കെ റെയിലില്‍ പിന്നോട്ടില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. അതേസമയം, ജില്ലകള്‍ തോറും പൗര പ്രമുഖരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറയുന്നു. ഇതില്‍ ഒരു വൈരുദ്ധ്യമുണ്ട്. വാസ്തവത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പദ്ധതി നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. എന്ത് വില കൊടുത്തും നടപ്പാക്കും എന്ന് നിലപാടെടുത്ത ശേഷം ചര്‍ച്ചകള്‍ നടത്തുന്നതിന്റെ പ്രസക്തിയും അര്‍ത്ഥവും തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടും. കേരളം ഇതുവരെ വിഭാവനം ചെയ്തിട്ടുള്ളതില്‍ ഏറ്റവും വലിയ പദ്ധതിയാണ് കെ റെയില്‍. കേരളത്തിന്റെ തെക്കേ അറ്റമായ തിരുവനന്തപുരത്തുനിന്നു വടക്കേ അറ്റമായ കാസര്‍കോട്ടേക്ക് നാല് മണിക്കൂര്‍ കൊണ്ട് ഓടിയെത്താന്‍ സഹായിക്കുന്ന അര്‍ദ്ധ അതിവേഗ റെയില്‍പാതയെയാണ് കെ റെയില്‍ എന്ന് ചുരുക്കപ്പേരിട്ട് വിളിക്കുന്നത്. ഒരു കിലോ മീറ്റര്‍ ട്രാക്കുണ്ടാക്കാന്‍ 120 കോടി രൂപ ചെലവ് വരുന്ന പദ്ധതി. 63,941 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്. പണി പൂര്‍ത്തിയാവുമ്പോഴേക്കും ഇത് രണ്ട് ലക്ഷം കോടി രൂപ വരെ എത്തിയേക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

1,383 ഹെക്ടര്‍ ഭൂമിയാണ് കെ റെയിലിന് വേണ്ടി ഏറ്റെടുക്കേണ്ടി വരിക. ഇതില്‍ 1,198 ഹെക്ടറും സ്വകാര്യഭൂമിയാണ്. 20,000 കുടുംബങ്ങളെ പദ്ധതിക്കായി ഒഴിപ്പിക്കേണ്ടി വരും. ഭൂമി ഏറ്റെടുക്കുന്നതിന് വന്‍ സാമ്പത്തിക പാക്കേജുകളാണ് സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്. ഏറ്റെടുക്കുന്ന വസ്തുവിന്  നാലിരട്ടി വരെ നഷ്ടപരിഹാരം നല്‍കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒരു സ്ഥലത്ത് ഏറ്റവും അവസാനം നടന്ന ഭൂമി ഇടപാടുകള്‍ പരിശോധിച്ച ശേഷം അതിന്റെ നാലിരട്ടി വില നല്‍കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്നാണ് സൂചന. പൊതുവെ  ഭൂമി ഇടപാടുകളില്‍ യഥാര്‍ത്ഥ വില മുദ്രപ്പേപ്പറില്‍ കാണിക്കാറില്ല. ഒരു ലക്ഷം രൂപയ്ക്കാണ് ഒരു സെന്റ് വില്‍ക്കുന്നതെങ്കില്‍ അത്രയും തുക മുദ്രപേപ്പറില്‍ കാണിക്കാനുള്ള സാദ്ധ്യത വിരളമാണ്. അതുകൊണ്ട് തന്നെ പേപ്പറില്‍ കാണിക്കുന്ന വിലയുടെ നാലിരട്ടിയായാല്‍ പോലും ആ കാശുകൊണ്ട് ഇതേ സൗകര്യമുള്ള മറ്റൊരിടത്ത് ഇത്രയും ഭൂമി വാങ്ങുക എന്നത് നടപ്പുള്ള കാര്യമല്ല. ഒരു പൊതുപദ്ധതിയാവുമ്പോള്‍ ഇതിനപ്പുറത്ത് ഒരു സര്‍ക്കാരിന് എന്ത് ചെയ്യാനാവും എന്ന ചോദ്യമുണ്ടായേക്കാം. ശരിയാണ്, നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ ഉദാരസമീപനം തന്നെയാണ് എടുത്തിരിക്കുന്നത്. പക്ഷേ, ചോദ്യം ഇങ്ങനെ നഷ്ടപരിഹാരം കൊടുത്ത് ഇത്രയും ഭൂമി ഏറ്റെടുത്ത് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കേണ്ട ആവശ്യമുണ്ടോ എന്നാണ്.

pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയന്‍ എറണാകുളത്ത് പൗരപ്രമുഖരുടെ യോഗത്തില്‍ സംസാരിക്കുന്നു

നിലവില്‍ തിരുവനന്തപുരത്തുനിന്നു കാസര്‍കോട്ടേക്ക് റെയില്‍ മാര്‍ഗ്ഗമെത്താന്‍ പന്ത്രണ്ട് മണിക്കൂറെങ്കിലും എടുക്കും. അതിന് പകരം നാല് മണിക്കൂര്‍ കൊണ്ട് കാര്യം സാധിക്കാം എന്നത് ചെറിയ സംഗതിയല്ല. നമ്മുടെ മനസ്സും ഭാവനയും പിടിച്ചെടുക്കുന്ന പദ്ധതിയാണ് കെ റെയില്‍. പക്ഷേ, അതിലൊരു പ്രലോഭനമുണ്ട്, അതിലൊരു കെണിയുണ്ട്. ഇത്രയും പണം ചെലവാക്കി നാല് മണിക്കൂര്‍ കൊണ്ട് ഓടിയെത്തുന്നതിന് പകരം ഇതിന്റെ ചെറിയൊരു ഭാഗം മാത്രം ചെലവാക്കി ആറോ ഏഴോ മണിക്കൂര്‍ കൊണ്ട് ഇത്രയും ദൂരം താണ്ടാമെന്നിരിക്കെ എന്തിനാണ് ഇങ്ങനെയൊരു മെഗാ പദ്ധതി കേരളീയരുടെ മേല്‍ അടിച്ചേല്‍പിക്കുന്നതെന്നാണ് ചോദ്യം.

ചോദിക്കുന്നത് ചെറിയ കക്ഷികളല്ല, കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ സഹയാത്രികരായ കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ്. ആര്‍.വി.ജി. മേനോനെപ്പോലൊരു എഞ്ചിനീയറിങ് വിദഗ്ദനാണ് ഈ ചോദ്യങ്ങളുമായി കെ റെയിലിന്റെ മറുവശത്ത് നില്‍ക്കുന്നവരില്‍ ഒരാള്‍. വലതുപക്ഷക്കാരനെന്ന് ആര്‍.വി.ജിയെ അധിക്ഷേപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും  തയ്യാറാവുമെന്ന് തോന്നുന്നില്ല. കേരളം നാല് മണിക്കൂറില്‍ ഓടിത്തീര്‍ത്തിലേ വികസനം വരികയുള്ളു എന്നത് ഒരു തരം മൗലികവാദമാണ്. ആ വാദത്തിന്റെ മുനയൊടിക്കുന്ന ചോദ്യങ്ങളുമായി മുഖാമുഖം നില്‍ക്കുന്നതിന് പകരം ചോദിക്കുന്നവരുടെ മെക്കിട്ട് കെയറാന്‍ പാര്‍ട്ടി അണികളെ കയറൂരി വിടുന്ന കാഴ്ചയാണ് കേരളം കാണുന്നത്.

ആര്‍.വി.ജി മേനോന്‍
ആര്‍.വി.ജി മേനോന്‍

ശാസ്ത്ര സാഹിത്യ പരിഷത്തും ആര്‍.വി.ജിയും ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങള്‍ നോക്കാം. നിലവില്‍ കേരളത്തിലൂടെ ഓടുന്ന തീവണ്ടികള്‍ക്ക് വേഗം കുറയുന്നതിന്റെ മുഖ്യകാരണം പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാവാത്തതും സിഗ്നല്‍ സംവിധാനം ആധുനികവത്കരിക്കാത്തതുമാണ്. അങ്ങിനെയാണെങ്കില്‍ ഇതിനുള്ള നടപടികളല്ലേ ആദ്യം എടുക്കേണ്ടത്? പാത ഇരട്ടിപ്പാക്കുന്നതിനുള്ള പ്രധാന തടസ്സം ഭൂമിയുടെ ലഭ്യതയില്ലായ്മയാണെന്നാണ് റെയില്‍വെ ചൂണ്ടിക്കാട്ടുന്നത്. അപ്പോള്‍ പിന്നെ ഈ ഭൂമി ലഭ്യമാക്കാനല്ലേ കേരള സര്‍ക്കാര്‍  മുന്‍കൈ എടുക്കേണ്ടത്. എറണാകുളത്തു​നിന്ന് ഷൊര്‍ണൂര്‍ വരെ മൂന്നാമതൊരു പാത കൂടി റെയില്‍വെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതി വേഗത്തിലാക്കാനല്ലേ കെ റെയിലിന് വേണ്ടി ബലം പിടിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ മുന്നിട്ടിറങ്ങേണ്ടത്.

ഇങ്ങനെയാരു ബദല്‍ മാര്‍ഗ്ഗമുള്ളപ്പോള്‍ കേരളീയരെ കടക്കെണിയിലേക്ക് വലിച്ചെറിയുന്ന കെ റെയിലിന്റെ ആവശ്യമുണ്ടോ? ബ്രോഡ്ഗേജിലാണ് ഇന്ത്യന്‍ റെയില്‍വെ വണ്ടികള്‍ ഓടിക്കുന്നത്. കെ റെയിലാണെങ്കില്‍ സ്റ്റാന്‍ഡേഡ് ഗേജിലും. രണ്ട് റെയില്‍ സംവിധാനങ്ങളും തമ്മില്‍ നേരിട്ടൊരു ബന്ധത്തിനുള്ള സാദ്ധ്യതയില്ലെന്നര്‍ത്ഥം. അതിവേഗപ്പാതകള്‍ ലോകമെമ്പാടും സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണെന്ന വാദത്തിലും കഴമ്പില്ല. വന്ദേ ഭാരത് എന്ന പേരില്‍ ഇന്ത്യന്‍ റെയില്‍വെ നടപ്പാക്കുന്ന പദ്ധതി ബ്രോഡ്ഗേജിലാണ്. അപ്പോള്‍ പിന്നെ റെയില്‍വെയുടെ സംവിധാനവുമായി ചേര്‍ന്നു പോവുന്ന സാങ്കേതിക വിദ്യയ്ക്കല്ലേ മുന്‍തൂക്കം കൊടുക്കേണ്ടത്?

ഈ ചോദ്യങ്ങള്‍ക്കൊന്നും തന്നെ മുഖ്യമന്ത്രിയോ സി.പി.എമ്മോ വ്യക്തമായ മറുപടി പറയുന്നില്ല.  ചെലവ് കുറഞ്ഞ ബദല്‍വഴികള്‍ തള്ളിക്കളയുകയും കെ റെയിലാണ് കേരളത്തിന്റെ തലവര മാറ്റാന്‍ പോകുന്ന പുതിയ ജാതകമെന്ന്  പ്രചരിപ്പിക്കാന്‍ തിടുക്കം കാട്ടുകയുമാണ് സര്‍ക്കാരും ഭരണകക്ഷിയും ചെയ്യുന്നത്. എന്തുകൊണ്ടാണ് കേരള സര്‍ക്കാരും സി.പി.എമ്മും കെ റെയിലിന്റെ കാര്യത്തില്‍ ഇത്രയും പിടിവാശി കാണിക്കുന്നതെന്ന ചോദ്യത്തിന് മാതൃഭൂമിയുടെ ഇംഗ്ളീഷ് പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തില്‍ സാമ്പത്തിക വിദഗ്ദനും മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഒഫ് സോഷ്യല്‍ സയന്‍സസിലെ മുന്‍ ഡീനുമായ കെ.ടി. റാംമോഹന്‍ ഉത്തരം നല്‍കുന്നുണ്ട് :

''കേരളത്തില്‍ നിലവിലുള്ള ഭരണവര്‍ഗ്ഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉദ്യോഗസ്ഥരും സങ്കേതിക - ഭരണവര്‍ഗ്ഗ ഉന്നതരും അടങ്ങിയതാണ്. ഈ ഭരണവര്‍ഗ്ഗം  കേരളീയരാണോ എന്ന് ചോദിച്ചാല്‍ ജന്മം കൊണ്ട് മാത്രം എന്നേ പറയാനാവൂ. ഇവിടത്തെ സാധാരണ മനുഷ്യരുടെ താല്‍പര്യങ്ങള്‍ ഇക്കൂട്ടര്‍ക്ക് അന്യമാണ്. ക്യാപിറ്റലിസ്റ്റ് സമൂഹങ്ങളിലുള്ള ജനാധിപത്യ മൂല്യങ്ങള്‍ പോലും ഇവര്‍ക്കില്ല. അല്ലെങ്കില്‍ പിന്നെ പദ്ധതിയുടെ വിശദമായ രൂപരേഖ പൊതു സമൂഹത്തിന് മുന്നില്‍ വെയ്ക്കാന്‍ ഇവര്‍ മടിക്കുന്നതെന്തിനാണ്. ഭരണവര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങള്‍ പൊതു സമൂഹത്തിന്റെ  താല്‍പര്യങ്ങളായി അവതരിപ്പിക്കപ്പെടുകയാണ്.''

കെ റെയില്‍ പൂര്‍ത്തിയാക്കാന്‍ വന്‍തോതില്‍ കല്ലും മണ്ണും വേണ്ടി വരുമെന്നും പശ്ചിമഘട്ടത്തിലെ മലനിരകള്‍ തുരന്നെടുക്കുന്ന പാറകളായിരിക്കും ഇതിന് ഉപയോഗിക്കപ്പെടുകയെന്നും റാംമോഹന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളത്തെ മാത്രമല്ല, നമ്മുടെ അയല്‍ സംസ്ഥാനങ്ങളെയും ബാധിക്കുന്ന പദ്ധതിയാണിതെന്നര്‍ത്ഥം. കാലാവസ്ഥ വ്യതിയാനം എന്നത് ഇപ്പോള്‍ വെറും വാക്കുകളല്ലെന്നും യാഥാര്‍ത്ഥ്യമാണെന്നും നമുക്കറിയാം.

ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് ചെന്നൈയില്‍ പൊടുന്നനെ പെയ്തിറങ്ങിയത് 15 സെന്റിമീറ്ററോളം മഴയാണ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളൊന്നും തന്നെ ഇങ്ങനെയൊരു മഴ പ്രവചിച്ചിരുന്നില്ല. അത്രയും അപ്രതീക്ഷിതമായി കൊടുംമഴ ഉണ്ടായപ്പോള്‍ ആയിരക്കണക്കിന് പേരാണ് ചെന്നൈയിലെ പൊതുനിരത്തുകളില്‍ കുടുങ്ങിയത്. നിരവധി പേര്‍ക്ക് അന്ന് കേരളത്തിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകുന്നതിനായുള്ള തീവണ്ടികകളില്‍ കയറാനായില്ല. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. 2018 തൊട്ടിങ്ങോട്ട് നമ്മള്‍ മലയാളികളും ഇവിടെ നമ്മുടെ താമസസ്ഥലങ്ങളില്‍ കാലാവസഥ വ്യതിയാനത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നുണ്ട്. പശ്ചിമഘട്ടം സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും ചുമതലയാണെന്ന ബോദ്ധ്യം ശക്തമായിക്കൊണ്ടിരിക്കെ, എത്ര നിരുവത്തരവാദപരമായാണ് കേരള സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നത് കാണാതിരിക്കാനാവില്ല.

കെ റെയില്‍ സ്വപ്ന പദ്ധതിയാണ്. കേരളത്തിലെ ഭരണവര്‍ഗ്ഗത്തിന്റെ സ്വപ്ന പദ്ധതി. 64,000 കോടി രൂപ എന്നു പറഞ്ഞാല്‍ അതൊരു വന്‍തുകയാണ്. നിര്‍മ്മാണ ലോബിയെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി കൊണ്ടുണ്ടാവുന്ന സാമ്പത്തികനേട്ടം ചില്ലറയല്ല. അതിന്റെ ഒരു വിഹിതം സ്വാഭാവികമായും ഭരണവര്‍ഗ്ഗത്തിന്റെ പ്രതിനിധികളിലേക്കെത്തും. വരുന്ന തിരഞ്ഞെടുപ്പുകളില്‍ പിരിവ് ബുക്കുമായി വീടുകള്‍ തോറും കയറിയിറങ്ങാതെ തന്നെ കാര്യങ്ങള്‍ സുന്ദരമായി നടപ്പാക്കാന്‍ ഭരണകക്ഷികള്‍ക്ക് കഴിയുമെന്നര്‍ത്ഥം.

ജപ്പാന്‍ ഏജന്‍സി ഒഫ് ഇന്റര്‍നാഷനല്‍ കോഓപ്പറേഷന്‍ (ജൈക്ക) ആണ് കെ റെയിലിനായി പ്രധാനമായും പണമിറക്കുക. ഒരു ശതമാനം പലിശയ്ക്കാണ് വന്‍തുക ജൈക്ക കടം തരുന്നത്. ജപ്പാനെപ്പോലുള്ള രാജ്യങ്ങള്‍ ഇന്ന് നേരിടുന്ന വലിയൊരു പ്രശ്നം അവരുടെ കയ്യില്‍ ആവശ്യത്തില്‍ കൂടുതല്‍ പണമുണ്ടെന്നതാണ്. ഈ പണം ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് കടം കൊടുക്കുകയാണ് ലാഭമുണ്ടാക്കാനുള്ള എളുപ്പവഴിയെന്ന് ജപ്പാന് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. ഒരു ശതമാനം മാത്രമേ പലിശയുള്ളെങ്കില്‍ പോലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംഗതി കൊണ്ടുണ്ടാവുന്ന ലാഭം ഒട്ടും മോശമല്ല. കാശ്  കടം കൊടുക്കുക മാത്രമല്ല ജപ്പാന്‍ ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരാണ് കടമെടുക്കുന്നതെന്നതിനാല്‍ തിരിച്ചടവ് ഉറപ്പാണ്. കടം വേണമെന്നുണ്ടെങ്കില്‍ തങ്ങളുടെ കൈവശമുള്ള സാങ്കേതികവിദ്യ വാങ്ങണമെന്ന നിബന്ധനയുമുണ്ട്. 1950-കളില്‍ ജപ്പാനില്‍ രൂപം കൊണ്ട ഗതാഗത സാങ്കേതിക വിദ്യ ഏറ്റെടുക്കാന്‍ കേരളം നിര്‍ബ്ബന്ധിതമാവുന്നത് ഇതുകൊണ്ടാണെന്നാണ് ഡോ. കെ.ടി. റാംമോഹന്‍ ചൂണ്ടിക്കാട്ടുന്നത്.

കെ റെയില്‍ എന്നെങ്കിലും ലാഭത്തിലാവുമോ എന്ന് ഒരു പിടിയുമില്ല. പൊതുഗതാഗതം ലാഭമുണ്ടാക്കണം എന്ന നിര്‍ബ്ബന്ധം പാടില്ലെന്നും കേരളത്തിന്റെ സമഗ്ര വികസനത്തിനു മുന്നില്‍ ഈ ചെലവൊന്നും ഒരു ചെലവായി കാണേണ്ടതില്ലെന്നുമാണ് കെ റെയില്‍ വക്താക്കളുടെ ഭാഷ്യം. ചോദ്യങ്ങളുന്നയിക്കുന്നവര്‍ കേരളത്തിന്റെ വികസനത്തിന് എതിര് നില്‍ക്കുന്നവരാണെന്ന് മുദ്ര കുത്തപ്പെടുന്നു. പൊതുഗതാഗതം ലാഭമുണ്ടാക്കണമെന്ന് നിര്‍ബ്ബന്ധം പിടിക്കാനാവില്ല. പക്ഷേ, നഷ്ടം കുറഞ്ഞ വഴികളുണ്ടെങ്കില്‍ അതല്ലേ നോക്കേണ്ടത്. കെ റെയിലിനായി എടുക്കുന്ന കടം വീട്ടാന്‍ പരോക്ഷ നികുതി കൂടുതല്‍ കൊടുക്കേണ്ട അവസ്ഥയായിരിക്കും കേരളീയരെ കാത്തിരിക്കുക. പെട്രോളിനും മദ്യത്തിനും തീപ്പെട്ടിക്കും അരിക്കുമൊക്കെ കൂടുതല്‍ നികുതി നമ്മള്‍ കൊടുക്കേണ്ടി വരുമെന്നര്‍ത്ഥം.

മറക്കരുത് സൈലന്റ് വാലി

indira gandhi
ഇന്ദിര ഗാന്ധി| ഫയല്‍ ഫോട്ടോ

സൈലന്റ് വാലി ഇന്നിപ്പോള്‍ സൈലന്റ് വാലിയായി നിലകൊള്ളുന്നത് പണ്ട് ഇതുപോലുള്ള ചില വാദങ്ങള്‍ അന്നത്തെ ഭരണകൂടങ്ങള്‍ കൊണ്ടുവന്നപ്പോള്‍ കേരള സമൂഹം അത് തള്ളിക്കളഞ്ഞതു കൊണ്ടാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് കേരളത്തില്‍ നേതൃത്വം നല്‍കിയ സമുജ്ജ്വലമായൊരു പ്രക്ഷോഭമായിരുന്നു അത്. സൈലന്റ് വാലിയുടെ പ്രാധാന്യം തിരിച്ചറിയാന്‍ കഴിയുന്ന ഒരു പ്രധാനമന്ത്രി അന്നുണ്ടായിരുന്നുവെന്നതും മറക്കാനാവില്ല. ഇന്ദിരാഗാന്ധി എന്ന നേതാവിനോട് ഇക്കാര്യത്തില്‍ കേരളവും ലോകവും എന്നേയ്ക്കുമായി കടപ്പെട്ടിരിക്കുന്നു. ഒരു ഭരണാധികാരിക്ക് എങ്ങിനെയാണ് ഒരു സമൂഹത്തിനും ജനതയ്ക്കും പ്രകൃതിക്കും കാവല്‍ നില്‍ക്കാനാവുക എന്നതിന് ചരിത്രം മുന്നോട്ടുവെയ്ക്കുന്ന സുവര്‍ണ്ണ സാക്ഷ്യമാണത്.

പിണറായി വിജയന്‍ സൈലന്റ് വാലിയില്‍ പോയിട്ടുണ്ടോ എന്നറിയില്ല. പ്രാചീനവും വന്യവുമായ നിശ്ശബ്ദതയാണ് സൈലന്റ് വാലിയെ ചൂഴ്ന്ന് നില്‍ക്കുന്നത്. സമസ്ത ആഡംബരങ്ങളും അഹംഭാവവും വെടിഞ്ഞ് നമ്മള്‍ നമ്മുടെ പ്രാഥമികമായ സ്വത്വത്തിലേക്കും ലാളിത്യത്തിലേക്കും നിസ്സാരതയിലേക്കും മടങ്ങുന്ന നിമിഷങ്ങള്‍. ഒരു പക്ഷേ, സൈലന്റ് വാലിയിലൊന്ന് പോയി തിരിച്ചുവന്നാല്‍ പിണറായിയുടെ കാഴ്ചപ്പാടില്‍ സാരമായ മാറ്റമുണ്ടായേക്കും.

ഗ്രീക്ക് പുരാണത്തില്‍ പ്രൊക്രസ്റ്റസ് എന്നൊരു കഥാപാത്രമുണ്ട്. തന്റെ കൈവശമുള്ള കട്ടിലിനനുസരിച്ച് ആളെ വെട്ടിയൊതുക്കുകയോ വലിച്ച് നീട്ടുകയോ ആയിരുന്നു ടിയാന്റെ കലാപരിപാടി. രണ്ടായാലും കട്ടിലില്‍ കിടക്കാനെത്തുന്നവന്റെ കാര്യത്തില്‍ തീരുമാനമുണ്ടാവും. ഇത്തരം ഒരു കട്ടിലുമായാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ മലയാളികളെ വിളിക്കുന്നത്. പാത റെഡിയാണ്. അതിലൊരു വിട്ടുവീഴ്ചയുമില്ല. സഹിക്കേണ്ടതും ത്യജിക്കേണ്ടതും ത്യാഗം ചെയ്യേണ്ടതും നമ്മള്‍ ജനങ്ങളാണ്.

മനുഷ്യനാവശ്യമുള്ളത് പ്രകൃതി തരുന്നുണ്ട്. പക്ഷേ, മനുഷ്യന്റെ അത്യാഗ്രഹത്തിനുള്ളത് പ്രകൃതിയിലില്ല എന്ന് പറഞ്ഞത് നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയാണ്. പൗരപ്രമുഖരുമായി ജില്ലകള്‍ തോറും മുഖ്യമന്ത്രി നടത്തുന്ന യോഗങ്ങള്‍ രാജാവും പ്രജകളും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ പോലെയാണ് അനുഭവപ്പെടുന്നത്. വാഴ്ത്തലുകളുടെ വായ്ത്താരികള്‍ക്കുപ്പുറത്ത് ഈ യോഗങ്ങളില്‍ കാമ്പുള്ള വിമര്‍ശം എന്തെങ്കിലും മുഖ്യമന്ത്രിക്ക് നേരിടേണ്ടി വരുമെന്ന് തോന്നുന്നില്ല. ആസൂത്രിതമായി സംഘടിപ്പിക്കുന്ന ഇത്തരം യോഗങ്ങളില്‍ കെ റെയില്‍ വിചാരണ ചെയ്യപ്പെടുകയോ ചോദ്യം ചെയ്യപ്പെടുകയോ ഉണ്ടാവില്ല.

കെ റെയില്‍ വരുന്നതോടെ കേരളത്തില്‍ ടൂറിസം വേറെ ലെവലാവുമെന്നാണ് പ്രചാരണം. ടൂറിസം വികസിക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത് മാലിന്യ നിര്‍മ്മാര്‍ജ്ജനമാണ്. വാസ്തവത്തില്‍ കേരളം ഇന്നിപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മാലിന്യം കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് ഒരു സമഗ്ര പദ്ധതിയില്ലെന്നതാണ്. കെ റെയിലിന് ചെലവാക്കുന്നതിന്റെ പത്തിലൊന്നുണ്ടങ്കില്‍ കേരളത്തെ വൃത്തിയും വെടിപ്പുമുള്ള സംസ്ഥാനമാക്കാം.

അട്ടപ്പാടിയില്‍നിന്ന്‌ അടുത്തിടെയായി കേള്‍ക്കുന്ന പട്ടിണിമരണങ്ങളുടെ മൂലകാരണം ആദിവാസികള്‍ക്ക് സ്വന്തമായി ഭൂമിയില്ലെന്നതാണ്. ഭൂരഹിതരായ ആദിവാസികള്‍ക്കും ദളിതര്‍ക്കും ഭൂമി നല്‍കുക എന്നത് ജനാധിപത്യ സമൂഹത്തില്‍ ഒരു ഭരണകൂടം മുഖ്യ അജണ്ടയായി ഏറ്റെടുക്കേണ്ട വിഷയമാണ്. പക്ഷേ, മാലിന്യ നിര്‍മ്മാര്‍ജ്ജനമോ ഭൂരഹിതര്‍ക്ക് ഭൂമി വിതരണമോ അല്ല കെ റെയില്‍ പോലുള്ള വന്‍കിട പദ്ധതികളിലാണ് ഭരണകൂടങ്ങള്‍ക്ക് താല്‍പര്യം.

silent valley
സൈലന്റ് വാലി| ഫോട്ടോ: പി. മനോജ്‌

കേരള ചരിത്രത്തില്‍ തന്റെ പേര് കെ റെയിലിലൂടെ അനശ്വരമാവണമെന്ന് ചിലപ്പോള്‍ പിണറായി വിജയന്‍ ആഗ്രഹിക്കുന്നുണ്ടാവാം. അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം കെട്ടിയുയര്‍ത്തുന്നതിലൂടെ ചരിത്രത്തിന്റെ ഭാഗമാവാന്‍ ശ്രമിക്കുന്ന മറ്റൊരു നേതാവും സമകാലിക ഇന്ത്യയുടെ മുന്നിലുണ്ട്. സൈലൻറ് വാലി​ക്കും കെ റെയിലിനുമിടയില്‍  കാലവും ഭരണാധികാരികളും മാറുകയാണ്. കോര്‍പറേറ്റുകളുടെ നിഴലുകള്‍ ഭരണകൂടങ്ങള്‍ക്ക് മേല്‍ ചിലന്തിവലകള്‍ തീര്‍ക്കുമ്പോള്‍ മണ്ണും മനസ്സും പണയമാവുന്നു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇന്ത്യയിലെ കര്‍ഷകര്‍ സമരത്തിനൊരുങ്ങിയപ്പോള്‍ പിന്നോട്ടില്ല എന്നാണ് പ്രധാനമന്ത്രി മോദിയും ബി.ജെ.പിയും പറഞ്ഞത്. പക്ഷേ, 2020 ബാക്കിവെയ്ക്കുന്ന ഏറ്റവും മനോഹരമായ ദൃശ്യങ്ങളിലൊന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കപ്പെട്ടപ്പോള്‍ നൃത്തം ചെയ്യുന്ന കര്‍ഷകരുടേതാണ്. ഒരു ഗര്‍ത്തത്തിന് മുന്നില്‍ നില്‍ക്കുമ്പോള്‍ പിന്നാക്കം വെയ്ക്കുന്ന ചുവടുവെയ്പാണ് നമ്മളെ ജീവിതത്തിലേക്ക് പിടിച്ചുയര്‍ത്തുന്നതെന്ന് ഈ കോളത്തില്‍ നേരത്തെ എഴുതിയിട്ടുണ്ട്. അത്തരമൊരു പിന്മാറ്റമാണ് കെ റെയിലിലുമുണ്ടാവേണ്ടത്. ജീവിതത്തിലേക്കും സമാധാനത്തിലേക്കുമുള്ള പ്രതീക്ഷാനിര്‍ഭരമായ പിന്‍മടക്കം.

വഴിയില്‍ കേട്ടത്: പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ സംവിധാനത്തിലുണ്ടായ വീഴ്ചയ്ക്ക് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയോട് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. 56 ഇഞ്ചിലും ഇരട്ടച്ചങ്കിലുമല്ല ഇത്തരം പ്രതികരണങ്ങളിലാണ് നേതാക്കള്‍ നേതാക്കളാവുന്നത്!

Read More

Content Highlights: K Rail and people of Kerala