നിര്‍ണായക നിമിഷത്തെക്കുറിച്ച് പറഞ്ഞത് ഫോട്ടോഗ്രാഫര്‍മാരുടെ കുലഗുരുവായ ഹെന്റി കാര്‍ട്ടിയര്‍ ബ്രെസ്സനാണ്. ഏതൊരു ഫോട്ടോയ്ക്കും ഒരു നിര്‍ണ്ണായക നിമിഷമുണ്ട്. ആ നിമഷത്തില്‍ ക്യാമറ ക്ലിക്ക് ചെയ്യുമ്പോഴാണ് ഫോട്ടോ ഫോട്ടോയാവുന്നത്. രാഷ്ട്രീയത്തിലും നിര്‍ണ്ണായക നിമിഷങ്ങളുണ്ട്. പുല്‍വാമയിലെ ഭീകരാക്രമണം അത്തരമൊരു നിമിഷമായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിനു രണ്ടു നാള്‍ അപ്പുറം കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡ്ഡിയെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് പുല്‍വാമയോടെ കളി മാറുകയാണെന്നാണ്. പുല്‍വാമ ബിജെപി സര്‍ക്കാര്‍ എങ്ങിനെയാണ് കൈകാര്യം ചെയ്യുകയെന്നത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുമെന്ന് ജയ്പാല്‍ പറഞ്ഞു. '' ഞങ്ങള്‍ സര്‍ക്കാരിനൊപ്പമാണ്. പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാരാണ്. '' ജയ്പാലിന്റെ വാക്കുകളില്‍ പ്രതിപക്ഷത്തിന്റെ മൊത്തം ആശങ്കയും അരക്ഷിതാബോധവും നിഴലിട്ടിരുന്നു. 

പുല്‍വാമ വെല്ലുവിളിയും അവസരവുമായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. ഏതൊരു  പ്രധാനമന്ത്രിയുടെയും ഉറക്കം നഷ്ടപ്പെടുത്തുന്ന പ്രതിസന്ധി. രാഷ്ട്രം ഒറ്റക്കെട്ടായി സര്‍ക്കാരിനു പിന്നില്‍ നിലയുറപ്പിച്ച ദിനങ്ങള്‍ കൂടിയായിരുന്നു അത്. ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി മോദി അസന്നിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തു. ബാലാകോട്ടിലെ വ്യോമാക്രമണം തുടര്‍ന്നുണ്ടായി. പാക്കിസ്താന്റെ അതിര്‍ത്തിക്കുള്ളിലേക്ക് കടന്നു കയറിയുള്ള ആക്രമണം . ഇന്ത്യന്‍ മണ്ണില്‍ പാകിസ്താന്റെ സഹായത്തോടെ ഭീകരാക്രമണമുണ്ടായാല്‍ അതിര്‍ത്തി കടന്നും അതിനെ നേരിടുമെന്ന ശക്തമായ സന്ദേശമായിരുന്നു അത്. ഇന്ത്യന്‍ സൈന്യത്തിനും സര്‍ക്കാരിനും മേല്‍ അഭിവാദ്യങ്ങളും അനുമോദനങ്ങളും പെരുമഴ പോലെ പെയ്തു. പക്ഷേ, ആക്രമണത്തിന്റെ ഒരു വിശദാംശവും പൊതു ജനത്തിന് ലഭ്യമായില്ല. പ്രധാനമന്ത്രിയോ പ്രതിരോധ മന്ത്രിയോ പത്രസമ്മേളനം വിളിച്ചില്ല. പാകിസ്താന്റെ പ്രത്യാക്രമണത്തിനു ശേഷം മൂന്ന് സൈനിക മേധാവികള്‍ പത്രസമ്മേളനം വിളിക്കുന്ന വിചിത്രമായ കാഴ്ചയും രാഷ്ട്രം കണ്ടു. എന്തുകൊണ്ട് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നില്ല എന്ന ചോദ്യമുയര്‍ന്നത് ഈ പശ്ചാത്തലത്തിലാണ്. ഇന്ത്യന്‍ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ ജനത്തോട് പറയേണ്ട ബാദ്ധ്യത മാദ്ധ്യമങ്ങള്‍ക്കാണെന്ന അവസ്ഥയാണ് ഇതിലൂടെ സംജാതമായത്. സൈനിക വൃത്തങ്ങളുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവര്‍ത്തകര്‍ അവര്‍ക്കാവുന്ന വിധത്തില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കി. പക്ഷേ, സര്‍ക്കാരിന്റെ ആധികാരിക വെളിപ്പെടുത്തലുകളുടെ അഭാവത്തില്‍ കിംവദന്തികള്‍ക്കും കെട്ടുകഥകള്‍ക്കും ഓണവും വിഷുവും ഒരുമിച്ചു വന്നതുപോലെയായിരുന്നു.

Modi

അഭിനന്ദന്‍ വര്‍ത്തമന്റെ തടവും മോചനവും പുല്‍വാമയ്ക്ക് അപ്രതീക്ഷിത മാനങ്ങള്‍ നല്‍കുകയും ചെയ്തു. ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആഖ്യാനവും വ്യാഘ്യാനവും നേരിടുന്നതിനുള്ള സുവര്‍ണ്ണാവസരമായി പാകിസ്താന്‍ അഭിനന്ദന്റെ മോചനം ഉപയോഗിക്കുകയും ചെയ്തു. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയ പാകിസ്താന്റെ പിടിവള്ളിയായിരുന്നു അഭിനന്ദന്റെ മോചനം. അഭിനന്ദനെ മോചിപ്പിക്കാന്‍ വൈകുന്ന ഓരോ നിമിഷവും തങ്ങളുടെ സ്ഥിതി വഷളാക്കുമെന്ന് പാക്ക് ഭരണാധികാരികള്‍ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവന്റെ ബോധോദയമാണ് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ വാക്കുകളില്‍ കണ്ടത്. പാക്ക് മണ്ണില്‍ വിളയാടുന്ന ഭീകരര്‍ക്കെതിരെയുള്ള ആത്മാര്‍ത്ഥമായ നിലപാടാണ് ഇമ്രാന്‍ഖാന്റേതെന്ന് അദ്ദേഹത്തിന്റെ കടുത്ത ആരാധകര്‍ പോലും പറയില്ല. പാക്ക് സൈന്യമാണ് ഇമ്രാനെ നിയന്ത്രിക്കുന്നതെന്നും പാകിസ്താനിലെ ജനാധിപത്യം വെറുമൊരു ബലൂണ്‍ മാത്രമാണെന്നുമുള്ളത് പരസ്യമായ രഹസ്യമാണ്. പക്ഷേ, അഭിനന്ദന്റെ കാര്യത്തില്‍ പാകിസ്താന്‍ വളരെ പെട്ടെന്ന് തീരുമാനമെടുത്തു. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടതെങ്ങിനെയാണെന്നുള്ളതിന് ഉത്തമോദാഹരണമായി അത് മാറുകയും ചെയ്തു. 

പാകിസ്താന്റെ ഈ പ്രതികരണം കൃത്യമായി അടയാളപ്പെടുത്തുന്നതിലും നേരിടുന്നതിലും മോദി സര്‍ക്കാര്‍ പിന്നാക്കം പോയി എന്ന വിമര്‍ശം പരിശോധിക്കപ്പെടേണ്ടതുണ്ട്. അഭിനന്ദന്റെ മോചനത്തില്‍ തീരുന്ന ഒന്നല്ല ഭീകരപ്രവര്‍ത്തനത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം എന്ന് സംശയാതീതമായി വ്യക്തമാക്കപ്പെടേണ്ടതുണ്ട്. അഭിനന്ദന്റെ മോചനം മറയാക്കി പുല്‍വാമയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് തലയൂരാനുള്ള പാകിസ്താന്റെ ശ്രമം  എല്ലാ തലത്തിലും തടയപ്പെടേണ്ടതുണ്ട്. 

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ബ്രിട്ടന്റെ പ്രഗത്ഭനും പ്രശസ്തനുമായ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പരാജയപ്പെട്ടു.  യുദ്ധ കാലത്തിനു പറ്റിയ പ്രധാനമന്ത്രിയാണെങ്കിലും സമാധാന കാലത്തിന് ചര്‍ച്ചില്‍ പോരെന്നാണ് ബ്രിട്ടീഷ് ജനത വിധിയെഴുതിയത്. ചര്‍ച്ചിലിന്റെ ചരിത്രം പാഠവും പാഠപുസ്തകവുമാണ്. 1971 ലെ വിഖ്യാതമായ യുദ്ധ വിജയവും 77 ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുടെ തുണയ്ക്കെത്തിയില്ല.  പ്രധാനമന്ത്രി മോദിക്ക് ഈ പാഠഭാഗങ്ങള്‍ ഇടയ്ക്കൊക്കെ ഒന്ന് മറിച്ചു നോക്കാവുന്നതാണ്. നിര്‍ണ്ണായക നിമിഷങ്ങള്‍ കൈവിട്ടുപോയാല്‍  കാലവും ചരിത്രവും നമ്മളെ കൈകകാര്യം ചെയ്യുന്നത് മാര്‍ദ്ദവമായ കൈയ്യുറകള്‍ ധരിച്ചുകൊണ്ടാവില്ല.

content highlights: pulwama, balakot attack, modi, india, pakistan