വേതാളത്തിന്റെ നിര്‍ത്താതെയുള്ള ചിരിയാണ് വിക്രമാദിത്യനെ ഉണര്‍ത്തിയത്. എന്തൊരു ചിരിയാണിത്? ''കുഞ്ചന്‍ നമ്പ്യാര്‍ ഈ വഴിക്കെങ്ങാനും പോയോ? '' ഉച്ചമയക്കത്തില്‍ നിന്നുണരവേ വിക്രമാദിത്യന്‍ ചോദിച്ചു.
''കുഞ്ചനും തുഞ്ചനുമൊന്നുമല്ല മഹാരാജന്‍.'' ചിരിയടക്കാന്‍ പാടുപെട്ടുകൊണ്ട് വേതാളം പറഞ്ഞു.
''വേതാളം , ഒന്നു ശബ്ദം താഴ്ത്തൂ, എന്തിനാണിങ്ങനെ വെടിപൊട്ടുന്ന ഒച്ചയില്‍ പീഡിപ്പിക്കുന്നത്? '' ഉച്ചയുറക്കം മുറിഞ്ഞതിന്റെ അലോസരം വിക്രമാദിത്യന്റെ വാക്കുകളില്‍ പ്രകടമായിരുന്നു.
''ജല്ലിക്കെട്ട് കണ്ടതിനു ശേഷം ഒച്ച കുറയ്ക്കാന്‍ പറ്റുന്നില്ല മഹാരാജന്‍.'' വേതാളം വിനയാന്വിതനായി.
''സസ്യ ശ്യാമള കേര കേദാര ഭൂമിയായ കേരളത്തിലും ജല്ലിക്കെട്ടോ? '' വിക്രമാദിത്യന്‍ ആശങ്കാകുലനായി.
''പ്രഭോ , തമിഴകത്തെ ജല്ലിക്കെട്ടല്ല, നമ്മുടെ പയ്യന്‍ ലിജോയുടെ ജല്ലിക്കെട്ട് സിനിമയാണ് ഞാന്‍ ഉദ്ദേശിച്ചത്. '' വേതാളത്തിന്റെ ശബ്ദം ഉയര്‍ന്നുതന്നെ നിന്നു.
''1980 കളിലെ സിംബൊളിക് നാടകങ്ങള്‍ അങ്ങ് കണ്ടിട്ടില്ലെങ്കില്‍ ദാ , ഇതൊരെണ്ണം കണ്ടാല്‍ മതി. അങ്ങയുടെ കൊതിയും കെറുവും അതോടെ തീരും. ''ജല്ലിക്കെട്ട് കണ്ടതിന്റെ അസ്വസ്ഥത വേതാളത്തിന്റെ വാക്കുകളില്‍ അലയടിച്ചു.
''പോത്തല്ല, ആനയാണെന്നായിരുന്നു പ്രചാരണം. പോത്തിനെന്തു ഏത്തുവാഴ എന്ന പഴഞ്ചൊല്ലിന്റെ അര്‍ത്ഥം പിടികിട്ടിയെന്നല്ലാതെ ജല്ലിക്കെട്ട് കൊണ്ട് അടിയന് ഒരു പ്രയോജനവുമുണ്ടായില്ല.'' ശബ്ദം താഴ്ത്താന്‍ പണിപ്പെട്ടുകൊണ്ട് വേതാളം മുറുമുറുത്തു.
''ജല്ലിക്കെട്ട് വിടൂ. അട്ടഹാസത്തിന്റെ പൊരുളെന്താണെന്ന് പറയൂ.'' വിക്രമാദിത്യന്‍ വേതാളത്തിനെ ചിരിയിലേക്ക് തിരിച്ചുകൊണ്ടുവന്നു.
''അപ്പോള്‍ , ഈ ചാനലായ ചാനലുകളും പത്രങ്ങളായ പത്രങ്ങളും സാമൂഹിക മാധ്യമങ്ങളും അങ്ങ് കണ്ടില്ലെന്ന് നടിക്കുകയാണോ? '' വിക്രമാദിത്യന്റെ അജ്ഞത വേതാളത്തിന്റെ ആവേശം ഒന്നുകൂടി കൂട്ടി.
''ഇന്ന് ഞാന്‍ ചോദിക്കാന്‍ പോകുന്ന ചോദ്യത്തില്‍ നിന്ന് അങ്ങേയ്ക്ക് രക്ഷപ്പെടാനാവില്ല. ഈ ചോദ്യം അസ്സല്‍ കായംകുളം വാളായിരിക്കും. '' വിധി തടയാന്‍ താനാളാല്ലെന്ന തിരിച്ചറിവില്‍ വിക്രമാദിത്യന്‍ ഖിന്നനായി.
''സിനിമയെ തള്ളിപ്പറയാന്‍ പാടില്ലെന്ന് ബഹുമാന്യ മന്ത്രി രവിശങ്കര്‍ പ്രസാദ്ജി പറഞ്ഞത് അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്. ''
''സിനിമയാണ് രാഷ്ട്രത്തിന്റെ പുതിയ സാമ്പത്തിക മാപിനി. ഒറ്റ ദിവസം കൊണ്ട് മൂന്ന് സിനിമകള്‍ 120 കോടി നേടുമ്പോള്‍ രാജ്യം എന്ത് സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നാണ് പ്രസാദ്ജി ചോദിക്കുന്നത്. ''
''സിനിമ കാണണമെങ്കില്‍ കാശു വേണം. ഒറ്റ ദിവസം 120 കോടി രൂപ സിനിമാശാലകളില്‍ മുടക്കാന്‍ കഴിവുള്ളവരാണ് ഇന്ത്യാക്കാരെന്നത് സാമ്പത്തിക പുരോഗതിയല്ലെങ്കില്‍ പിന്നെയെന്താണ്? ''
പട്ടില്‍ പൊതിഞ്ഞ ബജറ്റില്‍ നിന്ന് സിനിമാകൊട്ടകകളിലേക്കുള്ള ഇന്ത്യന്‍ സമ്പദ് മേഖലയുടെ കുതിപ്പില്‍ വിക്രമാദിത്യന്‍ അമ്പരന്നു. കാര്യങ്ങള്‍ മഹാരാജാവിന്റെ കൈവിട്ടുപോകുന്ന കാഴ്ചയില്‍ വേതാളം ഒന്നു കൂടി ആഹ്ലാദഭരിതനായി.
''പ്രസാദ്ജി മാത്രമല്ല എന്നെ രസിപ്പിക്കുന്നത്. ഇന്നലെ മോദിജി ചെന്നൈയിലെ കടാപ്പുറത്ത് നടത്തിയ ശുചീകരണം അങ്ങ് കണ്ട് കാണുമെന്ന് കരുതുന്നു.'' മോദിജി എന്ന വാക്ക് കേട്ടതോടെ വിക്രമാദിത്യന്റെ സകല മയക്കവും പോയി. ഉത്തിഷ്ഠത, ജാഗ്രത എന്ന് മനസ്സില്‍ ഉരുവിട്ടുകൊണ്ട് വിക്രമാദിത്യന്‍ കാതുകൂര്‍പ്പിച്ചു. വരാനിരിക്കുന്നത് വഴിയില്‍ തങ്ങില്ലെന്ന ബോധോദയത്തില്‍ വിക്രമാദിത്യന്‍ പരവശനായി.
''പതിനയ്യായിരം പോലീസുകാരാണ് ചെന്നൈയില്‍ മോദിജിയുടെയും ഷി ജിന്‍ പിങ്ജിയുടെയും സുരക്ഷയ്ക്ക് കളത്തിലിറങ്ങിയത്. സാധാരണഗതിയില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും സന്ദര്‍ശിക്കുന്ന ഏതു സ്ഥലവും സുരക്ഷാ ജീവനക്കാര്‍ അരിച്ചുപെറുക്കിയരിക്കും. മോദിജി നടക്കാനിറങ്ങിയ ബീച്ചാണെങ്കില്‍ സാക്ഷാല്‍ താജ് ഗ്രൂപ്പിന്റെ പരിപാലനത്തിലുള്ളതും. എന്നിട്ടും ഒരു ചാക്ക് പ്ലാസ്റ്റിക് മാലിന്യമാണ് മോദിജി അവിടെ നിന്ന് പെറുക്കിയെടുത്തത്. താജിന്റെ കസ്റ്റഡിയിലുള്ള ബീച്ചിനു പകരം ചെന്നൈയിലെ മറീനയിലെങ്ങാനുമാണ് മോദിജി രാവിലെ നടക്കാനിറങ്ങിയിരുന്നതെങ്കില്‍ ഈ ആയുസ്സു മുഴുവന്‍ മോദിജിക്ക് അവിടെയിരുന്ന് പെറുക്കേണ്ടി വരുമായിരുന്നു.''
''വേതാളം, നിങ്ങള്‍ ചോദ്യത്തിലേക്ക് കടക്കൂ.'' വേതാളത്തിനെ ചുമലിലേറ്റിയ നിമിഷത്തെ വിക്രമാദിത്യന്‍ ഒരിക്കല്‍കൂടി ശപിച്ചു.
''ഒറ്റ ചോദ്യമല്ല, മഹാരാജന്‍, ഇക്കുറി മൂന്നു ചോദ്യങ്ങളാണ്. ചോദ്യം ഒന്ന്: ആ ചവറുകള്‍ എവിടെ നിന്ന് വന്നു? ചോദ്യം രണ്ട് : ചവറു വാരിയിടാന്‍ പ്രധാനമന്ത്രി ഉപയോഗിച്ചത് പ്ലാസ്റ്റിക് കവറാണോ? ചോദ്യം മൂന്ന്: വെറും കൈ കൊണ്ടാണ് പ്രധാനമന്ത്രി ആ ചവറുകള്‍ വാരിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി വാരുന്ന ചവറുകള്‍ അണുമുക്തമായിരിക്കുമോ ? ''
വേതാളത്തിന്റെ ശബ്ദം താഴുന്നത് വിക്രമാദിത്യന്‍ തിരിച്ചറിഞ്ഞു. ചോദ്യത്തിലുള്ള ആത്മവിശ്വാസമാണ് വേതാളത്തിന്റെ ശബ്ദം താഴ്ത്തിയതെന്നും വിക്രമാദിത്യന്‍ അറിഞ്ഞു.
''ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നില്ലെങ്കില്‍ ആ നിമഷം അങ്ങയുടെ ശിരസ്സ് നൂറ് നൂറായി പൊട്ടിത്തെറിക്കും.'' വേതാളത്തിന്റെ വാക്കുകളില്‍ മുമ്പെങ്ങുമില്ലാത്ത ഭീഷണിയുണ്ടായിരുന്നു.
ആയിരം നാവുകളുള്ള അനന്തനെപ്പോലെ വേതാളത്തിന്റെ ചോദ്യം വിക്രമിത്യനെ് വേട്ടയാടി. ഇതൊരു നൂല്‍പ്പാലമാണ്. ഒന്നു തെറ്റിയാല്‍ രാജ്യദ്രോഹത്തിന്റെ പടുകുഴിയിലേക്കായിരിക്കും വീഴുക. ഒന്നുകില്‍ ചന്ദ്രന്‍, അല്ലെങ്കില്‍ ചൊവ്വ. അതുമല്ലെങ്കില്‍ ഇനിയും പേരിട്ടിട്ടില്ലാത്ത മറ്റൊരു വിദൂര ഗ്രഹം. ശിഷ്ടകാല ജീവിതമോര്‍ത്ത് വിക്രമാദിത്യന്‍ നടുങ്ങിവിറച്ചു.
''മഹാരാജന്‍ , ആലോചന നിര്‍ത്തൂ. ഈ ചോദ്യത്തില്‍ നിന്ന് ഒളിച്ചോടാമെന്ന് അങ്ങ് ഒരിക്കലും കരുതരുത്. '' ഒന്നുകൂടി കുലുങ്ങിച്ചിരിച്ചുകൊണ്ട് വേതാളം വിക്രമാദിത്യന്റെ ഇടത്തേതോളില്‍ നിന്നും വലത്തേ തോളിലേക്ക് ചാടി.
''വേതാളം, നിങ്ങള്‍ ഷേക്‌സ്പിയര്‍ എന്നു കേട്ടിട്ടുണ്ടോ? '' അകക്കണ്ണില്‍ നിറഞ്ഞ വെളിച്ചത്തില്‍ വിക്രമാദിത്യന്റെ മുഖം പ്രകാശിക്കുന്നത് വേതാളം കണ്ടു. ചെന്നൈയിലെ ചവറിനും ഷേക്‌സ്പിയറിനും തമ്മിലെന്ത് എന്ന ചിന്തയില്‍ വേതാളം ഒരു നിമിഷം വിവശനായി.
''വേതാളം, നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം ഷേക്‌സ്പിയര്‍ പണ്ടേ, പറഞ്ഞിട്ടുണ്ട്. '' വിക്രമാദിത്യന്‍ ഷേക്‌സ്പിയറെ മനസ്സാ നമിച്ചു. എന്നിട്ട് ആസ് യു ലൈക്ക് ഇറ്റ് എന്ന നാടകത്തില്‍ നിന്നുള്ള വരികള്‍ ശ്രദ്ധാപൂര്‍വ്വം ഉദ്ധരിച്ചു.
''All the world is a stage,
And all the men and women merely players. (ഈ ലോകമത്രയും ഒരു അരങ്ങാണ്. എല്ലാ ആണുങ്ങളും പെണ്ണുങ്ങളും വെറും കളിക്കാരും.) ''
വിക്രമാദിത്യന്റെ മറുപടിയില്‍ വേതാളം പൂർണമായും നിശ്ശബ്ദനായി. ഓസ്‌കര്‍ അടക്കമുള്ള അവാര്‍ഡുകള്‍ ഇന്ത്യയെ തേടിയെത്തുന്നത് വേതാളത്തിന്റെ മനോമുകുരത്തില്‍ തെളിഞ്ഞു. ആ പ്രകാശത്തില്‍ ഏറ്റവുമാദ്യം കണ്ട കാഞ്ഞിരത്തിലേക്ക് വേതാളം വലിഞ്ഞുകയറാന്‍ തുടങ്ങി.