തട്ടിക്കൊണ്ടുപോകുന്നവരെ പ്രേമിക്കുന്നവരുണ്ട്. സ്റ്റോക്ഹോം സിന്‍ഡ്രോം എന്നാണ് ഈ പ്രതിഭാസത്തെ മന:ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. 1973 ല്‍ സ്വീഡനിലെ സ്്റ്റോക്ഹോമില്‍ ഒരു ബാങ്കില്‍ ആറു ദിവസത്തോളം തടവുകാരാക്കപ്പെട്ട നാല് ജീവനക്കാരില്‍ ഒരാള്‍ പിന്നീട് പറഞ്ഞത് പോലീസിനേക്കാള്‍ തനിക്ക് വിശ്വാസം തന്നെ ബന്ദിയാക്കിയവരെയാണെന്നായിരുന്നു. സ്റ്റോക്ഹോം സിന്‍ഡ്രോം എന്ന സംജ്ഞയുടെ ഉത്ഭവം അങ്ങിനെയാണ്. അമേരിക്കയിലെ ഒരു പത്രത്തിന്റെ ഉടമയായിരുന്ന പട്രീഷ്യ ഹേഴ്സ്റ്റ് തന്നെ തട്ടിക്കൊണ്ടുപോയ വിപ്ലവകാരികളെ ഒരു ബാങ്ക് കൊള്ളയടിക്കാന്‍ സഹായിച്ചതും ചരിത്രമാണ്. തട്ടിക്കൊണ്ടുപോകുന്നവര്‍ വെറും കൊള്ളക്കാരല്ലെന്നും ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടെന്നുമുള്ള തിരിച്ചറിവാകാം ചിലപ്പോള്‍ ഇത്തരം മനം മാറ്റങ്ങള്‍ക്ക് പിന്നില്‍. കേരളത്തില്‍ ഇപ്പോള്‍ സ്റ്റോക്ഹോം സിന്‍ഡ്രോമിന് ഒരുദാഹരണമുണ്ടെങ്കില്‍ അത് മുന്‍ മന്ത്രിയും നിലവില്‍ എംഎല്‍എയുമായ കെ ടി ജലീല്‍ ആണെന്നാണ് പുതിയ വിവരം.

ഈ വിവരം പുറത്തുവിട്ടിരിക്കുന്നത് സഖാക്കളുടെ സഖാവും തുടര്‍ച്ചയായി രണ്ടാം വട്ടം മുഖ്യമന്ത്രിയായ ഏക സിപിഎം നേതാവെന്ന ഖ്യാതിയുമുള്ള സാക്ഷാല്‍ പിണറായി വിജയനാണെന്നതാണ് ഏറെ ശ്രദ്ധേയം. ചുമ്മാ എവിടെയും എന്തും പറയുന്ന ആളല്ല പിണറായി. അതുകൊണ്ടുതന്നെ ജലീലിന് ഇഡിയോട് ഇപ്പോള്‍ കുറച്ച് സ്നേഹക്കൂടുതലുണ്ടെന്ന് പിണറായി പറയുമ്പോള്‍ അതൊരു വെറും പറച്ചിലല്ലെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുരയിലേക്ക് പോകേണ്ട കാര്യം സാദാ മലയാളികള്‍ക്കില്ല. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡി ചോദ്യം ചെയ്തതോടെയാണ് ജലീലിന് മാനസിക പരിവര്‍ത്തനം ഉണ്ടായതെന്നാണ് സൂചന. ഇഡി വെറുമൊരു അന്വേഷണ ഏജന്‍സിയല്ലെന്നും സത്യം , സമത്വം , സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കാനായി പരംപൊരുള്‍ നിയോഗിച്ചിട്ടുള്ള അവതാരമാണെന്നും ജലീലിന് ബോധോദയമുണ്ടായിട്ടുണ്ടാവണം. മനുഷ്യരുടെ കാര്യമല്ലേ ! ഒരാള്‍ക്ക് ഇന്ന സമയത്തേ ബോധം വരാവൂ എന്ന് ഭരണഘടനയില്‍ എഴുതിവെച്ചിട്ടൊന്നുമില്ലല്ലോ!

ജലീല്‍ ഒരു ഡബിള്‍ ഏജന്റായിക്കഴിഞ്ഞിരിക്കുന്നു എന്നാണ് പിണറായിയുടെ ധ്വനി എന്ന് സംശയിക്കുന്നവരുണ്ട്. ഒരേ സമയം അമേരിക്കയ്ക്കും  സോവിയറ്റ് യൂണിയനും വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയവരുണ്ട്. ഈ ഇരട്ട ജീവിതം തിരിച്ചറിയപ്പെടുന്നതോടെ അവരുടെ പൊതുജീവിതത്തിന് അവസാനമാവും. ജലീലില്‍ ഒരു ട്രോജന്‍ കുതിര ഒളിച്ചിരിപ്പുണ്ടെന്ന് പിണറായി സൂചിപ്പിച്ചതോടെ പാര്‍ട്ടി ഒന്നടങ്കം ജാഗ്രതയിലാഴുകയും ഉറക്കം ഉപേക്ഷിക്കുകയും ചെയ്തതായാണ് എകെജി സെന്ററില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഒരു തരത്തിലുള്ള വ്യക്തിവിരോധത്തിനും മറയാക്കാനുള്ള ഉപകരണമല്ല സിപിഎമ്മും സഹകരണവകുപ്പും എന്നാണ് സഹകരണ മന്ത്രി വാസവന്‍ പറയുന്നത്. മരിയൊ പുസൊയുടെ ഗോഡ്ഫാദര്‍ എന്ന നോവലില്‍ മഫിയ തലവന്‍ വിറ്റൊ കോര്‍ലിയോണ്‍ ആവര്‍ത്തിച്ച് പറയുന്ന ഒരു വാക്യം ബിസിനസ്സില്‍ വ്യക്തിപരമായ കാര്യങ്ങള്‍ വലിച്ചിഴക്കരുതെന്നാണ്. വ്യക്തി വേറെ കച്ചവടം വേറെ എന്ന് സാരം.

ചരിത്ര വിദ്യാര്‍ത്ഥിയും ചരിത്ര അദ്ധ്യാപകനുമാണ് ജലീല്‍ എന്നാണ് പറയപ്പെടുന്നത്. പക്ഷേ, കഴിഞ്ഞ 15 വര്‍ഷമായി സിപിഎം കൂടാരത്തില്‍ അന്തിയുറങ്ങിയിട്ടും പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും ജലീലിന് അറിയില്ലെന്നു വരുന്നതുപോലൊരു തമാശ മറ്റൊന്നില്ല. ഭരണകൂടം കൊഴിഞ്ഞുപോകുമെന്ന മാര്‍ക്സിയന്‍ സങ്കല്‍പത്തെക്കുറിച്ചും ജലീലിന് വിവരമേതുമില്ലെന്ന് വേണം കരുതാന്‍. തൊഴിലാളി സര്‍വ്വാധിപത്യം പൂര്‍ണ്ണമാവുമ്പോള്‍ വര്‍ഗ്ഗ രഹിത സമൂഹം ഉടലെടുക്കുമെന്നും അതോടെ ഭരണകൂടം നിരര്‍ത്ഥകമാവുമെന്നും സ്വാഭാവിക മരണം പ്രാപിക്കുമെന്നുമുള്ള വിലയിരുത്തലാണത്. കേരളത്തില്‍ ഇപ്പോള്‍ ഭരണകൂടമില്ല. പകരം ഭരണവര്‍ഗ്ഗമാണുള്ളത്. ഈ വര്‍ഗ്ഗത്തിന് ജാതിയോ മതമോ പാര്‍ട്ടിയോ ഇല്ല. മെത്രാന്മാരും മൗലവിമാരും തന്ത്രിമാരും ഒരു പോലെ ഭാഗഭാക്കാവുന്ന വര്‍ഗ്ഗമാണിത്. കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ചാണ്ടിയും മാത്രമല്ല പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കണ്ണിചേരുന്ന ഈ വര്‍ഗ്ഗമാണ് കേരളത്തില്‍ കാര്യങ്ങള്‍ മുന്നോട്ടും പിന്നോട്ടും കൊണ്ടുപോകുന്നതെന്ന് മനസ്സിലാവാതെ വരുമ്പോഴാണ് ജലീല്‍ വെറും ശശിയായി മാറുന്നത്.

jaleel -pinarayi
കെ.ടി.ജലീല്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇ.പി.ജയരാജനുമൊപ്പം (ഫയല്‍) |ഫോട്ടോ:പി.പി.ബിനോജ്/മാതൃഭൂമി

ഐസ്‌ക്രീം പാര്‍ലര്‍ , ടി പി ചന്ദ്രശേഖരന്‍ വധം എന്നീ രണ്ട് കേസുകള്‍ മാത്രം പഠിച്ചാല്‍ ഒരു മാതിരിപ്പെട്ടവര്‍ക്കൊക്കെ ഇതിന്റെ നെല്ലും പതിരും വേര്‍തിരിച്ചെടുക്കാനാവും. അപ്പോഴാണ് ഇഡി പ്രേമം മൂത്ത് കുഞ്ഞാപ്പയെ ഒരു പാഠം പഠിപ്പിക്കാന്‍ താറും തറ്റുമുടുത്ത് ജലീലിന്റെ രംഗപ്രവേശം. ചന്ദ്രികയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഎം നിലപാട് കണ്ടപ്പോഴെങ്കിലും ജലീലിന് ബോധമുണ്ടാവേണ്ടതായിരുന്നു. വിപ്ലവം തുടങ്ങി വെയ്ക്കാന്‍ മാത്രമേ വികാരം ആവശ്യമുള്ളുവെന്നും പിന്നീടങ്ങോട്ട് വിചാരം തന്നെയായിരിക്കണം വിപ്ലവകാരികളെ നയിക്കേണ്ടതെന്നുമുള്ള മാവോ വചനവും ജലീല്‍ മറന്നുപോയി.

ഇനിയിപ്പോള്‍ ജലീല്‍ ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വരും. ഈ ഘട്ടത്തില്‍ ജലീല്‍ ഓര്‍ക്കേണ്ട ഒരാളുണ്ടെങ്കില്‍ അത് സഖാവ് വി എസ് അച്യുതാനന്ദനാണ്. 2012 മെയ് നാലിനാണ് ടി പി ചന്ദ്രശേഖരന്‍ അതിനിര്‍ദ്ദയമായി കൊല്ലപ്പെട്ടത്. അതിന്റെ എട്ടാം നാള്‍ വി എസ് ഒരു പത്രസമ്മേളനം നടത്തി.  ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് പാര്‍ട്ടി സെക്രട്ടറി വിളിച്ചതിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് വി എസ് പറഞ്ഞു : ''വര്‍ഷങ്ങള്‍ക്ക് മുമ്പ് സഖാവ് ഡാങ്കെ ഞങ്ങളെ ഒറ്റുകാര്‍ എന്ന് വിളിച്ചു'' അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേരെയാണ് ഡാങ്കെ അങ്ങിനെ വിളിച്ചത്. ആ 32 പേരില്‍ വിഎസ്സുമുണ്ടായിരുന്നു. അവരാണ് സിപിഎമ്മിന് രൂപം നല്‍കിയത്. അന്ന് കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും തെറ്റ് തിരുത്തലിനും ഡാങ്കെ മുന്‍കൈ എടുത്തിരുന്നെങ്കില്‍ പാര്‍ട്ടി രണ്ടാകുമായിരുന്നില്ല എന്നാണ് വി എസ് പറഞ്ഞത്. ടി പി ചന്ദ്രശേഖരനെപ്പോലൊരു കമ്മ്യൂണിസ്റ്റുകാരനെ പാര്‍ട്ടി കൂടെ നിര്‍ത്തണമായിരുന്നുവെന്ന് അര്‍ത്ഥശങ്ക ഏതുമില്ലാതെയാണ് അന്ന് വിഎസ് പറഞ്ഞത്.

ചന്ദ്രശേഖരന്‍ വധക്കേസിലെ അട്ടിമറികള്‍ തടയാന്‍  പക്ഷേ, വി എസ്സിനുമായില്ല. അപ്പോഴേക്കും അദ്ദേഹം അധികാരത്തിന് പുറത്തായിരുന്നു. പാര്‍ട്ടിക്കുള്ളിലും വി എസ് ഏകാകിയും ഒറ്റപ്പെട്ടവനുമായി. പാര്‍ട്ടികള്‍ക്കതീതമായി ഭരണവര്‍ഗ്ഗം പെരുമാറുന്നത് നിസ്സഹായതയേുടെ നോക്കിനില്‍ക്കാനേ വി എസ്സിന് കഴിഞ്ഞുള്ളു. ടി പി വധക്കേസ് അന്വേഷണം നിര്‍ണ്ണായകമായ വഴിത്തിരിവിലെത്തി നില്‍ക്കെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിഞ്ഞതും രമേശ് ചെന്നിത്തല ആ പദവിയിലേക്കെത്തുന്നതും. ഐസ്‌ക്രീ പാര്‍ലര്‍ കേസില്‍ തന്നെ സഹായിച്ചതിനുള്ള പ്രത്യുപകാരം തന്നെക്കൊണ്ടായ വിധത്തില്‍ കുഞ്ഞാപ്പ ചെയ്തതിന്റെ പ്രതിഫലനം കൂടിയായിരുന്നു ഈ അഴിച്ചുപണിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആ അച്ചുതണ്ടിനെയാണ് ഇന്നിപ്പോള്‍ ജലീല്‍ അറിയാതെയാണെങ്കിലും നോവിച്ചിരിക്കുന്നത്. വി എസ്സിനെപ്പോലൊരു ജനകീയ നേതാവിന് തകര്‍ക്കാന്‍ പറ്റാതെ പോയ അച്ചുതണ്ടാണിത്. 2011 -16 കാലത്ത് വിഎസ്സിനും മകനും നേരിടേണ്ടി വന്ന കേസുകളും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.

സാഷ്ടാഗം കാലില്‍ വീണ് നമസ്‌കരിച്ചാല്‍ കരുണാമയനായ ആശാന്‍ ചിലപ്പോള്‍ ക്ഷമിച്ചെന്നിരിക്കും. അതല്ല, ഇഡി പ്രേമം തലയ്ക്ക് പിടിച്ച് പാളയത്തില്‍ പടയ്ക്കാണ് ജലീലിന്റെ ഭാവമെങ്കില്‍ പാര്‍ട്ടിയുടെ വിശ്വരൂപം അദ്ദേഹം കാണാനിരിക്കുന്നതേയുള്ളു. മനുഷ്യരെ നയിക്കാന്‍ ആദ്യം വേണ്ടത് മനുഷ്യത്വം ഉപേക്ഷിക്കുകയാണെന്ന് എം പി നാരായണപിള്ളയുടെ പരിണാമം എന്ന നോവലില്‍ പാര്‍ട്ടി സെക്രട്ടറി പറയുന്നുണ്ട്.  നാണപ്പന്റെ ആ നോവല്‍ ഇതുവരെ വായിച്ചിട്ടില്ലെങ്കില്‍ ഈ നിര്‍ണ്ണായക ഘട്ടത്തില്‍ അതൊന്നു വായിക്കാന്‍ മിനക്കെടുന്നത് നന്നായിരിക്കുമെന്ന്‌ മാത്രമേ ജലീലിനോട് പറയാനുള്ളു.

വഴിയില്‍ കേട്ടത് : അമേരിക്കയുടെയും റഷ്യയുടെയും ബ്രിട്ടന്റെയും ചാരത്തലവന്മാര്‍ ഇന്ത്യ സന്ദര്‍ശിച്ചെന്ന് വാര്‍ത്ത. സ്വന്തം ജനതയുടെ മേല്‍ ഇത്രയും സുന്ദരമായി ചാരപ്പണി നടത്തുന്നതിന്റെ രഹസ്യമറിയാനായിരിക്കാം ത്രിമൂര്‍ത്തികളുടെ വരവ്!