തിരഞ്ഞെടുപ്പ് കണ്ട ഏറ്റവും വലിയ അപരാധമെന്ന മട്ടിലാണ് രാഹുല്‍ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് ആക്രമിക്കപ്പെടുന്നത്. സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദകാരാട്ട് ലേഖനമെഴുതുന്നു , സഖാവ് പിണറായി പ്രസ്താവനയിറക്കുന്നു, രണ്ടു സീറ്റില്‍ മത്സരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുപ്രീംകോടതിയില്‍ കേസ് കൊടുക്കുന്നു, ജനപ്രാതിനിധ്യ നിയമത്തില്‍ ഇതിനുള്ള വ്യവസ്ഥ പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെടുക്കുന്നു. ഇതിനു മുമ്പ് എത്രയോ പേര്‍ രണ്ടു സീറ്റുകളില്‍ മത്സരിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ തവണ ഗുജറാത്തിലെ വഡോദരയില്‍ നിന്നും ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്നും മത്സരിച്ചിരുന്നു. അപ്പോഴൊന്നുമില്ലാത്ത ഈ വേവലാതി തീര്‍ച്ചയായും നിഷ്‌കളങ്കമല്ല.

 രണ്ടു മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കാമെന്നത് ഇന്ത്യന്‍ ജനപ്രാതിനിധ്യ നിയമം 33 ാം വകുപ്പ് നല്‍കുന്ന അവകാശമാണ് . ആ അവകാശം ഒരു നേതാവ് പ്രയോജനപ്പെടുത്തുമ്പോള്‍ അതില്‍ ഇത്രമാത്രം ബേജാറാവണമെന്നുണ്ടെങ്കില്‍ അതിനുള്ള മുഖ്യ കാരണം പേടി തന്നെയായിരിക്കും. രാഹുലിന്റെ വയനാട്ടിലേക്കുളള വരവ് ഏറ്റവും കൂടുതല്‍ പേടിപ്പിച്ചിരിക്കുന്നത് ഇടതുപക്ഷത്തെയാണ്. ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം വെള്ളം ചേര്‍ത്തിരിക്കുകയാണെന്നും ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് തിരക്കഥ നഷ്ടപ്പെട്ടു കഴിഞ്ഞെന്നുമാണ് സഖാവ് ബൃന്ദ എഴുതിയിരിക്കുന്നത്.വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ രാഹുല്‍ എന്തു സന്ദേശമാണ് നല്‍കുന്നതെന്നാണ് സഖാവ് പിണറായി ചോദിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ ഗതികേടാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ബിജെപി വിലപിക്കുന്നു. 

രാഹുല്‍ വരുന്നതോടെ ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയുടെ സാദ്ധ്യതകള്‍ ഇല്ലാതാവുന്നതിനെക്കുറിച്ചും ഇടതുപക്ഷം കരയുന്നുണ്ട്. കേരളത്തില്‍ പാര്‍ട്ടി മത്സരിക്കുന്ന 16 സീറ്റുകളില്‍ വിജയിക്കാന്‍ കുറച്ചെങ്കിലും സാദ്ധ്യതയുള്ള ഒരേയൊരു മണ്ഡലത്തില്‍ മാത്രമാണ് സിപിഎം ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നതെന്ന് ( ആലപ്പുഴയില്‍ )  മറന്നുകൊണ്ടാണ് ഇടതു ബുദ്ധിജിവികള്‍ ഇങ്ങനെ വലിയ വായില്‍ കരയുന്നത്. 

കോണ്‍ഗ്രസ് നന്മയുടെ കൂടാരമല്ല, രാഹുല്‍ മഹാത്മാഗാന്ധിയുടെ അവതാരവുമല്ല. പക്ഷേ, അമേഠിക്കു പുറമെ വയനാട്ടിലും മത്സരിക്കാനുള്ള തീരുമാനത്തിന്റെ പേരില്‍ രാഹുലിനെയും കോണ്‍ഗ്രസ്സിനെയും വളഞ്ഞിട്ടാക്രമിക്കുന്നത് ശരിയായ രാഷ്ട്രീയമാണെന്നു കരുതാനാവില്ല. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഒരു നേതാവേയുള്ളൂ . രാഹുല്‍ ഗാന്ധിയെന്ന ഈ നേതാവ് ലോക്സഭയിലെത്തിയിരിക്കണമെന്ന് ഉറപ്പുവരുത്തേണ്ടത് കോണ്‍ഗ്രസ്സിന്റെ കടമയും ബാദ്ധ്യതയുമാണ്.അമേഠിയില്‍ ഇത്തവണ ബിജെപി രാഹുലിനെതിരെ ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിക്കുമെന്നതില്‍ സംശയമില്ല.അമേഠിയില്‍ മാത്രമായി നിന്നുകൊണ്ട് രാഹുല്‍ ഒരു റിസ്‌കെടുക്കേണ്ടതില്ല എന്ന് കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ അത് ആ പാര്‍ട്ടിയുടെ നിലപാടും സമീപനവുമാണ്. പാര്‍ട്ടി യുദ്ധം ജയിക്കുകയും പടനായകന്‍ തോല്‍ക്കുകയും ചെയ്യുന്ന അവസ്ഥ കോണ്‍ഗ്രസ്സിനെന്നല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഭൂഷണമാവില്ല. അതുകൊണ്ടു തന്നെയാണ് കഴിഞ്ഞ തവണ മോദി രണ്ടിടത്തു നിന്ന് മത്സരിച്ചത്. അതുകൊണ്ടുതന്നെയാണ് പിണറായി വിജയന്‍ 2016 ല്‍ ധര്‍മ്മടത്തു നിന്നും മത്സരിച്ചത്. ഇപ്പോള്‍ ഇടതുപക്ഷം ഉയര്‍ത്തുന്ന വാദഗതി അനുസരിച്ചാണെങ്കില്‍ പിണറായി കഴിഞ്ഞ തവണ മത്സരിക്കേണ്ടിയിരുന്നത് നേമത്തു നിന്നോ വട്ടിയൂര്‍ക്കാവില്‍ നിന്നോ ആയിരിക്കണമായിരുന്നു. കോണ്‍ഗ്രസ്സിന്റെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷും കെ മുരളീധരനും കെ സുധാകരനും തങ്ങള്‍ക്കെതിരെ മത്സരിക്കുന്നതില്‍ ഇടതപക്ഷത്തിന് പരാതിയൊന്നുമില്ലെന്നതും ശ്രദ്ധേയമാണ്.

pin

തനിച്ച് നേടുന്ന സീറ്റുകളുടെ എണ്ണമായിരിക്കും ആത്യന്തികമായി തങ്ങളെ തുണയ്ക്കുക എന്ന് എല്ലാ പാര്‍ട്ടികള്‍ക്കുമറിയാം. 125 സീറ്റെങ്കിലും തനിച്ചു പിടിക്കാനായില്ലെങ്കില്‍ കോണ്‍ഗ്രസ്സിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരിക്കില്ല. ശരദ്പവാറിന്റെ എന്‍ സി പിയൊക്കെ ഇപ്പോള്‍ കൂടെയുണ്ടെങ്കിലും ഒരു വിപദ്ഘട്ടത്തില്‍ ഇവരൊക്കെ സഹായത്തിനുണ്ടാവുമെന്ന് കോണ്‍ഗ്രസ്സിന് ഒരുറപ്പുമില്ല. അന്നേരത്ത് ഇപ്പോള്‍ പറയുന്ന താത്വിക വിശകലനങ്ങള്‍കൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടാവില്ല.  പ്രശ്നം അതിജീവനമാണ്. അതിപ്പോള്‍ ഇടതുപക്ഷത്തിനായാലും ബിജെപിക്കായാലും കോണ്‍ഗ്രസ്സിനായാലും നിലനില്‍പ്പ് തന്നെയാണ് മുഖ്യം. രാഹുലിന്റെ വരവില്‍ ഇടതുപക്ഷം ബേജാറാവുന്നതിന്റെ അടിസ്ഥാന കാരണവും അതുതന്നെയാണ്. ഇക്കുറി കേരളത്തില്‍ നിന്നാണ് ഇടതുപക്ഷം കാര്യമായി സീറ്റുകള്‍ പ്രതീക്ഷിക്കുന്നത്. ബംഗാളില്‍ നിന്നോ ത്രിപുരയില്‍ നിന്നോ ഇത്തവണ ലോക്സഭയിലെത്താനാവുമന്നെ് സഖാവ് എസ് ആര്‍ പി  പോലും കരുതുന്നുണ്ടാവില്ല. കേരളത്തിലെ 20 സീറ്റുകളില്‍ കഴിഞ്ഞ തവണ ഇടതുപക്ഷത്തിന് വിജയിക്കാനായത് എട്ടിടങ്ങളിലാണ്. പ്രളയവും ശബരമില പ്രശ്നവും ഉയര്‍ത്തിയിരിക്കുന്ന ഭീഷണികള്‍ക്കിടയില്‍ ഈ എട്ടെണ്ണമെങ്കിലും നിലനിര്‍ത്താനായാല്‍ അത് സഖാവ് പിണറായിയുടെ പ്രതിച്ഛായയ്ക്ക് നല്‍കുന്ന തിളക്കം ചെറുതായിരിക്കില്ല. ഈ സാദ്ധ്യതകളിലേക്കാണ് രാഹുലിന്റെ വരവോടെ കോണ്‍ഗ്രസ് കടന്നുകയറുന്നത്. ഇതൊഴിവാക്കാന്‍ ഇടതുപക്ഷം ആവുന്നത്ര ശ്രമിച്ചു . ഒരു നിവൃത്തിയുണ്ടെങ്കില്‍ കോണ്‍ഗ്രസ് രാഹുലിനെ വയനാട്ടില്‍ ഇറക്കാതെ നോക്കുമായിരുന്നു. പക്ഷേ, ഇതൊരു നിര്‍ണ്ണായക തിരഞ്ഞെടുപ്പാണ്. ഇക്കുറി കളം പിടിക്കാനായില്ലെങ്കില്‍ കോണ്‍ഗ്രസ് പിന്നെ മാനത്തേക്ക് നോക്കിയിരിക്കേണ്ടി വരും.

ഇടതുപക്ഷത്തിന് ഇതൊരു വിഷമസന്ധിയാണ്. പക്ഷേ, ഇത്തരം വെല്ലുവിളികള്‍ അല്ലെങ്കില്‍ പ്രതിസന്ധികള്‍ അവസരങ്ങളാക്കി മാറ്റാനാണ് ഇടതുപക്ഷം ശ്രമിക്കേണ്ടത്. 2006 ല്‍ സുനാമി ആഞ്ഞടിച്ചപ്പോള്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് പറഞ്ഞത് ഈ പ്രതിസന്ധി നമ്മള്‍ അവസരമാക്കി മാറ്റണമെന്നാണ്. സുനാമിക്കിരയായ മത്സ്യത്താഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള അവസരമായി ഇതിനെ കാണണമെന്നാണ് മന്‍മോഹന്‍ വ്യക്തമാക്കിയത്. പറഞ്ഞത് മന്‍മോഹനാണെന്നതുകൊണ്ട് ഇടതുപക്ഷം ഇതിന്റെ അന്ത:സത്ത നിരാകരിക്കണമെന്നില്ല. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിക്കുന്നുണ്ടോ എന്ന് നോക്കിയാല്‍ മതിയെന്ന സഖാവ് ഡെങ്സിയാവോപിങ്ങിന്റെ വചനം ഓര്‍ക്കുക. രാഹുല്‍ , ശബരിമല , പ്രളയം - ഈ മൂന്നു വെല്ലുവിളകളും അതിജീവിച്ച് ഇടതുപക്ഷം ഇവിടെ നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തിയാല്‍ ( ഒന്നുരണ്ടെണ്ണം കുറഞ്ഞാലും കുഴപ്പമില്ല)  സഖാവ് പിണറായിയുടെ പ്രതിച്ഛായ എവിടെയെത്തുമെന്ന് ആലോചിച്ചു നോക്കുക. എന്തിന് വടകരയില്‍ സഖാവ് പി ജയരാജന്‍ ജയിച്ചുകയറിയാല്‍ തന്നെ ഒരു വിധം ക്ഷീണമൊക്കെ അങ്ങ് പോയിക്കിട്ടും. അങ്ങ് അനന്തപുരിയില്‍ സഖാവ് ദിവാകരനെ ജയിപ്പിക്കാനായാല്‍ പൊന്നിന് സുഗന്ധം പോലെയാവുമത്.  

പാടത്തെപ്പണിക്ക് വരമ്പത്ത് തന്നെ കൂലികൊടുക്കലാണല്ലോ പാര്‍ട്ടിയുടെ ശീലം. വയനാട്ടില്‍ കോണ്‍ഗ്രസ് എടുത്ത പണിക്ക് കൂലി വടകരയില്‍ കൊടുത്തേക്കാമെന്ന്  സിപിഎം തീരുമാനിച്ചാല്‍ തീരുന്ന പ്രശ്നമേ നിലവിലുള്ളൂ. അതിന് പകരം ബിജെപിക്കെതിരെയുള്ള പോരാട്ടം ദുര്‍ബ്ബലമായെന്നും കോണ്‍ഗ്രസ് ഈ ജന്മം നന്നാവില്ലെന്നുമൊക്കെയുളള കഥകള്‍ ഇറക്കുന്നത് ആരെയും ഒരിടത്തുമെത്തിക്കില്ലെന്ന്  കാരാട്ടിനും കാനത്തിനും മനസ്സിലായില്ലെങ്കിലും സഖാവ് പിണറായി തിരിച്ചറിഞ്ഞേ തീരൂ.

content highlights: rahul gandhi wayanad, congress, cpm, pinarayi vijayam bjp,loksabha election