ജോസഫ് ആന്റൺ എന്ന പേരിൽ സൽമാൻ റുഷ്ദിയുടെ ആത്മകഥയുണ്ട്. 2012-ലാണ് ഈ പുസ്തകം പുറത്തിറങ്ങിയത്. റുഷ്ദിയുടെ മറ്റൊരു പേരാണ് ജോസഫ് ആന്റൺ. ഒരു ദശകത്തോളം റുഷ്ദി ജീവിച്ചത് ഈ പേരിലായിരുന്നു. 1988-ൽ റുഷ്ദി എഴുതിയ 'സാത്താന്റെ വചനങ്ങൾ' എന്ന നോവലിനെ ചൊല്ലി 1989 ഫെബ്രുവരി 14-ന് ഇറാനിലെ ഷിയ മുസ്ലിങ്ങളുടെ ആത്മീയ നേതാവ് ആയത്തുള്ള ഖൊമീനി റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചു. പ്രവാചകനെയും ഖുർആനെയും 'നിന്ദിക്കുന്ന' റുഷ്ദിക്ക് മരണമായിരുന്നു ഖൊമെയ്‌നിയുടെ വിധി. ഈ കൃത്യം നിറവേറ്റുന്നവർക്ക് 28 ലക്ഷം ഡോളറും ഖൊമെയ്‌നി പാരിതോഷികം പ്രഖ്യാപിച്ചു.

ലോകമെമ്പാടും റുഷ്ദിക്കും നോവലിനുമെതിരെ പ്രക്ഷോഭങ്ങളുണ്ടായി. പാക്കിസ്താനിലെ ഇസ്ലാമാബാദിൽ അമേരിക്കൻ ഇൻഫർമേഷൻ സെന്റർ ആക്രമിക്കപ്പെട്ടു. ലണ്ടനിൽ പതിനായിരക്കണക്കിന് മുസ്ലിങ്ങൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. തുർക്കിയിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ 37 പേരാണ് കൊല്ലപ്പെട്ടത്. 'സാത്താന്റെ വചനങ്ങൾ' ജപ്പാനീസ് ഭാഷയിലേക്ക് മൊഴി മാറ്റിയ ഹിതോഷി ഇഗറാഷിയെ 1991 ജൂലായ് 12-ന് ഒരു അക്രമി കുത്തിക്കൊന്നു. അതിനും ഒരാഴ്ച മുമ്പ് ഇറ്റാലിയൻ പരിഭാഷകൻ എത്തൊറൊ കാപ്രിയോളെയ്ക്കും കുത്തേറ്റിരുന്നു. റുഷ്ദിയുടെ നോർവീജിയൻ പ്രസാധകനെ വെടിവെച്ചു കൊല്ലാൻ ശ്രമമുണ്ടായി. ഇന്ത്യയുൾപ്പെടെ 20 രാജ്യങ്ങൾ 'സാത്താന്റെ വചനങ്ങൾ' നിരോധിച്ചു. ''വർത്തമാനകാലം താങ്കളുടെ കൈകളിലാണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും'' റുഷ്ദി അഭ്യർത്ഥിച്ചെങ്കിലും അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് അത് ഉൾക്കൊള്ളാനായില്ല.

Rushdie
സൽമാൻ റുഷ്ദി | Photo: AP

ഖൊമെയ്‌നി തലയ്ക്ക് വിലയിട്ടതോടെ റുഷ്ദി ഒളിവിൽ പോയി. പിന്നീടങ്ങോട്ട് പത്ത് പന്ത്രണ്ട് കൊല്ലത്തോളം റുഷ്ദിക്ക് സാധാരണ ജീവിതമുണ്ടായിരുന്നില്ല. ''ഒന്നു തെരുവിലൂടെ നടക്കാൻ, പാർക്കിൽ പോയി മകനൊപ്പം പന്ത് തട്ടാൻ കൊതിയാവുന്നു'' എന്നാണ് ആ ദിനങ്ങളിലൊന്നിൽ റുഷ്ദി വിലപിച്ചത്. ഈ കാലമാണ് ജോസഫ് ആന്റൺ എന്ന ആത്മകഥയിൽ റുഷ്ദി വിവരിക്കുന്നത്. ഒളിവുജീവിതത്തിൽ പുതിയൊരു പേര് വേണമെന്ന് ബ്രിട്ടീഷ് അധികൃതർ ആവശ്യപ്പെട്ടപ്പോൾ പ്രിയപ്പെട്ട എഴുത്തുകാരായ ജോസഫ് കൊൺറാഡിന്റെയും ആന്റൺ ചെക്കോവിന്റെയും പേരുകളിൽനിന്ന് റുഷ്ദി പുതിയൊരു പേര് സൃഷ്ടിക്കുകയായിരുന്നു. നോവലിനെതിരെ പ്രതിഷേധിച്ചവരിൽ ഭൂരിപക്ഷം പേരെയും പോലെ ഖൊമെയ്‌നിയും റുഷ്ദിയുടെ നോവൽ വായിച്ചിരിക്കാനുള്ള സാദ്ധ്യത കുറവാണ്. ഇറാഖുമായി വർഷങ്ങൾ നീണ്ടുനിന്ന യുദ്ധത്തിനു ശേഷം തന്റെ അനുയായികളെ ഒന്നിപ്പിച്ചു നിർത്താൻ കിട്ടിയ ഒരു ആയുധമായാണ് ഖൊമെയ്‌നി 'സാത്താന്റെ വചനങ്ങൾ' കണ്ടതെന്ന് പിന്നീട് വിമർശനമുണ്ടായി.

വർഷങ്ങൾക്കിപ്പുറത്ത് 2015-ൽ തമിഴകത്ത് പെരുമാൾ മുരുകൻ എന്ന എഴുത്തുകാരനു സ്വന്തം മരണം പ്രഖ്യാപിക്കേണ്ടി വന്നു. പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ ഇനിയില്ലെന്നും പി. മുരുകൻ എന്ന അദ്ധ്യാപകൻ മാത്രമേ ഇനിയുള്ളുവെന്നുമാണ് തന്റെ ഫെയ്സ്ബുക്ക് പേജിൽ പെരുമാൾ മുരുകൻ കുറിച്ചത്. മാതൊരുഭാഗൻ (അർദ്ധനാരീശ്വരൻ) എന്ന നോവലാണ് പെരുമാൾ മുരുകന് വിനയായത്. നോവലിലെ ഒരു പരാമർശം തങ്ങളുടെ സമുദായത്തിന് മാനക്കേടുണ്ടാക്കുന്നു എന്നാരോപിച്ച് സ്ഥലത്തെ പ്രബല ഹിന്ദു വിഭാഗക്കാർ തെരുവിലിറങ്ങിയതോടെ പെരുമാൾ മുരുകനു രാത്രിക്കു രാത്രി കുടുംബവുമായി ജന്മനാടായ നാമക്കലിൽനിന്ന് ചെന്നൈക്ക് ഒളിച്ചോടേണ്ടി വന്നു. 'സാത്താന്റെ വചനങ്ങൾ' ഖൊമെയ്‌നി വായിക്കാനിടയില്ലാത്തതു പോലെ, 'മാതൊരുഭാഗൻ' ഈ കലാപകാരികളും വായിച്ചിരിക്കാനുള്ള സാദ്ധ്യത തുലോം വിരളമായിരുന്നു. ഓരോ കലാപവും ആസൂത്രിതമാണ്. കൃത്യമായ അജണ്ടകളില്ലാതെ ഒരു കലാപവുമുണ്ടാവുന്നില്ല. ഇറാനിലായാലും തമിഴകത്തായാലും കലാപങ്ങളുടെ രീതിശാസ്ത്രം അതാണ്.

Perumal Murugan
പെരുമാൾ മുരുകൻ | ഫോട്ടോ: സാജൻ വി. നമ്പ്യാർ\മാതൃഭൂമി

റുഷ്ദിയെയും പെരുമാൾ മുരുകനെയും ഇപ്പോൾ ഓർക്കാൻ കാരണം ബിന്ദു അമ്മിണിയാണ്. ഒരാഴ്ച മുമ്പ് കോഴിക്കോട് ബീച്ചിൽ ബിന്ദു അമ്മിണി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കണ്ടപ്പോൾ ഒരു മലയാളിയാണെന്ന് പറയാൻ ലജ്ജ തോന്നി. പൊതുനിരത്തിൽ ഒരു സ്ത്രീ ഇങ്ങനെ ആക്രമിക്കപ്പെടുമ്പോൾ അതിന്റെയർത്ഥം ഒരു പരിഷ്‌കൃത സമൂഹം എന്നു വിളിക്കപ്പെടാൻ നമുക്ക് ഒട്ടും തന്നെ അർഹതയില്ലെന്നാണ്. റുഷ്ദിയും പെരുമാൾ മുരുകനും നിറവേറ്റാൻ ശ്രമിച്ചത് ആധുനിക ജനാധിപത്യ വ്യവസ്ഥിതികൾ ഉറപ്പു നൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ സാക്ഷാത്കാരമാണ്. സംസാര സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ സംസാരിച്ചതിനു ശേഷമുള്ള സ്വാതന്ത്ര്യം കൂടിയാണെന്നാണ് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയത്.

ഈ സ്വാതന്ത്ര്യമാണ് ബിന്ദു അമ്മിണിക്കു നിഷേധിക്കപ്പെടുന്നത്. ശബരിമലയിൽ സ്ത്രീകളോടു വിവേചനം പാടില്ലെന്ന് ഇന്ത്യയുടെ പരമോന്നത നീതിപീഠം വിധി പുറപ്പെടുവിച്ചതിന്റെ വെളിച്ചത്തിലാണ് ബിന്ദു അമ്മിണിയും കനകദുർഗ്ഗയും സ്വാമി അയ്യപ്പ ദർശനം നടത്തിയത്. അന്ന് ആ ചരിത്ര മുഹൂർത്തത്തിന് എല്ലാ വിധ സംരക്ഷണവും നൽകിയത് പിണറായി വിജയൻ നേതൃത്വം നൽകിയ ഇടതുപക്ഷ സർക്കാരായിരുന്നു. പക്ഷേ, പിന്നീടങ്ങോട്ട് ബിന്ദു അമ്മിണി എന്ന ദളിത് സ്ത്രീ കേരളത്തിന്റെ പൊതുസമൂഹത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന അപമാനവും ആക്രമണവും ഇതേ ഇടതുപക്ഷ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നു. 

കൊച്ചി പോലീസ് കമ്മീഷണർ ഓഫീസിനടുത്തുവെച്ച് ഒരു ഹിന്ദുത്വവാദി ബിന്ദു അമ്മിണിയെ കുരുമുളക് സ്പ്രേയുമായി ആക്രമിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു. പിന്നീട് ബിന്ദു അമ്മിണിക്ക് പോലിസ് സംരക്ഷണം ലഭിച്ചെങ്കിലും ഇടക്കാലത്ത് അതു പിൻവലിക്കപ്പെട്ടു. ഇക്കഴിഞ്ഞ ഡിസംബർ 19-ന് തനിക്കു നേരെ വധശ്രമമുണ്ടായതായി ബിന്ദു അമ്മിണി ആരോപിച്ചിരുന്നു. വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന ബിന്ദു അമ്മിണിയെ ഒരു ഓട്ടോറിക്ഷ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിച്ചിട്ട ശേഷം ഓട്ടോ ഡ്രൈവർ വണ്ടിയുമായി കടന്നുകളഞ്ഞു. സംഘപരിവാറാണ് തന്നെ അക്രമിക്കുന്നതിന് പിന്നിലെന്നാണ് ബിന്ദു പറയുന്നത്.

Bindu Ammini Attacked
കോഴിക്കോട്ടുവെച്ച് ബിന്ദു അമ്മിണിയെ യുവാവ് ആക്രമിക്കുന്നു

എന്തുകൊണ്ടാണ് ബിന്ദു അമ്മിണി ആക്രമിക്കപ്പെടുന്നത്? ഒരു സ്ത്രീ, അതും ദളിത് യുവതി, തന്റെ അവകാശങ്ങൾക്കായി സധൈര്യം നിലപാടെടുക്കുന്നത് ഫ്യൂഡൽ, ബ്രാഹ്‌മിനിക്കൽ പേട്രിയാർക്കിക്ക്  ഉൾക്കൊള്ളാനാവില്ല. ബിന്ദു അമ്മിണിയെപ്പോലൊരു പോരാളിയെ നിശ്ശബ്ദയാക്കേണ്ടതു തങ്ങളുടെ നിലനിൽപ്പിന് അത്യന്താപേക്ഷതമാണെന്ന് അവർ കരുതുന്നു. അധികാരമില്ലാത്ത, സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ കഴിയുന്ന ദളിത് സ്ത്രീകളെ ആക്രമിച്ചാൽ ഒരു നിയമവ്യവസ്ഥയും തങ്ങളെ തേടി വരില്ലെന്നും ഇവർ വിശ്വസിക്കുന്നു. ഈ വിശ്വാസം ഊട്ടിയുറപ്പിക്കുന്ന തരത്തിലാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഇപ്പോൾ പ്രവർത്തിക്കുന്നത്.

2010 ജൂലായ് നാലിന് പ്രൊഫസർ ടി.ജെ. ജോസഫ് നിഷ്ഠൂരമായി ആക്രമിക്കപ്പെട്ടത് മറക്കാനാവില്ല. കോളേജ് വിദ്യാർത്ഥികൾക്കുള്ള ചോദ്യപേപ്പറിൽ ചലച്ചിത്ര സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഒരു തിരക്കഥയിൽ നിന്നുള്ള ഭാഗങ്ങൾ എടുത്തുകൊടുത്തതിനാണ് മുസ്ലിം മതമൗലികവാദികൾ അദ്ദേഹത്തിന്റെ വലതു കൈ വെട്ടിക്കളഞ്ഞത്. കുഞ്ഞുമുഹമ്മദിന്റെ കഥയിൽ കഥാപാത്രത്തിന് പേരുണ്ടായിരുന്നില്ല. പ്രൊഫസർ ടി.ജെ. ജോസഫ് ഇത് ചോദ്യമാക്കിയപ്പോൾ കഥാപാത്രത്തിന് മുഹമ്മദ് എന്ന് പേരിട്ടു. കഥാകൃത്തായ കുഞ്ഞുമുഹമ്മദിനോടുള്ള കടപ്പാട് വ്യക്തമാക്കാനാണ് അങ്ങിനെ പേരിട്ടതെന്നാണ് ടി.ജെ. ജോസഫ് പറഞ്ഞത്. പക്ഷേ, ഒരു വിശദീകരണത്തിനുള്ള അവസരം പോലും നൽകാതെയാണ് മതഭീകരവാദികൾ അദ്ദേഹത്തിന്റെ കൈ വെട്ടിയെടുത്തത്. ടി.ജെ. ജോസഫിനും ബിന്ദു അമ്മിണിക്കും എതിരെയുള്ള അക്രമങ്ങളിൽ സമാനതയുണ്ട്. തുറന്ന ചിന്തയ്ക്കെതിരെ വാളെടുക്കുന്ന  മതതീവ്രവാദികളാണ് രണ്ടിടത്തും പ്രതിക്കൂട്ടിലുള്ളത്.

ടി.ജെ. ജോസഫിനെതിരെ ആദ്യം തിരിഞ്ഞത് കോളേജ് മാനേജ്മെന്റും സഭയുമാണ്. സർവ്വകലാശാലയും രാഷ്ട്രീയ പാർട്ടികളും ടി.ജെ. ജോസഫിനെതിരെ രംഗത്തുവന്നു. എന്തിന് ഇടതുപക്ഷ അദ്ധ്യാപക സംഘടനയും ആ നിർണ്ണായക നിമിഷങ്ങളിൽ ജോസഫിനെ കൈ വിട്ടു? ഈ കൈവിടലാണ് അക്രമികൾക്ക് വളമായത്. മതമൗലികവാദികൾക്കു ധൈര്യം കൊടുക്കുന്നതു പൊതുസമൂഹത്തിന്റെ ഈ കുറ്റകരമായ മൗനസമ്മതമാണ്. ലൗ ജിഹാദ് എന്നൊക്കെ പറഞ്ഞ് ബഹളം കൂട്ടുന്ന സഭാ മേധാവികൾ അന്ന് ശരിക്കും ജിഹാദികൾ അഴിഞ്ഞാടിയപ്പോൾ നിശ്ശബ്ദരായി നോക്കി നിന്നു. ഈ വൃത്തികെട്ട നിലപാടാണ് ടി.ജെ. ജോസഫിന്റെ കൈയും അദ്ദേഹത്തിന്റെ  ഭാര്യയുടെ ജീവനും എടുത്തത്. ഈ തെമ്മാടിത്തരമാണ്, ഈ തെറ്റാണ് ബിന്ദു അമ്മിണിയോടും നമ്മൾ, ഈ കേരള സമൂഹം ഇപ്പോൾ  ആവർത്തിക്കുന്നത്.

റുഷ്ദിയുടെ അഞ്ചാമത്തെ പുസ്തകമായിരുന്നു 'സാത്താന്റെ വചനങ്ങൾ'. പിന്നിട് 13 പുസ്തകങ്ങൾ കൂടി എഴുതാൻ റുഷ്ദിക്ക് കഴിഞ്ഞു. ഇപ്പോൾ അന്താരാഷ്ട്ര വേദികളിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കരുത്തുറ്റ ശബ്ദത്തിനുടമയാണ് റുഷ്ദി. ഖൊമെയ്‌നിയുടെ വധഭീഷണിക്ക് മുന്നിൽ വഴങ്ങാതിരുന്ന അമേരിക്കൻ, ബ്രിട്ടീഷ് ഭരണകൂടങ്ങളാണ് റുഷ്ദിക്ക് ഇതിനുള്ള പരിസരമൊരുക്കിയത്. പെരുമാൾ മുരുകന് എഴുത്തുജീവിതത്തിലേക്കു തിരിച്ചുവരാനായത് മദ്രാസ് ഹൈക്കോടതിയുടെ ഉറച്ച നിലപാടു കൊണ്ടാണ്. കലാപകാരികൾക്കല്ല, എഴുത്തുകാരനും കലാകാരനുമാണു ഭരണകൂടം സംരക്ഷണം നൽകേണ്ടതെന്നാണ് ജസ്റ്റിസ് എസ്.കെ. കൗൾ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തിൽ പറഞ്ഞത്. ടി.ജെ. ജോസഫിന്റെ കാര്യത്തിൽ ഇങ്ങനെയൊരു പിന്തുണ ഒരിടത്തുനിന്നും ഉണ്ടായില്ല. ഇന്ത്യയുടെ മനഃസാക്ഷിക്ക് മുന്നിൽ ടി.ജെയുടെ വലതു കൈ വലിയൊരു ചോദ്യമാണ്. ഒരർത്ഥത്തിൽ മതമൗലികവാദികളല്ല നമ്മളടങ്ങുന്ന കേരള സമൂഹമാണ് ടി.ജെ. ജോസഫിനെ പരാജയപ്പെടുത്തിയത്.

Kamal Hasan
കമൽഹാസൻ | Photo: AFP

സ്ത്രീ സുരക്ഷ ഉറപ്പുവരുത്താനാവാത്ത ഒരു ഭരണകൂടത്തോടുള്ള പ്രതിഷേധ സൂചകമായി കേരളം വിട്ടുപോവുമെന്ന് ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിശ്വരൂപം എന്ന സിനിമയ്ക്കെതിരെ മുസ്ലിം മതമൗലികവാദികൾ രംഗത്തു വന്നപ്പോൾ തമിഴ്നാട് വിട്ടുപോവുമെന്ന് നടനും സംവിധായകനുമായ കമലഹാസൻ പറഞ്ഞത് ഓർത്തുപോവുന്നു. അന്ന് തമിഴ്നാട്ടിൽ അധികാരത്തിലിരുന്ന ജയലളിത സർക്കാരിന്റെ നിരുത്തരവാദപരമായ നിലപാടാണു മതമൗലികവാദികളുടെ ഭീഷണിയേക്കാൾ കമലിനെ സങ്കടപ്പെടുത്തിയത്. പക്ഷേ, ജയലളിത വളരെ വേഗത്തിൽ ആ നിലപാടിലെ മൗഢ്യം തിരിച്ചറിഞ്ഞു. കമലിന്റെ 'വിശ്വരൂപം' തമിഴകത്ത് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയും ചെയ്തു.

റുഷ്ദിയെയും കമൽഹാസനെയും പോലെ പ്രിവിലേജുകൾ അനുഭവിക്കുന്ന ഒരാളല്ല ബിന്ദു അമ്മിണി. ഒരോ ദിവസവും അവർ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. അങ്ങിനെയാരാൾക്കൊപ്പം നിലയുറപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ ഇടതുപക്ഷത്തിന്റെ അർത്ഥവും പ്രസക്തിയും എന്താണെന്ന് പിണറായി സർക്കാർ ആലോചിക്കണം. തോൽക്കുന്ന പോരാട്ടത്തിലല്ല ബിന്ദു അമ്മിണിയെന്ന് ഉറക്കെ, വളരെ വളരെ ഉറക്കെ പ്രഖ്യാപിക്കാൻ കേരളത്തിലെ ഇടത്പക്ഷ സർക്കാരിന് കഴിയണം.

വഴിയിൽ കേട്ടത്: കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ കൂടുന്നു. രണ്ട് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കൾ അവരുടെ കോളേജ് ജീവിതകാലത്തെ വീരസ്യങ്ങൾ പരസ്യപ്പെടുത്തിയത് മറക്കാനാവില്ല. ഒരാൾ പ്രതിയോഗിയെ കോളജേ് അങ്കണത്തിൽ ചാടി ഉയർന്ന് നെഞ്ചത്ത് ചവിട്ടിയപ്പോൾ മറ്റെയാൾ എന്തോ പറയുകയും ഒരു പ്രത്യേക തരം 'ഏക്ഷൻ' കാട്ടുകയുമാണുണ്ടായത്. അപ്പോൾ പിന്നെ ആര് ആരെയാണ് ഉപദേശിക്കുക?

Content Highlights: T.J. What is the relation between those who cut off Joseph's hand and those who attacked Bindu Ammini | Vazhipokkan