സ്വതന്ത്ര വിപണിയുടെ ശക്തനായ വക്താവായിരുന്നു രാജാജി. മിനു മസാനിയും കെ.എം. മുന്‍ഷിയും ജയ്പൂരിലെ റാണി ഗായത്രി ദേവിയും സര്‍ദാര്‍ പട്ടേലിന്റെ  മകന്‍ ദഹ്യബായിയുമൊക്കെ അടങ്ങിയ സ്വതന്ത്ര പാര്‍ട്ടി  ഇന്ത്യയിലെ ഒരു എലിറ്റ് സംഘടനയായിരുന്നു. ജനസംഘത്തിന്റെയും ആര്‍.എസ്.എസിന്റെയും തീവ്ര വലതുനിലപാടുകള്‍ നിരാകരിച്ചുകൊണ്ടാണ് രാജാജിയും കൂട്ടരും സ്വതന്ത്രയെ വളര്‍ത്തിയത്.  

കേരളത്തിന്റെ സവിശേഷമായ സാമൂഹ്യ - രാഷ്ട്രീയ കാലാവസ്ഥയില്‍ രാജാജിയെപ്പോലൊരു നേതാവിനെയാണ് ബി.ജെ.പിക്ക ്വേണ്ടത്. ജാതി, മതഭേദമന്യെ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാവ്. തൃണമൂലില്‍നിന്നു വന്ന മുകുള്‍ റോയിയും സുവേന്ദു അധികാരിയുമൊക്കെയാണ് ബംഗാളില്‍ ബി.ജെ.പിയെ വളര്‍ത്തിക്കൊണ്ടിരിക്കുന്നത്.  ഇതുപോലെ ജനങ്ങള്‍കക്കിടയില്‍ വേരോട്ടമുള്ള ഒരു നേതാവിനെയും കേരളത്തില്‍ ബി.ജെ.പിക്ക് കിട്ടിയിട്ടില്ല. 

ബി.ജെ.പിയുടെ പ്രമുഖ നേതാക്കളെല്ലാവരും തന്നെ സ്വന്തം നാടു വിട്ട് തെക്കന്‍ ജില്ലകളില്‍ മത്സരിക്കാനാണ് താല്‍പര്യപ്പെടുന്നതെന്നത് കാണാതിരിക്കേണ്ട കാര്യമില്ല. പുതുതായി വന്ന അല്‍ഫോന്‍സ് കണ്ണന്താനവും ജേക്കബ് തോമസും ശ്രീധരനും സുരേഷ് ഗോപിയും അബ്ദുള്ളക്കുട്ടിയുമൊക്കെ പരാജയപ്പെടുന്നതും  വേരുകള്‍ക്ക് ആഴമില്ലാത്തതുകൊണ്ടു തന്നെയാണ്.

ബി.ജെ.പിക്കു പുറത്ത് ആകപ്പാടെ എന്‍.ഡി.എയിലുണ്ടായിരുന്ന ഒരു രാഷ്ട്രീയ നേതാവ് പി.സി. തോമസായിരുന്നു. 2004-ല്‍ എന്‍.ഡി.എയ്ക്ക് കേരളത്തില്‍ ആദ്യമായി ഒരു ലോക്സഭ സീ്റ്റ് നേടിക്കൊടുത്തയാള്‍. പക്ഷേ, പി.സി. തോമസിനെ ഒതുക്കാനാണ് ബി.ജെ.പിയിലെ കേരള നേതൃത്വം ശ്രമിച്ചത്. ഒടുവില്‍ ഈ തിരഞ്ഞെടുപ്പിന് മുമ്പ് പി.സി. എന്‍.ഡി.എ. വിട്ടുപോവുകയും ചെയ്തു. 

ജോസ് കെ. മാണി ഇടക്കാലത്ത് ബി.ജെ.പിയുമായി കൈകോര്‍ക്കാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ ബി.ജെ.പിയുടെ കേരള നേതൃത്വം ഇടങ്കോലിട്ടതോടെ ആ നീക്കം പൊളിയുകയായിരുന്നെന്നും ആര്‍.എസ്.എസ്. സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കര്‍ പറഞ്ഞതും ഇതിനോട് കൂട്ടി വായിക്കാം. നിയമസഭയിലോ ലോക്സഭയിലോ ഒരു സീറ്റു പോലുമില്ലെങ്കിലും ഗ്രൂപ്പുകളിക്ക് മാത്രം ഒരു പഞ്ഞവുമില്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. തുഷാര്‍ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസാണ് കേരളത്തില്‍ ബി.ജെ.പിയുടെ മുഖ്യ സഖ്യകക്ഷിയെന്ന്  പറയുമ്പോള്‍ കാര്യങ്ങളുടെ കിടപ്പുവശം ഒരു വിധക്കാര്‍ക്കൊക്കെ പിടി കിട്ടും.

രാജാജിയെപ്പോലൊരു നേതാവിനെയാണ് കേരളത്തില്‍ ബി.ജെ.പിക്കാവശ്യം എന്നു പറയുമ്പോള്‍ ഉയരുന്ന ആദ്യ ചോദ്യം രാജാജിയെപ്പോലൊരാള്‍ ബി.ജെ.പിയിലേക്ക് വരുമോ എന്നതാണ്. ബി.ജെ.പിയുടെ ഹിന്ദുത്വയോട് ഒരു തരത്തിലും യോജിച്ചു പോകാന്‍ കഴിയാതിരുന്ന നേതാവാണ് രാജാജി. അല്ലെങ്കില്‍ അദ്ദേഹത്തിന് ജനസംഘില്‍ ചേര്‍ന്നാല്‍ മതിയായിരുന്നു. പറഞ്ഞുവന്നത് കേരളത്തില്‍ മികച്ച നേതാക്കളെ കിട്ടണമെങ്കില്‍ ബി.ജെ.പിക്ക് ഹിന്ദുത്വയുടെ വഴിയില്‍നിന്ന് മാറി നടക്കേണ്ടി വരുമെന്ന് തന്നെയാണ്. പൗരത്വ ഭേദഗതി നിയമമുള്‍പ്പെടെ ഹിന്ദുത്വയെ നിര്‍വ്വചിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യുന്ന സംഗതികള്‍ തള്ളിപ്പറയേണ്ടി വരും. പുള്ളിപ്പുലി അതിന്റെ പുള്ളികള്‍ ഉപേക്ഷിക്കണമെന്നര്‍ത്ഥം.

ഇത്തരമൊരു പരീക്ഷണത്തിന് ബി.ജെ.പി. തയ്യാറാവുമോ എന്നത് ഒരു ട്രില്യണ്‍ ഡോളര്‍ ചോദ്യമാണ്. ഇതിനുള്ള ഉത്തരം നിഷേധാത്മകമാണെങ്കില്‍ നിലവിലുള്ള ശൂന്യതയില്‍നിന്ന് കരകയറുക ബി.ജെ.പിക്ക് എളുപ്പമല്ല. ആര്യഭടന്റെയടുത്തേക്ക് ആളെ വിട്ടതുകൊണ്ടോ പാര്‍ട്ടി അദ്ധ്യക്ഷന്‍ രണ്ടോ മൂന്നോ സീറ്റില്‍ മത്സരിക്കുന്നതുകൊണ്ടോ ഈ വിഷമവൃത്തം ഭേദിക്കാന്‍ ബി.ജെ.പിക്കാവില്ല. കേരളം ബി.ജെ.പിക്ക് ഒരു സമസ്യയായി തുടരാനുള്ള സാദ്ധ്യതയാണ് ഉള്ളതെന്നറിയാന്‍ പാഴൂര്‍ പടിപ്പുരയിലേക്ക് ആളെ വിടേണ്ട കാര്യമില്ല. അഴിക്കുന്തോറും മുറുകുന്ന ഈ കുരുക്കുമായി മല്‍പിടിക്കാനായിരിക്കും സമീപഭാവിയില്‍ ബി.ജെ.പി. നേതാക്കളുടെ യോഗം.

വഴിയില്‍ കേട്ടത്:  മമത ബാനര്‍ജി ഗുണ്ടയാണെന്നും ഗുണ്ടയെ മെരുക്കാന്‍ സൂപ്പര്‍ ഗുണ്ട വേണമെന്നും പറഞ്ഞ ചലച്ചിത്ര നടി കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ അടച്ചുപൂട്ടി. ഒരു ക്ലൂവുമില്ലെങ്കിലും സൂപ്പര്‍ ഗുണ്ട ആരാണെന്ന് ട്വിറ്ററിന് ചിലപ്പോള്‍ പിടികിട്ടിക്കാണും.

Content Higlights: Whats Kerala says to BPJ | Vazhipokkan