യു.പിയില്‍ ബി.ജെ.പി. 2017-ല്‍ ചെയ്തതാണ് ഇന്ത്യന്‍ ഭരണഘടനയുടെ നേര്‍ക്കുയര്‍ന്ന ഏറ്റവും വലിയ സമീപകാല വെല്ലുവിളിയെന്ന് ചൂണ്ടിക്കാട്ടിയത് രാജ്യത്തെ മുന്‍നിര അഭിഭാഷകരിലൊരാളായ ഫലി എസ്. നരിമാനാണ്. ഗൊരഖ്നാഥ് മഠാധിപതി യോഗി ആദിത്യനാഥിനെ യു.പി. മുഖ്യമന്ത്രിയായി ബി.ജെ.പി. അവരോധിച്ചതിലേക്കാണ് നരിമാന്‍ വിരല്‍ ചൂണ്ടിയത്. 

ഹിന്ദുരാഷ്ട്രം എന്ന ആശയത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള സമൂര്‍ത്തമായ ചുവടുവെയ്പ് എന്നാണ് ഈ നടപടിയെ നരിമാന്‍ വിശേഷിപ്പിച്ചത്. ഭരണകൂടത്തിന്റെ തലപ്പത്തേക്ക് ഒരു മതമേധാവി കടന്നുവരുന്നത് രാജ്യത്ത് ആദ്യത്തെ സംഭവമായിരുന്നു. ഡല്‍ഹിയിലെ ജമാ മസ്ജിദ് ഇമാം സയ്യിദ് അഹമ്മദ്  ബുക്കാരി ഡല്‍ഹി മുഖ്യമന്ത്രിയായാല്‍ എങ്ങിനെയിരിക്കും? 

അങ്കമാലി-എറണാകുളം മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി കേരളത്തിന്റെ മുഖ്യമന്ത്രിയായാല്‍ എങ്ങിനെയുണ്ടാവും? പക്ഷേ, ഇങ്ങനെയുള്ള ഒരു താരതമ്യവും 2017-ല്‍ രാജ്യം കണ്ടില്ല. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ അമരത്തേക്കുള്ള യോഗിയുടെ വരവ് ശ്രദ്ധിക്കപ്പെട്ടുവെങ്കിലും വിവാദമായില്ല.

ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും മെഗാ പദ്ധതിയില്‍ പക്ഷേ, യോഗിയുടെ ആരോഹണത്തിന് നിര്‍ണ്ണായക പ്രാധാന്യമുണ്ടായിരുന്നു. കഴിഞ്ഞ യു.പി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 19 ശതമാനം വരുന്ന മുസ്ലിം സമുദായത്തില്‍നിന്ന് ഒരാളെപ്പോലും സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്ന് ബി.ജെ.പി. പ്രഖ്യാപിച്ചതും ഈ അജണ്ടയുടെ ഭാഗമായിട്ടായിരുന്നു.  

2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.പിയില്‍ ബി.ജെ.പിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ബി.ജെ.പിയുടെ മുഖവും നേതാവും. 403 അംഗ നിയമസഭയില്‍ 312 സീറ്റുകള്‍ എന്ന ഗംഭീര നേട്ടം കൈവരിച്ചപ്പോള്‍ ആര്‍.എസ്.എസിന്റെ ആശിര്‍വ്വാദത്തോടെ ബി.ജെ.പി. യോഗിയെ മുഖ്യമന്ത്രിയാക്കി. നാല് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ഇന്നിപ്പോള്‍ എന്തൊക്കെപ്പറഞ്ഞാലും യുപിയില്‍ ബി.ജെ.പിയുടെ മുഖം യോഗിയാണ്. 

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മോദിയല്ല, യോഗിയാണ് യു.പിയിലെ നിര്‍ണ്ണായക ഘടകം. ഇതിനുള്ള ബഹുമതി നമ്മള്‍ യോഗിക്ക് കൊടുത്തേ തീരൂ. 1998 മുതല്‍ അഞ്ച് തവണ  ലോക്സഭയിലേക്കെത്തിയ പാരമ്പര്യമുണ്ടെങ്കിലും മുഖ്യമന്ത്രിയാവുമ്പോള്‍ യോഗിക്ക് രാഷ്ട്രീയ നിരീക്ഷകര്‍ വലിയ പ്രാധാന്യം കല്‍പിച്ചിരുന്നില്ല. പക്ഷേ, ഇതാദ്യമായി ഒരു ബി.ജെ.പി. മുഖ്യമന്ത്രി യു.പിയില്‍ അഞ്ച് വര്‍ഷം തികയ്ക്കുന്നത് രാജ്യം കാണുകയാണ്. രാജ്നാഥ് സിങ്ങിനോ കല്ല്യാണ്‍സിങ്ങിനോ കൈവരിക്കാനാവാതിരുന്ന നേട്ടം.

ബംഗാള്‍ തിരഞ്ഞെടുപ്പിലേറ്റ പ്രഹരം ബി.ജെ.പിയെ ഉണര്‍ത്തിയിട്ടുണ്ട്. യു.പിയില്‍ ഒരു തരത്തിലുള്ള അലംഭാവവും അനാസ്ഥയും ഉണ്ടാവരുതെന്ന് ബി.ജെ.പിക്ക് നിര്‍ബ്ബന്ധമുണ്ട്. കോണ്‍ഗ്രസില്‍നിന്ന് ജിതിന്‍ പ്രസാദയെ അടര്‍ത്തിയെടുത്തത് ഇതിന്റെ ഭാഗമായാണ്. സംസ്ഥാനത്തെ 75 ജില്ലകളിലും ഇതിനകം യോഗി പര്യടനം നടത്തിക്കഴിഞ്ഞു. 

കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും യോഗിയോട് പറഞ്ഞത് ഒരു നിലയ്ക്കും യുപി കൈവിട്ടുപോകരുതെന്നാണ്. 80 സീറ്റുകളുള്ള യു.പിക്ക് 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിലുള്ള പ്രാധാന്യം ബി.ജെ.പിക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. 245 അംഗ രാജ്യസഭയില്‍ ബി.ജെ.പിക്ക് 95 അംഗങ്ങളാണുള്ളത്. തനിച്ചുള്ള  ഭൂരിപക്ഷത്തിന് 28 സീറ്റിന്റെ കുറവ്. യു.പിയില്‍ നിന്നുള്ള 31 സീറ്റുകളില്‍ 21 എണ്ണം ബി.ജെ.പിയുടെ കൈയിലാണ്. 

അടുത്ത കൊല്ലം മാര്‍ച്ചില്‍ നടക്കേണ്ട നിയമസഭ തിരഞ്ഞെടുപ്പില്‍ യു.പി. കൈവിട്ടുപോയാല്‍ ദേശീയ തലത്തില്‍ അതിന്റെ ഗുരുതരമായ ആദ്യ പ്രത്യാഘാതം രാജ്യസഭയിലായിരിക്കും. 2022 ജൂലായില്‍ യു.പിയില്‍ 11 രാജ്യസഭ സീറ്റുകളില്‍ ഒഴിവ് വരും. നിയമസഭയില്‍ ഭൂരിപക്ഷമില്ലെങ്കില്‍ അിതന്റെ പ്രതിഫലനം രാജ്യസഭയിലുണ്ടാവുമെന്നര്‍ത്ഥം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലും അനാവശ്യ തലവേദന സൃഷ്ടിക്കാനും യു.പി. നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിനായേക്കും.

അതുകൊണ്ടുതന്നെ യു.പിയുടെ കാര്യത്തില്‍ ഒരു റിസ്‌കിനും ബി.ജെ.പിക്കാവില്ല. പ്രശ്നങ്ങള്‍ നിരവധിയുണ്ടെങ്കിലും യോഗി തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബി.ജെ.പി. അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നതും ഈ പരിസരത്തിലാണ്. ബംഗാളല്ല യു.പി. പക്ഷേ, മറ്റൊരു തലത്തില്‍ നോക്കിയാല്‍ യു.പിയിലെ മമത യോഗിയാണ്. യോഗിയോട് കിടപിടിക്കുന്ന ഒരു നേതാവ് ഇപ്പോള്‍ യു.പിയിലെ പ്രതിപക്ഷ നിരയില്‍ ഇല്ലെന്നര്‍ത്ഥം. ത

മ്മിലടിച്ച് നില്‍ക്കുന്ന അഖിലേഷ് യാദവും മായാവതിയുമാണ് യോഗിയുടെ ബലം. പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കി കോണ്‍ഗ്രസ് കളിച്ച കളികളും ഇതുവരെ കാര്യമായി ഒരു നേട്ടവും കണ്ടിട്ടില്ല. ഉത്തര്‍ പ്രദേശ് ഇന്ത്യയുടെ ഹൃദയഭൂമിയാണ്. ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള യാത്രയില്‍ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും യു.പിയെ അവഗണിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് യു.പിയില്‍ ഭരണം നിലനിര്‍ത്താന്‍ യോഗി ആദിത്യനാഥിനാവുമോ എന്ന ചോദ്യം ഉയരുന്നത്.

കൊറോണയാണ്, പ്രതിപക്ഷമല്ല യു.പിയില്‍ നിലവില്‍ യോഗിയുടെ മുഖ്യ പ്രതിയോഗി. ഗംഗയില്‍ ഒഴുകി നടന്ന ശവങ്ങളാണ് യോഗിയുടെയും ബി.ജെ.പിയുടെയും സ്വസ്ഥത കെടുത്തുന്നത്. കോവിഡ് 19 എന്ന മഹാമാരിയുടെ രണ്ടാം വ്യാപനത്തില്‍ പകച്ചു നില്‍ക്കുന്ന യു.പി. ഭരണകൂടത്തെയാണ് രാജ്യം കണ്ടത്. ഓക്സിജന്‍ ദൗര്‍ല്ലഭ്യതയും ആസ്പത്രി കിടക്കകളുടെ അഭാവവും മരുന്നുകളുടെ ക്ഷാമവും ഒരുപോലെ യോഗി സര്‍ക്കാരിനെ വേട്ടയാടി. 

ഓക്സിജന്‍ ക്ഷാമത്തെക്കുറിച്ച് പറഞ്ഞാല്‍ ജയിലില്‍ പോകേണ്ടിവരുമെന്ന ഭീഷണി ഭരണകൂടം ഉയര്‍ത്തുന്ന കാഴ്ചയും യു.പിയിലുണ്ടായി. ഗംഗയില്‍ മാത്രമല്ല, ഗംഗയുടെ തീരങ്ങളിലും കോവിഡ് ബാധിതരുടെ ശവങ്ങള്‍ നിറയുകയാണെന്ന ആരോപണമുയര്‍ന്നു. ഉറ്റവര്‍ കണ്‍മുന്നില്‍ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്നതു പോലൊരു ദുരന്തം വേറെയില്ല. ഇതില്‍ നിന്നുടലെടുക്കുന്ന ജനരോഷം നേരിടാന്‍ ഒരു പ്രത്യയശാസ്ത്രത്തിനുമാവില്ല. 

പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും ഒമ്പത് മാസങ്ങളുണ്ടെന്നിരിക്കെ ഈ കനല്‍ അണയ്ക്കാനാവുമെന്നാണ് യോഗി കരുതുന്നത്. കോവിഡ് 19-നെ നേരിടുന്നതില്‍ യു.പി. സര്‍ക്കാര്‍ ബഹുദൂരം മുന്നോട്ടു പോയിട്ടുണ്ടെന്ന് യോഗി പറയുന്നു. അടുത്തിടെ ഔട്ട്ലുക്ക് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യോഗി പറഞ്ഞത് കോവിഡിന്റെ മൂന്നാം വ്യാപനം നേരിടാന്‍ യു.പി. തയ്യാറെടുത്തുകഴിഞ്ഞുവെന്നാണ്. 

എല്ലാ മെഡിക്കല്‍ കോളേജുകളിലും നൂറു കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു. വാര്‍ഡുകള്‍ സജ്ജീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് യോഗി പറയുന്നു (മൂന്നാം വ്യാപനത്തിന്റെ ഇരകള്‍ കൂടുതലും കുട്ടികളായിരിക്കുമെന്നാണ് ഒരു വിഭാഗം ആരോഗ്യ പരിപാലന വിദഗ്ദ്ധര്‍ പറയുന്നത്.) ഇപ്പോള്‍ ഒരിടത്തും ഓക്സിജന്‍ ക്ഷാമമില്ലെന്നും യോഗി വ്യക്തമാക്കുന്നു.

യോഗി അധികാരത്തിലെത്തുമ്പോള്‍ യു.പിയില്‍ 12 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ പുതുതായി 30 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. നോയിഡയില്‍ മെഗാ ഫിലിം സിറ്റി പദ്ധതി, കൂടുതല്‍ വിമാനത്താവളങ്ങള്‍ എന്നിവ യോഗി ഭരണകൂടം ലക്ഷ്യമിടുന്നുണ്ട്. ഭൂമി മാഫിയയ്ക്കെതിരെയുള്ള നടപടികളാണ് യോഗി എടുത്തുകാട്ടുന്ന ഒരു നേട്ടം. 10,90,000 കോടി രൂപയുടെ സമ്പദ് വ്യവസ്ഥ 21,73,000 കോടി രൂപയിലേക്ക് വളര്‍ത്തിയെന്നും മോദി അവകാശപ്പെടുന്നു. 

വികാസ് ദുബെയെപ്പോലുള്ള മാഫിയ തലവന്മാരെ വെടിവെച്ചുകൊന്ന യു.പി. പോലീസിന്റെ നടപടികള്‍ തന്റെ സര്‍ക്കാരിന്റെ വിജയങ്ങളാണെന്ന് പ്രഖ്യാപിക്കാന്‍ യോഗിക്ക് ഒരു മടിയുമില്ല. ആന്റി റോമിയോ സ്്ക്വാഡുകളും ലൗ ജിഹാദിനെതിരെയുള്ള നിയമവും  സിദ്ദിഖ് കാപ്പനെപ്പേെോലയുള്ള പത്രപ്രവര്‍ത്തകരുടെ ജയില്‍വാസവും ജനാധിപത്യ സമൂഹത്തിന് അനുചിതമായിരിക്കാം. പക്ഷേ, യു.പിയില്‍ ബി.ജെ.പിയുടെ വോട്ട് ബാങ്കിനെ പ്രീണിപ്പിച്ചു നിര്‍ത്താന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണെന്നാണ് യോഗി കരുതുന്നത്.

നേരത്തെ പറഞ്ഞതുപോലെ, പ്രതിപക്ഷത്തിന്റെ ഭിന്നതയാണ് യോഗിയുടെ കരുത്ത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അപ്രതീക്ഷിത പ്രഹരമാണുണ്ടായത്. ഹിന്ദുത്വയുടെ കോട്ടകളെന്നറിയപ്പെടുന്ന വാരാണസിയിലും ലഖ്നൊവിലും അയോദ്ധ്യയിലും വരെ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടായി. കോവിഡ് 19-ന്റെ പടയോട്ടത്തില്‍ തകര്‍ന്നുപോയ ഒരു ജനതയുടെ പ്രതികരണമായിരുന്നു ഇത്. 

ഈ ജനരോഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഫലഫ്രദമാവണമെങ്കില്‍ പ്രതിപക്ഷം ഒന്നിക്കുക തന്നെ വേണം. 2017-ല്‍ 39.67 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട് പങ്കാളിത്തം. മായാവതിയുടെ ബി.എസ്.പിക്ക് 22.23 ശതമാനവും  അഖിലേഷിന്റെ എസ്പിക്ക് 21.82 ശതമാനവും കോണ്‍ഗ്രസിന് 6.25 ശതമാനവും വോട്ട് കിട്ടി. കോണ്‍ഗ്രസും എസ്.പിയും ഒന്നിച്ചായിരുന്നു മത്സരം. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ എസ്.പിയും ബി.എസ്.പിയും ഒന്നിച്ച് നിന്നു. പക്ഷേ, ഫലമുണ്ടായില്ല. 

ഒന്നിക്കണമെങ്കില്‍ പ്രതിപക്ഷം മൊത്തത്തില്‍ ഒന്നിക്കണം. ബംഗാളില്‍ ഇക്കുറി മമത ബാനര്‍ജിയെ തുണച്ച ഒരു ഘടകം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ്. പക്ഷേ, യു.പിയില്‍ 19 ശതമാനം വരുന്ന മുസ്ലിം വോട്ടുകള്‍ എസ്.പിക്കും ബി.എസ്.പിക്കും കോണ്‍ഗ്രസിനുമിടയില്‍ ഭിന്നിക്കുമ്പോള്‍ ബി.ജെ.പിക്ക് ആശങ്കകള്‍ ഒഴിയുന്നു. ഒവൈസിയുടെ എ.ഐ.എം.ഐ.എം. ഇത്തവണ ഓംപ്രകാശ് രാജ്ബാറിന്റെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിരിക്കുന്നത് ഈ വോട്ടുകളുടെ ഭിന്നിപ്പ് ഒന്നുകൂടി കൂട്ടിയേക്കും.

2024-ല്‍ മോദിക്കെതിരെ പൊതുസമ്മതനായ ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ പ്രതിപക്ഷനിരയില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. മോദിക്കെതിരെ ദീദി എന്ന മുദ്രാവാക്യമാണ് ടി.എം.സി. ഉയര്‍ത്തുന്നത്. കോണ്‍ഗ്രസും എന്‍.സി.പിയും ഈ  മുദ്രാവാക്യം ഏറ്റെടുത്താല്‍ ഇടതുപക്ഷവും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും മമതയ്ക്ക് പിന്നില്‍ അണിനിരക്കുമെന്നാണ് ടി.എം.സിയുടെ കണക്ക്കൂട്ടല്‍. പക്ഷേ, ഈ ലക്ഷ്യ സാക്ഷാത്കാരത്തിന് പ്രതിപക്ഷം ആദ്യം മറികടക്കേണ്ടത് യു.പിയാണ്. 

ഹിന്ദുത്വയുടെ ഐക്കണ്‍ എന്ന് വിശേഷിപ്പിക്കാവുന്ന നേതാവാണ് യോഗി. 2024-നുള്ളില്‍ അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ പണി തീര്‍ക്കാനാവുമെന്നാണ് ബി.ജെ.പി. കരുതുന്നത്. 2014-ല്‍ മോദി ആദ്യമായി പ്രധാനമന്ത്രിയായതിനു ശേഷം നടന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. നേടിയ ഏക വന്‍വിജയം യു.പിയിലായിരുന്നു. 

രാജസ്ഥാനിലും മധ്യപ്രദേശിലും കര്‍ണാടകത്തിലും ബി.ജെ.പിക്ക് തിരിച്ചടിയാണുണ്ടായത്. ഗുജറാത്തിലും ബിഹാറിലും നന്നേ കഷ്ടപ്പെട്ടാണ് എന്‍.ഡി.എ. ഭരണം നിലനിര്‍ത്തിയത്. കര്‍ണാടകവും മധ്യപ്രദേശുമുള്‍പ്പെടെ പലയിടങ്ങളിലും ഭരണം തിരിച്ചുപിടിച്ചത് കുതിരക്കച്ചവടത്തിലൂടെയാണ്. 2017-ലെ യു.പി. വിജയമാണ് ബി.ജെ.പിക്ക് ഉയര്‍ത്തിപ്പിടിക്കാനാവുന്ന ഏക വന്‍ നേട്ടം. 

ഈ നേട്ടം ബി.ജെ.പിയില്‍നിന്ന് തിരിച്ചെടുക്കാന്‍ പ്രതിപക്ഷത്തിനാവുമോ എന്നത് ഇപ്പോള്‍ സംശയമാണ്. പക്ഷേ, ഒമ്പത് മാസം രാഷ്ട്രീയത്തില്‍ ചെറിയ കാലയളവല്ല. പുതിയ സമവാക്യങ്ങളും കൂട്ടുകെട്ടുകളും എപ്പോള്‍ വേണമെങ്കിലും ഉടലെടുക്കാം. ഈ വെല്ലുവിളികള്‍ മുന്‍കൂട്ടിക്കണ്ട് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് യന്ത്രം യു.പിയില്‍ ചലിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഗംഗയിലെ ശവങ്ങള്‍ക്ക് യോഗിയുടെ ഉറക്കം കെടുത്താനാവും. പക്ഷേ, യോഗിയെ അധികാരത്തില്‍നിന്ന് താഴെയിറക്കാന്‍ പ്രതിപക്ഷം സ്വയം വിചാരിക്കാതെ രക്ഷയില്ല.

വഴിയില്‍ കേട്ടത്: തിരഞ്ഞെടുപ്പിന് പണം കണ്ടെത്താനാണ് മരം വെട്ടി കടത്തിയതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇലക്ടറല്‍ ബോണ്ടുകളും പി.എം. കെയേഴ്സ് ഫണ്ടുമില്ലാത്തവരോട് ഇങ്ങനെ കാരുണ്യരഹിതമായി പെരുമാറണമോ  മി. പ്രസിഡന്റ്?

Content Highlights: The dead bodies in Ganga would be an obstacle for Yogi Adityanath? | Vazhipokkan