1977 ല്‍ എണ്‍പത്തിരണ്ടാമത്തെ വയസ്സിലാണ് മൊറാര്‍ജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായത്. അടിയന്തരാവസ്ഥയില്‍ 19 മാസത്തോളം മൊറാര്‍ജി ജയിലിലായിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങി അധികം വൈകാതെ ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മൊറാര്‍ജി അതീവ ശ്രദ്ധേയമായ ഒരു കാര്യം പറഞ്ഞു. അധികാരത്തിലിരിക്കുമ്പോള്‍ സത്യം പറയുക എന്നത് വലിയൊരു വെല്ലുവിളിയാണെന്നാണ് മൊറാര്‍ജി പറഞ്ഞത്. അധികാരത്തിലിരിക്കേണ്ടി വന്നാല്‍ തനിക്ക് പോലും ചിലപ്പോള്‍ കള്ളം പറയേണ്ടി വന്നേക്കുമെന്ന് ഗാന്ധിജി ഭയപ്പെട്ടിരുന്നെന്നും മൊറാര്‍ജി ചൂണ്ടിക്കാട്ടി. അധികാരമുയര്‍ത്തുന്ന ഇത്തരം പ്രതിസന്ധികളായിരിക്കാം ചിലപ്പോള്‍ അധികാരം വേണ്ടെന്ന് വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചത്. അധികാരത്തിലിരുന്നും സത്യം വിളിച്ചു പറഞ്ഞ എബ്രഹാം ലിങ്കണ്‍ തന്റെ പ്രചോദനമാണെന്നും മൊറാര്‍ജി അഭിമുഖത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഒരു ഇടപെടലാണ് മൊറാര്‍ജിയിലേക്ക് ഓര്‍മ്മയെ കൊണ്ടുപോയത്. കേരളീയ സമൂഹത്തിനെ അസ്ഥിരപ്പെടുത്തുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന ചില സംഭവ വികാസങ്ങളില്‍ പിണറായി സ്വീകരിച്ച നിലപാടിനെ ശ്ലാഘിക്കുക തന്നെ വേണം. അസത്യങ്ങള്‍ക്കു മുന്നില്‍ സത്യം തന്നെയാണ് ഏറ്റവും വലിയ പ്രതിരോധം. കണക്കുകളും വസ്തുതകളും മുന്‍നിര്‍ത്തി എത്ര കൃത്യമായാണ് പിണറായി മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് വ്യക്തമാക്കിയത്. അരക്കെട്ടുകള്‍ നുണ പറയാറില്ല എന്ന പേരില്‍ കൊളംബിയന്‍ ഗായിക ഷക്കീറയുടെ പാട്ടുണ്ട്. വസ്തുതകളും വിവരങ്ങളും അരക്കെട്ട് പോലെയാണ്. ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദുമുയര്‍ത്തുന്നവരുടെ മുന്നിലാണ് വസ്തുതകളുടെ പ്രതിരോധം പിണറായി ഉയര്‍ത്തിയത്. ഐഎസില്‍ ചേര്‍ക്കാനായി ഇതര മതസ്ഥരെ മുസ്ലീങ്ങള്‍ പരിവര്‍ത്തനം ചെയ്തെടുക്കുന്നു എന്ന ആരോപണം പൊളിക്കാന്‍ മാര്‍ക്സിന്റെയും മാവോയുടെയും ഉദ്ധരണികള്‍ ആവശ്യമില്ല, നല്ല ഒന്നാന്തരം കണക്കുകള്‍ മാത്രം മതി.

pinarayi2019 വരെയുള്ള കണക്കനുസരിച്ച് 100 മലയാളികളാണ് ഐഎസില്‍ ചേര്‍ന്നത്. ഇതില്‍ 72 പേര്‍ വിദേശത്ത് പോയ ശേഷം അവിടെ വെച്ചാണ് ഐഎസിലേക്കെത്തുന്നത്. ഇതില്‍ 71 പേരും മുസ്ലീം സമുദായത്തില്‍ പെട്ടവരാണ്. ബാക്കി 28 പേരില്‍ അഞ്ച് പേരാണ് മറ്റ് മതങ്ങളില്‍ നിന്ന് ഇസ്ലാമിലേക്ക് എത്തിയവര്‍. തിരുവനന്തപുരം സ്വദേശി നിമിഷ വിവാഹം കഴിച്ചത് പാലക്കാട്ടുകാരന്‍ ക്രിസ്ത്യാനി ബെക്സണെയാണെന്നും എറണാകുളം തമ്മനം സ്വദേശിനി മെറിന്‍ ജേക്കബ്ബ് കല്ല്യാണം കഴിച്ചത് ബെസ്റ്റിന്‍ എന്ന ക്രിസ്ത്യാനിയെയാണെന്നുമുള്ള വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടാണ് നിക്ഷ്പിത താല്‍പര്യക്കാര്‍ ലൗ ജിഹാദിന്റെ കൊടി ഉയര്‍ത്തുന്നത്. അതായത് ഈ ചെറുപ്പക്കാര്‍ വിവാഹിതരാവുമ്പോള്‍ ഇസ്ലാം ആയിരുന്നില്ല അവരുടെ മതം. 

കോട്ടയം സ്വദേശിനി അഖില ഹാദിയയായതിന് പിന്നില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറഞ്ഞത് സുപ്രീംകോടതിയാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. തിരുത്തേണ്ടത് പാലാ ബിഷപ്പാണെന്നാണ് സഖാവ് പിണറായി വിജയന്‍ അസന്നിഗ്ദമായി പറഞ്ഞത്. ഇതൊരു ചെറിയ കാര്യമല്ല. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീറാം വെങ്കട്ടരാമന്‍  എന്ന സബ് കലക്ടര്‍ മൂന്നാറില്‍ പരസ്യമായി കുരിശുകള്‍ പിഴുതെറിഞ്ഞപ്പോള്‍ അതിനെതിരെയും പിണറായി കൃത്യമായി നിലപാടെടുത്തിരുന്നു. കൈയ്യേറിയ ഭൂമി തിരിച്ചുപിടിക്കുമ്പോള്‍ എന്താണാഘോഷിക്കേണ്ടതെന്നും എന്താണ് ആഘോഷമാക്കാതിരിക്കേണ്ടതെന്നും കിറുകൃത്യമായാണ് അന്ന് പിണറായി പറഞ്ഞത്.

അധികാരവും സത്യവും പലപ്പോഴും സമാന്തര പാതകളാണ്.  സത്യവും നുണയും നേര്‍ക്ക് നേര്‍ വരുമ്പോള്‍ ഭരണകൂടം ഏതു ഭാഗത്തു നില്‍ക്കുന്നുവെന്നതാണ് സുപ്രധാനം. നുണകളുടെ കൂമ്പാരമായി ഭരണകൂടങ്ങള്‍ മാറുന്നതിനെക്കുറിച്ചാണ്  പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ജോസി ജോസഫ്  ''നിശ്ശബ്ദ അട്ടിമറി: ഭരണകൂടത്തെ സ്വാധീനിക്കുന്ന ഗൂഢ സംഘങ്ങളുടെ ചരിത്രം '' ( The Silent Coup : A History of the Deep State In India ) എന്ന ഗ്രന്ഥത്തില്‍ പറയുന്നത്. പൗര സമൂഹത്തിന് സ്വാതന്ത്ര്യവും സമത്വവും ഉറപ്പുവരുത്തേണ്ട സുരക്ഷാ സംവിധാനങ്ങള്‍ (പോലീസ്, രഹസ്യാന്വേഷണ ഏജന്‍സികള്‍, അര്‍ദ്ധ സൈനിക സേനകള്‍) ഭരണകൂടത്തിന്റെ ഉപകരണങ്ങളായി മാറുമ്പോള്‍ സംഭവിക്കുന്ന ഭീകരതയുടെ വിവരണം. ജോസിയുടെ പുസ്തകത്തെക്കുറിച്ച് വിശദമായി പിന്നീടൊരിക്കല്‍ പറയാം. പുസ്തകത്തിലെ ഏറ്റവും അവസാനത്തെ ഖണ്ഡിക മാത്രം ഇവിടെ എടുത്തുകൊടുക്കുകയാണ്.

'' 2020 ഫെബ്രുവരി 23 ന് പൗരത്വ നിയമ ഭേദഗതി നിയമം( സിഎഎ ) അനുകൂലിക്കുന്ന ഒരാള്‍ക്കൂട്ടത്തെ ബിജെപിയുടെ തീപ്പൊരി പ്രാസംഗികന്‍ കപില്‍ മിശ്ര അഭിസംബോധന ചെയ്തു. സിഎഎ വിരുദ്ധ പ്രക്ഷോഭകാരികളെ എത്രയും പെട്ടെന്ന് ഡെല്‍ഹിയിലെ തെരുവുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പോലിസിന്  കപില്‍ മിശ്ര അന്ത്യശാസനം നല്‍കുന്നത് കേട്ടുകൊണ്ട്  നോര്‍ത്ത് ഈസ്റ്റ് ഡെല്‍ഹി പോലീസ് ചീഫ് ബേദ് പ്രകാശ് സൂര്യ നിശ്ശബ്ദനായി നിന്നു.  ജഫ്രബാദിലെയും ചാന്ദ്ബാഗിലെയും പ്രക്ഷോഭകാരികളെ ഒഴിപ്പിക്കുന്നതിന് പോലീസിന് നല്‍കിയ മുന്നറിയിപ്പ് അതിനു ശേഷം കബില്‍ മിശ്ര ട്വീറ്റ് ചെയ്തു : '' ഇനി ഞങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ വരരുത്, ഞങ്ങള്‍ കേള്‍ക്കില്ല.''  തന്റെ പ്രസംഗത്തിന്റെ വീഡിയോയും കബില്‍ ട്വീറ്റ് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡല്‍ഹി വിടുന്നതു വരെ മാത്രമേ തങ്ങള്‍ സമാധാനം പാലിക്കുകയുള്ളു എന്ന് കബില്‍ മിശ്ര പറയുന്നത് വീഡിയോയിലുണ്ടായിരുന്നു. '' അതിനു ശേഷവും പ്രക്ഷോഭകാരികള്‍ തെരുവിലുണ്ടെങ്കില്‍ ഞങ്ങള്‍ പോലീസിനെ അനുസരിക്കില്ല. '' പോലീസ് ചീഫ് ആ ഫ്രെയിമില്‍ നിന്ന് നിശ്ശബദ്നായി പുറത്തു കടന്നു. അപ്പോള്‍ ഡല്‍ഹി കലാപം തുടങ്ങി.

പോലിസിന്റെ നിശ്ശബ്ദത എന്നു പറഞ്ഞാല്‍ ഭരണകൂടത്തിന്റെ നിശ്ശബ്ദതയാണ്. കബില്‍ മിശ്രയെപ്പോലുള്ളവരുടെ ഭീഷണികള്‍ക്ക് മുന്നില്‍ നിശ്ശബ്ദനാവുന്ന പോലീസ് ഓഫീസര്‍ കലാപത്തിന് സമ്മതം മൂളുകയാണ്. ഇവിടെയാണ് മൊറാര്‍ജി പറയുന്ന അധികാരവും സത്യവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ പ്രസക്തി ഉയരുന്നത്. അധികാരത്തിലിരിക്കുമ്പോള്‍ പറയേണ്ടത് പറയുകയും ചെയ്യേണ്ടത് ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ അതിന്റെ ഫലം ദുരന്തമായിരിക്കും. ഒരു ഡസന്‍ ഭാഷകളില്‍ പണ്ഡിതനായിരുന്ന നരസിംഹറാവു ഏതെങ്കിലും ഭാഷയില്‍ അരുത് എന്ന് പറഞ്ഞിരുന്നെങ്കില്‍ ബാബ്രി മസ്ജിദ് തകര്‍ക്കപ്പെടുമായിരുന്നില്ല എന്ന നിരീക്ഷണം ഉയരുന്നത് ഈ പരിസരത്തിലാണ്. റാവുവിനും മുമ്പ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖറിന് ഇക്കാര്യത്തില്‍ സന്ദേഹങ്ങളുണ്ടായിരുന്നില്ല. തന്നെ വന്നു കണ്ട വിഎച്ച്പി നേതാക്കളോട് ചന്ദ്രശേഖര്‍ പറഞ്ഞത് ഇതാണ്: ''ഞാന്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ബാബ്രി മസ്ജിദിന് ഒരു പോറല്‍ പോലും സംഭവിക്കില്ല. ''

മനുഷ്യര്‍ക്കിടയില്‍ പല തരം വിഷങ്ങളുണ്ട്. അഴിമതി കൊടിയ വിഷമാണ്. അധികാര ഭ്രാന്ത് മറ്റൊരു മുന്തിയ ഇനം വിഷമാണ്. ജാതിയും വര്‍ഗ്ഗീയതയും ഇതിലും കൂടിയ ഇനങ്ങളാണ്. വര്‍ഗ്ഗീയതയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവരുത് എന്ന നിലപാടായിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്രുവിന്. ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേലിനും ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നില്ല. വര്‍ഗ്ഗീയതയ്ക്ക് മുന്നില്‍ ഒന്ന് പകച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നത് എപ്പോഴാണെന്ന് മാത്രം ചോദിച്ചാല്‍ മതി. വര്‍ഗ്ഗീയത ഒരു സമൂഹത്തെയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. നമുക്കൊരു തരത്തിലും നിയന്ത്രണമില്ലാത്ത കാര്യമാണ് ഏത് മതത്തിലാണ് നമ്മള്‍ ജനിക്കുന്നത് എന്ന സംഗതി. ഇതിന് പുറത്താണ് വര്‍ഗ്ഗീയ വാദികള്‍ കളിക്കുന്നത്. ഒരാള്‍ ഒരു മതക്കാരനാണെന്നത് കൊണ്ട് അയാളെ ശത്രുവാക്കുന്ന കലാപരിപാടി ഒരു പുരോഗമന സമൂഹത്തിനും അംഗീകരിക്കാനാവില്ല. 

pinarayi
പിണറായി വിജയന്‍ ഭാര്യയോടൊപ്പം: ഫയല്‍ ഫോട്ടോ- എ.എന്‍.ഐ

വര്‍ഗ്ഗീയ ലഹള തുടങ്ങിയാല്‍ ഒന്ന് കൊടുക്കേണ്ടിടത്ത് രണ്ട് കൊടുക്കണം എന്നാണ് മുന്‍ പഞ്ചാബ് പോലീസ് മേധാവി കെ പി എസ് ഗില്‍ പറഞ്ഞത്. ലാത്തി പ്രയോഗിക്കേണ്ടിടത്ത് ആകാശത്തേക്ക് വെടിവെയ്ക്കണം, ആകാശത്തേക്ക് വെടിവെയ്ക്കേണ്ടിടത്ത് കാല്‍ മുട്ടിന് വെടി വെയ്ക്കണം. മുട്ടിന് താഴോട്ട് വെടി വെയ്ക്കേണ്ടിടത്ത് മുകളിലേക്ക് തന്നെ ലക്ഷ്യമിടണം. വേറെ ഏതു കാര്യത്തിലും നമുക്ക് അലസതയാവാം. പക്ഷേ, വര്‍ഗ്ഗീയതയുടെ മുന്നില്‍ മാത്രം മുട്ടിടിക്കരുത്. ഇവിടെയാണ് പിണറായി തന്റെ തന്നെ സഹപ്രവര്‍ത്തകരായ മന്ത്രി വാസവനെപ്പോലുള്ളവരെ തിരുത്തിയിരിക്കുന്നത്. വര്‍ഗ്ഗീയത പറയുന്നവരെ പണ്ഡിതര്‍ എന്ന് വിളിക്കുന്ന കൂടാരത്തില്‍ താനില്ല എന്ന പ്രഖ്യാപനമാണിത്.

ഏറ്റവും നല്ല അണുനാശിനി സൂര്യപ്രകാശമാണെന്ന് പറയാറുണ്ട്. ശരിക്കൊന്നു വെയിലു കൊണ്ടാല്‍ ഒരു മാതിരി അസുഖങ്ങളൊക്കെ പമ്പ കടക്കും. അഞ്ച് കൊല്ലം മുമ്പ് മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അത്യാസന്ന നിലയില്‍ ചെന്നൈയില്‍ അപ്പോളൊ ആസ്പത്രിയില്‍ കിടക്കുമ്പോള്‍ ഒരു ഡോക്ടര്‍ പറഞ്ഞത് ഇടയ്ക്കൊന്നു വെയിലു കൊണ്ടിരുന്നെങ്കില്‍ ജയലിളതയുടെ പ്രതിരോധ ശേഷി ഇത്രയും വഷളാവില്ലെന്നായിരുന്നു. അസത്യ പ്രചരണം എന്ന അണുബാധയെ നേരിടാനുള്ള ഏറ്റവും നല്ല മരുന്ന് വസ്തുതകളാണ്. ഈ പ്രതിവിഷമാണ് മുഖ്യമന്ത്രി പിണറായി ബുധനാഴ്ച പ്രയോഗിച്ചത്. സൂചി കൊണ്ടെടുക്കേണ്ടത് സൂചി കൊണ്ട് തന്നെ എടുക്കുന്ന പ്രയോഗം.

തുടര്‍ഭരണം എന്ന ചരിത്രം സാര്‍ത്ഥകമാകേണ്ടത് ഇത്തരം ഇടപെടലുകളിലൂടെയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം നിരവധി വിവാദങ്ങള്‍ പിണറായി സര്‍ക്കാരിനെ പിന്തുടര്‍ന്നിരുന്നു. അവയുടെ നിഴല്‍ ഇപ്പോഴും പിണറായിക്ക് മേലുണ്ട്. പക്ഷേ, ഇനിയങ്ങോട്ടുള്ള കാലം ഈ നിഴലില്‍ നിന്നും കുതറി മാറുന്നതിനുള്ള ആത്മാര്‍ത്ഥമായ ശ്രമം പിണറായിയുടെ ഭാഗത്തു നിന്നുണ്ടാവണം. അധികാരത്തിലിരുന്നും സത്യം വിളിച്ചു പറയാന്‍ കഴിയണം. അതിനുള്ള ഒരു തുടക്കമാണ് പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി എടുത്തിരിക്കുന്നതെന്ന് കരുതുകയാണ്. വെല്‍ഡണ്‍ സഖാവേ, ഇനിയങ്ങോട്ടും നിലപാടുകള്‍ ഇതുപോലെ സുദൃഡവും സുതാര്യവുമാവട്ടെ !

വഴിയില്‍ കേട്ടത് :  നിയമസഭയിലെ കൈയ്യാങ്കളി: പോലീസുകാര്‍ സംഘര്‍ഷമുണ്ടാക്കിയപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതികള്‍. പ്രതിരോധിക്കാന്‍ കൈയ്യില്‍ കിട്ടിയത് സ്പീക്കറുടെ കസേരയായിപ്പോയത് സഖാക്കളുടെ കുറ്റമാണോ?