ഗോളടിക്കാനുള്ള ബി.ജെ.പിയുടെ മികവില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാവുമെന്നു തോന്നുന്നില്ല. ശാഖയില്‍നിന്നുള്ള ശിക്ഷണത്തിന്റെ ഒരു ഫലം അതാണ്. മാര്‍ഗ്ഗം എന്തായാലും ഗോള്‍ അടിച്ചിരിക്കണമെന്നാണ് പ്രമാണം. അതിപ്പോള്‍ സെല്‍ഫ് ഗോളായാലും കുഴപ്പമില്ല. നോട്ടുനിരോധനം പോലൊരു ഗോള്‍ ഇന്ത്യന്‍ സമ്പദ്  മേഖലയുടെ നെഞ്ചത്തേക്ക് അടിച്ചുകയറ്റിയിട്ടും പരിക്കൊന്നുമേല്‍ക്കാതെ രക്ഷപ്പെടാന്‍ ബി.ജെ.പിക്കായത് കാണാതിരിക്കേണ്ട കാര്യവുമില്ല.

ജമ്മു കാശ്മീരില്‍ ബി.ജെ.പി. അടിച്ച ഗോള്‍ പോലെ ഒരു ഗോള്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ ആരും അടിച്ചിട്ടില്ലെന്നാണ് ആസ്ഥാന ചരിത്രകാരന്മാര്‍ വാഴ്ത്തുന്നത്. നരേന്ദ്ര മോദി പട്ടേല്‍ രണ്ടാമനാണെന്നും  ബംഗ്ളാദേശ് സൃഷ്ടിയില്‍ ജനറല്‍ സാം മനേക് ഷാ ചെയ്തതിനും അപ്പുറത്താണ് അമിത് ഷായുടെ കര്‍മ്മമെന്നും വിശേഷിപ്പിക്കപ്പെടുന്നുണ്ട്. വാഴ്ത്തലുകളും പുകഴ്ത്തലുകളും സ്വാഭാവികമാണ്. അതിന്റെ കുളിരില്‍ പുതഞ്ഞു നില്‍ക്കുന്നവര്‍ക്ക് യാഥാര്‍ത്ഥ്യത്തിന്റെ വെയിലിനോട് കമ്പമുണ്ടാവുമെന്ന് പ്രതീക്ഷിക്കാനുമാവില്ല.

ഒരു കാര്യം ആദ്യമേ പറയട്ടെ. നോട്ട് നിരോധനം പോലെ ഓര്‍ക്കാപ്പുറത്തുള്ള അടിയാണ് ജമ്മു കാശ്മീരിലേതെന്ന് പറയാനാവില്ല. എത്രയോ കാലമായി ബി.ജെ.പിയുടെ അജണ്ടയിലുള്ള സംഗതിയാണിത്. ജനസംഘ് സ്ഥാപകനായ ശ്യാമ പ്രസാദ് മുഖര്‍ജി മരിക്കുന്നത് ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പിനെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയിലിലായിരിക്കെയാണ്. ശ്യാമ പ്രസാദ് മുഖര്‍ജിക്കുള്ള ബലി തര്‍പ്പണമാണ് ബി.ജെ.പിയുടെ ഈ  നീക്കമെന്ന് കരുതുന്നവരുടെ എണ്ണം ഏറെയാണ്.

ഓരോ തിരഞ്ഞെടുപ്പിലും ബി.ജെ.പി. ഇറക്കുന്ന പ്രകടനപത്രികയില്‍ സ്ഥാനം പിടിക്കുന്ന ഒരു വാഗ്ദാനം ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിന് എതിരെയുള്ളതായിരിക്കും. അവസരവും സമയവും ഒത്തു വന്നപ്പോള്‍ ബി.ജെ.പി. കൃത്യമായി കരുക്കള്‍ നീക്കി. സീസറിനുള്ളതു സീസറിനു കൊടുത്തിരിക്കണമെന്നതു പോലെ ബി.ജെ.പിക്കുള്ളത് ബി.ജെ.പിക്ക് കൊടുക്കാതെ വയ്യ.

പ്രശ്നം പക്ഷേ, ജനാധിപത്യത്തിന്റേതാണ്. 370-ാം വകുപ്പ് താല്‍ക്കാലികമായിരുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സന്ദേഹമുണ്ടാവുമെന്ന് തോന്നുന്നില്ല. നെഹ്രു മന്ത്രിസഭയില്‍ അംഗമായിരുന്ന എന്‍.ജി. അയ്യങ്കാരാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് രൂപം നല്‍കിയത്. ജമ്മു കാശ്മീരിനുള്ള പ്രത്യേക പദവി പുനഃപരിശോധിക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്ന വ്യവസ്ഥ ബില്ലിലുണ്ടായിരുന്നു. പക്ഷേ, അതിനുള്ള അനുമതി ജമ്മു കാശ്മീര്‍ ഭരണഘടനാ നിര്‍മ്മാണ സമിതിയില്‍നിന്നു ലഭിച്ചിരിക്കണമെന്നും എടുത്തു പറഞ്ഞിരുന്നു. ജമ്മു കാശ്മീര്‍ ഭരണഘടനാ സമിതി ഇപ്പോള്‍ നിലവിലില്ല. ഭരണഘടനാ നിര്‍മ്മാണ സമിതി എന്നത് നിയമസഭ എന്ന് വായിച്ചുകൊണ്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 

ജമ്മു കാശ്മീരില്‍ ഇപ്പോള്‍ നിയമസഭയുമില്ല. ഗവര്‍ണ്ണറുടെ അഭിപ്രായമാണ് നിയമസഭയുടെ അഭിപ്രായം എന്ന പരിസരത്തില്‍ നിന്നുകൊണ്ടാണ് രാഷ്ട്രപതി ഇടപെട്ടിരിക്കുന്നത്. രാഷ്ട്രപതി ഭരണം നിലനില്‍ക്കുമ്പോള്‍ നിയമസഭയുടെ റോള്‍ പാര്‍ലമെന്റിനാണ് എന്നതും ബി.ജെ.പി. സര്‍ക്കാരിന് അനുകൂലമായി. ഗവര്‍ണ്ണര്‍ പക്ഷേ, ഒരിക്കലും ജനങ്ങളുടെയോ നിയമസഭയുടെയോ പ്രതിപുരുഷനല്ല. ജനങ്ങളുടെ ആശയാഭിലാഷങ്ങളാണ് ഭരണഘടനയില്‍ പ്രതിസ്ഫുരിക്കുന്നത്. അതുകൊണ്ടുതന്നെ ഭരണഘടയുടെ കാതലായൊരു ഭാഗം തിരുത്തുമ്പോള്‍ ജനങ്ങളുടെ അഭിപ്രായവും സമ്മതവും തേടുകയെന്നതാണ് ജനാധിപത്യത്തിന്റെ മാര്‍ഗ്ഗം. 

ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തി ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമായിരുന്നു ഇത്തരമൊരു നീക്കം നടത്തേണ്ടിയിരുന്നത്. അതിനു പകരം അവിടത്തെ പ്രമുഖ പാര്‍ട്ടി നേതാക്കളെ തടങ്കലിലാക്കിയും ആശയവിനിമയ മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയുമാണ്  മുന്നോട്ടു പോവുന്നത്. വിഭജനവും അടിയന്തരാവസ്ഥയും ഇന്ത്യന്‍ ജനാധിപത്യം നേരിട്ട ഏറ്റവും കടുത്ത പ്രതിസന്ധികളായിരുന്നു. ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടരുതെന്ന് ഇന്ത്യന്‍ ജനത ആഗ്രഹിക്കുന്ന രണ്ട് വിപത്തുകള്‍.

ആന്ധ്ര വിഭജിച്ചപ്പോള്‍ ഇത്തരം ചോദ്യങ്ങളൊന്നുമുണ്ടായില്ലല്ലോ എന്ന വാദം അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട്. ആന്ധ്രയുടെ വിഭജനം വലിയൊരു വിഭാഗം ജനതയുടെ നെടുനാളായുള്ള ആവശ്യത്തോടുള്ള പ്രതികരണമായിരുന്നു. നിയമസഭകള്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിക്കൊണ്ടല്ല ആന്ധ്ര വിഭജിച്ചതെന്നും മറക്കരുത്.

ജമ്മു കാശ്മീരിനെ സംസ്ഥാന പദവിയില്‍നിന്ന് കേന്ദ്ര ഭരണപ്രദേശമാക്കാനുള്ള തീരുമാനവും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. ഒരു ജനത അനുഭവിച്ചുകൊണ്ടിരുന്ന വലിയൊരു പദവിയാണ് ഏകപക്ഷീയമായ തീരുമാനത്തിലൂടെ എടുത്തു കളഞ്ഞിരിക്കുന്നത്. നാളെ ഇത് ഏതു സംസ്ഥാനത്തില്‍ വേണമെങ്കിലും സംഭവിക്കാമെന്ന പ്രതിപക്ഷ നേതാക്കളുടെ മുന്നറിയിപ്പ് തീര്‍ച്ചയായും ഗൗരവപൂര്‍വ്വം തന്നെ കാണണം.

സര്‍ദാര്‍ പട്ടേലിന്റെ 'രണ്ടാം വരവില്‍'  ഇന്ത്യ പുതു ഉയരങ്ങള്‍ താണ്ടുകയാണെന്ന അവകാശവാദമുന്നയിക്കുന്നവര്‍ കാണാതെ പോവുന്ന ഒരു കാര്യം കാശ്മീര്‍ വിഷയത്തില്‍ പട്ടേലിന്റെ അഭിപ്രായം പരിഗണിക്കാതെ നെഹ്രു ഒരു തീരുമാനവുമെടുത്തിട്ടില്ല എന്നതാണ്. ഹൈദരാബാദിനു വേണ്ടി കാശ്മീരിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനും സര്‍ദാര്‍ ഒരുക്കമായിരുന്നു. ഷെയ്ക്ക് അബ്ദുള്ളയുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷം മുന്നോട്ടുവെച്ച ഓരോ നിര്‍ദ്ദേശവും എന്‍.ജി. അയ്യങ്കാര്‍ ആദ്യം കാട്ടിയിരുന്നത് പട്ടേലിനെയാണ്. താങ്കളുടെ അഭിപ്രായം അറിഞ്ഞശേഷമേ നെഹ്രു ഇതുമായി ബന്ധപ്പെട്ട് ഷെയ്ക്ക് അബ്ദുള്ളയ്ക്ക് കത്തെഴുതുകയുള്ളുവെന്ന് അയ്യങ്കാര്‍ പട്ടേലിനയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ദാര്‍ പട്ടേലായിരുന്നു 370-ാം വകുപ്പിന്റെ ശില്‍പി എന്ന നിരീക്ഷണം ഉടലെടുക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ജനാധിപത്യത്തിന്റെ നിഷേധം ഒരിക്കലും പട്ടേലിന്റെ അജണ്ടയിലുണ്ടായിരുന്നില്ല. 

പ്രശ്നം അധികാരത്തിന്റേതാണ്. ഇര ജനാധിപത്യവും. ഫെഡറലിസത്തിന്റെ കടയ്ക്കലാണ് ബി.ജെ.പി. സര്‍ക്കാര്‍ കത്തിവെയ്ക്കുന്നതെന്ന വിമര്‍ശം ശക്തമാണ്. ചില അടിയന്തര സാഹചര്യങ്ങളുടെ പുറത്ത് കാശ്മീര്‍ പ്രശ്നം ഐക്യരാഷ്ട്ര സഭയിലേക്ക് കൊണ്ടുപോയപ്പോഴും നെഹ്രു പറഞ്ഞത് ആത്യന്തികമായി കാശ്മീര്‍ പ്രശ്നത്തില്‍ തീര്‍പ്പ് കല്‍പിക്കേണ്ടത് കാശ്മീരിലെ ജനങ്ങള്‍ തന്നെയാണെന്നാണ്.

കാശ്മീരിലെ ജനതയെ പുറത്തു നിര്‍ത്തിക്കൊണ്ടുള്ള ഒരു നടപടിയുടെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കും എന്നിപ്പോള്‍ പറയാനാവില്ല. നിതാന്ത ജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്റെ വില. ഇന്ത്യന്‍ ജനതയുടെ മുതുകില്‍ തട്ടി കാലം ഇപ്പോള്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നതും  ഈ ആപ്തവാക്യമാണ്. 

Content Highlights: Articel 370 revoked, Jammu Kashmir divided into two Union territories