'' ആകെ കുഴപ്പമാണല്ലോ ! '' കണിയാരുടെ വാക്കുകള്‍ കേട്ട് ഉമ്മനും മുല്ലനും വെട്ടി വിയര്‍ത്തു. പശ തേച്ച് വടി പോലെയാക്കിയിരുന്ന ഖദര്‍ ഷര്‍ട്ടുകള്‍ വിയര്‍പ്പില്‍ കുളിച്ച് കഞ്ഞിപ്പരുവമാവാന് തുടങ്ങി.
'' ലക്ഷണം തീരെ ശരിയല്ല. ഇങ്ങട് വരുന്നൂന്ന് പറയാന്‍ വിളിച്ചപ്പോള്‍ മൊബൈല്‍ എടുക്കാന്‍ നീട്ടിയ കൈ കൊണ്ട് തൊട്ടടുത്തുണ്ടായിരുന്ന നിലവിളക്ക് മറിഞ്ഞുവീണ് തിരിയങ്ങട് കെട്ടുപോയി. മുറ്റത്ത് കെട്ടിയിട്ടുള്ള നായ ആണെങ്കില്‍ കുര ഒട്ട് നിര്ത്തണൂല്ല. '' കവടി നിരത്തിക്കൊണ്ട് കണിയാര് പിറുപിറുത്തു. ഉമ്മന്‍ മുല്ലനെയും മുല്ലന് ഉമ്മനെയും മാറി മാറി നോക്കി. രണ്ടു പേരും ഒരക്ഷരം മിണ്ടിയില്ല. ഇതിപ്പോള്‍ ഒന്നും മിണ്ടാതിരിക്കുന്നതാണ് നല്ലത്. വയനാട്ടിലേക്ക് ചെക്കന് വരുമെന്ന് പറഞ്ഞത ഇത്രയും കുഴപ്പമുണ്ടാക്കുമെന്ന് ആരെങ്കിലും കരുതിയോ. ഉമ്മന്‍ കണ്ണു ചിമ്മുകയും മുല്ലന് പല്ല് ഞെരിക്കുകയും ചെയ്തുകൊണ്ടിരുന്നു. കണിയാര് രണ്ടുപേരുടെയും മുഖത്തേക്ക് നോക്കിയില്ല. പ്രശ്നത്തില്‍ തെളിഞ്ഞ കാര്യങ്ങള്‍ കണിയാരെ തളര്‍ത്തിയ പോലെ തോന്നി. സംഗതി കണിയാരാണെങ്കിലും ചിന്തയിലും പ്രവൃത്തിയിലും ഒരു കോണ്ഗ്രസ്സുകാരനാണെന്നതും അതില്‍ തന്നെ എ ഗ്രൂപ്പുകാരനാണെന്നതും കണിയാരുടെ മുഖത്ത് എഴുതിവെച്ചിട്ടുണ്ടായിരുന്നു.
'' എവിടെയാണ് പാളിയത്? '' ഉമ്മനും മുല്ലനും ഒരേ സമയം ചോദിച്ചു. ഈ ഒത്തൊരുമ ഇവര്‍ക്ക് എപ്പോഴുമുണ്ടായിരുന്നെങ്കില് പാര്‍ട്ടി എവിടെയെത്തുമായിരുന്നെന്നന്ന് നിരാശാഭരിതനായ കാമുകനെപ്പോലെ കണിയാര് മനസ്സില്‍ ചോദിച്ചു.
'' ചാത്തന്മാരുടെ സാന്നിദ്ധ്യമാണ് കാണുന്നത്. വയനാട്ടിലേക്ക് ഇറങ്ങാന്‍ ചെക്കന് തയ്യാറാണെങ്കിലും ചാത്തന്മാര് സമ്മതിക്കുന്നില്ല. '' വെള്ളെഴുത്തു കണ്ണട മൂക്കില്‍ നിന്ന് മാറ്റിവെച്ച് കണിയാര് ധ്യാന നിരതനായി. ആശങ്കയും ഉത്കണ്ഠയും ഇഴജീവികളെപ്പോലെ കാല് വിരല്‍ തൊട്ട് അരിച്ചുകയറുന്നത് ഉമ്മനും മുല്ലനുമറിഞ്ഞു.
'' കടുത്ത ക്രിയയാണ് നടന്നിരിക്കുന്നത്. ചാത്തന്മാര് കോപിച്ചിരിക്കുന്നു. വയനാടല്ല പ്രശ്നം. ചെക്കന് വയനാട്ടെത്തിയാല് വടകരയും കണ്ണൂരും കാസര്‍കോടുമടക്കം പ്രകമ്പനമുണ്ടാവും. വടകരയും കണ്ണൂരും കാസര്‍കോടുമൊക്കെ ചാത്തന്മാരുടെ തറവാടുകള്‍ ഉള്ള കാര്യം ഞാനായിട്ട് പറയേണ്ടതില്ലല്ലോ . ''
'' ചാത്തന്മാര് ഒന്നിളകുമെന്ന് അറിയാമായിരുന്നു. പക്ഷേ, ഇവര്‍ക്ക് അങ്ങ് ഡെല്‍ഹിയിലും ഇത്ര പിടിയുണ്ടെന്ന് നിരീച്ചിരുന്നില്ല. '' ഉമ്മന്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.
കളി തന്നോടാണോ എന്ന മട്ടില്‍ കണിയാര് ഉമ്മനെ നോക്കി. ഉമ്മന്റെ കണ്ണു ചിമ്മിക്കൊണ്ടേയിരുന്നതിനാല് ഉള്ളിലേക്ക് നോക്കാനുള്ള കണിയാരുടെ ശ്രമം വൃഥാവിലായി. മുല്ലനാണെങ്കില് കണ്ണു തുറക്കാതെ പല്ല് ഞെരിക്കല്‍ തുടരുകയാണ്. ഇവന്മാരില് നിന്ന് എന്തെങ്കിലും കിട്ടണമെങ്കില്‍ ഈ ജന്മം പോരാതെ വരുമെന്ന് കണിയാര് അപ്പോള്‍ തിരിച്ചറിഞ്ഞു. ആ ബോധോദയത്തില്‍ കണിയാര് ഒന്നു കൂടി ധ്യാനത്തിലേക്ക് മടങ്ങി. അപ്പോള്‍ ഉമ്മന്റെ കണ്ണു ചിമ്മലും മുല്ലന്റെ പല്ല് കടിയും അടങ്ങി. കാര്യങ്ങള്‍ വിചാരിച്ചതുപോലെ തന്നെയാണല്ലോ വരുന്നതെന്നോര്‍ത്തപ്പോള്‍ ഉമ്മന്റെ മനസ്സൊന്നു തണുത്തു. മുല്ലന്റെ മുഖം അപ്പോഴും കടന്നല്കൂടുകൂട്ടിയതു പോലെ തന്നെയിരുന്നു.
'' പ്രതിവിധി ? '' ഇത്തവണയും ഉമ്മനും മുല്ലനും ഒരേ സമയം ഒന്നിച്ച് ഒരേ താളത്തിലും ഭാവത്തിലും തന്നെയാണ് ചോദിച്ചത്.
കണിയാര് കണ്ണു തുറന്നില്ല. '' പ്രതിവിധിയുണ്ട്. ഒന്നുകില്‍ വയസ്കര പോറ്റി അല്ലെങ്കില്‍ കടമറ്റത്തു കത്തനാര് .''
കണിയാരെന്തു തേങ്ങയാണ് പറയുന്നതെന്ന അര്‍ത്ഥത്തില്‍ മുല്ലന് പല്ലൊന്നാഞ്ഞു ഞെരിച്ചു. ഉമ്മന്‍ ഒന്നും മിണ്ടിയില്ല. പക്ഷേ, കാര്യം പിടികിട്ടിയ പോലെ കണ്ണു ചിമ്മല്‍ നിന്നു. ആ പ്രശസ്തമായ പുഞ്ചിരി കടമിഴിക്കോണുകളിലും ചുണ്ടുകളിലും തിളങ്ങി. മുല്ലന് വീണ്ടും വീണ്ടും കവടിയിലേക്ക് നോക്കി. അപ്പോള്‍ അവിടെ രണ്ടു പോപ്പുമാരുടെ ചിത്രം മഷിയില്‍ വരച്ചിട്ടപോലെ തെളിഞ്ഞുകിടപ്പുണ്ടായിരുന്നു. ഒന്ന് നമ്മുടെ ലോക്കല്‍ കോട്ടയം പോപ്പ് , രണ്ടാമന്റെ മുഖം മുല്ലന് അത്രയ്ക്കങ്ങ് പിടികിട്ടിയില്ല. എറണാകുളത്താണോ തൃശ്ശൂരിലാണോ ടിയാനെ കണ്ടതെന്ന കാര്യത്തില്‍ ചെറിയൊരു സംശയം. ഉമ്മന്റെ മുഖം കാര്മേഘങ്ങളൊഴിഞ്ഞ് തെളിഞ്ഞ ചിങ്ങത്തിലെ ആകാശം പോലെ പ്രസന്നമായിരുന്നു. ചാത്തന്മാരെ നേരിടാന്‍ ഇതിലും പറ്റിയ വേറെയാരാണുള്ളത്. വിപ്ലവം തോക്കിന് കുഴലിലൂടെയല്ലെന്നും കവടിയിലൂടെയാണ് സംഭവിക്കുകയെന്നും പറഞ്ഞ തന്റെ ആ പഴയ ഗുരുവിനെ ഉമ്മന്‍ സ്നേഹത്തോടെ ഓര്‍ത്തു. പൊടുന്നനെ നിലവിളക്കിലെ അണഞ്ഞുപോയ തിരി ആരോ കത്തിച്ചിട്ടെന്ന പോലെ കത്തി. തൊടിയില്‍ നായയുടെ രോദനം നിലച്ചു. കണിയാര് കണ്ണ് തുറന്നു.
'' അപ്പോള്‍ പ്രതീക്ഷയ്ക്ക് വകയുണ്ട് ? '' മുല്ലനാണ് ചോദിച്ചത്. കണിയാര് ഉമ്മനെ നോക്കി. മീശയൊന്നും കണക്കാക്കേണ്ടെന്നും കാര്യങ്ങള്‍ പിടികിട്ടാന്‍ ലേശം താമസമുണ്ടാവുമെന്നും ഉമ്മന്‍ ആംഗ്യം കാട്ടി. കണിയാര് പലക മടക്കി.
'' ചെക്കനൊന്നു വന്നോട്ടെ , വേതനം പണമായോ നെല്ലായോ ഇവിടെ എത്തിച്ചിരിക്കും. '' ഉമ്മന്‍ മുല്ലന്റെ തോളില്‍ പിടിച്ച് എഴുന്നേറ്റു.
'' രണ്ടായാലും കുഴപ്പമില്ല. എത്തിച്ചാല്‍ മതി. അതിനായി ഇനിയിപ്പോള്‍ കവടി വീണ്ടുമെടടുപ്പിക്കരുത്. '' വാക്കുകളില്‍ വെണ്ണ പുരട്ടാതെ കണിയാര് കട്ടായം പറഞ്ഞു.
'' ചെക്കന് വരണം , വന്നേ തീരു .... ഇല്ലെങ്കില്‍ നമ്മളാണ് .... '' മുല്ലന് പറഞ്ഞവസാനിപ്പിക്കുന്നതിനു മുമ്പ് ഉമ്മന്റെ പിടി വീണു. '' അറം പറ്റുന്നതൊന്നും പറയരുത്. ചാത്തന്മാര്ക്ക് വേണ്ടത് നമ്മള് കൊടുത്തിരിക്കും. '' ഉമ്മന്റെ വാക്കുകള്‍ ആര്‍ദ്രവും ശാന്തവുമായിരുന്നു..... അതിന്റെ കുളിര്‍മ്മയില്‍ ദിവസങ്ങള്‍ക്കു ശേഷം ഇതാദ്യമായി മുല്ലന് മനസ്സുഖമെന്തെന്നറിഞ്ഞു... അപ്പോള്‍ പുറത്ത് മാനന്തവാടിക്കുള്ള ആദ്യ വണ്ടി പുറപ്പെടാന്‍ തയ്യാറായി കാത്തുകിടപ്പുണ്ടായിരുന്നു.
content highlights: vazhipokkan,wayanad, rahul gandhi, oommen chandy, mullappally ramachandran