വനിതാ മതില് ഒരേ സമയം പ്രതീകവും സൂചകവുമാണ്. പിണറായി വിജയന് നേതൃത്വം നല്കുന്ന സര്‍ക്കാരും സിപിഎമ്മും നടന്നുതുടങ്ങുന്ന പുതിയ വഴിയിലേക്കാണ് വനിതാ മതില് തുറക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഈ വഴി അത്ര പുതിയതല്ല. അടുത്തിടെയായി രാഹുല്‍ഗാന്ധി നടന്നുകൊണ്ടിരിക്കുന്ന വഴിയാണിത്. സോമനാഥക്ഷേത്ര ദര്‍ശനവും കൈലാസ തീര്‍ത്ഥയാത്രയും പൂണൂല്‍ധാരിയായ നേതാവിന്റെ പ്രതിച്ഛായയും ഈ വഴിയിലൂടെയുള്ള യാത്രയായിരുന്നു. ഹിന്ദുക്കളെ ബിജെപിക്ക് വിട്ടുകൊടുക്കാനാവില്ലെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തിരിച്ചറിവ് തന്നെയായിരുന്നു ഈ വഴിയുടെ തിരഞ്ഞെടുപ്പില്‍ കലാശിച്ചത്.
കോണ്‍ഗ്രസ് ഹിന്ദുക്കള്‍ക്കെതിരാണ് എന്ന കൃത്യമായ സമീപനത്തിനു പുറത്താണ് ബിജെപിയും സംഘപരിവാറും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രായോഗിക തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയത്. ഹിന്ദുത്വയിലൂന്നിയ ഈ രാഷ്ട്രീയ നിലപാടുകളിലൂടെ ബിജെപിക്ക് വന്‍ നേട്ടം കൊയ്യാനായി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം നേടിക്കൊണ്ട് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണ്ണായക മുന്നേറ്റങ്ങളാണ് ബിജെപി നടത്തിയത്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെപ്പോലും നിര്‍ത്താതെ ബിജെപി കളിച്ച കളി ഒന്നുവേറെ തന്നെയായിരുന്നു. ഒരു പക്ഷേ, ഈ കളിയായിരിക്കണം കോണ്‍ഗ്രസിന്റെ കണ്ണുതുറപ്പിച്ചത്. ന്യൂനപക്ഷ പ്രീണനം അതിരുകടക്കുന്നുണ്ടെന്ന പ്രതീതി മുന്‍നിര്‍ത്തി ബിജെപിയും സംഘപരിവാറും രാഷ്ട്രീയ നേട്ടം കൊയ്യുന്നുണ്ടെന്ന സൂചനകള്‍ ഉള്‍ക്കൊള്ളിച്ച എ കെ ആന്റണിയുടെ റിപ്പോര്‍ട്ട് ഒന്നുകൂടി ആഴത്തില്‍ പഠിക്കേണ്ടതായുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതും ഈ ഘട്ടത്തിലായിരിക്കണം. രാഹുല്‍ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ക്ക് വ്യാപക പ്രചാരണം നല്കാന് കോണ്‍ഗ്രസ് തുടങ്ങിയത് ഈ പരിസരത്തിലാണ്. കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ക്കെതിരെ ആഞ്ഞടിക്കാനും അംബാനി - അദാനിമാരുമായുള്ള ബിജെപി സര്‍ക്കാരിന്റെ ചങ്ങാത്ത മുതലാളിത്തത്തെ രൂക്ഷമായി വിമര്‍ശിക്കാനും രാഹുല്‍ഗാന്ധി പ്രത്യേകം മനസ്സിരുത്തുകയും ചെയ്തു.
ഗുജറാത്തില്‍ ഈ നീക്കങ്ങള്‍ കോണ്‍ഗ്രസിനെ വിജയത്തിന്റെ വക്കിലെത്തിച്ചിരുന്നു. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ചത്തിസ്ഗഡിലും ഈ രാഷ്ട്രീയ നിലപാടുകള്‍ കോണ്‍ഗ്രസിന് വിജയം സമ്മാനിക്കുകയും ചെയ്തു. ഒരര്‍ത്ഥത്തില്‍ ഇത് നൂല്പാലത്തിലൂടെയുള്ള യാത്രയാണ്. ഹിന്ദുക്കളെ ബിജെപിക്ക് വിട്ടുകൊടുക്കാതിരിക്കുമ്പോള്‍ തന്നെ ന്യൂനപക്ഷങ്ങളെ എങ്ങിനെയാണ് കൂടെ നിര്‍ത്തേണ്ടതെന്ന ധര്‍മ്മസങ്കടവും കോണ്‍ഗ്രസിന് നേരിട്ടേ മതിയാവൂ. ശബരിമലയില്‍ യുവതീ പ്രവേശത്തെ എതിര്‍ക്കുമ്പോള്‍ തന്നെ മുത്തലാക്ക് ബില്‍ രാജ്യസഭയില്‍ പാസ്സാക്കാന്‍ അനുവദിക്കില്ലെന്ന കോണ്‍ഗ്രസ് നിലപാട് ഈ ധര്‍മ്മസങ്കടത്തിന്റെ പ്രതിഫലനമാണ്. 15 വര്‍ഷങ്ങള്‍ക്കു ശേഷം മദ്ധ്യപ്രദേശിന് ഒരു മുസ്ലിം മന്ത്രിയെ നല്കാന് കമല്‍നാഥ് തയ്യാറായതിനെയും ഈ വെളിച്ചത്തില്‍ തന്നെയാണ് കാണേണ്ടത്.
ഈ ധാരണയിലേക്കാണ് പിണറായി വിജയനും സിപിഎമ്മും ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നൊളിച്ചോടുകയല്ല അവയെ സധൈര്യം നേരിടുകയാണ് വേണ്ടതെന്ന വിവേകവും പ്രതിഫലനവും ഈ നീക്കത്തിലുണ്ട്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ തുടങ്ങേണ്ടത് എ കെ ജി ഭവനില്‍ നിന്നല്ല വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ നിന്നാണെന്ന തിരിച്ചറിവാണ് ഇതിന് പിന്നില്‍. എസ്എന്‍ഡിപിയും ദളിത്സമൂഹവും അണിനിരക്കുന്ന ഒരു പെണ്മതിലിനെ നേരിടുകയെന്നത് സംഘപരിവാറിന് ഒരിക്കലും എളുപ്പമാവില്ലെന്ന സാമാന്യബുദ്ധിയുടെ പ്രകാശവും ഇവിടെയുണ്ട്. എന്‍ എസ് എസ് സഹയാത്രികനായ ബാലകൃഷ്ണപിള്ളയുടെ കേരളകോണ്‍ഗ്രസിനെ ഇടതുമുന്നണിയിലേക്കെടുത്തതും ഇക്കഴിഞ്ഞ ദിവസങ്ങളിലാണെന്നത് രാഷ്ട്രീയ നിരിക്ഷകര്ക്ക് കാണാതിരിക്കാനാവില്ല. മുസ്ലിംലീഗിനെ കൂടെക്കൂട്ടില്ലെന്ന് നാഴികയ്ക്ക് നാല്പതുവട്ടം ആവര്‍ത്തിക്കുമ്പോഴും ഇന്ത്യന്‍ നാഷനല്‍ ലീഗിനെ ഇടതുമുന്നണിയിലേക്ക് സ്വീകരിക്കുന്നതിന് ഒരു വിധത്തിലുള്ള മന:പ്രയാസമുണ്ടാകുന്നില്ലെന്നതും ഇതോടൊപ്പം തന്നെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
വരട്ടുവാദങ്ങളില്‍ നിന്ന് സിപിഎം യാഥാര്‍ത്ഥ്യത്തിന്റെ ഭൂമികകളിലേക്ക് വരികയാണ്. കണ്ണൂരില്‍ പി ജയരാജനും കൂട്ടരും ശ്രികൃഷ്ണജയന്തികള് ഏറ്റെടുത്ത ചരിത്രത്തിന്റെ തുടര്‍ച്ച കൂടിയാണിത്. അമേരിക്കയില്‍ പഠനം കഴിഞ്ഞ് ജയപ്രകാശ്നാരായണ്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് മാര്‍ക്സിസത്തിന്റെ തിരികള്‍ ഉള്ളിലേറ്റിക്കൊണ്ടാണ്. പക്ഷേ, ഇന്ത്യയില്‍ ഗാന്ധിജിയെ തള്ളിപ്പറഞ്ഞഇടതുപക്ഷ രാഷ്ട്രീയം ജയപ്രകാശിന് ഉള്‍ക്കൊള്ളാനായില്ല. ഗാന്ധിക്കും മാര്‍ക്സിനുമിടയില്‍ സമന്വയത്തിന്റെ വഴിയാണ് ജയപ്രകാശ് അന്വേഷിച്ചത്. ഈ അന്വേഷണത്തില്‍ വഴികാട്ടിയായത് ഒരൊറ്റ ചോദ്യമായിരുന്നെന്ന് ജെപി രേഖപ്പെടുത്തുന്നുണ്ട്. '' എന്തുകൊണ്ടാണ് മനുഷ്യന് നന്മ ചെയ്യുന്നത് ? '' ഈ ചോദ്യമാണ് ജെപിയെ സമ്പൂര്‍ണ്ണ വിപ്ലവം എന്ന ആശയത്തിലേക്കെത്തിച്ചത്. ഗാന്ധിയുടെയും മാര്‍ക്സിന്റെയും സമന്വയമായിരുന്നു അതിന്റെ കാതല്‍. ഇന്ദിരയുടെ ഏകാധിപത്യ വാഴ്ചയുടെ പരിസരത്തിലായിരുന്നു ജെപിയുടെ സമ്പൂര്‍ണ്ണവിപ്ലവം ആവിഷ്കരിക്കപ്പെട്ടത്. ഈ ആശയപരിസരത്തില്‍ നിന്ന് അംബദ്കറെയും ഒഴിച്ചുനിര്ത്താനാിവില്ലെന്ന് ഇന്നിപ്പോള്‍ കോണ്‍ഗ്രസും ഇടതുപക്ഷവും തിരിച്ചറിയുകയാണ്. രാഹുല്‍ഗാന്ധിയാണ് ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന് ചെന്നൈയില്‍ പ്രഖ്യാപിച്ചപ്പോള്‍ തൊട്ടുത്ത് തന്നെ പിണറായി വിജയന് ഉണ്ടായിരുന്നുവെന്നത് ചരിത്രപരമായ യാദൃശ്ചികതയാവുന്നത് ഈ പശ്ചാത്തലത്തിലാണ്.
content highlights: Vazhipokkan on Sabarimala issue and women wall