ആദ്യമേ പറയട്ടെ , ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞതുപോലെ എക്സിറ്റ്പോളുകളല്ല അന്തിമ വാക്ക്. 1999 മുതലുള്ള ഭൂരിഭാഗം എക്സിറ്റ്പോളുകളും തെറ്റായിരുന്നുവെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ചൂണ്ടിയാണ് ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. പക്ഷേ, 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എക്സിറ്റ് പോളുകള്‍ മിക്കവാറും ശരിയായിരുന്നു. അതുകൊണ്ടുതന്നെ ബിജെപിയുടെ സന്തോഷം അടിസ്ഥാനരഹിതമാണെന്ന് പറയേണ്ട കാര്യമില്ല. കടുത്ത സംഘം പ്രവര്‍ത്തകനായിരുന്നെങ്കിലും ഉപരാഷ്ട്രപതി സ്ഥാനത്തിരുന്നുകൊണ്ട് എക്സിറ്റ്പോളുകളെ പിന്താങ്ങേണ്ടതില്ല എന്ന് വെങ്കയ്യാജി തീരുമാനിച്ചതാവാനും വഴിയുണ്ട്. എന്തൊക്കെയായാലും ഈ നിമിഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പാനപാത്രങ്ങള്‍ നിറഞ്ഞുകവിഞ്ഞൊഴുകുകയാണ്. ത്രി ചിയേഴ്സ് ടു ഇന്ത്യന്‍ ജനാധിപത്യം. ബിജെപിക്കുള്ളത് ബിജെപിക്കും കോണ്‍ഗ്രസ്സിനുള്ളത് കോണ്‍ഗ്രസ്സിനും തരാതരം പോലെ ലഭ്യമാവട്ടെ. ഇരുവര്‍ക്കും കിട്ടിയ ശേഷം എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഇടതുപക്ഷത്തിനും ഇരിക്കട്ടെ. ഈ ഇന്ത്യാമഹാരാജ്യത്ത് ആരുടെയും കഞ്ഞികുടി മുട്ടരുത് എന്ന പ്രാര്‍ത്ഥന മാത്രമേ മോദിജിയെപ്പോലെ നമുക്കുമുള്ളൂ.
എക്സിറ്റ് പോളുകള്‍ കണ്ട് മനം തകര്‍ന്ന് രാഹുല്‍ജി വീണ്ടും വിപാസന ചെയ്യാന്‍ ടിബറ്റിലേക്ക് സ്ഥലം വിട്ടോയെന്നറിയില്ല. അതോ,മെയ് 23 വരെ കാത്തിരിക്കുന്നതാവും ബുദ്ധിയെന്ന് ദീദിയും പവാര്‍ജിയും പറഞ്ഞതുകേട്ട് ഡല്‍ഹിയില്‍ തന്നെ വിപാസനയാവാമെന്ന് വെച്ചോ എന്നുമറിയില്ല. എന്തായാലും ഇതിലൊന്നും ഒരു കുലുക്കവുമില്ലാത്ത ഒരാളുണ്ടെങ്കില്‍ അത് നമ്മുടെ സഖാവ് പ്രകാശ് കാരാട്ടാണ്. ഒരുമാതിരി ഭൂമികുലുക്കമൊന്നും സഖാവിനെ ബാധിക്കാറില്ല. യെച്ചൂരിയും കോടിയേരിയുമൊക്കെ ഇനിയെന്തുചെയ്യുമെന്നാലോചിച്ച് തെക്ക് വടക്ക് ഓടിനടക്കുമ്പോള്‍ സഖാവ് കാരാട്ട് ഡല്‍ഹിയിലെ ഫ്ളാറ്റില്‍ സഖാവ് ലെനിന്‍ പണ്ട് പ്രതിവിപ്ലവകാരികളെ നേരിട്ടതെങ്ങിനെയാണെന്നത് ഒന്നുകൂടി വായിച്ച് താത്വിക അടിത്തറ ഉറപ്പിക്കുന്നുണ്ടാവും. അടിത്തറയില്ലെങ്കില്‍ കമ്മ്യൂണിസമെന്നല്ല ഒരിസവും രക്ഷപ്പെടില്ലെന്ന് സഖാവിന് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.
നമുക്ക് എക്സിറ്റ് പോളുകളിലേക്ക് തന്നെ വരാം. ഉത്തര്‍പ്രദേശ് ഒഴികെയുള്ള ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയുടെ നില സുഭദ്രമാണെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്. അതായത് ബിഹാര്‍ , മദ്ധ്യപ്രദേശ് , രാജസ്ഥാന്‍ , ചത്തിസ്ഗഡ്, ഡെല്‍ഹി എന്നിവിടങ്ങളിലൊക്കെ കോണ്‍ഗ്രസ് കണ്ട സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ മാത്രമാവുന്നു. യുപിയില്‍ പോലും പ്രതിപക്ഷം കണക്കുകൂട്ടിയ തിരിച്ചടി ബിജെപിക്കുണ്ടാവുന്നില്ല. ഇനി അഥവാ യുപിയിലെ തിരിച്ചടി ഇച്ചിരി കൂടിപ്പോയാല്‍ തന്നെ ബംഗാളിലും ഒഡിഷയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമുണ്ടാക്കുന്ന മുന്നേറ്റം കൊണ്ട് ബിജെപി അതിനെ മറികടക്കുന്നു. ദക്ഷിണേന്ത്യയില്‍ കേരളത്തിലും തമിഴ്നാട്ടിലും കോണ്‍ഗ്രസ്സിനുണ്ടാവുന്ന നേട്ടങ്ങള്‍ കൊണ്ട് ആത്യന്തികമായി ഒരു മെച്ചവുമില്ല. കര്‍ണ്ണാടകത്തില്‍ 2014 ലെ അവസ്ഥ ബിജെപി നിലനിര്‍ത്തുന്നു . ജനതാദള്‍ - കോണ്‍ഗ്രസ് സഖ്യം മാനത്തേക്ക് നോക്കിയിരിക്കുന്നു. ആന്ധ്രയിലും തെലങ്കാനയിലും കോണ്‍ഗ്രസ് ഗോവിന്ദ , ഗോവിന്ദ എന്ന് ജപിക്കുകയേ നിവൃത്തിയുള്ളൂ. ഒരു കാര്യവുമില്ലാതെ ആന്ധ്ര വിഭജിച്ച് രണ്ടാക്കിയതിനുള്ള കൂലിയാണ് അവിടെ ഇപ്പോഴും കോണ്‍ഗ്രസ്സിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ഭൂരിപക്ഷത്തിന് ഒരു 30 സീറ്റിന്റെ കുറവാണ് എന്‍ ഡി എ നേരിടുന്നതെങ്കില്‍ ചന്ദ്രശേഖര്‍ റാവുവും ജഗന്‍മോഹനും എപ്പോള്‍ കൊടുത്തു എന്ന് മാത്രം നോക്കിയാല്‍ മതി.
എക്സിറ്റ് പോളുകള്‍ ശരിയായ ദിശയില്‍ തന്നെയാണ് സഞ്ചരിക്കുന്നതെങ്കില്‍ ബിജെപിക്കുണ്ടാവുന്ന നേട്ടത്തിന്റെ ബഹുമതിയില്‍ ആദ്യ പങ്ക് തീര്‍ച്ചയായും മോദിജിക്ക് തന്നെയാണ്. ഈ ഫിബ്രവരിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ബിജെപിയുടെ നില ശരിക്കും പരുങ്ങലിലായിരുന്നു. രാജസ്ഥാനിലും , മദ്ധ്യപ്രദേശിലും , ചത്തിസ്ഗഡിലും നേരിട്ട തിരിച്ചടികള്‍, റഫേല്‍ വിമാന കച്ചവടവുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണങ്ങള്‍ , സര്‍വ്വോപരി കാര്‍ഷിക മേഖലയിലെ പ്രതിസന്ധി - ഇവയെല്ലാം ചേര്‍ന്ന് മോദിജിയുടെയും ഭാഗവത്ജിയുടെയും ഉറക്കം ഒട്ടും സുഖകരമായിരുന്നില്ല. പക്ഷേ, പുല്‍വാമയും ബാലാക്കോട്ടും ഈ പ്രതിസന്ധിക്കുള്ള മറുമരുന്നായി. സകല പ്രശ്നങ്ങളും പൊടുന്നനെ രാജ്യസുരക്ഷ എന്ന ഒറ്റ അജണ്ടയ്ക്ക് പിന്നിലേക്ക് മാറി. അവിടെ 56 ഇഞ്ചിന്റെ ആ വിഘ്യാത നെഞ്ചളവുമായി മോദിജി അരങ്ങ് നിറഞ്ഞു നിന്നു. യോഗേന്ദ്രയാദവ് ചൂണ്ടിക്കാട്ടിയതു പോലെ എക്സിറ്റ്പോളുകള്‍ സൂചിപ്പിക്കുന്ന നേട്ടത്തിന് കാരണം മുഖ്യമായും നാല് ഘടകങ്ങളാണ്. മോദി, ബിജെപിയുടെയും ആര്‍ എസ് എസ്സിന്റെയും സംഘടനാ മെഷിനറി, പണം, മാദ്ധ്യമങ്ങള്‍. പണത്തിന് പണവും ആളിനാളും ഇറക്കി ബിജെപി മോദിയുടെ നേതൃത്വം പൊലിപ്പിച്ചപ്പോള്‍ ഹിന്ദി ഹൃദയഭൂമിയില്‍ മാദ്ധ്യമങ്ങള്‍ സര്‍വ്വാത്മനാ അതേറ്റെടുത്തു. പ്രതിവര്‍ഷം 72,000 രൂപ അക്കൗണ്ടിലിട്ടുകൊടുക്കാമെന്ന കോണ്‍ഗ്രസ്സിന്റെ വാഗ്ദാനവും അഴിമതിയും, തൊഴിലില്ലായ്മയും കാര്‍ഷിക പ്രതിസന്ധിയുമൊക്കെ മറികടന്ന് മോദിയെന്ന വലിയ നേതാവ് ബിജെപിക്കായി വോട്ട്ബാങ്കുകള്‍ സുദൃഡവും സുഭദ്രവുമാക്കി. ചൗക്കിദാര്‍ ചൗക്കിദാര്‍ തന്നെയാണെന്ന് മോദി തെിളയിക്കുകയാണ്.
2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ എക്സിറ്റ് പോളുകള്‍ പാടെ പാളിപ്പോയിരുന്നു. 2015 ല്‍ ഡെല്‍ഹി,ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ എക്സിറ്റ് പോളുകളും ക്ലച്ച് പിടിച്ചില്ല. 2011 ല്‍ ജയലളിത തമിഴകത്ത് അധികാരം പിടിക്കുമെന്നോ 2016 ല്‍ സംഗതി നിലനിര്‍ത്തുമെന്നോ അധികമാര്‍ക്കും പ്രവചിക്കാന്‍ കഴിഞ്ഞിരുന്നില്ല. രാഹുലിനും ചന്ദ്രബാബുനായിഡുവിനും മമതയ്ക്കും മായാവതിക്കും അഖിലേഷിനുമൊക്കെ തല്‍ക്കാലം പറഞ്ഞുനില്‍ക്കാന്‍ ഈ പിടിവള്ളികള്‍ മതിയാവും. മെയ് 23ന് ഇനി മൂന്നു ദിവസങ്ങളേയുള്ളൂ. ഇന്ത്യന്‍ ജനതയുടെ വിധിയെഴുത്ത് ആരെയൊക്കെ വിനയാന്വിതരാക്കും എന്ന് നുമക്ക് കാത്തിരുന്ന് കാണാം.
content highlights: vazhipokkan,exit poll results, bjp, congress, narendra modi, rahul gandhi