മനസ്സിനെ ഇത്രയധികം ഉലച്ച ദൃശ്യങ്ങള്‍ അടുത്ത കാലത്തുണ്ടായിട്ടില്ല. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 23 ന് അസമിലെ ദറാങ് ജില്ലയില്‍ നടന്ന പോലീസ് വെടിവെയ്പിന്റെ  കാഴ്ചകള്‍ അത്രമേല്‍ ഭീകരമായിരുന്നു. വിശപ്പ് സഹിക്കാതെ ഭക്ഷണം എടുത്തു കഴിച്ചതിന് ഒരു കൂട്ടം ആളുകള്‍ അട്ടപ്പാടിയില്‍ അടിച്ചു കൊന്ന ആദിവാസി യുവാവ് മധു, വാളയാറില്‍ കിരാതരായ ഒരു സംഘം പീഡിപ്പിച്ചു കൊന്ന കുരുന്നുകള്‍, ജമ്മു കശ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗത്തിനിരയായ എട്ടു വയസ്സുകാരി, യുപിയിലെ ഹത്രസില്‍ നിര്‍ദ്ദയമായി പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത ദളിത് പെണ്‍കുട്ടി -- ഇന്ത്യയുടെ മനഃസാക്ഷിയെ പിടിച്ചു കുലുക്കിയ സംഭവങ്ങളായിരുന്നു ഇവയൊക്കെ. ആ മുറിവുകള്‍ ഇപ്പോഴും കരിഞ്ഞിട്ടില്ല. പക്ഷേ, ദറാങിലെ കാഴ്ച ഇതിനുമപ്പുറത്താണ്. വാക്കുകളുടെ പരിമിതികള്‍ നമ്മളെ ബോദ്ധ്യപ്പെടുത്തുന്ന കാഴ്ച.

നമുക്കാ ദൃശ്യങ്ങളൊന്ന് നോക്കാം. വലിയൊരു സംഘം പോലിസുകാര്‍ തോക്കുകളുമായി നിരന്നു നില്‍ക്കുന്നു. ഒരു ചെറുപ്പക്കാരന്‍ ഒരു വടിയുമായി അവരുടെ നേര്‍ക്ക് പാഞ്ഞടുക്കുന്നു. നിസ്സഹായതയുടെ പരകോടിയിലായിരുന്നിരിക്കണം ആ യുവാവ് ഇങ്ങനെയൊരു സാഹസത്തിനൊരുങ്ങിയത്. വല്ലാത്തൊരു ശൂന്യതയ്ക്കു മുന്നില്‍ നമ്മളെല്ലാവരും തന്നെ ഇങ്ങനെ പ്രതികരിച്ചേക്കാം. ആ ചെറുപ്പക്കാരന്റെ കൈയ്യില്‍ സ്റ്റെന്‍ ഗണ്ണോ, ബോംബോ, ഒരു കത്തിയോ പോലുമുണ്ടായിരുന്നില്ല. ഒരു സംഘം പോലീസുകാര്‍ക്ക് വളരെ എളുപ്പത്തില്‍ കായികമായി തന്നെ ആ ചെറുപ്പക്കാരനെ കീഴ്പ്പെടുത്താമായിരുന്നു. പക്ഷേ, പോലീസുകാര്‍ അയാളുടെ നേര്‍ക്ക് വെടിവെച്ചു. കാല്‍മുട്ടിന് കീഴെയല്ല നെഞ്ചത്തു തന്നെയാണ് ബുള്ളറ്റ് തറച്ചത്. വെടിയെറ്റു വീണ ആ മനുഷ്യനെ പോലീസുകാര്‍ വളഞ്ഞിട്ട് മര്‍ദിക്കുന്നതും വീഡിയോയിലുണ്ട്. അപ്പോഴാണ് ആ ഫോട്ടോഗ്രാഫറുടെ രംഗപ്രവേശം. കുടിയൊഴിപ്പിക്കലിന്റെ ഫോട്ടോയെടുക്കാന്‍ പോലീസുകാര്‍ കൊണ്ടു വന്ന ആ ഫോട്ടോഗ്രാഫര്‍ വെടിയേറ്റു വീണ ആ പാവം മനുഷ്യന്റെ നെഞ്ചില്‍ ചവിട്ടുന്നു , അട്ടഹസിക്കുന്നു, ഉന്മാദത്തിന്റെ കൊടുമുടിയിലെന്നപോലെ അയാള്‍ വീണുകിടക്കുന്ന മനുഷ്യന് മേല്‍ ചാടി മറിയുന്നു. അപ്പോള്‍ ഒരു പോലീസുകാരന്‍ വന്ന് അയാളെ പതുക്കെ പിടിച്ചു മാറ്റുന്നുണ്ട്. പക്ഷേ, നിമിഷങ്ങള്‍ക്കുള്ളില്‍ ആയാള്‍ ആ ഫ്രെയിമിലേക്ക് ഒന്നുകൂടി വരുന്നു. ഒരിക്കല്‍ കൂടി ആ പാവം മനുഷ്യനോട് ചെയ്യാവുന്നതെല്ലാം ചെയ്യുന്നു. വീണുകിടക്കുന്നയാള്‍ ബോധരഹിതനായതാണോ അതോ അയാളില്‍ നിന്ന് പ്രാണന്‍ വിട്ടുപോയിക്കഴിഞ്ഞിരുന്നുവോ എന്ന് നമുക്കറിയില്ല.

Assam eviction drive
വീടുകള്‍ തകര്‍ക്കപ്പെട്ടതോടെ ശേഷിച്ച സാമഗ്രികളുമായി യാത്രയാകുന്ന മനുഷ്യന്‍| ഫോട്ടോ പി.ടി.ഐ

ഈ കാഴ്ചയില്‍ ചരിത്രത്തിന്റെ രണ്ട് ഘട്ടങ്ങള്‍ ഒന്നിക്കുന്നുണ്ടെന്നാണ് ചരിത്രകാരനും സാമൂഹ്യ നിരീക്ഷകനുമായ മുകുല്‍ കേശവന്‍ ചൂണ്ടിക്കാട്ടുന്നത്. ആദ്യത്തേത് ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരതയാണ്. മെജോറിറ്റേറിയനിസത്തില്‍ അധിഷ്ഠിതമായ ഭീകരത. രണ്ടാമത്തേത് വ്യക്തമാക്കാന്‍ ടെലഗ്രാഫ് പത്രത്തില്‍ കേശവ് എഴുതിയ ലേഖനത്തില്‍ നിന്നുള്ള വാക്കുകള്‍  അതേപടി കൊടുക്കുകയാണ് : '' The Photographer knew that stomping on Muslims  , dead or alive ,was sanctioned by the Zeitgeist. But he was also performing for the camera in a way that is the signature behaviour of this digital age. ''( ജീവനോടെയോ അല്ലാതെയോ ഉള്ള മുസ്ലിങ്ങളുടെ മേല്‍ ചവിട്ടുന്നതിന് ഈ കാലം അനുമതി നല്‍കുന്നുണ്ടെന്ന് ആ ഫോട്ടോഗ്രാഫര്‍ക്കറിയാമായിരുന്നു. അതേസമയം ഈ ഡിജിറ്റല്‍ കാലം ആവശ്യപ്പെടുന്നതുപോലെ അയാള്‍ ക്യാമറയ്ക്ക് വേണ്ടി പ്രകടനം നടത്തുകയുമായിരുന്നു. ) ഫോട്ടോ എടുക്കാന്‍ വന്ന ഫോട്ടോഗ്രാഫര്‍ സ്വയം ഫോട്ടോയാവുന്നു. സെല്‍ഫിയുടെ ഈ കാലത്ത് ഒരു ചരിത്ര നിമിഷം അയാള്‍ തന്നിലേക്ക് മാത്രം ആവാഹിക്കുകയാണെന്നാണ് മുകുല്‍ കേശവന്‍ നിരീക്ഷിക്കുന്നത്.  ഈ കാഴ്ചയെ മുകുല്‍ വിശേഷിപ്പിക്കുന്നത് ' masturbatory view of the world'  എന്നാണ്.

ഭരണകൂടം ഒരു ജനതയ്ക്കെതിരെ തിരിയുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു ദറാങ്ങിലേത്. കുടിയേറ്റക്കാര്‍ മനുഷ്യര്‍ തന്നെയാണ്. മനുഷ്യര്‍ മനുഷ്യരോട് പെരുമാറുന്നത് പോലെയാണ് അവരോടും പെരുമാറേണ്ടത്. പണ്ട് യുദ്ധത്തില്‍ തോറ്റപ്പോള്‍ പോറസ് രാജാവിനോട് എന്ത് പെരുമാറ്റമാണ് താങ്കള്‍ ആഗ്രഹിക്കുന്നതെന്ന് അലക്സാണ്ടര്‍ ചോദിച്ചപ്പോള്‍ പോറസിന്റെ മറുപടി ഓര്‍ക്കുന്നില്ലേ : ''ഒരു രാജാവിനോട് മറ്റൊരു രാജാവ് എങ്ങിനെ പെരുമാറുന്നോ അതുപോലെ. ''പക്ഷേ, നമ്മുടെ ഭരണകൂടങ്ങള്‍ മനുഷ്യത്വരഹിതമായിരിക്കുന്നു. ഈ ഭരണകൂടത്തിന്റെ തുടര്‍ച്ച മാത്രമാണ് പോലിസ്. ദറാങ്ങില്‍ ഇത് കുറെക്കൂടി സ്പഷ്ടമാണ്. അവിടത്തെ പോലീസ് മേധാവി സുശാനന്ദ ബിശ്വ ശര്‍മ്മ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ സഹോദരനാണ്. പോലീസും ഭരണകൂടവും ഒന്നാകുന്ന കാഴ്ചയാണിത്. വെടിവെയ്പ് അന്വേഷിക്കുമെന്ന അസം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തികഞ്ഞ അശ്ലീലമാകുന്നത് ഈ പരിസരത്തിലാണ്.

പോലിസ് വെടിവെച്ചു കൊന്ന രണ്ടാമന്‍ പന്ത്രണ്ട് വയസ്സുകാരനായ ഷെയ്ക്ക് ഫരീദാണ്. കൊല്ലപ്പെടുന്നതിനു കുറച്ചു മുമ്പാണ് ആ കുട്ടിക്ക് ആധാര്‍ കാര്‍ഡ് കിട്ടിയത്. പൗരത്വ രേഖയ്ക്ക് ഇന്നിപ്പോള്‍ ഇന്ത്യയിലുള്ള ശക്തമായ സാക്ഷ്യപത്രമാണ് ആധാര്‍. ഈ നാട്ടില്‍ തന്റെ അസ്തിത്വം തെളിയിക്കാനുള്ള രേഖ കിട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ ആ കുട്ടിക്ക് പ്രാണന്‍ തന്നെ വെടിയേണ്ടി വന്നു. ഏത് ഗംഗയില്‍ കഴുകിയാലും ഈ രക്തക്കറ നമ്മുടെ ഭരണാധികാരികളുടെ കൈയ്യില്‍ നിന്ന് മാഞ്ഞുപോവില്ല.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളമായി തമാസിക്കുന്ന ഇടങ്ങളില്‍ നിന്ന് ഭരണകൂടം ഒരു കൂട്ടം മനുഷ്യരെ ഇറക്കി വിടുകയാണ്. ബംഗ്ളാദേശില്‍ നിന്നും എത്തിയ അനധികൃത കുടിയേറ്റക്കാരാണിവരെന്നാണ് ഭരണകൂടത്തിന്റെ ഭാഷ്യം. വീടുകളെന്ന് പറയാനൊന്നുമില്ല. ചെറിയ കുടിലുകള്‍. മൂന്ന് ഘട്ടമായുള്ള കുടിയൊഴിപ്പിക്കലില്‍ ആദ്യ ഭാഗം പ്രശ്നരഹിതമായിരുന്നുവെന്നാണ് പോലീസും അധികൃതരും പറയുന്നത്.  സെപ്റ്റംബര്‍ 23 ന് നടന്നത് രണ്ടാം ഘട്ടമായിരുന്നു. എങ്ങോട്ട് പോകണം എന്നു പോലും പറയാതെയാണ് പോലീസ് തങ്ങളെ ഒഴിപ്പിക്കാനെത്തിയതെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. പിടിച്ചെടുക്കുന്ന ഭൂമി തദ്ദേശീയരായ ഭൂരഹിതര്‍ക്ക് കൊടുക്കുമെന്നാണ് മുഖ്യമന്ത്രി ശര്‍മ്മ പറയുന്നത്. ഒരു വശത്ത് ബലം പ്രയോഗിച്ച് മനുഷ്യരെ അവര്‍ വര്‍ഷങ്ങളായി തമാസിക്കുന്ന ഇടങ്ങളില്‍ നിന്ന് ഇറക്കി വിട്ടശേഷം ഭൂരഹിതരെ അന്വേഷിച്ചു നടക്കുന്ന കലാപരിപാടിയെയാണ് ഈ കെട്ട കാലത്ത് ഭരണം എന്ന് വിളിക്കുന്നത്.

assam eviction drive
തകര്‍ക്കപ്പെട്ട കുടിലുകളില്‍ ഒന്ന്| ഫോട്ടോ: എ.എന്‍.ഐ

സെപ്റ്റംബര്‍ 23ന് ദറാങ്ങില്‍ മൊയ്നുള്‍ ഹക്ക് എന്ന ചെറുപ്പക്കാരന് മേല്‍ പോലീസ് ഫോട്ടോഗ്രാഫര്‍ ചവിട്ടിത്തുള്ളുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള അന്വേഷണത്തിലും ചര്‍ച്ചയിലുമായിരുന്നു. ആഗോള ജനാധിപത്യം അരക്കിട്ടുറപ്പിച്ചതിനു ശേഷം തിരിച്ചെത്തിയ പ്രധാനമന്ത്രി ഇന്നലെ രാത്രി ചെയ്ത ഒരു സംഗതി പുതിയ പാര്‍ലമെന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം വിലയിരുത്തുകയായിരുന്നു. മൊയ്നുള്‍ ഹക്കിന്റെയും ഫരീദിന്റെയും ജഡങ്ങള്‍ക്കു മേലാണോ ഇന്ത്യന്‍ ജനാധിപത്യം നിലനില്‍ക്കേണ്ടതെന്ന് പ്രധാനമന്ത്രി തീര്‍ച്ചയായും ആത്മപരിശോധന നടത്തേണ്ടതുണ്ട്. അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ വാസ്തവത്തില്‍ പ്രധാനമന്ത്രി ആദ്യം ചെയ്യേണ്ടിയിരുന്നത് ദറാങ്ങിലേക്ക് പോവുകയായിരുന്നു. അവിടെ ആ പാവപ്പെട്ട മനുഷ്യരുടെ മുറിവുണക്കാന്‍ ഒരു വാക്ക് ഒന്ന് പറഞ്ഞിരുന്നെങ്കില്‍ അതാകുമായിരുന്നു ഇന്ത്യന്‍ ജനാധിപത്യത്തിനുള്ള ഏറ്റവും വലിയ സമ്മാനം.

modi
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍
പ്രധാനമന്ത്രി രാത്രിയില്‍ എത്തിയപ്പോള്‍| ഫോട്ടോ: പി.ടി.ഐ

നാസികളുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് ഭാഗ്യം ഒന്നുകൊണ്ടു മാത്രം രക്ഷപ്പെട്ട ഏലിസ് വീസല്‍ എന്ന മനുഷ്യന്‍ എഴുതിയ 'രാത്രി' എന്ന് പേരുള്ള ഗ്രന്ഥമുണ്ട്. 1986 ല്‍ സമാധാനത്തിനുളള നോബല്‍ സമ്മാനം വീസലിനായിരുന്നു. 146 പേജ് മാത്രമുള്ള ഈ ചെറു പുസ്തകം ഇടിച്ചു നിറച്ച കതിന പോലെയാണ്. അമ്മയും അനിയത്തിയും നാസികളുടെ ഗ്യാസ് ചേംബറിലേക്ക് വലിച്ചെറിയപ്പെടുന്നതിന് സാക്ഷിയായ ഒരു കുട്ടിയുടെ അനുഭവങ്ങള്‍ അത്രയേറെ പൊള്ളിക്കുന്നതാണ്. തൊട്ടടുത്ത മുറിയില്‍ നാസികള്‍ പീഡിപ്പിച്ചു കൊന്ന പിതാവിന്റെ നിലവിളി ആ കുട്ടിയെ ജിവിതകാലം മുഴുവന്‍ പിന്തുടര്‍ന്നു ( 2016 ലാണ് വീസല്‍ മരിച്ചത്.)  ഈയൊരു പുസ്തകം എഴുതാനായിരിക്കാം താന്‍ ജീവനോടെ ബാക്കിയായതെന്ന് വീസല്‍ പറയുമായിരുന്നു. പുസ്തകത്തില്‍ ഒരിടത്ത് വീസല്‍ എഴുതുന്നു : തൂങ്ങിയാടുന്ന ഒരു കുട്ടിയുടെ ജഡത്തിനടുത്തുകൂടെ കടന്നുപോവുമ്പോള്‍ പിന്നില്‍ നിന്നും ഒരാള്‍ പിറുപിറുത്തു :  എവിടെയാണ് ദൈവം ?  അപ്പോള്‍ എന്റെ ഉള്ളില്‍ നിന്നും ഒരു ശബ്ദം ഞാന്‍ കേട്ടു :  ദൈവം എവിടെയാണെന്നോ ? ദാ .. അവിടെ... ആ തൂക്കു മരത്തില്‍ തൂങ്ങിയാടുന്നു. ''

ദറാങ്ങില്‍ നിന്നുള്ള കാഴ്ചയ്ക്കു മുന്നില്‍ കണ്ണേ മടങ്ങൂ എന്ന് മാത്രമേ പറയാനാവുന്നുള്ളു. അവിടെ ആത്മനിര്‍വൃതിയോടെ നോക്കി നില്‍ക്കുന്ന പോലിസുകാര്‍ക്ക് മുന്നില്‍  ആ ഫോട്ടോഗ്രാഫര്‍  താണ്ഡവമാടുന്നത് ഒരു ചെറുപ്പക്കാരന്റെ മേലല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന് മേലാണ്. വീസല്‍ പറഞ്ഞതുപോലെ  ദൈവം ( ജനാധിപത്യം )  ദാ ... അവിടെ നിശ്ചേതനായി കിടക്കുന്നു!