ഒരു കാര്യം ആദ്യമേ പറയാം. കേരളത്തില്‍ ഇതുവരെ ബി.ജെ.പിക്ക് കിട്ടിയതില്‍ നല്ലൊരു കിട്ടലാണ് ഇ. ശ്രീധരന്‍. ജനസംഘം ബി.ജെ.പിയായി പരിണമിച്ചതിനു ശേഷം ഇതുപോലൊരാള്‍ ഇതിനു മുമ്പ് ഈ നാട്ടില്‍ ബി.ജെ.പിയിലേക്ക് വന്നിട്ടില്ല. പക്ഷേ, ശ്രീധരന്റെ ബി.ജെ.പിയിലേക്കുള്ള രംഗപ്രവേശം അപ്രതീക്ഷിതമല്ല. ജേക്കബ് തോമസിനെയും അല്‍ഫോന്‍സ് കണ്ണന്താനത്തിനെയും പോലെ ശ്രീധരനും ബി.ജെ.പിയിലേക്കായിരിക്കും എത്തിച്ചേരുക എന്നത് ഒരു വിധം രാഷ്ട്രീയ വിദ്യാഭ്യാസമുള്ളവര്‍ക്ക് മുന്‍കൂട്ടി കാണാവുന്നതേ ഉള്ളു. ഇനിയിപ്പോള്‍ കെമാല്‍ പാഷ ബി.ജെ.പി. അംഗത്വമെടുത്താലും അത്ഭുതപ്പെടരുത്.
പക്ഷേ, ജേക്കബ് തോമസും കണ്ണന്താനവും അബ്ദുള്ളക്കുട്ടിയുമൊക്കെ ബി.ജെ.പിക്കാരാവുന്നതു പോലെയല്ല ശ്രീധരന്‍ ബി.ജെ.പിക്ക് ജയ് വിളിക്കുന്നത്. വേറൊരു വഴിയുമില്ലാത്തതുകൊണ്ടാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയതെന്ന് ഇവര്‍ മൂന്നുപേര്‍ക്കും പറഞ്ഞു നില്‍ക്കാം. നിവൃത്തികേട് വന്നാല്‍ ഇന്നതേ ചെയ്യാവൂ എന്നൊന്നുമില്ല. അപ്പോള്‍ തോന്നുന്നതു പോലെ പ്രവര്‍ത്തിക്കാം, വിശദീകരണമൊക്കെ പിന്നീടാണ്. എണ്‍പത്തൊമ്പതുകാരനായ ശ്രീധരന് അങ്ങിനെയൊരു നിവൃത്തികേടുള്ളതായി അറിവില്ല.
ഔദ്യോഗിക ജീവിതത്തിലായാലും വിരമിച്ചതിനു ശേഷമുള്ള കാലത്തായാലും ശ്രീധരനെ മാനിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും മടി കാണിച്ചിട്ടില്ല. 1990-ല്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് റെയില്‍വെ മന്ത്രിയായിരിക്കുമ്പോഴാണ് കൊങ്കണ്‍ റെയില്‍വേ പദ്ധതിയുടെ അമരത്ത് ശ്രീധരനെ കൊണ്ടു വന്നത്.
കോണ്‍ഗ്രസുകാരിയായ ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ശ്രീധരന്‍ ഡല്‍ഹി മെട്രോയുടെ പണി ഏറ്റെടുത്ത് നടപ്പാക്കിയത്. ഏറ്റവും ഒടുവില്‍ പാലാരിവട്ടം പാലം പുതുക്കിപ്പണിയുന്ന ചുമതല ശ്രീധരന് കൈമാറിയത് നിലവില്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരാണ്. കാര്യപ്രാപ്തിക്കും അഴിമതി വിരുദ്ധതയ്ക്കും ശ്രീധരന് ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ല. പേരിന് പേരും പ്രശസ്തിക്ക് പ്രശസ്തിയും ശ്രീധരന് ആവശ്യത്തിലധികമുണ്ട്.
അപ്പോള്‍ പിന്നെ, എന്തുകൊണ്ടായിരിക്കണം ബി.ജെ.പിയില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങാന്‍ ശ്രീധരന്‍ തീരുമാനിച്ചത്? ഇതിന് ശ്രീധരനുള്ള വിശദീകരണം വരുംദിവസങ്ങളില്‍ അദ്ദേഹം തന്നെ നല്‍കും. രാഷ്ട്രീയക്കാരനായാല്‍ ഒരു കാര്യമുള്ളത് ജനം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബാദ്ധ്യതയുണ്ടാവും എന്നതാണ്. മോദിയെപ്പോലെ ഈ ബാദ്ധ്യതയില്ലാത്തവര്‍ രാഷ്ട്രീയത്തില്‍ അപവാദമാണ്. അവരുടെ തലത്തിലേക്കെത്താന്‍ എന്തായാലും ശ്രീധരന് ഒരുപാട് സമയം വേണ്ടിവരും. ശ്രീധരന് പറയാനുള്ളത് അദ്ദേഹം തന്നെ പറയട്ടെ! ശ്രീധരന്റെ കാര്യത്തില്‍ കേരളത്തിലെ ഒരു ജനാധിപത്യ വിശ്വാസിയെന്ന നിലയില്‍ പറയാനുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ഒരു പ്രായത്തിലും മനുഷ്യരെ വിട്ടൊഴിയാത്ത ലഹരിയുണ്ടെങ്കില്‍ അത് അധികാരമാണ്. ഒരു കൊച്ചുകുട്ടി പൊട്ടക്കുളത്തിലെ തവളയെ കല്ലെറിയുന്നത് അധികാരത്തിന്റെ പ്രദര്‍ശനമാണെന്ന് മനഃശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോായ്ഡ് നിരീക്ഷിച്ചിട്ടുണ്ട്. 2024-ലും തനിക്ക് തന്നെ പ്രധാനമന്ത്രിയാവണമെന്ന് മോദി ശഠിച്ചാല്‍ അത് ജനത്തെ സേവിക്കാനുള്ള ആഗ്രഹം കൊണ്ടല്ലെന്നും അധികാരത്തോടുള്ള ആസക്തി കൊണ്ടാണെന്നും തിരിച്ചറിയാന്‍ റോക്കറ്റ് വിജ്ഞാനീയമൊന്നും അറിയേണ്ട കാര്യമില്ല.
2011-ല്‍ രണ്ടാം വട്ടം അധികാരം കിട്ടാതെ പോയപ്പോള്‍ വി.എസ്. അച്ച്യുതാനന്ദന് സമനില തെറ്റിയതും 1977-ല്‍ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ ഇന്ദിര തകര്‍ന്നുപോയതും ഇക്കഴിഞ്ഞ ജനുവരിയില്‍ വൈറ്റ് ഹൗസില്‍ നിന്നിറങ്ങാതിരിക്കാന്‍ ട്രംപ് കാണിച്ച അലമ്പുകളും വിരല്‍ചൂണ്ടുന്നത് അധികാരത്തിന്റെ പ്രലോഭനങ്ങളിലേക്കാണ്. ഒരിക്കല്‍ നുകര്‍ന്നാല്‍ ആ പാനപാത്രം ആര്‍ക്കും അങ്ങനെയങ്ങ് ഒഴിവാക്കാനാവില്ല. ഈ ദുരന്തം മുന്‍കൂട്ടി അറിഞ്ഞതുകൊണ്ടാവണം അധികാരക്കസേരയിലേക്ക് വരാന്‍ ഗാന്ധിജി ഒരിക്കലും കൂട്ടാക്കാതിരുന്നത്.
ജനാധിപത്യത്തില്‍ അധികാരത്തിന്റെ അവസാന വാക്ക് ജനങ്ങളാണെങ്കിലും അത് അനുഭവിക്കുന്നതും ആസ്വദിക്കുന്നതും രാഷ്ട്രീയക്കാരാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അനുഭവിക്കുന്ന പ്രിവിലേജുകള്‍ അപാരവും അനന്തവുമാണ്. ജനാധിപത്യത്തിനുള്ള ഒരു ദോഷം ഏകാധിപതികള്‍ക്ക് വളരാന്‍ ഏറ്റവും പറ്റിയ വളക്കൂറുള്ള മണ്ണാണ് അതെന്നതാണ്. ഹിറ്റ്ലറും മുസ്സോളിനിയുമൊക്കെ ജനാധിപത്യത്തിലൂടെ ഏകാധിപതികളായവരാണ്. പാര്‍ലമെന്റിനു മുന്നില്‍ സാഷ്ടാഗം വീണ പാര്‍ട്ടിയാണ് ഇന്നിപ്പോള്‍ പാര്‍ലമെന്റ് എന്നു കേട്ടാല്‍ വിറളി പിടിക്കുന്ന നമ്മുടെ പ്രധാനമന്ത്രി!
ബി.ജെ.പിയില്‍ എന്നല്ല, ഏതു പാര്‍ട്ടിയില്‍ ചേരാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിലുണ്ട്. ഒരു പാര്‍ട്ടി, ഒരു ജനത, ഒരു രാഷ്ട്രം എന്ന പ്രമാണം ഇനിയും നടപ്പായിട്ടില്ലാത്ത ഈ ഇന്ത്യ മഹാരാജ്യത്ത് ബി.ജെ.പിയില്‍ ചേരാന്‍ ശ്രീധരന്‍ തീരുമാനിച്ചാല്‍ അത് അംഗീകരിക്കുകയാണ് ജനാധിപത്യ വിശ്വാസികള്‍ ചെയ്യേണ്ടത്. പക്ഷേ, നാട്ടുനടപ്പനുസരിച്ച് രണ്ട് മുഖ്യ ചോദ്യങ്ങള്‍ക്ക് ഇ. ശ്രീധരന്‍ മറുപടി നല്‍കേണ്ടതായുണ്ട്.
അഴിമതിക്കെതിരെയുള്ള യുദ്ധത്തില്‍ പങ്കാളിയാവാനാണ് ശ്രീധരന്‍ ബി.ജെ.പിയിലേക്ക് വരുന്നതെന്ന് പ്രചാരണമുണ്ട്. അങ്ങിനെയാണെങ്കില്‍ റഫേല്‍ വിമാന ഇടപാട്, ഇലക്ടറല്‍ ബോണ്ട്, പി.എം. കെയേഴ്സ് ഫണ്ട്, എം.എല്‍.എമാരെയും എം.പിമാരെയും ചാക്കിട്ടു പിടിക്കല്‍ തുടങ്ങി ബി.ജെ.പി. ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന കലാപരിപാടികളെക്കുറിച്ച് ശ്രീധരന്‍ തീര്‍ച്ചയായും നിലപാട് വ്യക്തമാക്കണം.
ഇതിലും വലുതാണ് വര്‍ഗീയതയുടെ കാര്യത്തിലുള്ള ശ്രീധരന്റെ നിലപാട്. ഹിന്ദുത്വയാണ് ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര പദ്ധതിയുടെ അടിത്തറ. 2017-ലെ യു.പി. നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്ലിങ്ങള്‍ക്ക് ബി.ജെ.പി. സീറ്റു കൊടുക്കാതിരുന്നത് ഈ പ്രത്യയശാസ്ത്രത്തിനു പുറത്താണ്. പൗരത്വ ഭേദഗതി നിയമം ബി.ജെ.പി. സര്‍ക്കാര്‍ കൊണ്ടുവന്നതും ഇതേ തത്വശാസ്ത്ത്രിന്റെ അടിസ്ഥാനത്തിലാണ്. ഈ നിലപാട് ഏറ്റെടുക്കുന്നത് എന്തുകൊണ്ടാണെന്ന് കേരള സമൂഹത്തോട് വ്യക്തമാക്കാന്‍ ശ്രീധരന് കഴിയണം.
വര്‍ഗീയതയും അഴിമതിയും ഒന്നിച്ചു വന്നാല്‍ ഏതാണ് ആദ്യം നേരിടേണ്ടതെന്ന ചോദ്യത്തിന് വര്‍ഗീയത എന്നു മാത്രമേ പറയാനാവുകയുള്ളു. അഴിമതിയെ ഇന്നല്ലെങ്കില്‍ നാളെ നേരിടാവുന്നതേയുള്ളു. വര്‍ഗീയതയുടെ കാര്യം അതല്ല. വര്‍ഗീയതയെ നിയന്ത്രിച്ചില്ലെങ്കില്‍ അത് രാജ്യത്തെ ഇല്ലാതാക്കും, ജനങ്ങളെയും. അഴിമതിയേക്കാള്‍ വലിയ വ്യാളിയാണ് വര്‍ഗീയത എന്ന കാര്യത്തില്‍ ഗാന്ധിജിക്കോ നെഹ്രുവിനോ പട്ടേലിനോ അംബദ്കറിനോ സംശയമുണ്ടായിരുന്നില്ല.
ഈ സംശയം ശ്രീധരനുണ്ടോയെന്ന് ചോദിക്കാതിരുന്നാല്‍ അത് ചരിത്രത്തോടും ജനാധിപത്യത്തോടും ചെയ്യുന്ന അനീതിയാവും. ഇന്ത്യയെ രണ്ടായി വെട്ടിമുറിച്ചത് അഴിമതിയല്ല വര്‍ഗീയതയാണ്. ഈ വര്‍ഗീയതയുമായി സമരസപ്പെടേണ്ടതുണ്ടോ എന്ന ചോദ്യത്തിനാണ് ശ്രീധരന്‍ ആദ്യം ഉത്തരം പറയേണ്ടത്. ഇരുപത്തിരണ്ടുകാരിയായ ദിശ രവി എന്ന പെണ്‍കുട്ടിക്ക് നിഷേധിക്കപ്പെടുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും ദിശ പിന്തുണയ്ക്കുന്ന കര്‍ഷക സമരത്തെക്കുറിച്ചും ശ്രീധരന്‍ നിലപാട് വ്യക്തമാക്കേണ്ടതായുണ്ട്. ഇതൊക്കെ വരുംദിനങ്ങളില്‍ അദ്ദേഹം തന്നെ നേരിട്ടു പറയുമെന്ന് നമുക്ക് കരുതാം.
ബി.ജെ.പിയില്‍ ചേര്‍ന്ന നിലയ്ക്ക് ഈ കാര്യങ്ങളില്‍ ഇനിയിപ്പോള്‍ പ്രത്യേകിച്ച് അഭിപ്രായം പറയേണ്ടതുണ്ടോ എന്ന് ചില സാധുക്കള്‍ ചോദിച്ചേക്കാം. അങ്ങിനെയല്ല, ബി.ജെ.പിക്കുള്ളില്‍ നിന്നുകൊണ്ട് ബി.ജെ.പിയെ തിരുത്താനാണോ ശ്രീധരന്റെ ശ്രമമെന്ന് നമുക്കറിയില്ല. എം.എ. ജോണ്‍ നമ്മെ നയിക്കും എന്ന് പണ്ട് കോണ്‍ഗ്രസിനുള്ളിലെ തിരുത്തല്‍വാദികള്‍ പറഞ്ഞതുപോലെ ഇ. ശ്രീധരന്‍ നമ്മെ നയിക്കും എന്ന് ബി.ജെ.പിക്കുള്ളിലെ തിരുത്തല്‍വാദികള്‍ക്കും പറയാനുള്ള അവകാശമുണ്ട്.
ജനാധിപത്യം എപ്പോഴും ചില വിസ്മയങ്ങള്‍ കാത്തു സൂക്ഷിക്കുന്നുണ്ട്. ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ അണിനിരന്ന യുവതുര്‍ക്കികളാണ് ഇന്ദിരയെ കോണ്‍ഗ്രസിനുള്ളില്‍ നേരിട്ടത്. സമാനമായൊരു ദൗത്യമാണോ ശ്രീധരന്‍ ഏറ്റെടുക്കുകയെന്നത് തള്ളിക്കളയേണ്ട കാര്യമല്ല.
ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞതുപോലെ ബി.ജെ.പി. കേരളത്തില്‍ നടത്തിയ ഏറ്റവും സമര്‍ത്ഥമായ കരുനീക്കമാണ് ശ്രീധരന്റെ അംഗത്വം. മദ്ധ്യവര്‍ഗ മലയാളി സമൂഹത്തിന്റെ പൊങ്ങച്ച സംസ്‌കാരത്തിന് എന്തുകൊണ്ടും ഉതകുന്ന പ്രതീകമാണ് ഇ. ശ്രീധരന്‍. ശ്രീധരനെ മുന്‍നിര്‍ത്തി ബി.ജെ.പി. കളിക്കാന്‍ പോകുന്ന കളികളെ വിലകുറച്ചു കണ്ടാല്‍ അത് ഇടതുമുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും ചെയ്യുന്ന കൊടിയ മണ്ടത്തരമാവും.
വഴിയില്‍ കേട്ടത്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്നത് ബി.ജെ.പി. തീരുമാനിക്കേണ്ട കാര്യമെന്ന് ശ്രീധരന്‍. പ്രായാധിക്യം കാരണം ബി.ജെ.പി. സീറ്റു കൊടുക്കാതിരുന്ന അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ഇക്കാര്യത്തില്‍ എന്തായിരിക്കും പറയാനുണ്ടാവുക! പാര്‍ട്ടിക്കു വേണ്ടി ജീവിക്കുകയും കേരളത്തില്‍ ആകെയുള്ള ഒരു സീറ്റ് നേടിക്കൊടുക്കുകയും ചെയ്ത രാജഗോപാല്‍ ഇപ്പോള്‍ ആരായി എന്ന ചോദ്യവും ഗതി കിട്ടാത്ത പ്രേതം പോലെ അവശേഷിക്കുമോ?
Content Highlights: What Happens When E Sreedharan joining hands with BJP | Vazhipokkan