അടിയന്തരാവസ്ഥയില്‍ ജയില്‍വാസത്തിന് ശേഷം മോചിതനാവുമ്പോള്‍ ജയപ്രകാശ്നാരായണ്‍ ജയിലിന്റെ ചുമതലയുണ്ടായിരുന്ന എം ജി ദേവസഹായം എന്ന തമിഴ്നാട്ടുകാരന് ഐ എ എസ് ഓഫീസറോട് പറഞ്ഞു : '' ആ സ്ത്രീയെ ഞാന്‍ തോല്പിച്ചിരിക്കും.'' സജീവ രാഷ്ട്രീയം ഉപേക്ഷിച്ചിരുന്ന ജെപിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വീണ്ടും കൊണ്ടുവന്നത് ഇന്ദിരഗാന്ധിയുടെ ഏകാധിപത്യപരമായ ചെയ്തികളായിരുന്നു. പറഞ്ഞതുപോലെ 1977 ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിരയെയയും കോണ്‍ഗ്രസിനെയും ജെപിയുടെ നേതൃത്വത്തിലുള്ള ജനതപാര്‍ട്ടി നിലംപരിശാക്കി. ഒരു നിലയ്ക്കും ഒത്തുപോകാന്‍ ഒരു സാദ്ധ്യതയുമില്ലായിരുന്ന, അമ്പിനും വില്ലിനും അടുക്കാതിരുന്ന പാര്‍ട്ടികളെയാണ് ജെപി ഒരൊറ്റ ബാനറിലേക്ക് കൊണ്ടുവന്നത്. ഇന്ദിരയെ തോല്പിച്ചിരിക്കും എന്ന് ജെപി പറഞ്ഞത് ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നിന്നുകൊണ്ടായിരുന്നു.
ജീവിതത്തിലെന്നപോലെ രാഷ്ട്രീയത്തിലും ആത്മവിശ്വാസം സുപ്രധാനമാണ്. ആത്മവിശ്വാസത്തിന്റെ പുറത്താണ് ഉപ്പു കുറുക്കിയും വിദേശ വസ്ത്രങ്ങള്‍ ബഹിഷ്കരിച്ചും ബ്രിട്ടീഷുകാരെ നേരിടാന്‍ ഗാന്ധിജി തയ്യാറായത്. അമേരിക്കയ്ക്കും സോവിയറ്റ് യൂണിയനും ബദലായി ചേരിചേരാനയം എന്ന കലാപരിപാടി കൊണ്ടുവന്ന് അതില്‍പിടിച്ച് ലോക രാഷ്്രടങ്ങള്ക്ക് മുന്നില്‍ തലയുയര്‍ത്തിനില്‍ക്കാനും രാജാജിയടക്കമുള്ള ചാണക്യന്മാരുയര്ത്തിയ വെല്ലുവിളികള്‍ മറികടന്ന് കോണ്‍ഗ്രസിനെ മുന്നോട്ടു നയിക്കാനും നെഹ്രുവിനായത് താന്‍ ആര്‍ക്കും പിന്നിലല്ലെന്നുള്ള ഉറച്ച വിശ്വാസം കൊണ്ടുതന്നെയായിരുന്നു. 77 ലെ തകര്‍ച്ചയ്ക്കു ശേഷവും നെഹ്രുവിന്റെ മകള്‍ക്ക് തിരിച്ചുവരാനായതിന്റെ പിന്നിലുള്ള രഹസ്യവും ഇതേ ഘടകം തന്നെയാണ്. ഹിന്ദിയില്‍ കത്തയച്ച മുലായംസിങ്ങിന് മലയാളത്തില്‍ മറുപടിക്കത്തെഴുതാന്‍ ഇ കെ നായനാര്ക്കായതും തമിഴിന്റെ മാത്രം പിന്‍ബലത്തില്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷനാവാന്‍ കാമരാജിന് കഴിഞ്ഞതും ആത്മവിശ്വാസത്തിന്റെ തിരുവിളയാടലിലാണ്.
ദ്രാവിഡ പ്രത്യയശാസ്്രതത്തിന്റെ തലതൊട്ടപ്പനായ സാക്ഷാല്‍ പെരിയാറിനോട് കൊമ്പുകോര്‍ത്താണ് അണ്ണാദുരൈ ഡിഎംകെയ്ക്ക് രൂപം നല്‍കിയത്. ജീവിച്ചിരുന്നപ്പോള്‍ അണ്ണാദുരൈ ആയിരുന്നു ഡിഎംകെയുടെ ആല്‍ഫയും ഒമേഗയും. അണ്ണായ്ക്കപ്പുറത്ത് മറ്റൊരു നേതാവ് 1949 മുതല്‍ 69 വരെയുള്ള കാലത്ത് ഡിഎംകെയിലുണ്ടായിരുന്നില്ല. ഈ അണ്ണാ പ്രസംഗിച്ചുകൊണ്ടിരുന്ന ഒരു യോഗത്തിലേക്ക് ഇടയ്ക്ക്വെച്ച് എംജിആര്‍ കയറി വന്നപ്പോള്‍ ജനം ആര്‍ത്തിരമ്പി മക്കള്തിലകത്തിനു ചുറ്റും കൂടി. അണ്ണായുടെ സ്ഥാനത്ത് ഒരു സാദാ നേതാവായിരുന്നെങ്കില്‍ ആ നിമിഷം എംജിആറിന്റെ ചീട്ട് കുറിക്കപ്പെടുമായിരുന്നു. ഒരു യോഗത്തില്‍ ജനം മറ്റൊരാള്‍ക്ക് കൂടുതലായി കൈയ്യടി കൊടുത്താല്‍ ആ നേതാവിനെ ഒതുക്കാന്‍ സമസ്ത അടവുകളും പയറ്റുന്നവരുള്ള നാട്ടില്‍ പക്ഷേ, അണ്ണാ ചെയ്തത് എംജിആറിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയായിരുന്നു. തന്നെയും മറികടന്നാണ് എംജിആറിന്റെ ജനപ്രീതി പോകുന്നതെന്ന് ചൂണ്ടിക്കാണിച്ചവരോട് പാര്‍ട്ടിയെ വളര്‍ത്താന്‍ എംജിആറിന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്ന് പറയാന്‍ അണ്ണായ്ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. അണ്ണായുടെ ഈ ആത്മവിശ്വാസം എംജിആറിനു മുന്നില്‍ മുത്തുവേല്‍ കരുണാനിധിക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ 1972 ല്‍ കരുണാനിധി എംജിആറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഒരു വ്യാഴവട്ടമാണ് ഇതേത്തുടര്‍ന്ന് കരുണാനിധിക്ക് അധികാരത്തിന് പുറത്തിരിക്കേണ്ടിവന്നത്.

പറഞ്ഞുവന്നത് ആത്മവിശ്വാസത്തെക്കുറിച്ചാണ്, രാഷ്ട്രീയത്തില്‍ ആത്മവിശ്വാസത്തിനുള്ള നിസ്തുലമായ പങ്കിനെക്കുറിച്ചാണ്. അത്യധികം നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പിന് മുന്നില്‍ നില്ക്കുമ്പോള് കേരളത്തില്‍ ഇടതുപക്ഷത്തെയും യുഡിഎഫിനെയും വ്യത്യസ്തമാക്കുന്ന നിര്‍ണ്ണായക ഘടകം ആത്മവിശ്വാസമാണ്. തോമസ് ഐസക്കിനെയും സുധാകരനെയും പി ജയരാജനെയുമൊക്കെ കളത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനാവുന്നത് ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തിലാണ്. ഇടതുമുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ഇന്നത്തെ നിലയ്ക്ക് മുഖ്യമന്ത്രിസ്ഥാനത്തേക്ക് മറ്റൊരാളെ ചൂണ്ടിക്കാട്ടാന്‍ സഖാവ് യെച്ചൂരിക്ക് പോലുമാവില്ല. സകല പഴുതുകളും അടച്ചുകൊണ്ടുളള നീക്കമാണ് പിണറായി നടത്തുന്നത്.
തരംഗങ്ങളില്ലാത്ത തിരഞ്ഞെടുപ്പിനാണ് കേരളം ഇക്കുറി സാക്ഷ്യം വഹിക്കുന്നത്. യുഡിഎഫിനോ എല്‍ഡിഎഫിനോ അനുകൂലമായി ഒരു തരംഗവും ഇക്കുറിയില്ല. അടിത്തട്ടില്‍ ജനങ്ങള്‍ സംതൃപ്തരാണെന്നും ഭരണവിരുദ്ധ വികാരമില്ലെന്നുമുള്ള കണക്കുകൂട്ടലിലാണ് പിണറായി പുതിയൊരു ടീമിനെ കളത്തിലിറക്കുന്നത്. രാഹുലിനെയും പ്രിയങ്കയെയും മുന്നില്‍ നിര്‍ത്തി അവസാനഘട്ടത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചുകൊണ്ട് ഇടതുമുന്നണിയുടെ ഈ ആത്മവിശ്വാസം തകര്‍ക്കാനാവുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നതെങ്കില്‍ അതൊരു മനക്കോട്ട കെട്ടലാവും. ജനാധിപത്യത്തില്‍ ജനങ്ങളുടെ മനസ്സും ഭാവനയും പിടിച്ചെടുക്കണമെങ്കില്‍ കോണ്‍ഗ്രസ് ഒന്നുകൂടി ഗൃഹപാഠം ചെയ്യണം. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക വെള്ളിയാഴ്ചയോടെ പുറത്തുവരുമെന്നാണ് സൂചന. ഈ സന്നിഗ്ദ ഘട്ടത്തില്‍ കളം തിരിച്ചുപിടിക്കണമെന്നുണ്ടെങ്കില് കോണ്‍ഗ്രസിന് പ്രയോഗിക്കാവുന്ന ഒരൊറ്റമൂലിയുണ്ട്. ഇന്നിപ്പോള്‍ കേരളത്തില്‍ ഇടതുമുന്നണിയേയും എന്‍ഡിഎയേയും ഒരുപോലെ പ്രതിരോധത്തിലാക്കാന്‍ കെല്പുള്ള ഒറ്റമൂലി. തരംഗങ്ങളില്ലാത്ത ഘട്ടങ്ങളില്‍ ഇത്തരം ഒറ്റ മൂലികളാണ് ചിലപ്പോള്‍ തിരഞ്ഞെടുപ്പിന്റെ സ്വഭാവം തന്നെ മാറ്റിമറിക്കുക.
ശശി തരൂര്‍ എന്നാണ് ആ ഒറ്റമൂലിയുടെ പേര്. കെ മുരളീധരനെയയോ ഉമ്മന്‍ചാണ്ടിയെയോ രമേശ് ചെന്നിത്തലയെയോ അല്ല ശശി തരൂരിനെയാണ് കോണ്‍ഗ്രസ് നേമത്ത് ഗോദയിലിറക്കേണ്ടത്. ബിജെപിക്ക് കേരള നിയമസഭയിലുള്ള ഏക സിറ്റിങ് സീറ്റാണ് നേമം. നേമം ബിജെപിയുടെ കൈയ്യിലായത് കോണ്‍ഗ്രസിന്റെ പിടിപ്പുകേടൊന്നുമാത്രം കൊണ്ടാണെന്ന് സിപിഎം ആക്ഷേപിക്കുന്നതില്‍ തീര്‍ച്ചയായും കഴമ്പുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ കുറ്റാരോപണമാണിതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഈ വീഴ്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ കോണ്‍ഗ്രസിനുള്ള ഏറ്റവും മികച്ച ആയുധമാണ് തരൂര്‍. തരൂര്‍ ഒരു ബ്രഹ്മാസ്ത്രമാണ്. കേരളത്തിലായാലും കേരളത്തിനു പുറത്തായാലും കോണ്‍ഗ്രസിന്റെ അന്തിമ പോരാട്ടം ആര്‍എസ്എസ്സിനോടും ബിജെപിയോടുമായിരിക്കുമന്നെതില് സംശയമില്ല. ഒരു ഘട്ടം കഴിഞ്ഞാല്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും മുന്നോട്ടുള്ള യാത്ര ഒരുമിച്ചായിരിക്കും. പക്ഷേ, ബിജെപിയുമായി ഒരൊത്തുതീര്‍പ്പ് കോണ്‍ഗ്രസിന്റെ ജാതകത്തിലില്ല.
ഇവിടെയാണ് നേമത്തിന്റെയും തരൂരിന്റെയും പ്രസക്തി. ഈ തിരഞ്ഞെടുപ്പും കൈവിട്ടാല്‍ കോണ്‍ഗ്രസ് നാമാവശേഷമാകാനൊന്നും പോകുന്നില്ല. പക്ഷേ, അഖിലേന്ത്യ തലത്തില്‍ ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ കേരളം കോണ്‍ഗ്രസിന് സുപ്രധാനമാണ്. കേരളം ഒരു പ്രതീകവും സന്ദേശവുമാണ്. ബിജെപിക്ക് ഇപ്പോഴും അധികാരം മരീചികയായിത്തുടരുന്ന ഒരു ദേശത്ത് വിജയം ഒരിക്കല്‍കൂടി കൈവിട്ടുപോയാല്‍ അത് കോണ്ഗ്രിസനേല്പിക്കുന്ന ആഘാതം ചില്ലറയായിരിക്കില്ല. തരൂരിന് അഖിലേന്ത്യ തലത്തില്‍ മലമറിക്കാനുണ്ടെന്നും അതുകൊണ്ട് ടിയാന് എംപിയായി തുടരട്ടെയെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ഒരര്‍ത്ഥവുമില്ലാത്ത പറച്ചിലാണിത്. ഇന്നിപ്പോള്‍ അഖിലേന്ത്യാതലത്തില്‍ തരൂരിന് കാര്യമായൊന്നും ചെയ്യാനില്ലെന്നതാണ് വാസ്തവം. വാസ്തവത്തില്‍ ഈ തിരഞ്ഞെടുപ്പല്ല ചുരുങ്ങിയത് 2026 ലെ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് വിവരമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ കരുക്കള്‍ നീക്കേണ്ടത്.
കോണ്‍ഗ്രസിലെ പ്രശ്നം നേതൃത്വത്തിന്റെ ആത്മവിശ്വാസക്കുറവാണ്. ഒരവസരം കൊടുത്താല്‍ തരൂരങ്ങ് കയറി വളര്ന്നേക്കുമെന്നും തങ്ങള്‍ കളത്തിന് പുറത്താവുമെന്നുമുള്ള പേടിയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ നയിക്കുന്നത്. ഈ അരക്ഷിത ബോധം ഇങ്ങ് കേരളത്തില്‍ മാത്രമല്ല അങ്ങ് ഹൈക്കമാന്റിലുമുണ്ട്. ഇവിടെയാണ് അണ്ണാദുരൈ - എംജിആര്‍ സമവാക്യം കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടത്. എംജിആറിന് മുന്നിലെന്നല്ല സാക്ഷാല്‍ നെഹ്രുവിന് മുന്നില്‍ പോലും അണ്ണാദുരൈക്ക് അരക്ഷിത ബോധമുണ്ടായിരുന്നില്ല. ഇന്നത്തെ നിലയ്ക്ക് ഉമ്മന്‍ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്ക്കോ തരൂര്‍ ഭീഷണിയല്ല. ഹൈക്കമാന്റില്‍ ഗാന്ധി കുടുംബം തുടരുന്ന കാലം വരെ ഹൈക്കമാന്റിനെ ഹൈക്കമാന്റായി കാണാനുള്ള വിവേകവും തരൂരിനുണ്ട്. ഗുലാം നബിയുടെ കൂടെക്കൂടി സോണിയയ്ക്ക് കത്തെഴുതിയതിനു ശേഷം പിന്നീട് ഒരിക്കലും ഒരു കലാപത്തിനും തരൂര്‍ നിന്നിട്ടില്ല. ഗുലാംനബി ആരാണെന്നും സോണിയഗാന്ധി ആരാണെന്നും തരൂരിനോട് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.
ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ തരൂരിനെ മുഖ്യമന്ത്രിയാക്കണമെന്ന് രാഷ്ട്രീയത്തിന്റെ ബാലപാഠമറിയാവുന്ന കോണ്‍ഗ്രസുകാര്‍ പറയില്ല. രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കുമിടയില്‍ ആ കസേര കണ്ട് വേറൊരാള് പനിക്കുന്നതില് ഒരര്‍ത്ഥവുമില്ല. പക്ഷേ, കോണ്‍ഗ്രസിന് ചെയ്യാവുന്ന ഒരു കാര്യം തരൂരിനെ വിദ്യാഭ്യാസ മന്ത്രിയാക്കുകയാണ്. കേരളം പോലൊരു സംസ്ഥാനത്ത് തരൂരിനെപ്പേലൊരാള് വിദ്യാഭ്യാസ മന്ത്രിയായാല്‍ അതു മുന്നോട്ടുവെയ്ക്കുന്ന സന്ദേശത്തിന്റെ ആഴവും പരപ്പുമറിയാന്‍ ഒരു കണിയാരും കവടി നിരത്തേണ്ട കാര്യമില്ല. യുഡിഎഫില്‍ വിദ്യാഭ്യാസ വകുപ്പ് ആയുഷ്കാല പാട്ടത്തിനെടുത്തിട്ടുള്ള മുസ്ലിം ലീഗിന് പോലും തരൂരിനെതിരെ ഒരു നിലപാടെടുക്കാന്‍ കഴിയില്ല. കേരളത്തിലെ ജനങ്ങള്‍ ഏറ്റവുമധികം നിക്ഷേപം നടത്തുന്നത് മക്കളുടെ വിദ്യാഭ്യാസത്തിലാണ്. ഭാവിയില്‍ കഞ്ഞികടിച്ചു കഴിയാന്‍ പറ്റിയ പണി എങ്ങിനെയെങ്കിലും തരപ്പെടുത്തണമെന്ന ആഗ്രഹത്തോടെ നടത്തുന്ന നിക്ഷേപം. ഈ നിക്ഷേപത്തിന് ഇന്നിപ്പോള്‍ കൊടുക്കാന്‍ പറ്റുന്ന ഏറ്റവും നല്ല ഗാരന്റിയാണ് തരൂര്‍. 2026 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരേനക്കേടുമുണ്ടാവില്ലെന്ന് ഉറപ്പാക്കാന്‍ കഴിയുന്ന മൂലധനം.
വിദ്യാഭ്യാസ മന്ത്രിയായാല്‍ സ്വാഭാവികമായും തരൂര്‍ തരൂരാവും. ചെന്നിത്തലയിലും ഉമ്മന്‍ചാണ്ടിയിലും അവസാനിക്കുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസെന്നും കേരളത്തില്‍ സിപിഎമ്മിനെയും ബിജെപിയേയും ഒരുപോലെ നേരിടാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയായി കോണ്‍ഗ്രസ് തുടരുമെന്നും ഉറപ്പാക്കാന്‍ കഴിയുന്ന ഒരു നീക്കത്തിനായിരിക്കും നേമത്ത് തരൂരിനെ ഇറക്കുന്നതിലൂടെ കോണ്‍ഗ്രസ് തുടക്കമിടുന്നത്. സിപിഎം ഒരു സംഘടനയാണ്. സംഘടനതലത്തിലുള്ള മികവാണ് സിപിഎമ്മിനെ സിപിഎമ്മാക്കുന്നത്. നാളെ പിണറായി മാറിയാലും ഈ സംവിധാനം ഇവിടെയുണ്ടാവും. അദ്വാനിക്ക് പകരം മോദി വരുമ്പോഴും ഇനിയിപ്പോള്‍ അമിത്ഷായോ യോഗിയോ വന്നാലും ബിജെപി എന്ന പ്രസ്ഥാനത്തിനുണ്ടാവുന്ന തുടര്‍ച്ചയും അതുപോലെയാണ്. കോണ്‍ഗ്രസ് ഒരു സംഘടനയല്ല. അതൊരു കൂട്ടായ്മയാണ്. നേതാക്കളുടെ മികവിലാണ് ആ കൂട്ടായ്മയുടെ വിജയവും പരാജയവുമിരിക്കുന്നത്. നെഹ്രു മുതല്‍ രാഹുല്‍ വരെയുള്ള നേതാക്കളുടെ ചരിത്രം ഈ വസ്തുത അടിവരയിട്ട് വിളിച്ചുപറയുന്നുണ്ട്.
ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസിന്റെ വര്‍ത്തമാനമാണ്. ഈ വര്‍ത്തമാനത്തിന്റെ തുടര്‍ച്ചയാണ് തരൂര്‍. കൈയ്യില്‍ കസ്തൂരി വെച്ചിട്ട് കോണ്‍ഗ്രസ് എന്തിനാണങ്ങിനെ അലയുന്നതെന്ന് മനസ്സിലാവുന്നില്ല. 2019 ലെ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് ഐതിഹാസിക വിജയം സമ്മാനിച്ചത് രാഹുലിന്റെയും കെ മുരളീധരന്റെയും അടൂര്‍പ്രകാശിന്റെയും വരവായിരുന്നു. ആ നീക്കത്തിന് സമാനതകളില്ലാത്ത ചാരുതയും പുതുമയമുണ്ടായിരുന്നു. അതുപോലൊരു നീക്കത്തിന് കോണ്‍ഗ്രസിന് ഇനിയും ബാല്യമുണ്ടെങ്കില്‍ ആ ബാല്യമാണ് തരൂര്‍. നന്ദിഗ്രാമില്‍ മാത്രമേ താന്‍ മത്സരിക്കുന്നുള്ളുവെന്ന് ചങ്കുറപ്പോടെ പ്രഖ്യാപിക്കുന്ന മമതയെകണ്ടാണ് കോണ്‍ഗ്രസ് പഠിക്കേണ്ടത്. ഇത്തരം ചെയ്തികളാണ് ജനത്തിന്റെ മനസ്സും ഭാവനയും പിടിച്ചെടുക്കുക. കാലവും ചരിത്രവും കോണ്‍ഗ്രസിനെ ഉറ്റുനോക്കുകയാണ്. പരാജയപ്പെട്ട ഒരു തലമുറയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വമെന്ന് ചരിത്രം വിധിയെഴുതാന്‍ ഇടവരുത്തരുത്. ഒരു പാര്‍ട്ടി ഒരു ദേശം എന്ന കാഴ്ചപ്പാട് കേരളത്തിന് പറഞ്ഞിട്ടുള്ളതല്ല. സുശക്തമായ പ്രതിപക്ഷവും സുദൃഢമായ ഭരണപക്ഷവുമാണ് കേരളത്തെ കേരളമാക്കുന്നത്. അതുകൊണ്ടുതന്നെ ഈ ദശാസന്ധിയില്‍ കേരളത്തോടും കേരള ജനതയോടും കോണ്‍ഗ്രസിനുള്ള കടപ്പാടും ബാദ്ധ്യതയും ഒരിക്കലും നിസ്സാരവത്കരിക്കാനാവില്ല.
വഴിയില്‍ കേട്ടത് : ഇതിനു മുമ്പ് ഒരു സ്റ്റേഡിയത്തിന് സ്വന്തം പേരിട്ട രണ്ടു പേര് സദ്ദാം ഹുസൈനും ഗദ്ദാഫിയുമാണെന്നാണ് താന്‍ ഗവേഷണത്തിലൂടെ കണ്ടെത്തിയതെന്നും അതൊരു ദുഃശ്ശകുനമാണെന്നും സുബ്രഹമ്ണ്യന്‍ സ്വാമി. ഇക്കാലമത്രയും താന്‍ കണ്ട ശകുനമെന്തായിരുന്നുവെന്നല്ലേ വാസ്തവത്തില്‍ സ്വാമി അന്വേഷിക്കേണ്ടത്.