തീരുമാനം രാഹുല്‍ ഗാന്ധിയുടേതാണ്. കേരളത്തിന്റെ പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ തിരഞ്ഞെടുത്തതിന് പിന്നിലെ നിര്‍ണ്ണായക ഘടകം രാഹുല്‍ ഗാന്ധിയാണ്. ചെന്നിത്തലയോ സതീശനോ എന്ന ചോദ്യം മുറുകുകയും നിയമസഭ സമ്മേളനം അടുക്കുകയും ചെയ്തതോടെ തീരുമാനം ഇനിയും നീട്ടാനാവില്ലെന്ന് പകല്‍ പോലെ വ്യക്തമായിരുന്നു. സതീശന്‍ പ്രതിപക്ഷ നേതാവാകുമ്പോള്‍ അതിലൊരു കാവ്യനീതിയും മാറ്റവും അനുഭവപ്പെടുക സ്വാഭാവികമാണ്. സതീശന്‍ അര്‍ഹിക്കുന്ന പദവിയാണ് ഈ സ്ഥാനമെന്നതിലും സംശയമില്ല. പക്ഷേ, ഇങ്ങനെയാണോ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കേണ്ടത് എന്ന ചോദ്യം തീര്‍ച്ചയായും ഉന്നയിക്കുക തന്നെ വേണം.

ആദ്യം നമുക്ക് ഈ തിരഞ്ഞെടുപ്പിലെ മൈനസ് പോയിന്റുകള്‍ നോക്കാം. പ്രഖ്യാപനം  വൈകിപ്പോയി എന്നതാണ് വലിയൊരു ന്യൂനത. വാസ്തവത്തില്‍ മെയ് മൂന്നിന് അതായത് തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടടുത്ത ദിവസം വരേണ്ട തീരുമാനമായിരുന്നു ഇത്. അതിന് പകരം കാര്യങ്ങള്‍ അവസാന നിമഷംവരെ വെച്ചു നീട്ടി വഷളാക്കി. അപമാനിതനായി, മുറിവേറ്റ മനസ്സോടെ രമേശ് ചെന്നിത്തല സ്ഥാനമൊഴിയേണ്ടി വരുന്നു എന്നതാണ് ഇതിലെ ഒരു പ്രശ്നം. സതീശന്‍ പ്രതിപക്ഷ നേതാവാകണമെന്നായിരുന്നു ഹൈക്കമാന്റിന്റെ മനസ്സിലെങ്കില്‍ അതാദ്യമേ ചെയ്യേണ്ടതായിരുന്നു.

തീരുമാനമെടുക്കാന്‍ രാഹുല്‍ ഗാന്ധി ആരാണെന്നതാണ് മറ്റൊരു ചോദ്യം. നിലവില്‍ കോണ്‍ഗ്രസില്‍ ഒരു എം.പി. മാത്രമാണ് രാഹുല്‍. കേരളത്തില്‍നിന്നുള്ള ലോക്സഭ എം.പിമാരില്‍ ഒരാള്‍. പദവി വെച്ചു നോക്കിയാല്‍ കോണ്‍ഗ്രസിന്റെ സംഘടന സംവിധാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ കെ.സി. വേണുഗോപാല്‍ രാഹുലിനും മുകളിലാണ്. 

പക്ഷേ, തീരുമാനം ആര്‍.ജിയുടേതായിരുന്നുവെന്നാണ് കോണ്‍സ്ര് വൃത്തങ്ങള്‍ പറയുന്നത്. അതായത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിട്ട് രണ്ട് കൊല്ലമായെങ്കിലും പാര്‍ട്ടിയില്‍ അവസാനവാക്ക് ഇപ്പോഴും രാഹുല്‍ ഗാന്ധിയാണ്. ഭരണഘടന ഇതേതര ശക്തി എന്നൊക്കെ പറയുന്നതുപോലൊരു അധികാരകേന്ദ്രം.  ഇത്തരമൊരു സംവിധാനവുമായി കോണ്‍ഗ്രസ് എത്രകാലം മുന്നോട്ടുപോവും എന്നത് കണ്ടറിയേണ്ട കാര്യമാണ്.

സാമൂഹിക മാദ്ധ്യമങ്ങളാണോ പാര്‍ട്ടിയുടെ തിരുമാനം നിര്‍ണ്ണയിക്കുന്നതെന്ന ചോദ്യവും ഈ ഘട്ടത്തില്‍ ഉയരുന്നുണ്ട്. കെ.കെ. ശൈലജയെ മന്ത്രിയാക്കില്ലെന്ന് സി.പി.എം. തീരുമാനിച്ചത് സാമൂഹിക മാദ്ധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങള്‍ നോക്കിയല്ല. സി.പി.എമ്മിന്റെ സംസ്ഥാന സമിതിയാണ് ഈ തീരുമാനമെടുത്തത്. അതിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളില്‍ ഉയര്‍ന്ന കോലാഹലങ്ങള്‍ കണ്ണുംപൂട്ടി അവഗണിക്കുകയാണ് സി.പി.എം. ചെയ്തത്. 

കേരളത്തില്‍ കോണ്‍ഗ്രസിന്റെ 21 എം.എല്‍.എമാരില്‍ ഭൂരിപക്ഷം പേരും ആരെയാണ് പിന്തുണച്ചതെന്ന് വ്യക്തമല്ല. എ ഗ്രൂപ്പിന്റെ കൂടി പിന്തുണ ചെന്നിത്തലയ്ക്കുണ്ടെങ്കില്‍ സ്വാഭാവികമായും നിയമസഭ സമാജികരുടെ യോഗം വിളിച്ചാല്‍ ചെന്നിത്തലയ്ക്കായിരിക്കും ഭൂരിപക്ഷം. പക്ഷേ, ചെന്നിത്തലയുടെ വലിയൊരു പ്രശ്നം അദ്ദേഹം നേരിടുന്ന പ്രതിച്ഛായക്കെണിയാണ് (ഇമേജ് ട്രാപ്).

വാസ്തവത്തില്‍ സ്വയം പിന്മാറുകയാണ് ചെന്നിത്തല ചെയ്യേണ്ടിയിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം ചെന്നിത്തല നടത്തിയ പോരാട്ടങ്ങള്‍ നിസ്സാരമായിരുന്നില്ല. പിണറായി വിജയന്‍ സര്‍ക്കാരിനെ ശരിക്കും പ്രതിരോധത്തിലാക്കിയത് ചെന്നിത്തല നടത്തിയ അന്വേഷണാത്മക പ്രവര്‍ത്തനങ്ങളാണ്. പക്ഷേ, പിണറായി വിജയനൊത്ത എതിരാളിയല്ല എന്ന പ്രതിച്ഛായ എപ്പോഴും ചെന്നത്തലയുടെ തലയ്ക്ക് മുകളിലുണ്ടായിരുന്നു. 

ഈ പ്രതിച്ഛായ ഊട്ടിയുറപ്പിക്കാന്‍ സി.പി.എമ്മും ആര്‍.എസ്.എസും നടത്തിയ ശ്രമങ്ങള്‍ക്ക് പലപ്പോഴും കോണ്‍ഗ്രസിനുള്ളില്‍നിന്നും പിന്തുണയുണ്ടായി എന്നതും രഹസ്യമല്ല. അവസാനനാളുകളില്‍ ഇടതു മുന്നണിക്കെതിരെ പോരാട്ടം കടുപ്പിക്കാന്‍ ചെന്നിത്തലയ്ക്കായിരുന്നു. പക്ഷേ, ആരാണ് നിങ്ങളുടെ നേതാവ് എന്ന ചോദ്യത്തിന് അത് ഞങ്ങള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് തീരുമാനിക്കും എന്നാണ് കോണ്‍ഗ്രസ് നേതൃത്വം മറുപടി പറഞ്ഞത്. ഹൈക്കമാന്റ് തന്റെ കൂടെയല്ലെന്ന് ചെന്നിത്തല തിര്‍ച്ചയായും തിരിച്ചറിയേണ്ട നിമിഷങ്ങളായിരുന്നു അത്.

അധികാരം പോലെ പ്രലോഭിപ്പിക്കുന്ന മറ്റൊന്നില്ല. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടാതെ വന്നതോടെ കോണ്‍ഗ്രസില്‍ ഏറ്റവും ഡിമാന്റുള്ള പദവി പ്രതിപക്ഷ നേതാവിന്റേതാണ്. ക്യാബിനറ്റ് റാങ്കുള്ള ഈ സ്ഥാനം വേണമെന്ന് വി.ഡി. സതീശന്‍ ആഗ്രഹിച്ചുപോയാല്‍ അതിനെ കുറ്റം പറയാനാവില്ല. 2011-ല്‍ സതീശന് മന്ത്രിസ്ഥാനം ഇല്ലാതാക്കിയത് സ്വന്തം ഗ്രൂപ്പുകാര്‍ തന്നെയാണെന്ന് ആരോപണമുണ്ടായിരുന്നു. ഒരു സന്നിഗ്ദ്ധഘട്ടത്തില്‍ രമേശ് ചെന്നിത്തല തന്നെ കൈവിട്ടുവെന്ന പരാതി അന്നു മുതലേ സതീശനുണ്ട്. 

കൂടെ നില്‍ക്കുന്നവരെ എക്കാലവും വെറുതെ നിര്‍ത്താനാവില്ലെന്ന സത്യം കൂടിയായിരിക്കണം ചെന്നിത്തല ഇപ്പോള്‍ അറിയുന്നത്. സ്വന്തം ഗ്രൂപ്പുകാരനായ സതീശന്‍ തന്നെ മറികടന്ന് പ്രതിപക്ഷ നേതാവാകുന്നത് നോക്കിനില്‍ക്കേണ്ട അവസ്ഥയിലാണ് ചെന്നിത്തല. മെയ് രണ്ടിന് കേരളത്തിന്റെ മനസ്സറിഞ്ഞപ്പോള്‍ ഉത്തരവാദിത്വമേറ്റെടുത്ത് സ്വയം മാറിനില്‍ക്കാന്‍ ചെന്നിത്തല തയ്യാറായിരുന്നെങ്കില്‍ ഇന്നിപ്പോള്‍ ഈ ഗതികേട് ചെന്നിത്തല നേരിടേണ്ടി വരുമായിരുന്നില്ല.

ഈയൊരു തിരിച്ചടി പക്ഷേ, ചെന്നിത്തലയുടെ രാഷ്ട്രീയഭാവിയുടെ അസ്തമയമല്ല. ഇതിലും വലിയ തിരിച്ചടികള്‍ നേരിട്ടിട്ടുള്ള കരുണാകരനും ആന്റണിയും ഉമ്മന്‍ചാണ്ടിയുമൊക്കെ കൂടുതല്‍ ശക്തരായി തിരിച്ചു വന്നിട്ടുണ്ട്. ജനറല്‍ സെക്രട്ടറിയായി ഡല്‍ഹിക്ക് പോയാലും കേരളം ചെന്നിത്തലയ്ക്ക് അന്യമാവില്ല. ജീവിതം പോലെ തന്നെ രാഷ്ട്രീയവും സദാ ഒരു വിസ്മയം കാത്തു സൂക്ഷിക്കുന്നുണ്ട്.

വി.ഡി. സതീശന് ഇതൊരു ഗംഭീര അവസരമാണ്. ഒരു ക്ലീന്‍ സ്ളേറ്റില്‍നിന്ന് തുടങ്ങാനാവുന്നു എന്നതാണ് സതീശനുള്ള ഏറ്റവും വലിയ അനുകൂല ഘടകം. കേരളത്തിന്റെ പൊതുമനസ്സ് സതീശനൊപ്പമുണ്ട്. ഈ അവസരം എങ്ങിനെ വിനിയോഗിക്കുന്നു എന്നിടത്തായിരിക്കും സതീശനെ കാലവും ചരിത്രവും വിലയിരുത്തുക.

ഗ്രൂപ്പില്ലാതാക്കാനാണ് ഇത്തരമൊരു കടുംവെട്ടിന് രാഹുല്‍ ഗാന്ധി തുനിഞ്ഞതെന്ന് നിരീക്ഷണമുണ്ട്. പുള്ളിപ്പുലിയുടെ പുള്ളികള്‍ മാറ്റുകയായിരിക്കും ഇതിലും എളുപ്പം. ഐ ഗ്രൂപ്പില്‍ തന്നെ സതീശന്‍ ഗ്രൂപ്പ് ഉടലെടുക്കുന്നുവെന്നതായിരിക്കും ഇതിന്റെ ഒരു അനന്തരഫലം.  

ഇത്രയും കാലം സതീശന്‍ നടത്തിക്കൊണ്ടിരുന്നത് ഒറ്റയാള്‍ പോരാട്ടമായിരുന്നു. ഇനിയങ്ങോട്ട് അത് പറ്റില്ല. നന്നായി ഗൃഹപാഠം ചെയ്ത് കാര്യങ്ങള്‍ അവതരിപ്പിക്കാനറിയാം എന്നത് സതീശന് മറ്റ് നേതാക്കളില്‍ നിന്നും വ്യത്യസ്തനാക്കുന്നുണ്ട്. പക്ഷേ, പ്രതിപക്ഷ നേതാവെന്ന നിലയില്‍ വിജയിക്കാന്‍ അത് മാത്രം പോരാതെ വരും. സ്വന്തം പാര്‍ട്ടിക്കുള്ളിലും ഘടകകക്ഷികളിലും ഉള്ളവരെ ഒരേ ചരടില്‍ കോര്‍ത്തിണക്കി മുന്നോട്ടു കൊണ്ടുപോവുക എന്നത് എളുപ്പമല്ല.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സി.പി.എമ്മിനോടാണ് ഇനിയങ്ങോട്ട് സതീശന്‍ ഏറ്റുമുട്ടേണ്ടി വരുന്നതെന്നതും കാണാതിരിക്കാനാവില്ല. സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയെ വരെ വെള്ളം കുടിപ്പിച്ച പ്രചാരണ സംവിധാനമാണ് സി.പി.എമ്മിന്റേത്. അധികാരവും ആള്‍ബലവും പണവും ഒരു പോലെ സമ്മേളിക്കുന്ന ഈ യന്ത്രത്തോട് പോരാടുന്നതിന് അസാമാന്യമായ ഉള്‍ക്കരുത്തും വിഭവശേഷിയും വേണ്ടിവരും.  കോണ്‍ഗ്രസ് മുക്തഭാരതം എന്ന സ്വപ്നവുമായി നടക്കുന്ന ബി.ജെ.പിയും അണിയറയില്‍ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടുന്നുണ്ട്.

ഇടതുമുന്നണിയുടെ തുടര്‍ഭരണം ഇന്നിപ്പോള്‍ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്നത് ക്രിയാത്മകമായ പ്രതിപക്ഷത്തെയാണ്. കേരളത്തിന്റെ മനസ്സും ഭാവനയും പിടിച്ചെടുക്കാന്‍ കഴിയുന്ന പ്രതിപക്ഷം. ഒരു വശത്ത് അധികാരം വല്ലാതെ കേന്ദ്രീകരിക്കപ്പെടുമ്പോള്‍ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം വളരെ വലുതാണ്. അധികാരത്തിനെതിരെയുള്ള പോരാട്ടം മറവിക്കെതിരെ ഓര്‍മ്മ നടത്തുന്ന സമരമാണെന്ന് സതീശന് പ്രത്യേകം പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. 

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ അതിനിര്‍ണ്ണായകമായൊരു ഘട്ടത്തിലൂടെയാണ് കോണ്‍ഗ്രസ് കടന്നുപോവുന്നത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പ്രതിപക്ഷത്തിന്റെ പ്രസക്തി ഒരിക്കലും നിഷേധിക്കാനാവില്ല. പ്രതീക്ഷയാണ് ഏതു നിരാശയ്ക്കുമുള്ള മറുമരുന്ന്. കോണ്‍ഗ്രസിനെ ഉണര്‍ത്തുന്നതിനും ഉത്തേജിപ്പിക്കുന്നതിനുമുള്ള  ഒറ്റമൂലിയാവും വി.ഡി. സതീശന്‍ എന്ന കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ കണക്ക്കൂട്ടല്‍ തെറ്റാതിരിക്കട്ടെ എന്നു മാത്രമേ ജനാധിപത്യ കേരളത്തിന് ഇപ്പോള്‍ ആശിക്കാനാവുകയുള്ളു.

വഴിയില്‍ കേട്ടത്:   സതീശന്റെ വരവ് കോണ്‍ഗ്രസിലെ തലമുറ മാറ്റത്തിന്റെ സൂചന. പണ്ട് എം. മുകുന്ദനോട് അടുത്ത തലമുറയില്‍ ആരോടാണ് താല്‍പര്യമെന്ന് ചോദിച്ചപ്പോള്‍ എന്‍.എസ്. മാധവന്‍ എന്ന് പറഞ്ഞത് ഓര്‍ക്കാതിരിക്കാനാവില്ല. മുകുന്ദനും മാധവനും തമ്മില്‍ ആറ് വയസ്സാണ് വ്യത്യാസമെങ്കില്‍ ചെന്നിത്തലയേക്കാള്‍ എട്ട് വയസ്സിന് ഇളയതാണ് സതീശന്‍ എന്നതാവാം തലമുറയെ മാറ്റി മറിക്കുന്നത്!

Content Highlights: VD Satheesan's entry as opposition leader | Vazhipokkan