ത്രയധികം ആകാംക്ഷയോടെ കാത്തിരുന്ന ഒരു തിരഞ്ഞെടുപ്പ് ഫലം അടുത്ത കാലത്തുണ്ടായിട്ടില്ല. കണ്ണിലെണ്ണയൊഴിച്ച് നോക്കിയിരുന്ന പോരാട്ടം തന്നെയയായിരുന്നു ബിഹാറിലേത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ മഹാസഖ്യം കുതിക്കുകയാണെന്ന് തോന്നി. ജെ.ഡി.യു. നേതാവ് കെ.സി. ത്യാഗി എന്‍.ഡി.ടി.വി. പ്രതിനിധിയോട് തോല്‍വി സമ്മതിച്ചു. കോവിഡാണ് പറ്റിച്ചതെന്നാണ് ത്യാഗി പറഞ്ഞത്. പക്ഷേ, പിന്നീടങ്ങോട്ട് കാര്യങ്ങള്‍ മാറി മറിഞ്ഞു.

പതുക്കെ, പതുക്കെ, ഒപ്പത്തിനൊപ്പം പൊരുതി എന്‍.ഡി.എ. തിരിച്ചുവരികയും കളം പിടിക്കുകയും ചെയ്തു. ഇപ്പോള്‍ രണ്ടു മുഖങ്ങളിലാണ് ചിരിയുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എ.ഐ.എം.ഐ.എം. ( ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമിന്‍ ) നേതാവ് അസദുദ്ദിന്‍ ഒവൈസിയുടെയും ചുണ്ടുകളില്‍. ഈ ചിരി ഇവര്‍ രണ്ടു പേരും അര്‍ഹിക്കുന്നുണ്ട്. ആത്യന്തികമായി ബിഹാറില്‍ വിജയിച്ചത് ഹിന്ദുത്വയാണ്. ഒപ്പം ഒവൈസിയുടെ ഇസ്ലാമിസവും.

പക്ഷേ, ഈ ചിരികള്‍ മറികടന്ന് അവസാനത്തെ ചിരി കാഴ്ചവെയ്ക്കുന്നത് ജെ.ഡി.യു. നേതാവ് നിതിഷ്‌ കുമാര്‍ തന്നെയാവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നതാണ് ബിഹാര്‍ നമുക്ക് മുന്നില്‍ വെയ്ക്കുന്ന പാഠവും സന്ദേശവും. ഈ ചിരിയുടെ വിശദാംശങ്ങളിലേക്ക് വരുംമുമ്പ് നമുക്ക് മറ്റു ചില കാര്യങ്ങള്‍ ഒന്ന് വിലയിരുത്തേണ്ടതായുണ്ട്.

ബിഹാര്‍ ഇക്കുറി മഹാസഖ്യത്തിനൊപ്പം നില്‍ക്കുമെന്ന സൂചനകള്‍ ശക്തമായിരുന്നു. സുദൃഢമാര്‍ന്നൊരു മുന്നണിക്കാണ് തേജസ്വി യാദവ് രൂപം നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ ബിഹാറില്‍ പ്രതിപക്ഷം ചിതറി നില്‍ക്കുകയായിരുന്നു. നിതീഷിനും ബി.ജെ.പിക്കും എതിരാളികളേയില്ല എന്ന പ്രതീതിയായിരുന്നു. ഈ പരിസരത്തിലേക്കാണ് തേജസ്വി മഹാസഖ്യവുമായി വന്നത്.

തേജസ്വിയുടെ വരവില്‍ മാറ്റത്തിന്റെ കാറ്റുണ്ടായിരുന്നു. പുതിയൊരു പുലരിയുടെ കുളിര്‍മ്മയും ഊഷ്മളതയും ഒരുപോലെ അനുഭവപ്പെടുത്തിയ വരവ്. ബിഹാറിലെ ജനകീയ പ്രശ്‌നങ്ങളോടാണ് തേജസ്വി സംവദിച്ചത്. ഇതാ, സമകാലിക ഇന്ത്യയെ അറിയുന്ന ഒരു ചെറുപ്പക്കാരന്‍ എന്ന് തേജസ്വിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ വിളിച്ചുപറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തു. തൊഴിലില്ലായ്മയും സാമ്പത്തിക അരക്ഷിതാവസ്ഥയും നിറഞ്ഞുനില്‍ക്കുന്ന, കുടയേറ്റ തൊഴിലാളികളുടെ കണ്ണിരില്‍ കുതിര്‍ന്ന ബിഹാറിനെയാണ് തേജസ്വി  അഭിസംബോധന ചെയ്തത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ തേജസ്വി നടത്തിയ പരാമര്‍ശം ശ്രദ്ധേയമായിരുന്നു. പിതാവ് ലാലുവും കൂട്ടരും ഉയര്‍ത്തിപ്പിടിച്ച സാമൂഹ്യനീതി എന്ന മുദ്രാവാക്യത്തില്‍നിന്ന് പിന്മാറുകയാണോ എന്നാണ് അഭിമുഖകാരന്‍ തേജസ്വിയോട് ചോദിച്ചത്.

തേജസ്വിയുടെ മറുപടി ഇതായിരുന്നു: ''സാമൂഹ്യനീതിയില്‍ നിന്ന് സാമ്പത്തിക നീതിയിലേക്കുള്ള യാത്രയാണിത്.'' ആ മറുപടിയില്‍ വ്യക്തമായൊരു കാഴ്ചപ്പാടുണ്ടായിരുന്നു. പൊളിറ്റിക്കല്‍ ഡെമോക്രസി വിജയിക്കുന്നത് സാമൂഹ്യ - സാമ്പത്തിക ജനാധിപത്യത്തിലൂടെയാണെന്ന അംബദ്കറിന്റെ നിലപാടിന്റെ പ്രതിഫലനം തേജസ്വിയുടെ വാക്കുകളിലുണ്ടായിരുന്നു. വര്‍ഗ്ഗീയതയും അതിദേശീയതയും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിനെതിരെയുള്ള ബദലായിരുന്നു ആ മറുപടി.

ഈ ബദല്‍ ബിഹാര്‍ ഏറ്റെടുക്കാതെ പോയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ്  ജനാധിപത്യ വിശ്വാസികള്‍ തേടേണ്ടത്. വോട്ടുകളുടെ ചിതറലാവാം ഇതിനുള്ള മുഖ്യ കാരണം. ഇവിടെയാണ് നരേന്ദ്ര മോദിയുടെയും ഒവൈസിയുടെയും ഒരു പോലുള്ള ചിരി നമ്മള്‍ കാണുന്നത്. എന്റെയും ചേട്ടന്റെയും ശബ്ദം ഒന്നുപോലുണ്ടല്ലോ എന്ന് ആരോ എവിടെയാ ഇരുന്ന് പിറുപിറുക്കുന്നുണ്ടോ? ഒവൈസി ഉറപ്പാക്കിയത് അഞ്ച് സീറ്റുകള്‍ മാത്രമല്ല, മഹാസഖ്യത്തിന്റെ വീഴ്ച കൂടിയാണ്. വര്‍ഗ്ഗീയതയുടെ രണ്ട് ധ്രുവങ്ങള്‍ക്കിടയിലാണ് മഹാസഖ്യത്തിന് ബിഹാര്‍ കൈവിട്ടുപോയത്.

2015-ല്‍ 100 സീറ്റില്‍ മത്സരിച്ചാണ് ലാലുവിന്റെ നേതൃത്വത്തില്‍ ആര്‍.ജെ.ഡി. 80 സീറ്റുകള്‍ നേടിയത്. ആ വിജയം തേജസ്വിയുടെ പ്രകടനത്തില്‍ കാണാനാവില്ല. പക്ഷേ, അന്ന് ലാലുവിനൊപ്പം നിതീഷുണ്ടായിരുന്നു. സോഷ്യലിസ്റ്റ് ക്യാമ്പ് ഒന്നിച്ചു നിന്നാല്‍ ഇപ്പോഴും ബിഹാറിന് വര്‍ഗ്ഗീയതയുടെ പ്രലോഭനങ്ങള്‍ മറികടക്കാനാവും. നീതീഷും ലാലുവുമില്ലാത്ത ഒരു മുന്നണിയെയാണ് തേജസ്വി നയിച്ചത്.

അതുകൊണ്ടുതന്നെ 145 സീറ്റുകളില്‍ മത്സരിച്ചിട്ടാണെങ്കിലും 75 സീറ്റുകള്‍ നേടി ബിഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന സ്ഥാനം നിലനിര്‍ത്താന്‍ ആര്‍.ജെ.ഡിക്കായത് വലിയ നേട്ടം തന്നെയാണ്. ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ബി.ജെ.പിയും മോദിയുമാണെങ്കിലും ഈ തിരഞ്ഞെടുപ്പ് മുന്നോട്ടുകൊണ്ടുവന്ന നേതാവ് ആരാണെന്ന് ചോദിച്ചാല്‍ തേജസ്വിയെന്നു മാത്രമായിരിക്കും മറുപടി. ബിഹാറിന്റെ ഭാവി തീര്‍ച്ചയായും ഈ ചെറുപ്പക്കാരന്റേതു കൂടിയാണ്.

Asaduddin Owaisi
അസദുദ്ദിന്‍ ഒവൈസി: Photo: ANI

നിരാശപ്പെടുത്തിയത് കോണ്‍ഗ്രസ്സാണ്. 70 സീറ്റില്‍നിന്ന് 19 സീറ്റാണ് കോണ്‍ഗ്രസിന് കിട്ടിയത്. ഒരര്‍ത്ഥത്തില്‍ മഹാസഖ്യത്തെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ ഈ വഷളന്‍ പ്രകടനമാണ്. 70-ല്‍ 54-ലും ബി.ജെ.പിയായിരുന്നു എതിരാളിയെന്നും വിജയസാദ്ധ്യത ഇല്ലാത്ത മണ്ഡലങ്ങളാണ് തങ്ങള്‍ക്ക് കിട്ടിയതെന്നും കോണ്‍ഗ്രസ് വിലപിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിജയത്തിന്റെ രാഷ്ട്രീയമാണ്. ഇല്ലാത്ത സാദ്ധ്യതകള്‍ കണ്ടെടുക്കുകയും അതിലൂടെ മുന്നേറുകയും ചെയ്യുന്ന കര്‍മ്മമാണത്.

ബിഹാറില്‍ മഹാസഖ്യം വിജയിക്കേണ്ടത് തേജസ്വിയുടേതെന്ന പോലെ കോണ്‍ഗ്രസിന്റെയും ആവശ്യമായിരുന്നു. കളത്തിലിറങ്ങി കഠിനാദ്ധ്വാനം ചെയ്യാതെ തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ല. അതിനുള്ള സംഘടനാ സംവിധാനം കെട്ടിപ്പടുക്കാതെ ഫലം വരുമ്പോള്‍ കരഞ്ഞുകാണിച്ചിട്ട് ഒരു കാര്യവുമില്ല എന്ന് കോണ്‍ഗ്രസ് ഇനിയിപ്പോള്‍ എന്നാണ് തിരിച്ചറിയുകയെന്നറിയില്ല.

ബിഹാറിലെ തകര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് കൊടുക്കേണ്ടിവരുന്ന വില വളരെ വലുതാണ്. അടുത്ത കൊല്ലം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇനിയിപ്പോള്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെയോട് വിലപേശാന്‍ കോണ്‍ഗ്രസിനാവില്ല. എം.കെ. സ്റ്റാലിന്‍ കൊടുക്കുന്ന സീറ്റ് ഒന്നും മിണ്ടാതെ വാങ്ങി അടങ്ങിയിരിക്കേണ്ട ഗതികടോണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് തിരിച്ചുവരുന്നത് നീണ്ടുപോവുമെന്നുള്ളതാണ് മറ്റൊരു പ്രത്യാഘാതം. മദ്ധ്യപ്രദേശിലെയും ഗുജറാത്തിലെയും യു.പിയിലെയും ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് കോണ്‍ഗ്രസിന് പറഞ്ഞുനില്‍ക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, ബിഹാറില്‍ നിലംപരിശായതിന് കോണ്‍ഗ്രസിന് മറുപടികളില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃശേഷിക്ക് മുന്നില്‍ കനത്ത വെല്ലുവിളിയാണ് ബിഹാര്‍  ഫലം ഉയര്‍ത്തുന്നത്. കോണ്‍ഗ്രസിനു മുന്നില്‍ കാലവും ഭാവിയും ഒരുപോലെ ഇരുളുകയാണ്.

കറുത്ത കുതിരയാവണമെന്ന മോഹമായിരുന്നു എല്‍.ജെ.പി. നേതാവ് ചിരാഗ് പസ്വാന്റേത്. നിതീഷിനെ ഒരു വഴിക്കാക്കാന്‍ ബി.ജെ.പി. വിരിച്ച വലയിലേക്ക് ചിരാഗ് എളുപ്പത്തില്‍ നടന്നുകയറി. മൂക്കു മുറിച്ചാലും ശകുനം മുടക്കിയാല്‍ മതി എന്ന മനോഭാവമാണ് ചിരാഗിനെ നയിച്ചത്. ഇതിപ്പോള്‍ മൂക്കു മുറിഞ്ഞെങ്കിലും ശകുനം മുടങ്ങിയില്ല എന്നതാണ് ചിരാഗ് നേരിടുന്ന ഗതികേട്. കേന്ദ്രത്തില്‍ ഒരു മന്ത്രി സ്ഥാനം നല്‍കി ചിരാഗിനോട് നന്ദികാട്ടാന്‍ ബി.ജെ.പി. തയ്യാറാവുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.

ഇടതുമുന്നണിയുടെ പ്രകടനം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. 29 സീറ്റുകളില്‍ മത്സരിച്ച് 16 സീറ്റുകള്‍ നേടാനായി എന്നത് ചെറിയ കാര്യമല്ല. അടിത്തട്ടിലുള്ള മികച്ച പ്രവര്‍ത്തനത്തിന്റെ ഫലമാണിത്. ജാതിക്കും മതത്തിനുമപ്പുറത്ത് ജനങ്ങളെ ഒന്നിപ്പിക്കാന്‍ ഇടതുപക്ഷത്തിനു കഴിയുന്നുണ്ടെന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് നല്‍കുന്ന പ്രത്യാശ വളരെ വലുതാണ്.

നമുക്ക് നിതീഷിലേക്ക് തിരിച്ചുവരാം. എല്‍.ജെ.പിയിലൂടെ നിതീഷിന്റെ ചിറകരിയാനാണ് ബി.ജെ.പി. ശ്രമിച്ചത്. വെടക്കാക്കി തനിക്കാക്കുന്ന കുടില തന്ത്രം. ഈ പദ്ധതിയില്‍ ഒരു പരിധി വരെ ബി.ജെ.പി. വിജയിക്കുകയും ചെയ്തു. എല്‍.ജെ.പി. കളിച്ച കളിയില്ലായിരുന്നില്ലെങ്കില്‍ നിതീഷ് ഇതുപോലെ തളരുമായിരുന്നില്ല.

പക്ഷേ, ഇപ്പോഴും ബിഹാറില്‍ നിതീഷ് ഒരു ശക്തി തന്നെയാണെന്നാണ് തിരഞ്ഞെടുപ്പ് പലം വ്യക്തമാക്കുന്നത്. നിതീഷിനെ മുഖ്യമന്ത്രിയാക്കുമെന്ന് ബി.ജെ.പി. ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇനിയിപ്പോള്‍ ഉള്ളിന്റെയുള്ളില്‍ നിതീഷിനെ പാലം വലിക്കണമെന്ന് വിചാരിച്ചാലും ബി.ജെ.പിക്കതിനാവില്ലെന്നതാണ് വാസ്തവം. കാരണം എപ്പോള്‍ വേണമെങ്കിലും തന്റെ ആ പഴയ കൂടാരത്തിലേക്ക്  - സോഷ്യലിസ്റ്റ് കൂട്ടുകെട്ടിലേക്ക് - തിരിച്ചുപോവാന്‍ നിതീഷിനാവും.

വല്ല്യേട്ടന്‍ ചമഞ്ഞ് തന്നെ ഒതുക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെങ്കില്‍ ആ നിമിഷം നിതീഷ് ആര്‍.ജെ.ഡിയുമായുള്ള പഴയ കൂട്ടിനെക്കുറിച്ച് വീണ്ടും ആലോചിക്കും. വാസ്തവത്തില്‍ ബി.ജെ.പി. തന്നോട് ചെയ്തതിന് ഇത്തരത്തിലൊരു മറുപടി നല്‍കാന്‍ നിതീഷ് വൈകേണ്ട കാര്യമില്ല.  ബിഹാറില്‍ എപ്പോള്‍ വേണമെങ്കിലും രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയാം. അതുകൊണ്ടുതന്നെ അന്തിമ ചിരി നിതീഷിന്റേതാവാനുള്ള  എല്ലാ സാദ്ധ്യതയും ബിഹാര്‍ നമുക്ക് മുന്നില്‍ തുറന്നിടുണ്ട്.

വഴിയില്‍ കേട്ടത്: ബിഹാറിലെ ജനവിധി വികസനത്തിനെന്ന് പ്രധാനമന്ത്രി മോദി. അപ്പോള്‍ വികസനം വികസനം എന്നു പറയുന്നത് രാമക്ഷേത്ര നിര്‍മ്മാണം, പൗരത്വ ദേഭഗതി നിയമം, 370-ാം വകുപ്പ് പിന്‍വലിക്കല്‍ എന്നിവയാണോ?

Content Highlights: Vazhipokkan- Bihar Assembly Election, Narendra Modi, Nitish Kumar, Asaduddin Owaisi