1997 ജനുവരിയിലാണെന്ന് തോന്നുന്നു സാഹിത്യകാരന്‍ എം.പി. നാരായണപിള്ള എ.ഐ.സി.സി. ആസ്ഥാനത്തേക്ക് ഒരു കമ്പി (ടെലിഗ്രാം) അടിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റാകുന്നതിന് സര്‍വ്വഥാ യോഗ്യനായ ഒരാളുണ്ടെന്നും അയാളുടെ പേര് എം.പി. നാരായണപിള്ള എന്നാണെന്നും ടിയാന്‍ ബോംബെയില്‍ താമസിക്കുന്ന മലയാളിയാണെന്നുമായിരുന്നു കമ്പിയിലുണ്ടായിരുന്നത്. നരസിംഹ റാവുവിന് പകരം പ്രസിഡന്റായ സീതാറാം കേസരിയെ മാറ്റാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ടെന്ന വാര്‍ത്ത കത്തിപ്പടരുന്നതിനിടയിലാണ് നാരായണപിള്ള തന്നെത്തന്നെ ആ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. 

നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത്  നമ്മള്‍ തന്നെ ചെയ്യണമെന്നും പിന്നീടൊരിക്കല്‍ സോണിയ ഗാന്ധി വിളിച്ച് നാണപ്പോ അന്ന് നിങ്ങള്‍ ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ നിങ്ങളാകുമായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റ് എന്നെങ്ങാന്‍ പറഞ്ഞാല്‍ പിന്നെ കുറ്റബോധം കൊണ്ട് ആത്മഹത്യ ചെയ്യാതിരിക്കാനാണ് ഈ കമ്പി അടിച്ചതെന്നുമാണ് നാരായണപിള്ള നല്‍കിയ വിശദീകരണം. 

ഇപ്പോള്‍ കേരളത്തില്‍ പ്രതിപക്ഷ നേതാവോ കെ.പി.സി.സി. പ്രസിഡന്റോ ആകണമെന്ന് ആഗ്രഹമുള്ള എല്ലാവരും നാരായണപിള്ളയുടെ മാതൃക പിന്തുടരേണ്ടതാകുന്നു. കമ്പി അടിക്കാന്‍ പോസ്റ്റ് ഓഫീസിലേക്ക് പോയാല്‍ ലോക്ക്ഡൗണാണെന്ന് പറഞ്ഞ് പോലിസ് പൊക്കും. അതുകൊണ്ട് ട്വിറ്റര്‍, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങളായിരിക്കും ഉത്തമം. അറ്റകൈക്ക് സോണിയ ഗാന്ധിക്കൊരു ഇ മെയിലും കാച്ചാവുന്നതാണ്.

കാര്യങ്ങള്‍ വെച്ചു താമസിപ്പിച്ച് എങ്ങിനെ കുളമാക്കണമെന്നതില്‍ ഗവേഷണം നടത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. 2019-ല്‍ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വന്നയുടനെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചയാളാണ് രാഹുല്‍ ഗാന്ധി. പുതിയ പ്രസിഡന്റ് അതും നെഹ്‌റു കുടുംബത്തിന് വെളിയില്‍ നിന്നൊരാള്‍ വരണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. പക്ഷേ, ആ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ നില്‍ക്കുകയാണ്. 

ഒരു നിവൃത്തിയുണ്ടെങ്കില്‍ നെഹ്‌റു കുടുംബത്തിന് പുറത്തു നിന്നൊരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റാവാന്‍ ഭക്തസംഘം സമ്മതിക്കില്ല. ഒന്നുകില്‍ രാഹുല്‍ തന്നെ തിരിച്ചുവരണം അല്ലെങ്കില്‍ പുതിയ ഒരാള്‍ വരണം എന്ന് ഗുലാം നബിയും കൂട്ടരും കത്തെഴുതിയത് ഈ പരിസരത്തിലാണ്. കത്തെഴുതിയ ഗുലാമും കൂട്ടരും ഒരു വഴിക്കായി എന്നല്ലാതെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇനിയും പുതിയൊരാള്‍ ഇതുവരെ വന്നിട്ടില്ല. ഒന്നും ഫലിച്ചില്ലെങ്കില്‍ കാളന്‍ നെല്ലായി എന്നു പറയുന്നതുപോലെ ഏതു പ്രതിസന്ധിയിലും കോണ്‍ഗ്രസിനുള്ള ഒരേയൊരു നേതാവാണ് സോണിയ.

1997 ഡിസംബറില്‍ കൊല്‍ക്കൊത്തയില്‍ നടന്ന സമ്മേളനത്തിലാണ് സോണിയ ഗാന്ധി കോണ്‍ഗ്രസ് അംഗമായത്. 91-ലെയോ 96-ലെയോ തിരഞ്ഞെടുപ്പുകളില്‍ സോണിയ കളത്തിലിറങ്ങിയില്ല. റാവുവിനെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമാക്കിയത് സോണിയയാണ്. 91-ലെ തിരഞ്ഞെടുപ്പിനു ശേഷം ആരെ പ്രധാനമന്ത്രിയാക്കണമെന്ന് സോണിയ ചോദിച്ചപ്പോള്‍ ഇന്ദിര ഗാന്ധിയുടെ ഉപദേഷ്ടാവായിരുന്ന പി.എന്‍. ഹക്സര്‍ ആദ്യം നിര്‍ദ്ദേശിച്ചത് അന്ന് ഉപരാഷ്ട്രപതിയായിരുന്ന ശങ്കര്‍ദയാല്‍ ശര്‍മ്മയെ ആണ്. 

പക്ഷേ, സകലരെയും ഞെട്ടിച്ചുകൊണ്ട് ശര്‍മ്മ ആ ഓഫര്‍ നിരസിച്ചു. അങ്ങിനെയാണ് ഹക്സര്‍ ആന്ധ്രയില്‍ നിന്നുള്ള നരസിംഹ റാവുവിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടിയത്. തുടര്‍ന്ന് റാവു പ്രധാനമന്ത്രിയായി, കോണ്‍ഗ്രസ് പ്രസിഡന്റായി, മന്‍മോഹനും ചിദംബരത്തിനുമൊക്കെയൊപ്പം  നെഹ്‌റുവിയന്‍ സാമ്പത്തികശാസ്ത്രം കൈ വിട്ട് ഉദാരവത്കരണത്തിന്റെ പുതിയ ആകാശത്തിലേക്കും ഭൂമിയിലേക്കും ഇന്ത്യയെ കൊണ്ടുപോയി.

നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് നയങ്ങള്‍ മാത്രമല്ല റാവു തിരസ്‌കരിച്ചത്. ആത്യന്തികമായി നെഹ്‌റു കുടുംബത്തിനെതിരെയും റാവു തിരിഞ്ഞു. ടെന്‍ ജന്‍പഥിലെ വീട്ടില്‍ പോയി സോണിയയെ കണ്ട് സര്‍ക്കാര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്ന പരിപാടി റാവു ഇടയ്ക്ക് വെച്ച് നിര്‍ത്തി. പ്രധാനമന്ത്രി വേറെ നെഹ്‌റു കുടുംബത്തിന്റെ തലൈവി വേറെ എന്നായി റാവുവിന്റെ ലൈന്‍. 

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതാണ് റാവുവിന്റെ ഈ പദ്ധതി പൊളിച്ചത്. 96-ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടാതായതോടെ റാവു കോണ്‍ഗ്രസിന് ബാദ്ധ്യതയായി. റാവുവിന് പകരം കേസരി കോണ്‍ഗ്രസിന്റെ തലപ്പത്ത് വന്നു. ഈ കേസരിയെ ചെവിക്ക് പിടിച്ച് പുറത്താക്കിയാണ് കോണ്‍ഗ്രസുകാര്‍ 1998 മാര്‍ച്ചില്‍ സോണിയയെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്നത്. അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ സോണിയ എ.ഐ.സി.സി. ആസ്ഥാനത്തെത്തിയപ്പോള്‍ കേസരിയെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നൊക്കെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2004-ലും 2009-ലും കോണ്‍ഗ്രസിന് അധികാരം നേടിക്കൊടുത്തതോടെ സോണിയ കോണ്‍ഗ്രസിന്റെ അനിഷേദ്ധ്യ നേതാവായി. 2017-ല്‍ രാഹുലിനെ പ്രസിഡന്റാക്കിയപ്പോള്‍ ഇനി ഈ പണിക്ക് താനുണ്ടാവില്ലെന്ന് സോണിയ തീരുമാനിച്ചിരുന്നു. പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ പയ്യന്‍ പ്രസിഡന്റ് സ്ഥാനം വലിച്ചെറിഞ്ഞ് വിപാസന യോഗ അഭ്യസിക്കാന്‍ കൈലാസ യാത്രയ്ക്ക് പോയി. 

അമ്മയും കൂട്ടരും കൊണ്ടുപിടിച്ചു ശ്രമിച്ചിട്ടും പയ്യന്‍ പിന്നീടിതു വരെ ആ കെണിയിലേക്ക് തലവെച്ചു കൊടുത്തിട്ടില്ല. നിത്യേനയെന്നോണം മോദിയെ തെറിവിളിക്കുക, തുടര്‍ന്ന് ഒരു മണിക്കൂര്‍ വിപാസന നടത്തി ആത്മശാന്തി നേടി ഉറങ്ങുക എന്നതാണ് ഇപ്പോള്‍ നയം. ആരോടും ഒരു ഉത്തരവാദിത്വവുമില്ല. അതേസമയം ആരുടെ മെക്കിട്ട് വേണമെങ്കിലും കയറുകയും ചെയ്യാം. ഇത്തരമൊരു കലാപരിപാടിയിലൂടെ കിട്ടുന്ന സുഖം ഒന്നുവേറെതന്നെയാണെന്നാണ് പയ്യന്‍ പറയുന്നത്.

പയ്യന്‍ വരുന്നില്ലെങ്കില്‍ പയ്യത്തി വരട്ടെയെന്നാണോ സോണിയ പ്രതീക്ഷിക്കുന്നതെന്നറിയില്ല. എന്തായാലും കോവിഡിന്റെ പേരു പറഞ്ഞ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വീണ്ടും നീട്ടിവെച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ്. ഹൈക്കമാന്റ് എന്നൊക്കെ കേട്ട് ആരെങ്കിലും ഇപ്പോള്‍ തെറ്റിദ്ധരിക്കുമെന്ന് കരുതാനാവില്ല. ഞാനും അപ്പനും സുഭദ്രയും അടങ്ങിയതാണ് ഹൈക്കമാന്റ് എന്നറിയാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഇനിയെങ്ങാന്‍ അധികാരത്തില്‍ വന്നാല്‍ ഭാരതരത്ന നല്‍കാന്‍ വേറെയാളെ അന്വേഷിക്കേണ്ടി വരില്ല.

കോണ്‍ഗ്രസ് പ്രസിഡന്റല്ല നമ്മുടെ അടിയന്തര വിഷയം. കേരളത്തിലെ പ്രതിപക്ഷ നേതാവാണ്.  മെയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം വന്നിട്ടിപ്പോള്‍ മൂന്നാഴ്ച ആവാറായി. പക്ഷേ, പ്രതിപക്ഷ നേതാവ് ആരാണെന്ന കാര്യത്തില്‍ മാത്രം ഇനിയും തീരുമാനമുണ്ടായിട്ടില്ല. പ്രതിപക്ഷ നേതാവ് എന്നു പറഞ്ഞാല്‍ കേരള നിയമസഭയില്‍ പ്രതിപക്ഷത്തെ നയിക്കുന്നയാള്‍ എന്നാണര്‍ത്ഥം. 41 എം.എല്‍.എമാരാണ് യു.ഡി.എഫിനുള്ളത്. ഇതില്‍ 21 എം.എല്‍.എമാരുള്ള കോണ്‍ഗ്രസില്‍ നിന്നാണ് പ്രതിപക്ഷ നേതാവ് വരേണ്ടത്. 

അപ്പോള്‍ പിന്നെ വളരെ എളുപ്പത്തില്‍ നടക്കേണ്ട തിരഞ്ഞെടുപ്പാണ് പ്രതിപക്ഷ നേതാവിന്‍േറത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചുകൂട്ടുക. എ.ഐ.സി.സി. പ്രതിനിധികളായി രണ്ടു പേരെ അയക്കുക. നിലവില്‍ എന്തുകാര്യത്തിനും ചുരുങ്ങിയത് രണ്ട് പ്രതിനിധികള്‍ വേണമെന്ന് നിര്‍ബ്ബന്ധമാണ്. ഒരാള്‍ സോണിയയുടെ പ്രതിനിധി, മറ്റെയാള്‍ രാഹുലിന്റെ സേവക്കാരന്‍. ഈ പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഭൂരിപക്ഷം എം.എല്‍.എമാരും ആരെ പിന്തുണയ്ക്കുന്നുവോ അയാളെ പ്രതിപക്ഷ നേതാവാക്കുക.

പിണറായിയും കൂട്ടരും സി.പി.എമ്മില്‍ ചെയ്യുന്നത് ഇതാണ്. സംസ്ഥാന സമിതി വിളിച്ചുകൂട്ടുന്നു, കേന്ദ്രത്തിന്റെ പ്രതിനിധികളായി സ്ഥലത്തുതന്നെയുള്ള എസ്. രാമചന്ദ്രന്‍പിള്ളയും എം.എ. ബേബിയും പങ്കെടുക്കുന്നു. പിണറായി പക്ഷം കൊണ്ടു വന്നിട്ടുള്ള കടലാസില്‍ കണ്ണടച്ച് ഒപ്പിടുന്നു. കടലാസില്‍ തങ്ങള്‍ക്കാവശ്യമുള്ള പേരുകള്‍ പിണറായിയും കൂട്ടരും എഴുതുന്നു. ഇതിനെയാണ് ഡെമോക്രാറ്റിക് സെന്‍ട്രലിസം എന്നു പറയുന്നത്. 

നേരത്തേ ഈ ജനാധിപത്യ കേന്ദ്രികരണം പോളിറ്റ്ബ്യൂറൊയിലായിരുന്നു.  സംസ്ഥാന സമിതി തീരുമാനിക്കും പോളിറ്റ്ബ്യൂറൊ തലയാട്ടും എന്നതാണ് പുതിയ രീതി. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്ന് യെച്ചൂരിയും കൂട്ടരും തിരിച്ചറിയുന്ന നാളുകളാണിത്.

ദോഷം പറയരുതല്ലോ! ഇത്തവണയും ഹൈക്കമാന്റ് രണ്ടു പേരെ അനന്തപുരിയിലേക്ക് വിട്ടു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വൈദ്യലിംഗവും. ഒരാള്‍ സോണിയയ്ക്കും മറ്റെയാള്‍ രാഹുലിനും പ്രത്യേകം റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ വിപാസന നിദ്രയിലാകാനുള്ള സാദ്ധ്യത ഏറെയാണെന്നതിനാല്‍ രാഹുലിനുള്ള റിപ്പോര്‍ട്ട് മിക്കവാറും വായിക്കുന്നത് കെ.സി. വേണുഗോപാലായിരിക്കും. 

ഖാര്‍ഗെയോടും വൈദ്യലിംഗത്തോടും 21 എം.എല്‍.എമാരില്‍ ഭൂരിപക്ഷവും പറഞ്ഞത് ചെന്നിത്തല തന്നെ തുടരട്ടെ എന്നാണെന്നാണ് കേള്‍ക്കുന്നത്. വി.ഡി. സതീശന്‍ ആളു കിടിലമാണെങ്കിലും എ ഗ്രൂപ്പിന് ചെന്നിയോടാണ് പ്രിയം. സതീശന്‍ ഒറ്റയാള്‍ പട്ടാളമാണെന്നും ഉമ്മന്‍ചാണ്ടിയെ തീരെ ഗൗനിക്കുന്നില്ലെന്നുമാണ് എ ഗ്രൂപ്പുകാര്‍ അടക്കം പറയുന്നത്. 

ചെന്നിത്തല പ്രതിപക്ഷ നേതാവും കെ.സി. ജോസഫ് കെ.പി.സി.സി. പ്രസിഡന്റും എന്ന ലൈനാണ് ഉമ്മന്‍ചാണ്ടി എടുത്തിരിക്കുന്നത്. ആയുഷ്‌കാല പാട്ടത്തിനെടുത്തിരുന്ന ഇരിക്കൂര്‍ സീറ്റില്‍ നിന്ന് കെ.സിയെ ഉമ്മച്ചന്‍ ഇക്കുറി പുറത്തിറക്കിയത് ഈ ഓഫര്‍ മുന്നില്‍ വെച്ചിട്ടായിരുന്നത്രെ. അതേസമയം, കെ.സിയെ  പ്രസിഡന്റാക്കിയാല്‍ പാര്‍ട്ടി വിട്ടുപോകുമെന്ന ഭീഷണിയാണ് മറ്റു ചില ഭൈമി കാമുകര്‍ ഉയര്‍ത്തിയിരിക്കുന്നത്.

ഇന്ദിര ഗാന്ധി ഹൈക്കമാന്റായിരുന്നപ്പോള്‍ ഇങ്ങനെ ഒരു കളിയും നടക്കുന്ന പ്രശ്നമേയുണ്ടായിരുന്നില്ല. ഇന്ദിര പറയും, മറ്റുള്ളവര്‍ കേള്‍ക്കും എന്നായിരുന്നു അവസ്ഥ. ഇതിപ്പോള്‍ മെലിഞ്ഞ് മെലിഞ്ഞ് ഹൈക്കമാന്റ് ഒരു കോലമായി.  കോമഡിയായാലും ട്രാജഡിയായാലും ഒരു പരിധിയൊക്കെ വേണം. അമൃതും അധികമായാല്‍ എന്താകുമെന്ന് ഈ ഹൈക്കമാന്റിനോട് പറയാന്‍ കുറഞ്ഞപക്ഷം നമ്മുടെ അന്തോണിച്ചായനെങ്കിലും കഴിയണം. 

കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് വേണ്ടെങ്കില്‍ എന്തിനുമേതിനും റെഡിയായി കുഞ്ഞാപ്പയുണ്ട്. പാണക്കാട്ടേക്കൊരു വിളി പോയാല്‍  വേണ്ടി വന്നാല്‍ കെ.പി.സി.സി. പ്രസിഡന്റാവാനും കുഞ്ഞാപ്പയ്ക്ക് മടിയുണ്ടാവില്ല.

ലേശം ബോധം ഇപ്പോഴും ബാക്കിയുണ്ടെങ്കില്‍ ശശി തരൂര്‍ എന്ന കസ്തൂരി എടുത്ത് പ്രയോഗിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്. കെ.പി.സി.സി. പ്രസിഡന്റായി തരൂര്‍ വരട്ടെ! ഗ്രൂപ്പുകള്‍ക്ക് അതീതനായി നിന്ന് കേരളത്തിലെ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിവുള്ള ഒരു കോണ്‍ഗ്രസ് നേതാവുണ്ടെങ്കില്‍ അത് തരൂരാണ്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന കാര്യം എം.എല്‍.എമാര്‍ക്ക് വിട്ടുകൊടുക്കുക. അതു കഴിഞ്ഞ് ഹൈക്കമാന്റ് അടിയന്തരമായി ചെയ്യേണ്ടത് പുതിയ കോണ്‍ഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയാണ്. 

കേന്ദ്ര സര്‍ക്കാര്‍ ഇത്രയും പ്രതിസന്ധിയിലായ ഒരു കാലം ഇതിനു മുമ്പുണ്ടായിട്ടില്ല. കേന്ദ്ര സര്‍ക്കാരിനെ കാണാനില്ലെന്നാണ് ഇക്കഴിഞ്ഞ ലക്കത്തില്‍ ഔട്ട്ലുക്ക് വാരിക മുഖചിത്രമിറക്കിയത്. കോണ്‍ഗ്രസ് എവിടെയെന്ന ചോദ്യവും ഇതോടൊപ്പം തന്നെ ഉയരുന്നുണ്ട്. സര്‍ക്കാരും പ്രതിപക്ഷവും ഒരുപോലെ അപ്രത്യക്ഷമാവുന്ന കാലമാണിത്. കാലവും ചരിത്രവും ബി.ജെ.പിയെയും മോദിയെയും മാത്രമല്ല, കോണ്‍ഗ്രസിനെയും സോണിയയെയും നിര്‍ദ്ദയമായിട്ടായിരിക്കും വിചാരണ ചെയ്യുക.

വഴിയില്‍ കേട്ടത്:   മന്ത്രിമാരെയും സ്ഥനാര്‍ത്ഥികളെയും നിശ്ചയിച്ചതില്‍  കേന്ദ്ര നേൃത്വത്തിന് പങ്കില്ലെന്ന് സി.പി.എ.ം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.  15 കൊല്ലം മുമ്പ് വി.എസ്. അച്ച്യുതാനന്ദനെ സ്ഥാനാര്‍ത്ഥിയാക്കിയതാരാണെന്ന് മറക്കുന്നതായിരിക്കും നല്ലതെന്ന് യെച്ചൂരി തിരിച്ചറിയുന്നുണ്ടാവണം.

Content Highlights: Th game playing by congress party | Vazhipokkan