കനയ്യകുമാര്‍, ജിഗ്നേഷ് മിവാനി, നവ്ജ്യോത് സിങ് സിദ്ദു, അമരിന്ദര്‍ സിങ് - ഈ നാലു പേരില്‍ കോണ്‍ഗ്രസിന്റെ വര്‍ത്തമാനവും ഭാവിയുമുണ്ട്. കോണ്‍ഗ്രസിനെ പോലൊരു പാര്‍ട്ടിയെക്കുറിച്ച് പറയുമ്പോള്‍ ഇതൊരു ലഘൂകരണമല്ലേ എന്ന ചോദ്യമുയര്‍ന്നേക്കാം. ഒറ്റ നോട്ടത്തില്‍ ഇതൊരു ലഘൂകരണമാണ്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന്  ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. 136 കൊല്ലത്തെ ചരിത്രമുള്ള കോണ്‍ഗ്രസിന് സമാനമായി മറ്റൊരു പാര്‍ട്ടി രാജ്യത്തില്ല. ഇന്ത്യയുടെ മുക്കിലും മൂലയിലും കോണ്‍ഗ്രസിന്റെ സാന്നിദ്ധ്യമുണ്ട്. ഏതൊരാള്‍ക്കും എപ്പോള്‍ വേണമെങ്കിലും ആശ്രയിക്കാവുന്ന, ആരെയും പ്രചോദിപ്പിക്കുന്ന, നേതാക്കളുടെ വന്‍ നിരയുള്ള പാര്‍ട്ടിയാണത്. ബി ആര്‍ അംബദ്കറും സര്‍ദാര്‍ പട്ടേലും മൗലാന അബുള്‍കലാം ആസാദും ശ്യാമപ്രസാദ് മുഖര്‍ജിയുമൊക്കെ ഒന്നിച്ചുണ്ടായിരുന്ന മന്ത്രിസഭയ്ക്കാണ് കോണ്‍ഗ്രസിന്റെ എന്നത്തേയും ഉദാത്ത നേതാക്കളിലൊരാളായ ജവഹര്‍ലാല്‍ നെഹ്രു നേതൃത്വം നല്‍കിയത്. ഒരേ സമയം അമ്പരപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന ചരിത്രമാണത്. ആ ചരിത്രം പക്ഷേ, ഇപ്പോള്‍ ഓര്‍മ്മയാണ്. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും പട്ടേലിന്റെയും കോണ്‍ഗ്രസ് ഇന്നില്ല. പേരില്‍ മാത്രം ഗാന്ധിയുള്ള സമകാലിക കോണ്‍ഗ്രസിന്റെ വര്‍ത്തമാനവും ഭാവിയും അതുകൊണ്ടു തന്നെ കനയ്യയിലേക്കും ജിഗ്നേഷിലേക്കും സിദ്ദുവിലേക്കും അമരിന്ദറിലേക്കും ലഘൂകരിക്കപ്പെടുന്നുവെന്നത് ചരിത്രപരമായ അനിവാര്യതയാവുന്നു.

സെപ്റ്റംബര്‍ 28ന് വൈകീട്ടാണ് കനയ്യയും ജിഗ്നേഷും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്വാഭാവികമായും വന്‍വരവേൽപ്പും മീഡിയ കവറേജും ലഭിക്കേണ്ട സംഗതിയാണ്. ഗുജറാത്തില്‍ വളര്‍ന്നുവരുന്ന എണ്ണം പറഞ്ഞ നേതാവാണ് ജിഗ്നേഷ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി(കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടായിരുന്നു) ജയിച്ചു കയറിയ ദളിത് നേതാവ്. മോദിയുടെയും ഷായുടെയും തട്ടകത്തില്‍ കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവ് സമ്മാനിക്കുന്നതില്‍  ജിഗനേഷിന് തീര്‍ച്ചയായും നിര്‍ണ്ണായക പങ്ക് വഹിക്കാനാവും. കനയ്യയെ ജിഗ്നേഷിനൊപ്പം ചേര്‍ക്കാനാവുമെന്ന് തോന്നുന്നില്ല. തീപ്പൊരി പ്രാസംഗികനാണ്, ജെ എന്‍ യു ഉത്പന്നമാണ്, ഇടതുപക്ഷത്തിന്റെ പോസ്റ്റര്‍ ബോയ് ആയിരുന്നു എന്നതൊക്കെ ശരിയാണ്. 

Amarinder and Amit Shah
അമിത് ഷായുമായി അമരീന്ദര്‍ സിങ് കൂടിക്കാഴ്ച നടത്തിയപ്പോള്‍

സിപിഐ പാര്‍ട്ടി ഓഫീസില്‍ നിന്നും സ്വന്തം എസി അഴിച്ചെടുത്തുകൊണ്ടുപോയതില്‍ കനയ്യയെ കുറ്റം പറയാനാവില്ല. സോഷ്യലിസവും കമ്മ്യൂണിസവും എസിക്ക് പകരം വെയ്ക്കാനാവില്ലെന്നത് ശാസ്ത്രീയമായി തെളിഞ്ഞിട്ടുള്ള കാര്യമാണ്. പക്ഷേ, അവസാനം കനയ്യ കാണിച്ചത് കന്നംതിരിവായിപ്പോയെന്ന് പറയാതിരിക്കനാവില്ല. കോണ്‍ഗ്രസിലേക്ക് പോവുകയാണെന്ന് സിപിഐ നേതൃത്വത്തോട് തുറന്നു പറയാനുള്ള ആര്‍ജ്ജവം കനയ്യയ്ക്കുണ്ടാവണമായിരുന്നു. ഇന്നിപ്പോള്‍ സിപിഐയില്‍ മാത്രമല്ല രാജ്യത്തു തന്നെ എടുത്തുകാട്ടാവുന്ന ഒന്നാന്തരം നേതാക്കളില്‍ ഒരാളാണ് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയുമുള്ള വ്യക്തി. ആ രാജ രണ്ട് ദിവസം മുമ്പ് പറഞ്ഞത് കനയ്യ സിപിഐയില്‍ തന്നെയുണ്ടെന്നും പുറത്തുകേള്‍ക്കുന്നത് കെട്ടുകഥയാണെന്നുമാണ്. ഡി രാജയെപ്പോലൊരു നേതാവിനോട് സത്യം പറയാനുള്ള ചങ്കൂറ്റവും ആത്മാര്‍ത്ഥയും കനയ്യയ്ക്കുണ്ടായില്ല എന്നത് ഈ യുവനേതാവിനെക്കുറിച്ചുള്ള മതിപ്പില്‍ വലിയ ഇടിവാണുണ്ടാക്കിയത്.

അതവിടെ നില്‍ക്കട്ടെ. ഈ രണ്ട് യുവകോമളന്മാരുടെയും വരവ് രാഹുലിനും കൂട്ടര്‍ക്കും വലിയ മൈലേജ് നല്‍കേണ്ടതായിരുന്നു. പക്ഷേ, രാഹുല്‍ ബ്രിഗേഡിന്റെ സ്വന്തം കണ്ടുപിടിത്തമായ നവ്ജോത് സിദ്ദു ആ അത്താഴവിരുന്ന് കുളമാക്കി കൈയ്യില്‍ കൊടുത്തു. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരിന്ദറിനെ രാഹുലും പ്രിയങ്കയും ചേര്‍ന്ന് പുറത്താക്കിയത് സിദ്ദപ്പന്‍ ഒരാളുടെ നിര്‍ബ്ബന്ധത്തിലാണ്. പഞ്ചാബിലെ പ്രശ്നങ്ങള്‍ വഷളാക്കിയതില്‍  അമരിന്ദറിന് പങ്കില്ലെന്ന് പറഞ്ഞാല്‍ അത് വെറും വെള്ളപൂശലാവും. പക്ഷേ, ക്യാപ്റ്റനെപ്പോലൊരാളെ ഇങ്ങനെ, ഈ സമയത്തല്ല പറഞ്ഞുവിടേണ്ടിയിരുന്നത്. ക്യാപ്റ്റന് പകരക്കാരനായി രാഹുലും പ്രിയങ്കയും ഉയര്‍ത്തിക്കാട്ടിയ സിദ്ദുവിന്റെ രാജിയാണ് കനയ്യയുടെയും ജിഗ്നേഷിന്റെയും വരവിന്റെ മഹിമ ചോര്‍ത്തിക്കളഞ്ഞത്. ഒരുതരത്തിലും ആശ്രയിക്കാന്‍ പറ്റുന്ന നേതാവല്ല സിദ്ദു എന്നത് പകല്‍പോലെ വ്യക്തമായിരുന്നു. പക്ഷേ, വിധേയത്വവും പുകഴ്ത്തലുമാണ് സ്ഥാനമാനങ്ങള്‍ക്കുള്ള മാനദണ്ഡമെന്നാവുമ്പോള്‍ അമരിന്ദര്‍ അപമാനിക്കപ്പെടുകയും സിദ്ദു ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു.

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും
കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും| ഫോട്ടോ: എ.എന്‍.ഐ

കൈയ്യിലിരുന്ന ആന്ധ്ര കോണ്‍ഗ്രസ് കളഞ്ഞുകുളിച്ചതോര്‍ക്കുന്നില്ലേ. 2004 ല്‍ പ്രഥമ യുപിഎ മന്ത്രിസഭയ്ക്ക് അസ്തിവാരം തീര്‍ത്തത് ഡിഎംകെ നേതാവ് കരുണാനിധിക്കൊപ്പം കോണ്‍ഗ്രസിന്റെ സ്വന്തം വൈ എസ് രാജശേഖര റെഡ്ഡി കൂടിയായിരുന്നു. സിന്‍ഡിക്കറ്റിന്റെ തകര്‍ച്ചയ്ക്കു ശേഷം കോണ്‍ഗ്രസിനുള്ളില്‍ ഉദിച്ചുയര്‍ന്ന ഏറ്റവും പ്രബലനായ പ്രാദേശിക നേതാവായിരുന്നു വൈ എസ് ആര്‍. സോണിയ ഗാന്ധി പാര്‍ട്ടിക്കുള്ളില്‍ അധീശത്വം അരക്കിട്ടുറപ്പിക്കും മുമ്പ് വൈഎസ്ആര്‍ നേതാവായിക്കഴിഞ്ഞിരുന്നു. 2009 ല്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ വൈഎസ്ആര്‍ മരിച്ചപ്പോള്‍ മകന്‍ ജഗന്‍മോഹനെ ഒതുക്കാനാണ് ഹൈക്കമാന്റ് ശ്രമിച്ചത്. 1984 ല്‍ ഇന്ദിരഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ മകന്‍ രാജീവിനെ ഒരു പ്രയാസവുമില്ലാതെ പ്രധാനമന്ത്രിയാക്കിയവര്‍ക്ക് വൈഎസ്ആറിന്റെ മകന്‍ ചതുര്‍ത്ഥിയായി. ഞാനല്ലാതെ മറ്റൊരു ദൈവം പാടില്ലെന്ന നെഹ്രു കുടുംബത്തിന്റെ ശാഠ്യത്തിന്റെ ഇരയായിരുന്നു ജഗന്‍മോഹന്‍. ജഗന്‍ പക്ഷേ, തിരിച്ചുവന്നു. ഇന്നിപ്പോള്‍ ആന്ധ്രയില്‍ ജഗനാണ് നേതാവ്. പക്ഷേ, കോണ്‍ഗ്രസിന്റെ പൊടി പോലും ആന്ധ്രയിലില്ല.

പഞ്ചാബ് കോണ്‍ഗ്രസിന് മറ്റൊരു ആന്ധ്രയായേക്കാം. ക്യാപ്റ്റന്‍ അമരിന്ദര്‍ ബിജെപിയിലേക്കുള്ള വഴിയിലാണ്. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ തൊട്ടുകൂടാത്തവരായി മാറിയ ബിജെപിക്ക് രാഹുല്‍ ബ്രിഗേഡിന്റെ സമ്മാനമാണ് അമരിന്ദര്‍. അമരിന്ദറിന്റെയും ബിജെപിയുടെയും പഞ്ചാബ് പദ്ധതികള്‍ എന്താണെന്ന് വ്യക്തമല്ല. ചിലപ്പോള്‍ മോദിയും ഷായും ഒരു സര്‍ജിക്കല്‍ സ്ട്രൈക്കിന് തയ്യാറെടുക്കുകയായിരിക്കും. അമരിന്ദറിനെ മുന്നില്‍ നിര്‍ത്തി കര്‍ഷക സമരം അവസാനിപ്പിക്കുന്നതിനുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക്. അങ്ങിനെയൊരു പദ്ധതി ബിജെപി നടപ്പാക്കിയാല്‍ പഞ്ചാബ് കോണ്‍ഗ്രസിന്റെ കൈയ്യില്‍ നിന്ന് എപ്പോള്‍ പോയെന്ന് മാത്രം നോക്കിയാല്‍ മതി. അടുത്ത കൊല്ലം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടുന്നില്ലെങ്കില്‍ എന്തു വില കൊടുത്തും ക്യാപ്റ്റനെ മുഖ്യമന്ത്രിയാക്കാന്‍ മോദിക്കും ഷായ്ക്കും വലിയ പ്രയാസമുണ്ടാവില്ല.

പറഞ്ഞുവന്നത് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധികളക്കെുറിച്ചാണ്. നെഹ്രുവും ഇന്ദിരയും രാജീവും രാഹുല്‍ നേരിടുന്ന വെല്ലുവിളികള്‍ നേരിട്ടിട്ടില്ല എന്നത് ശരിയാണ്. മോദിയെപ്പോലൊരു നേതാവിനെയോ ഇന്നത്തെ ബിജെപിയെപ്പോലൊരു പാര്‍ട്ടിയെയോ രാഹുലിന്റെ മുന്‍ഗാമികള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല. നെഹ്രുവിന്റെ കാലത്ത് കോണ്‍ഗ്രസ് തന്നെയായിരുന്നു ഇന്ത്യയിലെ പ്രബലമായ രാഷ്ട്രീയ പാര്‍ട്ടി . നെഹ്രുവിന്റെ മരണശേഷം മുന്നു കൊല്ലങ്ങള്‍ക്കപ്പുറത്ത് 1967 ലാണ് കോണ്‍ഗ്രസിന് ആദ്യത്തെ വന്‍തിരിച്ചടിയുണ്ടായത്. അന്ന് തമിഴകത്തും ബംഗാളിലും ഒറിസയിലും കേരളത്തിലും ഒരേസമയം കോണ്‍ഗ്രസ് അധികാരത്തിന് പുറത്തായി. പക്ഷേ, അന്ന് അഖിലേന്ത്യ തലത്തില്‍ ഇന്ദിര തന്നെയായിരുന്നു നേതാവ്. അങ്ങിനെയൊരു നേതാവ് ഇന്നിപ്പോള്‍ കോണ്‍ഗ്രസിനില്ല. കേരളമൊഴികെ മേല്‍പറഞ്ഞ മൂന്ന് സംസ്ഥാനങ്ങളിലും ഇപ്പോള്‍ കോണ്‍ഗ്രസിന് കാര്യമായ ഒരു സാന്നിദ്ധ്യവുമില്ല. യുപിയും ബിഹാറും മദ്ധ്യപ്രദേശും കര്‍ണ്ണാടകവും പോലുള്ള സുപ്രധാന സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിന് പുറത്താണ്. ആളിനാളും പണത്തിന് പണവും ഒരുപോലെയുള്ള അതിഭീമമായ ഒരു തിരഞ്ഞെടുപ്പ് യന്ത്രമാക്കി ബിജെപിയെ മാറ്റാന്‍ മോദിക്കും ഷായ്ക്കും കഴിഞ്ഞിട്ടുണ്ട്. ഈ യന്ത്രത്തോട് ഏറ്റുമുട്ടാനുള്ള ഭാവനയോ ശേഷിയോ തനിക്കില്ലെന്നാണ് രാഹുല്‍ അനുദിനം തെളിയിച്ചുകൊണ്ടിരിക്കുന്നത്.

ജനാധിപത്യത്തെക്കുറിച്ചും ഉള്ളിലുള്ള ഇന്ത്യയെക്കുറിച്ചും കഴിഞ്ഞ ദിവസം മലപ്പുറത്ത് രാഹുല്‍ വാചാലനാവുന്നത് കണ്ടു. ഇതേ രാഹുലാണ് കോണ്‍ഗ്രസിനുള്ളില്‍ ഒരു പദവിയുമില്ലാതെ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്നത്. അമരിന്ദറിനെ പുറത്താക്കാന്‍ തീരുമാനിച്ചത് രാഹുലും പ്രിയങ്കയും ചേര്‍ന്നാണ്. പ്രിയങ്കയ്ക്ക് യുപിയുടെ ചുമതലയാണ് കോണ്‍ഗ്രസിലുള്ളത്. രാഹുലാണെങ്കില്‍ വെറുമൊരു എംപി മാത്രമാണ് നിലവില്‍ പാര്‍ട്ടിയില്‍. എന്നിട്ട് ഇരുവരും ചേര്‍ന്ന് ഒരു സംസ്ഥാന മുഖ്യമന്ത്രിയെ അട്ടിമറിക്കുന്നു. രാജസ്ഥാനും ചത്തിസ്ഗഡും എങ്ങിനെ കുളമാക്കാം എന്നാണ് ഈ ബ്രിഗേഡിന്റെ അടുത്ത ലക്ഷ്യമെന്ന് കേള്‍ക്കുന്നുണ്ട്.

കുടുംബത്തിന്റെ തുടര്‍ച്ച ഉറപ്പുവരുത്തുന്നതിലുള്ള അമിതമായ ശ്രദ്ധയാണ് ഇന്ദിരയെ വഴിതെറ്റിച്ചത്. തന്റെ പിന്‍ഗാമി ഇന്ദിരയാവണമെന്ന് നെഹ്രു ഒരിക്കലും ശഠിച്ചിരുന്നില്ല. 1959ല്‍ ഇന്ദിര കോണ്‍ഗ്രസ് പ്രസിഡന്റായതിനെ നെഹ്രു അത്ര കണ്ട് സന്തോഷത്തോടെയല്ല കണ്ടത്. അതുകൊണ്ടു തന്നെയാണ് നെഹ്രുവിന് ശേഷം ശാസ്ത്രിയെ പ്രധാനമന്ത്രിയാക്കുന്നതില്‍ കാമരാജിനും കൂട്ടര്‍ക്കും വലിയ വെല്ലുവിളികളൊന്നും നേരിടേണ്ടി വരാതിരുന്നത്. പക്ഷേ, പാര്‍ട്ടിയുടെയും ഭരണത്തിന്റെയും തലപ്പത്തേക്ക് ഇന്ദിരയെത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ബാല്യം മുതലേ അരക്ഷിത ബോധമായിരുന്നു ഇന്ദിരയുടെ കൂടപ്പിറപ്പ്. ചെറുപ്പത്തില്‍ അമ്മ കമലയ്ക്ക് നെഹ്രു കുടുംബത്തില്‍ നേരിടേണ്ടി വന്ന ഒറ്റപ്പെടല്‍, പിന്നീട് അധികാരത്തിലെത്തിയപ്പോള്‍ കാമരാജിന്റെ നേതൃത്വത്തിലുള്ള സിന്‍ഡിക്കറ്റിന്റെ ഉപജാപകങ്ങള്‍ ഇവയെല്ലാം ചേര്‍ന്ന് ഇന്ദിരയെ കുടുംബത്തിന്റെ അത്താണിയും ആശ്രയവുമാക്കി. തനിക്ക് ശേഷം ഇളയ മകന്‍ സഞ്ജയ്, സഞ്ജയിന്റെ അഭാവത്തില്‍ മൂത്ത മകന്‍ രാജീവ് എന്ന ചിന്തയിലേക്ക് ഇന്ദിര എത്തിയതോടെയാണ് കോണ്‍ഗ്രസിനുള്ളിലെ അപചയം രൂക്ഷമാമാവാന്‍ തുടങ്ങിയത്.

sidhu

ഇന്ദിരയുടെ സ്‌കൂളില്‍ രാഷ്ട്രീയ മാമ്മോദീസ മുങ്ങിയ സോണിയ അതേ വഴിയിലൂടെ നീങ്ങിയതില്‍ അത്ഭുതപ്പെടാനില്ല. തനിക്ക് പകരം രാഹുലിനെ മാത്രമേ സോണിയയ്ക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് കാണാനാവുന്നുള്ളു. ഈയൊരു ചിന്താസരണിയുമായി കോണ്‍ഗ്രസിന് അധികം കാലം മുന്നോട്ടു പോകാനാവില്ല. നെഹ്രുവിന്റെയും ഇന്ദിരയുടെയും ഇന്ത്യയല്ല സമകാലിക ഇന്ത്യയെന്ന് സോണിയ തിരിച്ചറിയേണ്ടിയിരിക്കുന്നു. മോദിയും ഷായും നയിക്കുന്ന ബിജെപിയെ നേരിടണമെങ്കില്‍ വിശാലമായൊരു പ്രതിപക്ഷ നിരയ്ക്ക് രൂപം നല്‍കാന്‍ കോണ്‍ഗ്രസിനാവണം. അതിനുള്ള ആദ്യ പടി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ യുപിഎ അദ്ധ്യക്ഷയാക്കുകയാണ്. മമതയെപ്പോലൊരു സ്ട്രീറ്റ് ഫൈറ്റര്‍ക്ക് മാത്രമേ മോദിയെ മോദിയുടെ നാണയത്തില്‍ തിരിച്ചടിക്കാനാവുകയുള്ളു. ശരദ്പവാറിനെയും അഖിലേഷ് യാദവിനെയും എം കെ സ്റ്റാലിനെയും നവിന്‍ പട്നായിക്കിനെയുമൊക്കെ കൂടെക്കൂട്ടാന്‍ രാഹുലിനേക്കാള്‍ നന്നായി മമതയ്ക്കാവും.

അടുത്തിടെ ജമ്മു കാശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ രാഹുല്‍ ആവേശത്തോടെ പറഞ്ഞത് താന്‍ ഒരു കാശ്മീര്‍ പണ്ഡിറ്റാണെന്നാണ്. രാഹുലിന്റെ പിതാമഹന്‍ നെഹ്രു ഇത്തരം തറവാട് മഹിമകളില്‍ വിശ്വസിച്ചിരുന്നില്ല. നെഹ്രു പ്രഥമവും പ്രധാനവുമായി ഇന്ത്യക്കാരനായിരുന്നു. കോണ്‍ഗ്രസിനെ കോണ്‍ഗ്രസാക്കിയത് ഗാന്ധിജിയാണ്. 1915 ല്‍ ഗാന്ധിജി ഇന്ത്യയിലേക്കെത്തിയതോടെയാണ് കോണ്‍ഗ്രസിന് പുതിയ ഭാഷയും പുതിയ രൂപവും പുതിയ ഉള്ളടക്കവുമുണ്ടായത്. ഗാന്ധിജിയാണ് കോണ്‍ഗ്രസിനെ സാധാരണ മനുഷ്യരുടെ പാര്‍ട്ടിയാക്കിയത്. നാല് മണിക്കൂര്‍ മാത്രം മുന്നറിയിപ്പ് കൊടുത്ത് രാജ്യത്തെ മോദി സര്‍ക്കാര്‍ അടച്ചിട്ടപ്പോള്‍ വഴിയാധാരമായ കുടിയേറ്റ തൊഴിലാളികളെ ഡെല്‍ഹിയില്‍ രാഹുല്‍ സന്ദര്‍ശിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. രാഹുലിന്റെ സ്ഥാനത്ത് ഗാന്ധിജിയായിരുന്നെങ്കില്‍ ആ മനുഷ്യരുടെ കൂടെ അദ്ദേഹവും നടക്കുമായിരുന്നു. വാക്കിനും ചെയ്തിക്കുമിടയില്‍ ഗാന്ധിജിക്ക് അകലമുണ്ടായിരുന്നില്ല.

ഹിമാലയത്തിലും ബര്‍മ്മയിലുമൊക്കെ ധ്യാനിക്കാന്‍ പോകുന്നതിന് പകരം ഗാന്ധിജിയുടെ ആത്മകഥ ഒന്ന് മനസ്സിരുത്തി വായിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാവണം. മലപ്പുറത്തും വയനാട്ടും വല്ലപ്പോഴും വന്ന് വഴിയോരത്തെ ചായക്കടയില്‍ കയറി ചായകുടിച്ച് കുശലം പറയുന്നതിലൂടെ ബിജെപിയെയും ആര്‍എസ്എസ്സിനെയും നേരിടാനാവുമെന്ന് രാഹുല്‍ കരുതുന്നുണ്ടെങ്കില്‍  കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ എന്നു മാത്രമേ പറയാനുവുകയുള്ളു. ഒരു വശത്ത് കനയ്യയും ജിഗ്നേഷും വരുന്നതുകൊണ്ട് സിദ്ദുവിനെപ്പോലുള്ള കോമാളികള്‍ ഏല്‍പിക്കുന്ന ആഘാതത്തില്‍ നിന്ന് കോണ്‍ഗ്രസിന് കരകയറാനാവില്ല. മോന്‍സന്‍ മാവുങ്കലിനെപ്പോലൊരു തട്ടിപ്പുകാരനെ തിരിച്ചറിയാന്‍ കഴിയാത്ത ഒരാളാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ അമരത്തുള്ളതെന്നും ഇതോടൊപ്പം കൂട്ടിവായിക്കണം. തുരങ്കത്തിനപ്പുറത്ത് ഇപ്പോഴും പ്രകാശമുണ്ടെന്ന വിശ്വാസമാണ് കോണ്‍ഗ്രസില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ സാധാരണ മനുഷ്യരെ പ്രേരിപ്പിക്കുന്നത്. ഇന്ത്യ ഒരു മതരാഷ്ട്രമാവരുതെന്ന വീക്ഷണവും കാഴ്ചപ്പാടുമുള്ള ഈ  സാധാരണ മനുഷ്യരുടെ പാര്‍ട്ടിയാവുന്നതിലൂടെ മാത്രമേ കോണ്‍ഗ്രസിന് മുന്നോട്ടു പോകാനാവുകയുള്ളു. അതിനുള്ള നേതൃത്വമാണ് കോണ്‍ഗ്രസില്‍ നിന്ന് കാലവും ചരിത്രവും ആവശ്യപ്പെടുന്നത്.

വഴിയില്‍ കേട്ടത് :  സ്‌കൂള്‍ കുട്ടികളുടെ ഉച്ച ഭക്ഷണ പദ്ധതി പിഎം പോഷണ്‍ സ്‌കീം ആകുമന്നെ് വാര്‍ത്ത. കുട്ടികളെങ്കില്‍ കുട്ടികള്‍ ! പബ്ലിസിറ്റിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല!