ക്ഷദ്വീപിലേക്ക് വരുംമുമ്പ് നമുക്കൊന്ന് മുംബൈയിലേക്ക് പോകാം. ഇന്ത്യയിലെ ഏറ്റവും വലിയ ധനിക വ്യവസായിയായ മുകേഷ് അംബാനിയുടെ വീട് ഈ വാണിജ്യ നഗരിയിലാണ്. 'കഴുകന്മാരുടെ വിരുന്ന്: ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ നിഗൂഢ കച്ചവടം' (A Feast of Vultures: The Hidden Business of Democracy in India) എന്ന ഗ്രന്ഥത്തില്‍ പത്രപ്രവര്‍ത്തകനായ ജോസി ജോസഫ്  ഈ വീടിനെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്.  ജോസിയുടെ പുസ്തകത്തിലെ അവസാന അദ്ധ്യായത്തിന്റെ തലക്കെട്ട് 'A House for Mr Ambani' എന്നാണ്.

അന്റിലിയ എന്നാണ് മുകേഷ് ഈ വീടിന് പേരിട്ടിരിക്കുന്നത്. 170 മീറ്റര്‍ ഉയരത്തിലായി 27 നിലകളുള്ള അന്റിലിയയുടെ മൊത്തം വിസ്തൃതി നാല് ലക്ഷം ചതുരശ്ര അടിയാണ്. 2008-ല്‍ പണി തുടങ്ങി 2010-ല്‍ പൂര്‍ത്തിയാക്കിയ ഈ വീടിന് അന്ന് പതിനായിരം കോടി രൂപ നിര്‍മ്മാണ ചെലവ് വന്നതായാണ് ജോസി എഴുതുന്നത്. 2010 നവംബറില്‍ അന്റിലിയയുടെ പാല് കാച്ചല്‍ ചടങ്ങില്‍ പങ്കെടുത്ത പ്രശസ്ത സിനിമ സംവിധായകന്‍ ശേഖര്‍ കപൂര്‍ പറഞ്ഞത് മുംബൈയുടെ മാലിന്യങ്ങളില്‍നിന്നകന്ന് ഇത്രയും ഉയരത്തില്‍ ശുദ്ധവായു ശ്വസിക്കാമെന്നത് ഗംഭീരമായ അനുഭവമാണെന്നാണ്.

ഐബീരിയന്‍ ഇതിഹാസത്തിലെ സാങ്കല്‍പിക ദ്വീപസമൂഹങ്ങളാണ് അന്റിലിയ എന്നറിയപ്പെടുന്നത്. ശത്രുക്കളുടെ ആക്രമണത്തില്‍നിന്ന് രക്ഷ തേടി ഹിസ്പാനിയയില്‍നിന്ന് ഒരു സംഘം ബിഷപ്പുമാര്‍ അന്റിലിയയിലെത്തിയെന്നും അവിടെ പുതിയൊരു ജീവിതത്തിനും സംസ്‌കാരത്തിനും തുടക്കമിട്ടുവെന്നുമാണ് കഥ. മുംബൈയിലെ തിക്കിലും തിരക്കിലും നിന്ന് മാറി ഉയരങ്ങളില്‍ പുതിയൊരു ലോകം കെട്ടിപ്പടുക്കാനുള്ള ആഗ്രഹവും ലക്ഷ്യവുമായിരിക്കാം വീടിന് അന്റിലിയ എന്ന് പേരിടാന്‍ ചിലപ്പോള്‍ മുകേഷിനെ പ്രേരിപ്പിച്ചത്.

2002-ലാണ് 4,532 ചതുരശ്ര മീറ്റര്‍ വരുന്ന  ഈ സ്ഥലം അന്റിലിയ കൊമഴേ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് വാങ്ങിയത്. ശ്രദ്ധേയമായ സംഗതി മുകേഷിന്റെ ഈ വീടിരുന്ന സ്ഥലത്ത് നേരത്തെയുണ്ടായിരുന്നത് ഒരു മുസ്ലിം അനാഥാലയമായിരുന്നു എന്നതാണ്. അംബാനിമാര്‍ മുംബൈയില്‍ എത്തുന്നതിനും മുമ്പ് അവിടത്തെ ഏറ്റവും വലിയ ധനികരിലൊരാളായിരുന്ന സര്‍ കരിംബോയ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഭൂമി അദ്ദേഹം അനാഥാലയം കെട്ടുന്നതിന് വിട്ടുകൊടുക്കുകയായിരുന്നു. 

സംസ്ഥാന വഖഫ് ബോര്‍ഡാണ് ഈ അനാഥാലയം സംരക്ഷിച്ചിരുന്നതെന്നും അങ്ങിനെയല്ല, ഒരു സ്വകാര്യ ട്രസ്റ്റാണ് ഇതിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നതെന്നും വ്യത്യസ്തങ്ങളായ വിവരങ്ങളുണ്ട്. എന്തായാലും 2002-ല്‍ 21 കോടി രൂപയ്ക്കാണ് അന്റിലിയ ലിമിറ്റഡ് ഈ സ്ഥലം വാങ്ങിയത്. അന്നത്തെ വിലയനുസരിച്ച് ശരിക്കും ഇതിന്റെ 25 ഇരട്ടിയെങ്കിലും ഈ സ്ഥലത്തിന് കിട്ടുമായിരുന്നുവെന്നാണ് സ്ഥലം വില്‍പന സംബന്ധമായ അന്വേഷണം നടത്തിയ ഒരു സീനിയര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ജോസിയോട് പറഞ്ഞത്.

അന്റിലിയ കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് ഈ സ്ഥലം വാങ്ങിയതിനെതിരെ പരാതികളുണ്ടായി. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ന്യൂനപക്ഷ കാര്യ മന്ത്രാലയം ഈ വിഷയത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു. അഴിമതിക്കാരായ ഒരു പറ്റം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രാജ്യത്തെ അതിസമ്പന്നര്‍ നിയമവാഴ്ചയും ഭരണഘടന സംവിധാനവും അട്ടിമറിക്കുന്നതിനുള്ള മകുടോദാഹരണമാണ് ഈ സ്ഥലം വാങ്ങലെന്നാണ് ന്യൂനപക്ഷ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍  ആശിഷ് ജോഷി 2010 ഒക്ടോബര്‍ 25-ന് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനെഴുതിയ കുറിപ്പില്‍ പറഞ്ഞത്. 

പക്ഷേ, ഈ കോലാഹലമെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി. അധികം താമസിയാതെ ആശിഷ് ജോഷി ഹരിയാനയിലേക്ക് സ്ഥലം മാറ്റപ്പെട്ടു. ഒരു മാസത്തിനപ്പുറം 2010 നവംബറില്‍ മുകേഷും കുടുംബവും പാല് കാച്ചി അന്റിലിയയിലേക്ക് ചേക്കേറി.

അന്റിലിയയ്ക്ക് മുന്നിലൂടെ നടന്നുപോകുന്ന ഒരു സംഘം ചെറുപ്പക്കാരുടെ വര്‍ത്തമാനം പകര്‍ത്തിക്കൊണ്ടാണ് ജോസി ജോസഫ് അംബാനിയുടെ വീടിനെക്കുറിച്ചുള്ള അദ്ധ്യായം അവസാനിപ്പിക്കുന്നത്. ആകാശം തുളച്ച് പോകുന്ന അന്റിലിയ നോക്കി ഒരു ചെറുപ്പക്കാരന്‍ പറയുന്നു: ''ഇത് ശരിക്കൊന്ന് മുഴുവനായി കാണാന്‍ പോലും പറ്റുന്നില്ലല്ലോ!''  

ഇന്ത്യയിലെയെന്നല്ല, ലോകത്തെവിടെയുമുള്ള കോര്‍പറേറ്റ് ഇടപാടുകള്‍ ഇങ്ങനെയാണ്. ഒരറ്റം അല്ലെങ്കില്‍ ഒരു ഭാഗം മാത്രമേ സാധാരണ മനുഷ്യരുടെ കണ്ണുകള്‍ക്ക് ദൃശ്യമാവുകയുള്ളു. മഞ്ഞുമല പോലെ ബാക്കിയുള്ള ഭാഗങ്ങള്‍ നിഗൂഢമാണ്. ഈ നിഗൂഢതയാണ് ലക്ഷദ്വീപിനെ ഇപ്പോള്‍ വലയം ചെയ്യുന്നത്. ഒരിക്കലും കൊതി തീരാത്ത മനസ്സുമായി കോര്‍പറേറ്റുകള്‍ ലക്ഷദ്വീപിന് ചുറ്റും  വട്ടമിട്ട് പറക്കുന്നു. സാധാരണ മനുഷ്യര്‍ക്ക് അപ്രാപ്യമായ അന്റിലിയകള്‍ നിര്‍മ്മിക്കുകയാണ് ഈ കോര്‍പറേറ്റുകളുടെ ലക്ഷ്യം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ ഈ ദൗത്യത്തിലെ ഒരുപകരണം മാത്രമാവാം എന്നാണ് ചരിത്രം നമ്മോട് പറയുന്നത്.

ലക്ഷദ്വീപ് ഡവലപ്മെന്റ് അതോറിറ്റി റഗുലേഷന്‍ 2021 (എല്‍.ഡി.എ.ആര്‍.) എന്ന കരട് നിയമമാണ് ലക്ഷദ്വിപിലെ ജനങ്ങളെ സമരപാതയിലെത്തിച്ചിരിക്കുന്നത്. ഭരണകൂടത്തിന് ഭൂമി ഏകപക്ഷീയമായി ഏറ്റെടുക്കുന്നതിനുള്ള അധികാരം ലഭ്യമാക്കുകയാണ് നിയമത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന്. വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ഭരണകൂടത്തിന് മുന്നില്‍ ഒരു പ്രതിബന്ധവമുണ്ടാവില്ല. 

നിയമത്തിനെതിരെ നീങ്ങുന്നവര്‍ക്ക് ജിവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി അനുഭവിക്കേണ്ടി വരും. കാരണം വ്യക്തമാക്കാതെ ഒരു കൊല്ലം വരെ ഒരാളെ തടവിലടുന്നതിന് അധികാരം നല്‍കുന്ന ഗുണ്ടാ ആക്റ്റ് (ലക്ഷദ്വീപ് പ്രിവന്‍ഷന്‍ ഒഫ് ആന്റി സോഷ്യല്‍ ആക്റ്റിവിറ്റീസ് റഗുലേഷന്‍) ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിന് ഗുണ്ടാ ചട്ടം പോലെ ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമില്ല.

ബീഫ് നിരോധനം ലക്ഷ്യമിടുന്ന ലക്ഷദ്വീപ് മൃഗസംരക്ഷണ നിയമ നിര്‍മ്മാണത്തിനുള്ള നീക്കവും ശൂന്യതയില്‍നിന്നല്ല മുളപൊട്ടുന്നത്. എന്ത് കഴിക്കണമെന്നത് ഒരു ജനതയുടെ അടിസ്ഥാനപരമായ ജീവിതാവകാശമാണ്. അതില്‍ കൈകടത്താന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ അത് ഒരു ജനതയ്ക്കെതിരെയുള്ള യുദ്ധത്തിന്റെ ഭാഗമാവുന്നു. 

രണ്ടില്‍ കൂടുതല്‍ മക്കളുള്ളവരെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കാനുള്ള ഉദ്യമവും സദുദ്ദേശ്യപരമാണെന്ന് വിശ്വസിക്കാന്‍ സാമാന്യയുക്തി നമ്മളെ അനുവദിക്കുന്നില്ല. ഭരണകൂടത്തിന്റെ ലക്ഷ്യം സുവ്യക്തമാണ്. വികസനത്തിന്റെ മറവില്‍ ലക്ഷദ്വീപിനെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുക. ഇതിനായുള്ള പരിസരമാണ് പുതിയ നിയമനിര്‍മ്മാണങ്ങളിലൂടെ ഭരണകൂടം ഒരുക്കുന്നത്. പ്രതിഷേധവും എതിര്‍പ്പുകളും മുളയിലേ നുള്ളി ലക്ഷദ്വീപിനെ കോര്‍പറേറ്റുകളുടെ പറുദീസയാക്കുക.

ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍  പ്രഫുല്‍ ഖോഡ പട്ടേലിനെ അടുത്തറിയുന്നത് ഈ വിഷയത്തില്‍ കുറച്ചുകൂടി വെളിച്ചം കിട്ടാന്‍ സഹായിക്കും. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ദ പ്രിന്റില്‍ എഴുതിയ ലേഖനത്തില്‍ ശങ്കര്‍ അര്‍ണിമേഷ് പ്രഫുല്‍ കെ. പട്ടേലിനെ വിശദമായി പരിചയപ്പെടുത്തുന്നുണ്ട്. 2010-ല്‍ ഗുജറാത്തിലെ മോദി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്നു പട്ടേല്‍. ഷൊറാബുദ്ദിന്‍ ഷെയ്ക്ക് ഏറ്റുമുട്ടല്‍ കൊലപാതക ക്കേസില്‍ പ്രതിയായി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ജയിലില്‍ പോകേണ്ടി വന്നപ്പോഴാണ് മുഖ്യമന്ത്രി മോദി തന്റെ മറ്റൊരു വിശ്വസ്ഥനായ പട്ടേലിലേക്ക് തിരിഞ്ഞത്. 

അതിനും മൂന്നു കൊല്ലം മുമ്പ് മാത്രം നിയമസഭയിലെത്തിയ പട്ടേലിന് ആഭ്യന്തര മന്ത്രി പദം കൈമാറിയത് മോദി ഒന്നും കാണാതെയാവില്ല. സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമക്കാരനായ പട്ടേല്‍ രാഷ്ട്രീയത്തിലിറങ്ങും മുമ്പ് റോഡ് കോണ്‍ട്രാക്റ്ററായിരുന്നു. സബര്‍ കണ്‍സ്ട്രക്ഷന്‍ എന്ന പട്ടേലിന്റെ നിര്‍മ്മാണ ക്കമ്പനിയാണ് ഗുജറാത്തില്‍ പല റോഡ് പദ്ധതികളും പൂര്‍ത്തിയാക്കിയത്. 

ഗുജറാത്തില്‍ നിന്നുള്ള ഒരു ബ.ിജെ.പി. എം.എല്‍.എ. ശങ്കര്‍ അര്‍ണിമേഷിനോട് പറഞ്ഞത് ഒരു രാഷ്ട്രീയക്കാരനെന്നതിനേക്കാള്‍ പട്ടേല്‍ ഒരു അഡ്മിനിസ്ട്രേറ്റര്‍ ആണെന്നാണ്. പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാനും അവ നടപ്പാക്കാനുമുള്ള പട്ടേലിന്റെ കഴിവാണ് മോദിയെ ആകര്‍ഷിച്ചതെന്നും ആ എം.എല്‍.എ. പറഞ്ഞു.

2012-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പട്ടേലിന് അടി പതറി. പക്ഷേ, പട്ടേലിന്റെ ഭാഗ്യത്തിന് പ്രിയപ്പെട്ട നേതാവ് 2014-ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ മോദി പട്ടേലിനെ ദാദ്ര ആന്റ് നാഗര്‍ ഹവേലി കേന്ദ്ര ഭരണ പ്രദേശത്തിന്റെ അഡ്മിനിസ്ട്രേറ്ററാക്കി. അതുവരെ ഈ പദവി കൈയ്യാളിയിരുന്നത് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരായിരുന്നു. മലയാളിയായ കണ്ണന്‍ ഗോപിനാഥന്‍ എന്ന ഐ.എ.എസ്. ഓഫിസറുമായി  പട്ടേല്‍ ഉടക്കിയത് ഇവിടെ വെച്ചാണ്. 

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഗോപിനാഥന് പട്ടേല്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. തന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തതിന് കാരണം വ്യക്തമാക്കണമെന്നാണ് പട്ടേല്‍ ഗോപിനാഥനോട് ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് കാലമായിരുന്നതിനാല്‍ ഗോപിനാഥന്‍ നേരെ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടിസ് കൈമാറി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പട്ടേലിനോട് നോട്ടിസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ, സംഗതി അവിടെ നിന്നില്ല. 2019 ഓഗസ്റ്റില്‍ കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസില്‍നിന്ന് രാജിവെച്ചു. ഒരു പക്ഷേ, പട്ടേല്‍ ആരാണെന്നും എന്താണെന്നും ഒന്നുകൂടി വ്യക്തമാക്കാന്‍ കഴിയുന്ന ഒരാള്‍ കണ്ണന്‍ ഗോപിനാഥായിരിക്കും.

ഇക്കഴിഞ്ഞ ഫെബ്രുവരി 22-നാണ് ദാദ്ര ആന്റ് നഗര്‍ ഹവേലി എം.പി. മോഹന്‍ ദെല്‍ക്കറുടെ മൃതദേഹം  മുംബൈയിലെ ഹോട്ടല്‍ സീ ഗ്രിനില്‍ കണ്ടെത്തിയത്. ഏഴു തവണ ഈ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് ദെല്‍ക്കര്‍. കോണ്‍ഗ്രസ് -ബിജെപി ടിക്കറ്റുകളില്‍ ദാദ്രയില്‍നിന്ന് ജയിച്ചിട്ടുള്ള എം.പി.  ഇക്കുറി ഒരു പാര്‍ട്ടിയുടെയും ലേബലില്ലാതെ സ്വതന്ത്രനായി മത്സരിച്ചിട്ടും മോഹന്‍  വിജയിച്ചു. 

അങ്ങിനെയുള്ള ഒരാളാണ് മുംബൈയിലെ ഹോട്ടലില്‍ പോയി ജീവിതം ഒടുക്കിയത്. മുംബൈയില്‍ വെച്ചാണ് മരിച്ചതെന്നതു കൊണ്ടാണ് മോഹന്റെ ജഡമെങ്കിലും കിട്ടിയതെന്നാണ് അടുത്ത ബന്ധുക്കള്‍ പറയുന്നത്. പോലിസ് കണ്ടെടുത്ത മോഹന്റെ ആത്മഹത്യക്കുറിപ്പില്‍ മോഹന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുള്ള ഒരാള്‍ പ്രഫുല്‍ പട്ടേലാണ്.

മോഹന്റെ മകന്‍ അഭിനവ് ദെല്‍ക്കര്‍  രണ്ട് മാസം മുമ്പ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ കണ്ട് പട്ടേലിനെതിരെ കേസെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. 25 കോടി രൂപ ആവശ്യപ്പെട്ട് പട്ടേല്‍ തന്റെ പിതാവിനെ ശല്യപ്പെടുത്തിയിരുന്നെന്നും കാശ് കൊടുത്തില്ലെങ്കില്‍ ഗുണ്ടാ ചട്ട പ്രകാരം ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് അഭിനവ് പോലിസിന് നല്‍കിയ പരാതിയില്‍ പറഞ്ഞത്. 

മോഹന്‍ ദെല്‍ക്കറിന് ദാദ്രയില്‍ അനേകം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഉണ്ടായിരുന്നതായി ആരോപണമുണ്ട്. ഗുജറാത്തിനും മഹാരാഷ്്രടയ്ക്കുമിടയിലുള്ള കണ്ണായ സ്ഥലമാണ് ദാദ്ര. ഇവിടെ ഭൂമിക്ക് വലിയ വിലയാണെന്നാണറിയുന്നത്. മോഹന്‍ ദെല്‍ക്കറുടെ ഭൂമി ഇടപാടുകളില്‍ പിടിച്ചായിരിക്കാം പട്ടേല്‍ കരുക്കള്‍ നീക്കിയതെും കേള്‍ക്കുന്നുണ്ട്. എന്തായാലും പട്ടേലിനെതിരെ മുംബൈ പോലിസ് എഫ്.ഐ.ആര്‍. രേഖപ്പെടുത്തിയിട്ടുണ്ട്.

ക്രോണി ക്യാപിറ്റലിസം അഥവാ ചങ്ങാത്ത മുതലാളിത്തമാണ് മോദി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് രൂക്ഷമായ വിമര്‍ശം ഈ ഘട്ടത്തില്‍ ഓര്‍ക്കുക തന്നെ വേണം. 2014-ലെ തിരഞ്ഞെടുപ്പില്‍ മോദി പ്രചാരണത്തിനായി പറന്നു നടന്നത് അദാനിയുടെ വിമാനത്തിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇന്ദ്രപ്രസ്ഥത്തിലെ അധികാരകേന്ദ്രത്തില്‍ മോദി ഇരുപ്പുറപ്പിച്ചതോടെ രാജ്യത്ത് ഏറ്റവുമധികം വളര്‍ന്ന രണ്ട് വ്യവസായികള്‍ അദാനിയും അംബാനിയുമാണ്. 

കൂടെ നില്‍ക്കുന്ന വ്യവസായികള്‍ക്ക് വളരാനുള്ള പരിസരമൊരുക്കിക്കൊടുക്കുന്ന ഏര്‍പ്പാടില്‍ കോണ്‍ഗ്രസും പിന്നാക്കമായിരുന്നില്ല. ഗാന്ധിജിയുടെ അരുമശിഷ്യരിലൊരാളായിരുന്ന ജി.ഡി. ബിര്‍ള തന്റെ ആത്മകഥയായ 'മഹാത്മാവിന്റെ നിഴലില്‍' പറയുന്നത് ഇടതുപക്ഷത്തെ നിലയ്ക്ക് നിര്‍ത്താന്‍ ഇന്ത്യയില്‍ ഗാന്ധിജിയെപ്പോലെ മറ്റൊരാള്‍ക്കും കഴിയില്ലെന്നാണ്.  

നെഹ്രുവും സുഭാഷും നയിച്ച കോണ്‍ഗ്രസിനുള്ളിലെ സോഷ്യലിസ്റ്റ് വിഭാഗത്തോട് തനിക്കുള്ള അമര്‍ഷവും പ്രതിഷേധവും ബിര്‍ള മറച്ചുവെച്ചിട്ടില്ല. പക്ഷേ, ഇക്കഴിഞ്ഞ ഏഴു വര്‍ഷം പോലെ ചങ്ങാത്ത മുതലാളിത്തത്തിന് വെള്ളവും വളവും ലഭിച്ചിട്ടുള്ള മറ്റൊരു കാലം ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല എന്നാണ് രാഷ്ട്രീയ- സാമ്പത്തിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ബ്ളൂംബെര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2021-ല്‍ ഓരോ മണിക്കൂറിലും അദാനി സമ്പാദിച്ചത് 75 കോടി രൂപയാണ്. ഈ വര്‍ഷം ഇതുവരെ 47.9 ബില്ല്യണ്‍ ഡോളറാണ് അദാനി  തന്റെ സ്വത്തിലേക്ക് കൂടുതലായി കൊണ്ടുവന്നത്. ഇക്കഴിഞ്ഞ 142 ദിവസങ്ങളില്‍ ഗൗതം അദാനി 2.56 ലക്ഷം കോടി രൂപയുടെ സമ്പാദ്യം പുതുതായി നേടി. ഇന്ത്യയിലെ മറ്റ്  19 ശത കോടീശ്വരന്മാര്‍ (അംബാനി ഒഴികെ) ഈ കാലയളവിലുണ്ടാക്കിയതിനെക്കാള്‍ കൂടുതലാണിതെന്നാണ് ബ്ളൂംബെര്‍ഗ് പറയുന്നത്. 

തുറമുഖങ്ങളും വിമാനത്താവളങ്ങളും കല്‍ക്കരി ഖനികളുമൊക്കൊയായി വലിയൊരു വ്യവസായ സാമ്രാജ്യമാണ് ഇക്കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളില്‍ അദാനി കെട്ടിപ്പൊക്കിയത്. ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിക്ക് മൊത്തം ആസ്തി 77 ബില്യണ്‍ ഡോളറാണെങ്കില്‍ അദാനിയുടേത് 69 ബില്ല്യണ്‍ ഡോളറാണ്.

പറഞ്ഞുവന്നത് ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ചും ഇന്ത്യയെ അവര്‍ വിഴുങ്ങുന്നതിനെ കുറിച്ചുമാണ്. ഭരണകൂടവും ചങ്ങാത്ത മുതലാളിത്തവും തമ്മിലുള്ള അവിശുദ്ധബന്ധങ്ങള്‍ ജോസി ജോസഫ് തന്റെ പുസ്തകത്തില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. ഒഡിഷയിലും ചത്തിസ്ഗഢിലും ജാര്‍ക്കണ്ഡിലുമൊക്കെ ഫലഭൂയിഷ്ടമായ ഭൂമികള്‍ ഖനി മാഫിയകളുടെ നിയന്ത്രണത്തിലാവുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരണങ്ങള്‍. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പുതിയ അവതാരങ്ങള്‍ ഇന്ത്യയെ ഏറ്റെടുക്കുന്നതിനെക്കുറിച്ച് എഴുത്തുകാരി അരുന്ധതി റോയ് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. 

കൈവിരലില്‍ എണ്ണാവുന്ന ചില വ്യവസായ ഗ്രൂപ്പുകള്‍ക്ക് ഇന്ത്യന്‍ ജനതയുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന തരത്തില്‍ ഇടപെടാനാവുന്നതതിനെക്കുറിച്ചുള്ള വിപത്സൂചനകള്‍ അരുന്ധതിയുടെ രചനകളിലുണ്ട്. ഒരു വ്യവസായ ഗ്രൂപ്പിന് കൈയ്യാളാന്‍ കഴിയുന്ന കുത്തകകള്‍ക്ക് ഒരു തരത്തിലുള്ള നിയന്ത്രണവും ഇന്ത്യയിലില്ല എന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണെന്ന് അരുന്ധതി  ചൂണ്ടിക്കാട്ടുന്നു.

പ്രശ്നം കച്ചവടമോ വ്യവസായമോ അല്ല. പ്രശ്നം കുത്തകയും കുത്തകവത്കരണവുമാണ്. ഇതിന്റെ നിഴലുകളാണ് ഇപ്പോള്‍ ലക്ഷദ്വീപിന് മുകളില്‍ പടരുന്നത്. ഈ പ്രതിസന്ധിയില്‍ ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പമാണെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭയില്‍ ഐക്യദാര്‍ഢ്യ പ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. 

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തുറന്ന പിന്തുണയുമായി രംഗത്തുണ്ട്. ഈ ലോകം ഇപ്പോഴും ജീവിക്കാന്‍ പറ്റുന്നതാക്കുന്നത് ഇത്തരം ചില നിലപാടുകളും സമീപനങ്ങളുമാണ്. ഒരു ജനതയുടെ നിലനില്‍പ് തന്നെ അപകടത്തിലാവുന്ന സന്നിഗ്ദ്ധ ഘട്ടത്തില്‍ ചെറുത്തുനില്‍പിന്റെ ഇടങ്ങള്‍ ചുരുങ്ങുന്നില്ലെന്നത് ഭാവിയെ പ്രകാശഭരിതവും പ്രത്യാശപൂര്‍ണ്ണവുമാക്കുന്നുണ്ട്.

വഴിയില്‍ കേട്ടത്:  കോവിഡ് 19 ഈ നൂറ്റാണ്ടിന്റെ ദുരന്തമെന്ന് പ്രധാനമന്ത്രി മോദി. നൂറു കൊല്ലത്തെ ചരിത്രമറിയില്ലെന്നും എന്നാല്‍ കഴിഞ്ഞ ഏഴു കൊല്ലത്തെ അനുഭവം വേണമെങ്കില്‍ പറയാമെന്നും ഒരു യാത്രക്കാരന്‍...!

Content Highlights: The relation between Ambani's house and Lakshadweep | Vazhipokkan