യുര്‍വ്വേദത്തെ കുപ്പിയിലാക്കിയതു പോലെയാണ് ക്രിക്കറ്റിനെ ട്വന്റി 20 ആക്കിയത് എന്നൊരു നിരീക്ഷണമുണ്ട്. ഓരോ വ്യക്തിയും അനന്യവും വ്യത്യസ്തവുമാണെന്ന കാഴ്ചപ്പാടാണ് ആയുര്‍വ്വേദത്തിന്റെ അടിസ്ഥാനം. ഒരാളുടെ ശരീരം പോലെ ഈ ലോകത്ത് മറ്റൊരു ശരീരമില്ലെന്ന സിദ്ധാന്തമാണത്. അങ്ങിനെ വരുമ്പോള്‍ ഓരോ വ്യക്തിക്കുമുള്ള ചികിത്സ വ്യത്യസ്തമായിരിക്കും. ഈ തത്വമാണ് ആയുര്‍വ്വേദം കുപ്പിയിലായപ്പോള്‍ അട്ടിമറിക്കപ്പെട്ടത്. 

അതോടെ ധന്വന്തരം കഷായം ഏതു കാലാവസ്ഥയിലും ഏതു രാജ്യത്തും ഏതു മനുഷ്യനും ഒരു പോലെ കുടിക്കാമന്നായി. അലോപ്പതി പോലെ തന്നെ ആയുര്‍വ്വേദവും സ്വന്തം വിപണി കണ്ടെത്തിയ പ്രക്രിയ ആയിരുന്നു അത്. ആയുര്‍വ്വേദത്തെ കുപ്പിയിലാക്കിയ വൈദ്യന്‍ ചികിത്സകന്‍ മാത്രമായിരുന്നില്ല, ഒന്നാന്തരം കച്ചവടക്കാരനുമായിരുന്നു.  

ഏകദേശം ഇതേ കലാപരിപാടിയാണ് കായികവിനോദങ്ങള്‍ കാഴ്ചയായി മാറിയപ്പോള്‍ സംഭവിച്ചത്. കായികവിനോദങ്ങള്‍, അതിപ്പോള്‍ ഓട്ടമായാലും ഫുട്ബോളായാലും ക്രിക്കറ്റായാലും, അടിസ്ഥാനപരമായി കാണാനുള്ളതല്ല, പങ്കെടുക്കാനുള്ളതാണ്. കളി കളിച്ചു തീര്‍ക്കാനുള്ളതാണ് അല്ലാതെ കണ്ടുതീര്‍ക്കാനുള്ളതല്ല എന്നു സാരം. 

പക്ഷേ, കളി വില്‍ക്കപ്പെടണമെങ്കില്‍ അത് വെറും കളിയായിട്ടു കാര്യമില്ല. അതൊരു കാഴ്ചയാവണം . കാഴ്ചയെന്നു പറഞ്ഞാല്‍ നമ്മുടെ തൃശ്ശൂര്‍ പൂരം പോലുള്ള കാഴ്ച. കുടമാറ്റവും വെടിക്കെട്ടുമൊക്കെയായി അരങ്ങു തകര്‍ക്കുന്ന തൃശ്ശൂര്‍ പൂരത്തിന്റെ മറ്റൊരു പതിപ്പ് പോലെയാണ് 2008-ല്‍ ഇന്ത്യന്‍ പ്രീമിയം ലീഗ് എന്ന ഐ.പി.എല്‍. അവതരിച്ചത്. നരേന്ദ്ര മോദിക്കും മുമ്പേ ഇന്ത്യ കൊണ്ടാടിയ മറ്റൊരു മോദി- ലളിത് മോദിയായിരുന്നു ഈ അവതാരത്തിന്റെ സംവിധായകന്‍. ബി.സി.സി.ഐ. വൈസ് പ്രസിഡന്റായിരിക്കെ ലളിത് മോദിയാണ് ഐ.പി.എല്ലിന്റെ ആദ്യ ചെയര്‍മാനും കമ്മീഷണറുമായത്.

സാമ്പത്തിക ക്രമക്കേടുകള്‍ കാരണം ലളിത് മോദിക്ക് 2010-ല്‍ ഇന്ത്യ വിട്ടോടേണ്ടി വന്നു. അപ്പോഴേക്കും ഐപിഎല്‍ ലളിത് മോദിയേയും മറികടന്ന് ഒരു വമ്പന്‍ ബ്രാന്റായി മാറിയിരുന്നു. ശതകോടികള്‍ മൂല്യമുള്ള ബ്രാന്റ്. ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ബി.സി.സി.ഐക്ക് ഐ.പി.എല്‍. ഇന്നിപ്പോള്‍ രത്നങ്ങളും വജ്രങ്ങളും വിളയുന്ന ഖനിയാണ്. 

ഇംഗ്ളിഷ്, ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത വിധത്തിലുള്ള സമ്പത്താണ് ബി.സി.സി.ഐ. ഈ ഒരൊറ്റ പ്രൊഡക്റ്റിലൂടെയുണ്ടാക്കുന്നത്. നിരവധി പുതിയ കളിക്കാര്‍ക്ക് അരങ്ങും ജീവിതവും നല്‍കിയത് ഐ.പി.എല്ലാണെന്ന കാര്യത്തില്‍ സംശയമില്ല. നമ്മുടെ സഞ്ജു സാംസണ്‍ അടക്കം എത്രയോ ചെറുപ്പക്കാരാണ് ഐ.പി.എല്ലിലൂടെ ജീവിതസ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചത്.

ഐ.പി.എല്ലിന്റെ തുടക്കത്തില്‍ ട്വന്റി 20-ക്കെതിരെ കടുത്ത വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. ക്രിക്കറ്റിന്റെ ആത്മാവ് കളയുന്ന പരിപാടിയാണ് ഐ.പി.എല്ലെന്നായിരുന്നു മുഖ്യ പരാതി.  മൈതാനങ്ങളില്‍നിന്നു ടെലിവിഷനിലേക്കും മൊബൈല്‍ ഫോണിലേക്കുമുള്ള വളര്‍ച്ചയില്‍ ഐ.പി.എല്‍. വെറും കെട്ടുകാഴ്ചയാവുകയാണെന്ന വിമര്‍ശവുമുണ്ടായി. 

രമേഷ് സിപ്പിയുടെ ഷോലെ സിനിമയല്ലെന്നും സത്യജിത് റായുടെ പഥേര്‍ പാഞ്ചാലി മാത്രമാണ് സിനിമയെന്നും പറയുന്നതു പോലെയാണത്. കൂടുതല്‍ പേര്‍ കാണുന്നതുകൊണ്ട് ഒരു സിനിമയും മോശമാകുന്നില്ല. കൂടുതല്‍ പേര്‍ വായിക്കുന്നതുകൊണ്ട് ഒരു നോവലും പൈങ്കിളിയാവുന്നില്ല.   ക്രിക്കറ്റിന്റെ കൊളോണിയല്‍ ഘടന അഴിച്ചുപണിത് നിയോ ലിബറല്‍ ഉത്പന്നമാക്കുകയാണ് ലളിത് മോദി ചെയ്തത്. ഒരു തരത്തില്‍ അതൊരു കലാപവും സൃഷ്ടിയുമായിരുന്നു.

പറഞ്ഞുവന്നത് ഐ.പി.എല്ലും ട്വന്റി 20-യും അത്ര മോശം സംഗതിയല്ലെന്നു തന്നെയാണ്. പക്ഷേ, ഇപ്പോള്‍ ഡല്‍ഹിയിലും അഹമ്മദാബാദിലും ഐ.പി.എല്‍. അരങ്ങേറുമ്പോള്‍ അതിലൊരു നീതികേടുണ്ട്. നാല് ലക്ഷത്തോളം പേരാണ് ഇന്ത്യയിലിപ്പോള്‍ പ്രതിദിനം കോവിഡ് 19 അണുബാധിതരാവുന്നത്. ആസ്പത്രിയില്‍ ഇടം കിട്ടാന്‍ നൂറു കണക്കിന് പേരാണ് കാത്തു നില്‍ക്കുന്നത്. 

പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്നവരുടെ എണ്ണം കുറയുകയല്ല കൂടുകയാണ്. ഇതു പോലൊരു ദുരന്തം ഇന്ത്യ ഇതിനു മുമ്പ് കണ്ടിട്ടില്ല. പക്ഷേ, അപ്പോഴും ബിസിസിഐയിലെ ഏമാന്‍മാര്‍ ഐ.പി.എല്‍. മാമാങ്കവുമായി മുന്നോട്ടു പോവുകയാണ്. കോവിഡ് 19-നു മുന്നില്‍ രാജ്യം പകച്ചുനില്‍ക്കെ വിരാട് കോലിയും കൂട്ടരും അടിച്ചു പറത്തുന്ന ഓരോ പന്തും ഇന്ത്യന്‍ ജനതയുടെ നെഞ്ചകമാണ് തകര്‍ക്കുന്നത്.

നെറ്റ്ഫ്ളിക്സും ആമസോണ്‍ പ്രൈമുമൊക്കെ 24 മണിക്കൂറും ലഭ്യമാണെന്നിരിക്കെ ഐ.പി.എല്ലിന്റെ മെക്കിട്ട് കേറുന്നതെന്തിനാണെന്ന് ചോദിക്കുന്നവരുണ്ട്. നെറ്റ്ഫ്ളിക്സും ആമസോണ്‍ പ്രൈമും പോലെയല്ല ഐ.പി.എല്‍. പൊതുജനത്തിന്റെ പണമുപയോഗിച്ച് കെട്ടിപ്പൊക്കിയ സ്റ്റേഡിയങ്ങളിലാണ് ഐ.പി.എല്‍. അരങ്ങേറുന്നത്. ഒരു ദേശീയ ദുരന്തം കൈകാര്യം ചെയ്യാന്‍ സമസ്ത വിഭവങ്ങളും ഉപയോഗിക്കേണ്ട അവസരമാണിത്. അപ്പോള്‍ ഒരു തരത്തിലുള്ള അപഭ്രംശങ്ങളും പൊതു ഇടങ്ങളിലുണ്ടാവാന്‍ അനുവദിക്കരുത്.

അശ്ലീലമെന്നു പറയുന്നത് ഒരാള്‍ അയാളുടെ രഹസ്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതല്ലെന്നും യുദ്ധത്തില്‍ ആളുകളെ കൊന്നതിന് കിട്ടിയ മെഡലുകള്‍ പ്രദര്‍ശിപ്പിക്കുന്ന മേജര്‍ ജനറലിന്റെ ചെയ്തിയാണെന്നും യുദ്ധത്തെ വാഴ്ത്തുന്ന പുരോഹിതന്റെയും ഭരണാധികാരിയുടെയും പ്രവൃത്തിയാണെന്നും ജര്‍മ്മന്‍ ചിന്തകനായ ഹെര്‍ബര്‍ട്ട് മര്‍ക്യൂസ് ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. തങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് തികഞ്ഞ അശ്ലീലമാണെന്ന് വിരാട് കോലിയും കൂട്ടരും തിരിച്ചറിയണം. 

ഐ.പി.എല്‍. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗല്ലെന്നും ഇന്ത്യന്‍ പോര്‍ണൊ ലീഗായി മാറിയിരിക്കുകയാണെന്നും ബി.സി.സി.ഐയുടെ അമരക്കാരന്‍ സൗരവ് ഗാംഗുലിയും ഐ.പി.എല്‍. മേധാവി ജെയ് ഷായും മനസ്സിലാക്കണം. രാഷ്ട്രീയം ദുഷിക്കുമ്പോള്‍ ഭാഷയും ദുഷിക്കുമെന്ന് പറഞ്ഞത് ഇംഗ്ളീഷ് സാഹിത്യകാരന്‍ ജോര്‍ജ് ഓര്‍വ്വെല്ലാണ്. കുംഭ മേള സംഘടിപ്പിക്കുന്ന, തിരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് വന്‍ ജനക്കൂട്ടമെത്തുന്നതില്‍ ആഹ്ളാദിക്കുന്ന രാഷ്ട്രീയ, ഭരണ നേതൃത്വങ്ങള്‍ക്ക് ഗാംഗുലിയേയോ ജെയ് ഷായേയോ ഉപദേശിക്കാനാവില്ല.

ക്രിക്കറ്റ് നിരീക്ഷകന്‍ സുരേഷ് മേനോന്‍ ചൂണ്ടിക്കാട്ടിയതുപോലെ ടി.വിയുടെ സ്വിച്ച് ഒഫ് ചെയ്യുന്നതുകൊണ്ടോ ചാനല്‍ മാറ്റുന്നതുകൊണ്ടോ തീരുന്ന പ്രശ്നമല്ലിത്. ആത്യന്തികമായി ധാര്‍മ്മികതയുടെയും സദാചാരത്തിന്റെയും പ്രശ്നമാണിത്. സഹജീവികള്‍ ശ്വാസം കിട്ടാതെ പിടയുമ്പോള്‍ ഇത്തരം കെട്ടുകാഴ്ചകള്‍ ഒരു രാജ്യത്തിനും അംഗീകരിക്കാനാവില്ല. 

ഐ.പി.എല്‍. അരങ്ങേറുന്ന ഓരോ നിമിഷവും ഇന്ത്യ ലോകത്തിനു മുന്നില്‍ ചെറുതായി കൊണ്ടിരിക്കുകയാണ്. സ്വമേധയാ കേസെടുത്ത് ഈ ആഭാസത്തിന് തിരശ്ശീലയിടാന്‍ സുപ്രീം കോടതി തന്നെ മുന്നോട്ടുവരണം. ആപദ്ഘട്ടങ്ങളില്‍ മറ്റെവിടേക്കാണ് ഇന്ത്യന്‍ ജനതയ്ക്ക് ആശ്രയം തേടി തിരിയാനാവുക?

വഴിയില്‍ കേട്ടത്: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ. 150 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ ലാഭം കിട്ടുന്ന സാധനത്തിന് 400 രൂപ വിലയിട്ട ശേഷം 300 രൂപയ്ക്ക് കൊടുക്കുമ്പോള്‍ വൈ കാറ്റഗറിയല്ല സെഡ് കാറ്റഗറി  തന്നെ വേണ്ടി വരും.

Content Highlights: Virat Kohli, You and Your friends insulting people of India | Vazhipokkan