ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ രണ്ടു ദിവസം മുമ്പ്  നടന്ന കര്‍ഷകരുടെ മഹാസംഗമം മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയ സന്ദേശം കാണാതിരിക്കാനാവില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി അഞ്ച് ലക്ഷത്തോളം കര്‍ഷകരാണ് മുസഫര്‍പൂരിലേക്കെത്തിയത്. ഒരു പാട് ഓര്‍മ്മകള്‍ സ്പന്ദിക്കുന്ന ഇടമാണ് മുസഫര്‍നഗര്‍. 2013 ല്‍ ഇവിടെ നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. അമ്പതിനായിരത്തോളം പേര്‍ക്ക് ജന്മനാട് വിട്ട് ഓടിപ്പോകേണ്ടി വന്നു. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ചിറകിലേറി യുപി പിടിക്കാന്‍ ബിജെപി നടത്തിയ കരുനീക്കങ്ങളില്‍ മുസഫര്‍നഗറും അതിന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്‍ പ്രധാനമന്ത്രി ചരണ്‍സിങ് രൂപം നല്‍കിയ ജാട്ട്- മുസ്ലിം സഖ്യം തകര്‍ക്കപ്പെടുന്നത് ഈ നീക്കങ്ങളുടെ അനന്തരഫലമായാണ്.

ഇവിടേക്കാണ് ഞായറാഴ്ച കര്‍ഷകര്‍ വന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന സംഗമത്തില്‍ പങ്കെടുത്തുകൊണ്ട് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ഉറക്കെ വിളിച്ചു : ''അല്ലാഹു അക്ബര്‍! അപ്പോള്‍ കര്‍ഷകര്‍ പ്രതികരിച്ചു '' ഹര്‍, ഹര്‍ മഹാദേവ്. ''തുടര്‍ന്നങ്ങോട്ട് മുസഫര്‍പൂരിന്റെ അന്തരീക്ഷത്തില്‍ ഈ വിളികള്‍ പരസ്പരപൂരിതമായി ഉയര്‍ന്നുകൊണ്ടിരുന്നു. ഒരു ജനത അവരുടെ സാഹോദര്യം വീണ്ടെടുക്കുന്നതിന്റെ അസുലഭവും അവിസ്മരണീയവുമായ മുഹൂര്‍ത്തം. ''ഈ മണ്ണില്‍ ഇതിനു മുമ്പും ഈ വിളികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇനിയങ്ങോട്ടും ഇതിവിടെ ഉയരും . ഇനി ഇവിടെ ഒരു കലാപവും ഉണ്ടാവില്ല.''രാകേഷ് ടിക്കായത്ത് പറഞ്ഞു.

ടിക്കായത്തിന്റെ വാക്കുകള്‍ ശൂന്യതയില്‍ നിന്നുള്ളതല്ല. മതസൗഹാര്‍ദത്തിന്റെ സൗരഭ്യം നിറയുന്ന വലിയൊരു ചരിത്രം അതിലുണ്ട്. കൊണ്ടും കൊടുത്തും വളര്‍ന്ന വ്യത്യസ്തമാര്‍ന്ന വിശ്വാസ ധാരകളുടെ ചരിത്രം. ഈ ചരിത്രം ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യത്തെ കര്‍ഷകര്‍ മുന്‍നിരയിലുണ്ടെന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് നല്‍കുന്ന സാന്ത്വനവും ആശ്വാസവും ചില്ലറയല്ല. 2017 ല്‍ യുപി സാക്ഷ്യം വഹിച്ചത് ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും കൃത്യമായ അജണ്ടയുടെ ആവിഷ്‌കാരമാണെന്ന് പ്രഗത്ഭ നിയമജ്ഞന്‍ ഫാലി എസ് നരിമാന്‍ നിരീക്ഷിക്കുന്നത് ഇതിനോട് ചേര്‍ത്ത് വായിക്കണം. സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായി ഒരു മഠാധിപതി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതിന് പിന്നിലുള്ള രഷ്ട്രീയത്തിലേക്കാണ് നരിമാന്‍ വിരല്‍ ചൂണ്ടിയത്. അതൊരു അപഭ്രംശമായിരുന്നില്ലെന്നും യോഗിയുടെ സ്ഥാനാരോഹണം ആര്‍എസ്എസ്സിന്റെ 'നവ ഇന്ത്യ' യിലേക്കുള്ള കൃത്യമായ ചുവടുവെയ്പാണെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെയാണ് നരിമാന്‍ വ്യക്തമാക്കിയത്.

അടുത്ത കൊല്ലം നടക്കാനിരിക്കുന്ന യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം കാലിടറി നില്‍ക്കുമ്പോഴാണ് കര്‍ഷകരുടെ രംഗപ്രവേശമെന്നതും കാണാതിരിക്കാനാവില്ല. ഗംഗയില്‍ ഒഴുകി നടന്ന കോവിഡ് ബാധിതരുടെ ശവങ്ങള്‍ യോഗി സര്‍ക്കാരിനെ വിഷമസന്ധിയിലാക്കിയിരുന്നു. കോവിഡിന്റെ രണ്ടാം വ്യാപനം യോഗി സര്‍ക്കാര്‍ വിജയകരമായി നേരിട്ടുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുകഴ്ത്തലുകള്‍ക്ക് മറയ്ക്കാനാവുന്നതിനപ്പുറം പൊള്ളുന്നതാണിത്. പക്ഷേ, യുപിയില്‍ പ്രതിപക്ഷനിര ആകെ ആടിയുലഞ്ഞുനില്‍ക്കുകയാണ്. ബിഎസ്പിക്കും എസ്പിക്കും കോണ്‍ഗ്രസിനുമിടയില്‍ ഇപ്പോള്‍ പാലങ്ങളേതുമില്ല. രാജ്യത്ത് ഏറ്റവുമധികം ജനങ്ങളുള്ള സംസ്ഥാനം തിരിച്ചുപിടിക്കാന്‍ ഈ പാര്‍ട്ടികള്‍ക്ക് ഒരു രാഷ്ട്രീയ പദ്ധതിയുണ്ടോ എന്ന് ചോദിച്ചാല്‍ കൈമലര്‍ത്താനേ കഴിയുകയുള്ളു. 2022 നെക്കുറിച്ചല്ല 2024നെക്കുറിച്ചാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി അടുത്തിടെ സംസാരിച്ചതെന്നും മറക്കാനാവില്ല. ഒരു വശത്ത് വികസന മുദ്രാവാക്യവും മറുവശത്ത് മുസ്ലിം വിരുദ്ധതയുമെന്ന ദ്വന്ദത്തിലൂന്നിയാണ് ബിജെപിയും യോഗിയും യുപി നിലനിര്‍ത്താന്‍ കരുക്കള്‍ നീക്കുന്നത്.

farmers protest

ഈ പശ്ചാത്തലത്തിലാണ് മുസഫര്‍പൂരിലെ കര്‍ഷക സംഗമം കൂടുതല്‍ പ്രസക്തമാവുന്നത്. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നതാണ് കര്‍ഷകരുടെ മുഖ്യ ആവശ്യം. ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരം തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തോളമാവുകയാണ്. അടുത്ത കാലത്തെങ്ങും ഇത്തരമൊരു പ്രതിഷേധം ഇന്ത്യ കണ്ടിട്ടില്ല. 1917 ല്‍ ബിഹാറിലെ ചമ്പാരനില്‍ നീലം കര്‍ഷകര്‍ നേരിട്ട ചൂഷണത്തിനെതിരെയായിരുന്നു ഇന്ത്യയില്‍ ഗാന്ധിജിയുടെ പ്രഥമ സത്യാഗ്രഹം. കര്‍ഷകരുടെ പ്രശ്നം പഠിക്കുന്നതിനും പരിഹാരം നിര്‍ദ്ദേശിക്കുന്നതിനുമുള്ള ഒരു സമിതിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപം നല്‍കിയത് ഗാന്ധിജിയുടെ ഇടപെടലിനെത്തുടര്‍ന്നാണ്. അന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ എടുത്ത അനുഭാവപൂര്‍ണ്ണമായ സമീപനം പോലും കാര്‍ഷിക നിയമങ്ങളുടെ കാര്യത്തില്‍ മോദി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. സമരം താനേ തകരും എന്ന കണക്കുകൂട്ടലിലാണ് മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പക്ഷേ, കൊറോണയ്ക്കും ഡല്‍ഹിയിലെ ശൈത്യത്തിനും തകര്‍ക്കാനാവാത്ത ആത്മവീര്യമാണ് തങ്ങളുടേതെന്ന് കര്‍ഷകര്‍ ഇതിനകം തെളിയിച്ചുകഴിഞ്ഞു.

1944 ഒകടോബര്‍ 29ന് കര്‍ഷകനേതാവായ എന്‍ ജി രംഗയോട് ഗാന്ധിജി പറഞ്ഞ വാക്കുകള്‍ ഇവിടെ സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. കര്‍ഷക താല്‍പര്യം സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണ സഭകള്‍ക്കാവുന്നില്ലെങ്കില്‍ നിസ്സഹകരണത്തിന്റേയും നിയമലംഘനത്തിന്റേയും വഴികള്‍ അവരുടെ മുന്നില്‍ എപ്പോഴുമുണ്ടാവുമെന്നാണ് ഗാന്ധിജി പറഞ്ഞത്. സ്വതന്ത്ര ഇന്ത്യ പിറവിയെടുക്കുന്നതിന് മുമ്പായിരുന്നു ഗാന്ധിജിയുടെ ആ ആഹ്വാനം. സ്വതന്ത്ര ഇന്ത്യയില്‍  ജനങ്ങളുടെ ഏറ്റവും വലിയ ആയുധം സമ്മതിദാന അവകാശം തന്നെയാണ്. ഈ ആയുധത്തിന്റെ പ്രയോഗമാണ് മുസഫര്‍പൂരിലെ കര്‍ഷക സംഗമം ലക്ഷ്യമിടുന്നത്.

മുസഫര്‍പൂര്‍ കര്‍ഷക സംഗമത്തോട് ആദ്യം പ്രതികരിച്ച ബിജെപി നേതാക്കളില്‍ ഒരാള്‍ വരുണ്‍ഗാന്ധിയാണ്. ലക്ഷക്കണക്കിന് കര്‍ഷകരാണ് മുസഫര്‍പൂരില്‍ സമ്മേളിച്ചിരിക്കുന്നതെന്നും അവര്‍ നമ്മുടെ മാംസവും മജ്ജയുമാണെന്നുമാണ് വരുണ്‍ ട്വീറ്റ് ചെയ്തത്. കര്‍ഷകരുമായുള്ള സംഭാഷണം പുനരാരംഭിക്കണമെന്നും അവരുടെ മുറിവുള്‍ ഉണക്കാന്‍ നടപടി ഉണ്ടാവണമെന്നും വരുണ്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉള്‍വൃത്തങ്ങളില്‍ വരുണിന് സ്ഥാനമുണ്ടെന്ന് തോന്നുന്നില്ല. ചമ്പാരനില്‍ കര്‍ഷകര്‍ക്കെതിരെ നിലയുറപ്പിച്ചത് അന്നത്തെ കോര്‍പറേറ്റുകളായിരുന്നു. സമകാലിക ഇന്ത്യയിലും കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ തന്നെയാണ് കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് പകല്‍പോലെ വ്യക്തമാണ്. അതുകൊണ്ടുതന്നെ വരുണ്‍ഗാന്ധിയുടെ വാക്കുകള്‍ മോദി സര്‍ക്കാരിന്റെ നിലപാട് മാറ്റത്തിന് വഴിയൊരുക്കുമോയെന്നതില്‍ വലിയ പ്രതീക്ഷയ്ക്കൊന്നും വകയില്ല.

കര്‍ഷകസംഗമത്തില്‍ നടത്തിയ പ്രസംഗത്തില്‍ രാകേഷ് ടിക്കായത്ത് മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെയും നിശിതമായി വിമര്‍ശിച്ചു. ''രാജ്യം വില്‍പനയ്ക്കെന്ന സന്ദേശമാണ് മോദി സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍പാതകള്‍, ഭൂമി എന്നിവയെല്ലാം തന്നെ വില്‍ക്കാന്‍ വെച്ചിരിക്കുന്നു. പക്ഷേ, രാജ്യത്തെ 14 കോടിയോളം വരുന്ന തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ സമരപാതയിലാണ്. അവരാണ് കര്‍ഷക പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുള്ളത്. '' ഭരണകൂടത്തിന്റെ സമസ്ത മേഖലകളിലും പിടിമുറുക്കുന്ന കോര്‍പറേറ്റുകള്‍ക്കെതിരെയാണ് തങ്ങളുടെ സമരമെന്ന് കര്‍ഷകര്‍ കൃത്യമായി തിരിച്ചറിയുന്നുമുണ്ട്. ഇത് രാജ്യത്തെ രക്ഷിക്കാനുള്ള സമരമാണെന്ന് കര്‍ഷകര്‍ വിളിച്ചുപറയുന്നത് ഈ പരിസരത്തില്‍ നിന്നുകൊണ്ടാണ്.

farmers protest

യുപിയിലെ ജനസംഖ്യയില്‍ 19 ശതമാനം വരുന്ന മുസ്ലിം സമുദായത്തില്‍ നിന്ന് ഒരാളെപ്പോലും സ്ഥാനാര്‍ത്ഥിയാക്കാതെയാണ് 2017 ല്‍ ബിജെപി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. വര്‍ഗ്ഗീയമായി ധ്രുവീകരിക്കപ്പെട്ട ഒരു സമൂഹത്തില്‍ വിജയത്തിലേക്കുള്ള എളുപ്പവും ഉറപ്പാര്‍ന്നതുമായ മാര്‍ഗ്ഗമാണതെന്ന് ബിജെപിക്കറിയാമായിരുന്നു. പക്ഷേ, മുസഫര്‍പൂരില്‍ കര്‍ഷകര്‍ ഒരേ ശബ്ദത്തില്‍ അല്ലാഹു അക്ബറെന്നും ഹര്‍ ഹര്‍ മഹാദേവെന്നും വിളിക്കുമ്പോള്‍ അതുയര്‍ത്തുന്ന അനുരണനങ്ങള്‍ ബിജെപിയുടെ കോട്ടകളെ തീര്‍ച്ചയായും ഉലയ്ക്കുന്നുണ്ട്. ജാട്ട്- മുസ്ലിം ഐക്യമെന്ന  ചൗധരി ചരണ്‍സിങ്ങിന്റെ ആ പഴയ സമവാക്യത്തിന് വീണ്ടും ചിറകു മുളയ്ക്കുകയാണ്. മായാവതിയും അഖിലേഷും രാഹുലും ഈ ചുവരെഴുത്തുകള്‍ വായിക്കുക തന്നെ വേണം. കാലവും ചരിത്രവും ഇപ്പോള്‍ അവരില്‍ നിന്നാവശ്യപ്പെടുന്നത് ഇതിനുള്ള വിവേകവും ബുദ്ധിയുമാണ്.

വഴിയില്‍ കേട്ടത് : ഇന്‍ഫോസിസിനെ വിമര്‍ശിച്ച പാഞ്ചജന്യ തങ്ങളുടെ മുഖപ്രസിദ്ധീകരണമല്ലെന്ന് ആര്‍എസ്എസ്. അപ്പോള്‍ 1948 മുതല്‍ ഈ വാരിക പ്രസിദ്ധീകരിക്കുന്നത് കുമ്പിടി ആയിരിക്കും!


മുസഫര്‍നഗറില്‍ നടന്ന കര്‍ഷകരുടെ മഹാസംഗമം. ഫോട്ടോ: പി.ടിഐ
മുസഫര്‍നഗറില്‍ നടന്ന കര്‍ഷകരുടെ മഹാസംഗമം. ഫോട്ടോ: എ.എഫ്.പി