കര്‍ണാടകത്തിനു പിന്നാലെ ഗോവയിലും കോണ്‍ഗ്രസ് വീഴുകയാണ്. വീഴുന്നതല്ല ബി.ജെ.പി. വീഴ്ത്തുന്നതാണെന്ന് പറഞ്ഞൊഴിയാന്‍ എളുപ്പമാണ്. വീഴുന്നതായാലും വീഴ്ത്തുന്നതായാലും കോണ്‍ഗ്രസ് വന്‍ തകര്‍ച്ചയെയാണ് നേരിടുന്നതെന്ന വാസ്തവം കണ്ണടച്ചില്ലാതാക്കാന്‍ നെഹ്രു കുടുംബത്തിന്റെ കടുത്ത ഭക്തര്‍ക്കു പോലുമാവില്ല. കര്‍ണാടകവും ഗോവയും രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ആവര്‍ത്തിക്കുന്നതിന് നിലവിലുള്ള സാഹചര്യത്തില്‍ വലിയ തടസ്സങ്ങളൊന്നുമില്ല.
കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയുടെ ആഴവും പരപ്പും വളരെ വലുതാണ്. കര്‍ണാടകത്തില്‍ പാര്‍ട്ടിയെ രക്ഷിച്ചെടുക്കാന്‍ ഒരു ദേശീയ നേതാവിനെയും കാണാനില്ല. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ബാംഗ്ളൂരിലുണ്ടെന്ന് പറയുന്നുണ്ട്. ഇത്തരം സന്നിഗ്ധ ഘട്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണുഗോപാല്‍ മതിയാവുമോ എന്നറിയാന്‍ കണിയാരുടെ അടുത്തേക്കൊന്നും ആളെ വിടേണ്ട കാര്യമില്ല. ആകെക്കൂടി ഡി.കെ. ശിവകുമാര്‍ എന്നു പറയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസിനു വേണ്ടി തീ അണയ്ക്കാന്‍ രംഗത്തുള്ളത്. മുംബൈയില്‍ കോണ്‍ഗ്രസ് വിമതര്‍ പാര്‍ക്കുന്ന ഹോട്ടലിനുള്ളിലേക്ക് കടക്കാന്‍ പോലും ശിവകുമാറിനും കൂട്ടര്‍ക്കും കഴിഞ്ഞില്ല.
ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിട്ടാണ് ശിവകുമാര്‍ മുംബൈയിലെത്തിയത്. പക്ഷേ, ശിവകുമാറിനു വേണ്ടി മുറി എടുത്ത ട്രാവല്‍ ഏജന്‍സിക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ ഹോട്ടല്‍ അധികൃതര്‍ അറിയിച്ചത് ചില അടിയന്തര കാരണങ്ങളാല്‍ മുറി ലഭ്യമല്ല എന്നാണ്. ശിവകുമാറിന് മുറി കൊടുക്കരുതെന്ന് മുകളില്‍നിന്ന് കൃത്യമായ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടാവാം. മുകളില്‍നിന്നുള്ള നിര്‍ദ്ദേശം തന്നെയാവാം മുംബൈ പോലീസിനെയും കര്ത്തവ്യനിരതരാക്കുന്നത്. തീ അണയ്ക്കാനാവാതെ ശിവകുമാര്‍ കര്‍ണ്ണാടകത്തിലേക്ക് മടങ്ങിക്കഴിഞ്ഞു.
ശിവകുമാര്‍ എന്തിനും പോന്ന നേതാവാണ്. പക്ഷേ, അപ്പുറത്ത് നരേന്ദ്രമോദിയും അമിത്ഷായുമാവുമ്പോള് ശിവകുമാറിനൊക്കെ ചെയ്യാവുന്നതിന് ഒരു പരിധിയുണ്ട്. ഒരര്‍ത്ഥത്തില്‍ രാഹുല്‍ഗാന്ധിയുടെ രാജിയാണ് കോണ്‍ഗ്രസ്സിനെ ഈ അവസരത്തില്‍ വല്ലാതെ തളര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മുന്‍ ബംഗാള്‍ ഗവര്‍ണ്ണറും ഗാന്ധിജിയുടെ പേരക്കിടാവുമായ ഗോപാല്‍കൃഷ്ണ ഗാന്ധി (ജി ജി) ചക്രയ്യയെ കുറിച്ച് എഴുതിയിരുന്നു.
ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ ആദ്യ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചയ്ക്കിടെയാണ് ആന്ധ്രയില്‍നിന്നുള്ള ദളിത് നേതാവ് ചക്രയ്യയെ ഗാന്ധിജി സ്മരിച്ചത്. ചക്രയ്യ ജിവിച്ചിരിപ്പുണ്ടായിരുന്നെങ്കില് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തെ താന്‍ നിര്‍ദ്ദേശിക്കുമായിരുന്നുവെന്നാണ് ഗാന്ധിജി പറഞ്ഞത്. അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തില്‍ നിന്നുള്ള , താരതമ്യേന അധികമാര്‍ക്കും അറിയാത്ത ഒരാള്‍ രാഷ്രടത്തലവനാകുന്നതിലെ സാദ്ധ്യതകളായിരുന്നു ഗാന്ധിജിയുടെ മനസ്സില്‍. രാഹുല്‍ സ്ഥാനമൊഴിഞ്ഞ അവസ്ഥയില്‍ ചക്രയ്യയെപ്പോലാരാള് കോണ്‍ഗ്രസ്സിന്റെ തലപ്പത്തേക്ക് വരട്ടെയെന്നാണ് ലേഖനത്തില്‍ ജി ജി വ്യക്തമാക്കിയത്.
ചക്രയ്യ ഒരു പ്രതീകമാണെന്നും കോണ്‍ഗ്രസ്സിനെയും ജനാധിപത്യത്തെയും മുന്നോട്ടുകൊണ്ടുപോവാന്‍ അങ്ങിനൊയാരാള് ആവശ്യമാണെന്നും ജി ജി പറയുന്നു. ജി ജിയുടെ ആശയം തള്ളക്കളയേണ്ടതില്ല. പക്ഷേ, ചക്രയ്യ വരുന്നതുവരെ കോണ്‍ഗ്രസ് ഇന്നത്തെ രൂപത്തില്‍ അവശേഷിക്കുമോയെന്നതാണ് പ്രശ്നം. കോണ്‍ഗ്രസ് ഇതിനു മുമ്പ് ഏറ്റുമുട്ടിയ എതിരാളികളോടൊന്നും മോദിയും ഷായും നയിക്കുന്ന ബി.ജെ.പിയെ തുലനം ചെയ്യാനാവില്ല. അധികാരവും പണവും സമസമം ചാലിച്ച് തയ്യാറാക്കിയ ഒരു സൂപ്പര്‍ കമ്പ്യൂട്ടറിനെപ്പോലെയാണ് ബി.ജെ.പി. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ലോക്സഭയിലെ ശക്തമായ ഭൂരിപക്ഷം ബി.ജെ.പിക്ക് നല്കുന്ന അധികാരം വളെര വലുതാണ്. ആര്.എസ്.എസിന്റെ സംഘടനാശേഷിയും അളവില്ലാത്ത പണവും കൂടിയാവുമ്പോള്‍ ബി.ജെ.പിക്ക് കളിക്കാവുന്ന കളികള്‍ക്ക് പരിധിയൊന്നുമില്ല.
ഇലക്ടറല്‍ കടപ്പത്രങ്ങള്‍ വന്നതോടെ ബി.ജെ.പിയുടെ കൈയ്യില്‍ നല്ല വൈറ്റ് മണിയുടെ വന്‍ശേഖരമുണ്ട്. വന്‍ കോര്‍പറേറ്റുകളാണെങ്കില്‍ പാര്‍ട്ടിയുടെ വിളിപ്പുറത്താണ്. ഇങ്ങനെയൊരു എതിരാളിയുടെ മുന്നിലേക്കാണ് സ്വന്തം രാജിയിലൂടെ കോണ്‍ഗ്രസിനെ രാഹുല്‍ എറിഞ്ഞു കൊടുത്തിരിക്കുന്നത്. സോണിയയും അഹമ്മദ് പട്ടേലും ശിവകുമാറുമായി നിരന്തരം ബന്ധപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ, ആസന്നമായിരിക്കുന്ന തകര്‍ച്ചയില്‍നിന്നു കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ ഇവര്‍ കെട്ടുന്ന തടയണയ്ക്കാവുമോ എന്ന് കണ്ടറിയേണ്ടി വരും.
പാര്‍ട്ടിയോട് കൂറുള്ളവരോ പ്രത്യയശാസ്ത്ര ദൃഡതയുള്ളവരോ അല്ല കോണ്‍ഗ്രസ്സിന്റെ ഭൂരിഭാഗം എം.എല്‍.എമാരും എം.പിമാരും. പണവും പാര്‍ട്ടി നേതൃത്വത്തോടുള്ള അടുപ്പവും മാത്രമാണ് ഇവരില്‍ മിക്കവരേയും ഇന്നത്തെ നിലയിലെത്തിച്ചത്. അതുകൊണ്ടുതന്നെ പണവും അധികാരവും വെച്ചുനീട്ടുന്ന പ്രലോഭനങ്ങള്‍ മറികടക്കാനുള്ള ആര്‍ജ്ജവമോ ആത്മഗുണമോ ഇവരില്‍ നിന്നും പ്രതീക്ഷിക്കാനാവില്ല.
തോല്‍ക്കുന്ന യുദ്ധമാണിതെന്ന തോന്നല്‍ കോണ്‍ഗ്രസ്സുകാരില്‍ ഉടലെടുത്തിട്ടുണ്ടോ എന്നറിയില്ല. നേതൃത്വ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാന്‍ കോണ്ഗ്രസ്സിനാവുന്നില്ലെങ്കില് കാര്യങ്ങള്‍ കൈവിട്ടുപോവും. കമ്മ്യൂണിസ്റ്റ് കോട്ടയെന്ന് കരുതപ്പെട്ടിരുന്ന സോവിയറ്റ് യൂണിയന് ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന ചരിത്രം കോണ്‍ഗ്രസ് മറക്കരുത്.
കോണ്‍ഗ്രസ്സിന്റെ ഗോര്‍ബ്ബച്ചേവ് എന്ന് ചരിത്രം രാഹുലിനെ വിശേഷിപ്പിക്കാനിടയായാല് അതിന്റെ കറ കഴുകിക്കളയുക നെഹ്രുകുടുംബത്തിന് എളുപ്പമാവില്ല. ഈ വിഷമസന്ധി കോണ്‍ഗ്രസ്സിന്റേതു മാത്രമല്ല ഇന്ത്യന്‍ ജനാധിപത്യത്തിന്റേതു കൂടിയാണ്. കര്‍ണ്ണാടകത്തിലും ഗോവയിലും മുംബൈയിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിലാപമാണ് മുഴങ്ങുന്നത്. സൗത്ത് ആഫ്രിക്കന്‍ എഴുത്തുകാരന് അലന് പേറ്റന്റെ ആ പ്രശസ്ത നോവലിന്റെ ശീര്‍ഷകം തന്നെയാവട്ടെ ഈ കുറിപ്പിന്റെ സമാപനം. 'കേഴുക, പ്രിയ നാടെ' ( cry, the beloved country) .
Content Highlights: BJP Swallowing Congress MLAs